ഞാനറിഞ്ഞ ഇസ്‌ലാം

നമ്മുടെ പാപങ്ങളുടെ പേരില്‍ യേശു എങ്ങനെ കുരുശിലേറ്റപ്പെടും: സിസ്റ്റര്‍ അലീസ്യ

താങ്കളെ പരിചയപ്പെടുത്താമോ ?
അലീസ്യ ബ്രൗണ്‍ എന്നാണെന്റെ പേര്. അമേരിക്കയിലെ ടെക്‌സാസില്‍ ഒരു പാരമ്പര്യ ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. മതവിശ്വാസികളാണെങ്കിലും കൃത്യമായ മതശാസനകളനുസരിച്ചായിരുന്നില്ല ജീവിതം. ചര്‍ച്ചില്‍ പോകുന്നതൊഴിച്ചാല്‍ മറ്റു മതചടങ്ങുകളൊന്നും അനുഷ്ഠിച്ചിരുന്നില്ല.

ഇസ് ലാം സ്വീകരിക്കുന്നതിന് മുമ്പ് ജീവിതരീതി എങ്ങനെയായിരുന്നു?
മതവിശ്വാസത്തെകുറിച്ച് ഞാന്‍ സൂചിപ്പിച്ചല്ലോ. എനിക്ക് പത്തുവയസുള്ളപ്പോള്‍ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു. പിന്നീട്  അച്ഛന്റെ കൂടെയാണ് ഞങ്ങള്‍ മൂന്നുമക്കള്‍ ജീവിച്ചത്. എന്നോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ സ്‌നേഹം. കാരണം ഞാനെപ്പോഴും അമ്മയെകുറിച്ച് സംസാരിച്ചിരുന്നു. എനിക്ക് പതിനാറുവയസുള്ളപ്പോള്‍ ഞങ്ങള്‍ മുത്തശ്ശിയുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും എനിക്ക് ജീവിതത്തോട് നിരാശ തോന്നിത്തുടങ്ങിയിരുന്നു. ഇടപെടുന്ന എല്ലാമേഖലയോടും ഒരുതരം വെറുപ്പായിരുന്നു. മദ്യവും മയക്കുമരുന്നുമെല്ലാം പരീക്ഷിച്ചുനോക്കി ഒന്നും സമാധാനമേകിയില്ല.

കുത്തഴിഞ്ഞ ലൈംഗികതയും  വിരസമായിത്തോന്നി. അങ്ങനെ പതിനേഴാമത്തെ വയസില്‍ വീണ്ടും ഞാന്‍ അമ്മയുടെ അടുത്തെത്തി. അവിടെനിന്ന് ഒരു പുതിയജീവിതം തുടങ്ങാം എന്നായിരുന്നു എന്റെ പ്ലാനിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാം പഴയപടിതന്നെയായിരുന്നു. അതിനിടയില്‍ വിവാഹംകഴിക്കാതെതന്നെ ഞനൊരു കുഞ്ഞിന്റെ അമ്മയായി. എന്റെ പെണ്‍കുഞ്ഞിന്റെ അച്ഛനെ എനിക്കിഷ്ടമായിരുന്നു. എനിക്കൊരു പുതുജീവിതം നല്‍കാന്‍ അയാള്‍ക്കാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടുവര്‍ഷത്തെ സുഖജീവിതത്തിനുശേഷം ഞാന്‍ വീണ്ടും  ഗര്‍ഭിണിയായി. തുടര്‍ന്ന് പ്രസവം നിര്‍ത്തി. അപ്പോഴേക്കും എന്റെ ഭര്‍ത്താവ് പൂര്‍ണമായും മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞിരുന്നു.  കൊക്കെയിന്‍പോലെ മാരകമായ മരുന്നുകളായിരുന്ന അദ്ദേഹം ഉപയോഗിച്ചിരുന്നത്. അത് തെറ്റാണെന്നെനിക്ക് തോന്നിയില്ല. പക്ഷേ അത് ജീവിതം നശിപ്പിക്കുമെന്ന് മനസ്സിലാക്കുമ്പോഴേക്കും സമയം വൈകിപ്പോയിരുന്നു.

പിന്നീട് അയാളുമായുളള ബന്ധം വേര്‍പെടുത്തിയോ?
ഇല്ല, കാരണം നിങ്ങളൊരാളെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങളയാള്‍ക്ക് മാപ്പുകൊടുത്തുകൊണ്ടേയിരിക്കും,അയാള്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.

