വിശ്വാസം-ലേഖനങ്ങള്‍

റബ്ബിനോട് നന്ദിയുള്ളവരാവാം

ദുര്‍ബലചിത്തനായ മനുഷ്യന്‍  ഭീതിയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് കഴിഞ്ഞുകൂടുന്നത്. പലപ്പോഴും ആ ഭീതിയും ഉത്കണ്ഠയും അവന്റെ ജീവന്‍തന്നെ നഷ്ടപ്പെടുത്തുമാറ് കടുത്തതായിരിക്കും. അത് നമ്മെ സൃഷ്ടിച്ചതിന്റെ കാര്യമെന്തെന്ന യാഥാര്‍ഥ്യത്തെ വിസ്മൃതിയിലാക്കുന്നു. അല്ലാഹുവെ തൃപ്തിപ്പെടുത്തുകയെന്നത് നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും കര്‍മങ്ങളുടെയും കേന്ദ്രബിന്ദുവാകുമ്പോള്‍ ദുഃഖത്തിനും വിഷമത്തിനും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലാതാകുന്നു. ക്ഷമയവലംബിച്ചുകൊണ്ട് ദുഃഖങ്ങളെയും പ്രയാസങ്ങളെയും നേരിടാന്‍ പരിശീലിക്കണമെന്ന് നേരത്തേ നാം പറഞ്ഞുവല്ലോ.

മാത്രമല്ല, ക്ഷമയെ വളര്‍ത്തിയെടുക്കാന്‍ അല്ലാഹുനമുക്കുചെയ്തുതന്ന അനുഗ്രഹങ്ങളെ സദാ ഓര്‍ത്തുകൊണ്ടിരിക്കണമെന്നും  ഉണര്‍ത്തിയിരുന്നു.അല്ലാഹുവിന് കീഴ്‌വണങ്ങുന്നവര്‍ നന്ദിപ്രകാശിപ്പിക്കുന്നവരായിരിക്കുമെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്.’അതിനാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുക. ഞാന്‍ നിങ്ങളെയും ഓര്‍ക്കാം. എന്നോടു നന്ദി കാണിക്കുക. നന്ദികേട് കാണിക്കരുത്.’ (അല്‍ബഖറ 152)

എങ്ങനെ നന്ദിയുള്ളവനാകാം?

നന്ദി പ്രകാശിപ്പിക്കാനും പ്രകടിപ്പിക്കാനും ഒട്ടേറെ വഴികളുണ്ട്.  അല്ലാഹുവിനെ ആരാധിക്കാനും അവന് വഴിപ്പെടാനും ഏറ്റവും നല്ല മാര്‍ഗം അവന്‍ നിര്‍ദേശിച്ചതുപോലെ കാര്യങ്ങള്‍ ചെയ്യുകയെന്നതാണ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളെ അവന്‍ നമുക്ക് നിശ്ചയിച്ചുതന്നത് അവന് വഴിപ്പെടുന്നതില്‍ എളുപ്പമുണ്ടാകാന്‍ വേണ്ടിയാണ്. ആ ബാധ്യതകള്‍ നാമെപ്പോള്‍ പൂര്‍ത്തിയാക്കുന്നുവോ അപ്പോള്‍ നാം അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരാകും.

ശഹാദത്ത് കലിമചൊല്ലുന്നതോടെ ഇസ്‌ലാമിന്റെ സന്‍മാര്‍ഗലബ്ധിയാല്‍ നാം അനുഗൃഹീതരാകും. അല്ലാഹുവിന്റെ മുന്നില്‍ സമാധാനത്തോടും സന്തോഷത്തോടും സാഷ്ടാംഗം നമിക്കുന്നവന്‍ യഥാര്‍ഥത്തില്‍ അതിലൂടെ നന്ദിപ്രകാശിപ്പിക്കുകയാണ്.

റമദാനില്‍ നോമ്പനുഷ്ഠിക്കുമ്പോള്‍ അവന്‍ നമുക്ക് നല്‍കിയ അന്ന-പാനീയങ്ങള്‍ എത്രമാത്രം അനുഗ്രഹമാണ് എന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ നിലനില്‍പിനായി വിഭവങ്ങളെല്ലാം ഒരുക്കിത്തന്ന അവനോട് നന്ദിയുള്ളവനാകാന്‍ അത് നമ്മെ പ്രചോദിപ്പിക്കുന്നു. ഹജ്ജിനായി മക്കയിലേക്ക് തീര്‍ത്ഥാടനം നടത്തുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം  അത് നന്ദിപ്രകടിപ്പിക്കാനുള്ള മാര്‍ഗമാണ്. ഹജ്ജ് യാത്ര ദീര്‍ഘിച്ചതും പ്രയാസമേറിയതും ചിലവേറിയതുമാകാന്‍ സാധ്യതയുണ്ടല്ലോ. അതുപോലെ ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും വിശ്വാസി നന്ദിപ്രകാശിപ്പിക്കുന്നു.

