സല്‍ജൂഖികളുടെ കാലത്തെ പ്രധാനവ്യക്തിത്വമായിരുന്നു ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. തന്റെ ജന്‍മനാടായ ജീലാനില്‍ നിന്ന് ബാഗ്ദാദിലേക്ക് പുറപ്പെട്ട അദ്ദേഹം അവിടെ നിരവധി ഗുരുക്കന്‍മാരില്‍നിന്നാണ് ആത്മീയവിദ്യാഭ്യാസം നേടിയത്. മാതാവിന്റെ ശിക്ഷണത്തിന്റെ ഫലമായി ബാലനായിരിക്കെ കൊള്ളക്കാരോട് സത്യംപറഞ്ഞ സംഭവം മുസ്‌ലിംലോകത്ത് കുട്ടികള്‍ക്കിടയില്‍പോലും പ്രചരിച്ചിട്ടുണ്ട്.
പരിഷ്‌കര്‍ത്താവും സാത്വികനും ആയിരുന്നു അബ്ദുല്‍ഖാദിര്‍ ജീലാനി. സഹസ്രക്കണക്കായ ആളുകളെ അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം മുഖേന അയ്യായിരത്തോളം ക്രിസ്ത്യാനികളും യഹൂദരും ഇസ്‌ലാം സ്വീകരിച്ചതായി പറയപ്പെടുന്നു. അതുപോലെ ദീനിവിശ്വാസത്തില്‍നിന്ന് ബഹുദൂരം അകന്നുപോയ ഒരു ലക്ഷം മുസ്‌ലിംകള്‍ അദ്ദേഹത്തിന്റെ മുന്നില്‍വെച്ച് നല്ല മുസ്‌ലിംകളായിട്ടുണ്ട്.
ആരെയും കൂസാതെ സത്യം വിളിച്ചുപറയുന്നതില്‍ യാതൊരു മടിയുമില്ലാത്ത ധീരശാലിയായിരുന്നു ജീലാനി. നീതിബോധമില്ലാത്ത ഒരു അക്രമിയെ ബാഗ്ദാദിലെ ന്യായാധിപനായി ഖലീഫ നിശ്ചയിച്ചതറിഞ്ഞ അദ്ദേഹം പൊതുസദസ്സില്‍വെച്ച് അതിനോട് പ്രതികരിച്ചു: ‘താങ്കള്‍ ഒരു അക്രമിയെ ഖാദിയായി നിയമിച്ചിരിക്കുന്നു. അല്ലാഹു ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നാളെ താങ്കള്‍ അതിനെങ്ങനെയാണ് ഉത്തരം നല്‍കുക?’ ജീലാനിയുടെ പ്രതിഷേധമറിഞ്ഞ ഖലീഫ ഖാദിയെ ഉടന്‍ പിരിച്ചുവിട്ടു.
വളരെ ഉദാരമതിയായിരുന്ന ജീലാനി തന്റെ സുഹൃത്തുക്കളില്‍നിന്നും ശിഷ്യന്‍മാരില്‍നിന്നും സന്ദര്‍ശകരില്‍നിന്നും ലഭിക്കുന്ന പാരിതോഷികങ്ങളത്രയും പാവപ്പെട്ടവര്‍ക്കിടയില്‍ വീതിക്കുകയായിരുന്നു പതിവ്.