ٍഅല്ലാഹുവിന്റെ അദൃശ്യസൃഷ്ടികളായ മലക്കുകളിലെ പ്രധാനികളില്‍ ഒരാളാണ് ഇസ്‌റാഫീല്‍. ഇസ്‌റാഫീല്‍ എന്നാല്‍ ദൈവദാസന്‍ എന്നാണ് അര്‍ഥം. അദ്ദേഹത്തിന്റെ യഥാര്‍ഥപേര് അബ്ദുര്‍റഹ്മാന്‍ എന്നാണെന്ന് ഇബ്‌നു ജരീര്‍ തന്റെ ‘ജാമിഉല്‍ ബയാന്‍ അന്‍ തഅ്‌വീലി ആയല്‍ ഖുര്‍ആന്‍ ‘എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കുറിച്ചിട്ടുണ്ട്. ഇഹലോകത്തിന്റെ പര്യവസാനവും നീതി നടപ്പാക്കപ്പെടുന്ന പരലോകത്തിന്റെ ആരംഭവും കുറിക്കുംവിധം കാഹളത്തില്‍ ഊതുക എന്നതാണ് ഈ മലക്കിന്റെ ചുമതല. ആ ആജ്ഞ നടപ്പാക്കാന്‍ സദാ ജാഗരൂകനായി സ്വൂര്‍(കാഹളം) തയ്യാറാക്കിവെച്ചിരിക്കുകയാണ് ഇസ്‌റാഫീല്‍.
അബൂസഅ്ദില്‍ ഖുദ്‌രിയുടെ ഒരു നിവേദനപ്രകാരം റസൂല്‍ (സ) ഇപ്രകാരം പറയുകയുണ്ടായി: ‘കാഹളക്കാരന്‍ കാഹളം വായില്‍വെച്ച് ഊതാനുള്ള ഉത്തരവ് കാത്തുനില്‍ക്കെ എനിക്കെങ്ങനെ സുഖിക്കാനാകും?’ ഈ വര്‍ത്തമാനം തന്റെ അനുയായികളെ ആകുലരാക്കിയെന്ന് മനസ്സിലാക്കി പ്രവാചകന്‍ അവരോട് ഇങ്ങനെ കല്‍പിച്ചു: ‘നിങ്ങള്‍ പറഞ്ഞുകൊള്ളുക- ഹസ്ബുനല്ലാഹു വനിഅ്മല്‍ വകീല്‍ , അലല്ലാഹി തവക്കല്‍നാ..'(ഞങ്ങള്‍ക്ക് അല്ലാഹുമതി, കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവനാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു).
ഇഹലോകനാശവുമായി ബന്ധപ്പെട്ട് ഇസ്‌റാഫീല്‍ മൂന്ന് തവണ സ്വൂറില്‍ ഊതുമെന്ന് ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. ആദ്യത്തെ കാഹളമൂത്തിനെത്തുടര്‍ന്ന് എല്ലാ ജീവിവര്‍ഗങ്ങളും ഭയവിഹ്വലരാവുന്നു. രണ്ടാമത്തെ ഊത്തില്‍ എല്ലാം ചലനമറ്റ് നിലംപതിക്കും. അവസാനത്തെ കാഹളമൂത്തോടെ അവയെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുന്നു.
ലോകാവസാനത്തിന് കാരണമാകുന്ന കാഹളമൂത്തിനെക്കുറിച്ച് ഖുര്‍ആന്‍ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്:
‘കാഹളം ഊതപ്പെടുന്ന ദിനം.. അന്ന് ആകാശഭൂമികളിലുള്ളതെല്ലാം പേടിച്ചരണ്ടുപോകും; അല്ലാഹു ഉദ്ദേശിക്കുന്നവരൊഴികെ. എല്ലാവരും ഏറെ എളിമയോടെ അവന്റെയടുത്ത് വന്നെത്തും'(അന്നംല് 87).
‘ അന്ന് കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലനമറ്റവരാകും, അല്ലാഹു ഉദ്ദേശിച്ചവരൊഴികെ . പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെടും. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു.'(അസ്സുമര്‍ 68)
അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ ഗണത്തില്‍ ഇസ്‌റാഫീല്‍ എന്ന മലക്കും പെടുമെന്ന് ഹദീഥിനെ മുന്‍നിര്‍ത്തി പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ജാബിറുബ്‌നു അബ്ദില്ലാ(റ)യില്‍നിന്ന്: നബിതിരുമേനി (സ) അരുളിയിരിക്കുന്നു: ‘ ജിബ്‌രീല്‍, മീകാഈല്‍, ഇസ്‌റാഫീല്‍ എന്നിവര്‍ അല്ലാഹുവിന്റെ സമീപസ്ഥരായ സൃഷ്ടികളാകുന്നു’.