ദിനേന ദാനധര്‍മങ്ങള്‍ കൊടുത്തുകൊണ്ട് നന്ദിയുള്ളവരാകാന്‍ മുഹമ്മദ് നബി(സ)തന്റെ അനുയായികളെ ഉത്‌ബോധിപ്പിക്കാറുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിലെ ഇസ് ലാമികപണ്ഡിതനായിരുന്ന ഇമാം ഇബ്‌നുറജബ് പറയുന്നു: ‘ഓരോ ദിവസവും തന്റെ സ്രഷ്ടാവിനോട് നന്ദിപറയുവാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അത് അവന്‍ സത്കര്‍മങ്ങളിലൂടെയും ദാനധര്‍മങ്ങളിലൂടെയമാണ് പ്രകടിപ്പിക്കേണ്ടത്.’

ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണംചെയ്യുമ്പോള്‍ ഈ ലോകത്തെയും പരലോകത്തെയും ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ച തിരിച്ചറിവ് അല്ലാഹുവെ ക്കുറിച്ച സ്മരണ നിലനിര്‍ത്തുന്നു. മാത്രമല്ല, ഈ ജീവിതത്തില്‍ നമുക്ക് നേരിടേണ്ടിവരുന്ന പരീക്ഷണങ്ങള്‍  അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹങ്ങളാണെന്ന് നമുക്ക് ബോധ്യമാകും. അല്ലാഹുവിന്റെ യുക്തിയും നീതിയും ഏറ്റവും പ്രതിസന്ധിഘട്ടത്തിലും നമ്മെ അവഗണിച്ചുകൊണ്ടുള്ളതായിരിക്കില്ല. 

കഠിനമാറാരോഗങ്ങളാല്‍ വലയുന്നവരും ഗുരുതരവൈകല്യങ്ങളുള്ളവരും അല്ലാഹുവിനോട് നന്ദിപ്രകാശിപ്പിക്കുന്നത് നാം കണ്ടിട്ടില്ലേ?അവരില്‍ ചിലരെങ്കിലും   ആ വേദനയും പ്രയാസവും ഒട്ടേറെ അനുഗ്രഹങ്ങള്‍ എത്തിക്കുന്നതിന് വഴിയൊരുക്കുന്നകാര്യം തുറന്നുപറഞ്ഞിട്ടില്ലേ?ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളും കയ്പുറ്റപരീക്ഷണങ്ങളും വിവരിക്കുമ്പോഴും അല്ലാഹുവിന് നന്ദിപ്രകാശിപ്പിക്കുന്നവരെ നാം കണ്ടുകൊണ്ടിരിക്കുന്നില്ലേ?

ഏകാശ്രയം

വിഷമത്തിന്റെയും സങ്കടത്തിന്റെയും   ഏകാന്തതയില്‍ നിരാശതോന്നുമ്പോഴൊക്കെ അല്ലാഹുവാണ് നമുക്ക് ഏക ആശ്രയം. കടുത്ത മാനസികവിഷമവും ഭയവും ഉത്കണ്ഠയും  കഷ്ടപ്പാടും മാത്രമായിരിക്കുന്ന ഘട്ടത്തില്‍ ആത്മാര്‍ഥമായി നാം തിരിയുന്നത് അല്ലാഹുവിങ്കലേക്കാണ്. അവന്‍ പറഞ്ഞത് സത്യമാണെന്നും അവന്റെ വാഗ്ദാനങ്ങള്‍ പുലരുന്നതാണെന്നും അപ്പോള്‍ മാത്രമാണ് നാം തിരിച്ചറിയുന്നത്.’നിങ്ങളുടെ നാഥനിങ്ങനെ വിളംബരം ചെയ്ത സന്ദര്‍ഭം: ‘നിങ്ങള്‍ നന്ദി കാണിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ധാരാളമായി നല്‍കും; അഥവാ, നന്ദികേടു കാണിക്കുകയാണെങ്കില്‍ എന്റെ ശിക്ഷ കടുത്തതായിരിക്കുകയും ചെയ്യും.”(ഇബ്‌റാഹീം 7)