നമുക്ക് വിഷയത്തിലേക്ക് വരാം. എങ്ങനെയാണ് താങ്കള്‍ ഇസ് ലാമിനെ പരിചയപ്പെടുന്നത്?
എന്റെ മകള്‍ക്ക് ഗില്ലന്‍ബാരി രോഗം(കാലിന്റെ പേശികളില്‍ നിന്നാരംഭിച്ച് ശരീരത്തിലെ നാഡീവ്യൂഹത്തെ മുഴുവനായി ബാധിക്കുന്ന രോഗം-ചിലര്‍ക്ക് നടക്കാന്‍ കഴിയാത്ത വിധം കാലുകള്‍ തളര്‍ന്ന് പോകാറുണ്ട്) പിടിപെട്ടിരുന്നു. ആ സമയത്ത് ചികിത്സക്കുവേണ്ടി ഞാന്‍ ഹോസ്പിറ്റലിലായിരുന്നപ്പോള്‍ ചില മുസ്‌ലിം സ്ത്രീകളെ പരിചയപ്പെട്ടു. അതില്‍ ഹയാത്ത് എന്ന സ്ത്രീയാണ് എനിക്ക് ഇസ് ലാമിനെ പരിചയപ്പെടുത്തിയത്.

ഇസ്‌ലാമില്‍ താല്‍പര്യം തോന്നാന്‍ കാരണം?
ഞാന്‍ വളര്‍ന്ന ക്രിസ്ത്യന്‍ മതസങ്കല്‍പം വളരെ സങ്കുചിതമായിരുന്നു.  വിശ്വാസകാര്യങ്ങളിലെ യുക്തിരാഹിത്യത്തെ ചോദ്യംചെയ്യുന്നതുപോലും അതില്‍ മതനിന്ദയായി കണക്കാക്കിയിരുന്നു. ചോദ്യംചെയ്താല്‍ പുരോഹിതരുടെ ആക്ഷേപത്തിന് ഇരയാവുക മാത്രമല്ല, നരകത്തില്‍ പ്രവേശിക്കുമെന്ന് മുന്നറിയിപ്പും കിട്ടും. പക്ഷേ, ഇസ് ലാം സങ്കല്‍പങ്ങളേക്കാള്‍ പ്രായോഗികതക്കാണ് മുന്‍ഗണന നല്‍കുന്നത്. നമ്മുടെ തെറ്റുകള്‍ക്ക് യേശു എന്തിന് കുരിശിലേറ്റപ്പെടണം എന്ന ചോദ്യം എന്റെ മനസ്സില്‍ എപ്പോഴും മഥിച്ചുകൊണ്ടിരുന്നു. എല്ലാ പൊറത്തുതരുന്ന ദൈവത്തിന് നമ്മുടെയും പാപങ്ങള്‍ മായ്ചുകളയാമായിരുന്നല്ലോ ? നമ്മുടെ പാപങ്ങളുടെ പേരില്‍ എന്തിന് ഒരാള്‍ വധിക്കപ്പെടണം ?
അങ്ങനെയിരിക്കെ ഒരിക്കല്‍ ഹയാത്തിന്റെ ഉമ്മ ഹന്ന, എനിക്ക് വിശ്വസിക്കാവുന്ന ഒരു ദൃഷ്ടാന്തത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനാവശ്യപെടുകയും ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അവര്‍ ഖുറാന്‍ പാരായണം ചെയ്യുന്നതിനിടയില്‍ യേശുപറയുന്ന ഒരു ഭാഗം എനിക്ക് കാണിച്ചതന്നു. അതിന്റെ ആശയം ഇങ്ങനെയായിരുന്നു: ‘ഞാന്‍ ദൈവമല്ല, ഞാന്‍ ദൈവമാണെന്ന് പറഞ്ഞിട്ടുമില്ല -ഇത് തെളിവാവശ്യമുള്ളവര്‍ക്കൊരു തെളിവാകുന്നു’-ഈ വാചകങ്ങള്‍ എനിക്കുള്ളതാണെന്ന്  തോന്നി. ഞാന്‍ കരഞ്ഞു. എന്തെന്നില്ലാത്ത ആനന്ദം തോന്നി. എനിക്ക് അതിനുമുമ്പ് അത്തരമൊരനുഭൂതി ഉണ്ടായിട്ടില്ല.

ഇസ് ലാം സ്വീകരിച്ച ശേഷം എന്തുതോന്നുന്നു?
ഒരു വലിയഭാരം ഇറക്കിവെച്ച പോലെ. ഇപ്പോഴെനിക്ക് ആശ്വാസത്തോടെ ശ്വസിക്കാനാവുന്നു, ഒന്നും ഒരു പ്രയാസമല്ലാതായിരിക്കുന്നു. എല്ലാം ദൈവനിശ്ചയം.

അവലംബം:www.onislam.net

Topics