ദുഷ്ടജനങ്ങള്‍ക്ക് നന്‍മവരുത്തുന്നതിന്റെയും  സജ്ജനങ്ങള്‍ക്ക് ദുരിതംസമ്മാനിക്കുന്നതിന്റെയും പിന്നിലെ യുക്തി അല്ലാഹുവിന്നറിയാം. ചുരുക്കിപ്പറഞ്ഞാല്‍, ജീവിതത്തില്‍ സന്തോഷമോ സങ്കടമോ എന്തുതന്നെയായിക്കൊള്ളട്ടെ അപ്പോഴെല്ലാം അല്ലാഹുവിലേക്ക് തിരിയുന്നതാണ് നമുക്ക് നല്ലത്. അവനോട് നന്ദിപ്രകാശിപ്പിക്കുന്നതാണ്  ഹിതകരമായിട്ടുള്ളത്. പ്രയാസമുണ്ടാകുമ്പോഴെല്ലാം എല്ലാവരും അല്ലാഹുവിലേക്ക് അടുക്കുന്നു. അതേസമയം സുഖസൗകര്യങ്ങളിലായിരിക്കുമ്പോള്‍ അധികപേരും അവനെ മറന്നുകളയുന്നു. എല്ലാ സുഖസൗകര്യങ്ങളും നമുക്ക് ഏര്‍പ്പെടുത്തിതരുന്നത് അവനാണല്ലോ. അത്യുദാരനാണ് അവന്‍. ഈ ലോകത്തെ വിഷമങ്ങളും പ്രതിസന്ധികളും  അനശ്വരമായ സ്വര്‍ഗപ്രവേശം നമുക്ക് ഉറപ്പുതരുമെങ്കില്‍ അത് അനുഗ്രഹമാണെന്നല്ലേ നാം മനസ്സിലാക്കേണ്ടത്. നബി തിരുമേനി ഇപ്രകാരം അരുളി: ‘അല്ലാഹു ആര്‍ക്കെങ്കിലും നന്‍മ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ അവരെ പരീക്ഷണങ്ങളിലകപ്പെടുത്തുന്നു.'(ബുഖാരി)

മറ്റൊരിക്കല്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു:’ഒരു ദൗര്‍ഭാഗ്യവും രോഗവും വിഷമവും ദുഃഖവും – കാലില്‍ മുള്ളുതറക്കുന്നതുപോലും -വിശ്വാസിയില്‍ വന്നുപതിക്കുന്നില്ല, അത് അവന്റെ പാപങ്ങളെ നീക്കിക്കൊണ്ടല്ലാതെ'(ബുഖാരി)

നാം മനുഷ്യര്‍ സമ്പൂര്‍ണരല്ല. മേല്‍പറഞ്ഞ ഹദീസിന്റെ വരികളിലൂടെയും വരികള്‍ക്കപ്പുറവും നമുക്ക് വായിക്കാം. അവയ്ക്കുപിന്നിലെ വികാരങ്ങളും മനസ്സിലാക്കാം. പക്ഷേ അവക്കുപിന്നിലെ യുക്തി അറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. കടുത്ത പരീക്ഷണങ്ങളില്‍ അവനോട് നന്ദിയുള്ളവനായിരിക്കുകയെന്നത് അത്ര എളുപ്പമുള്ളകാര്യമൊന്നുമല്ല. എന്നിരുന്നാലും കരുണാമയനായ അല്ലാഹു നമുക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഈ ലോകത്ത് രണ്ട് സംഗതികള്‍ അവന്‍ വാഗ്ദാനംചെയ്യുന്നു. അതായത്, മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അവനെ ആരാധിക്കുകയുംകീഴ്‌പ്പെടുകയുംചെയ്യുകയാണെങ്കില്‍ ഇവിടെ പ്രയാസങ്ങള്‍ എളുപ്പമായി അനുഭവപ്പെടും. അതോടൊപ്പം ശാശ്വതമായ സ്വര്‍ഗം പ്രതിഫലമായി ലഭിക്കും.

‘അതിനാല്‍ തീര്‍ച്ചയായും പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.'(അശ്ശര്‍ഹ് 5)

മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ സത്യപ്രബോധനത്തിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ നേരിട്ട കടുത്തപ്രതിസന്ധികളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തില്‍ അവതരിച്ച അധ്യായത്തിലേതാണ് മേല്‍സൂക്തങ്ങള്‍. പ്രവാചകന് വളരെ ആശ്വാസദായകമായിരുന്നു അവ. അത് ഇക്കാലത്തും നമുക്കും ആശ്വാസം പകരുന്നവ തന്നെയാണ്. പ്രയാസങ്ങള്‍ ഒരിക്കലും  അന്തിമമല്ല. എന്നുമാത്രമല്ല, അവ ലഘുവായിത്തീരുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവനോട് നാം നന്ദിയുള്ളവനായിരിക്കേണ്ടതുണ്ട്. പരീക്ഷണങ്ങളും പ്രതിസന്ധികളും  ജീവിതത്തിന്റെ ഭാഗമമെന്ന് കണ്ട് നാം സ്വീകരിക്കണം. നമ്മുടെ ഉയര്‍ച്ചയും താഴ്ചയും അല്ലാഹുവിങ്കല്‍നിന്നുള്ള അനുഗ്രഹമാണ്. നമ്മിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ അവയ്ക്ക് പങ്കുണ്ട്. കടുത്ത ദുഃഖവും വേദനയും അനുഭവപ്പെടുമ്പോള്‍ നാം അല്ലാഹുവിലേക്ക് തിരിയുക. ക്ഷമയവലംബിച്ച് അവനോട് നന്ദിയുള്ളവനായിരിക്കുക. അവനില്‍ വിശ്വാസമര്‍പ്പിക്കുക. കാരണം  ഭരമേല്‍പിക്കാന്‍ അര്‍ഹതപ്പെട്ടവനായി അവന്‍മാത്രമേയുള്ളൂ.

Topics