Global വാര്‍ത്തകള്‍

ഏവര്‍ക്കും സ്വാഗതമോതി ജര്‍മനിയിലെ മസ്ജിദുകള്‍

ബെര്‍ലിന്‍: ഇസ്‌ലാമിനെക്കുറിച്ച തെറ്റുധാരണകളും മുന്‍വിധികളും തിരുത്താന്‍ അവസരമൊരുക്കി മസ്ജിദുകളുടെ വാതില്‍ തുറന്നിട്ട് ജര്‍മനിയിലെ മുസ്‌ലിംകോഡിനേഷന്‍ കൗണ്‍സില്‍. ബര്‍ലിനിലും പടിഞ്ഞാറന്‍ നഗരമായ കൊളോണിലുമുള്ള വിവിധ മസ്ജിദുകളിലേക്ക് ഗൈഡുമാരുടെ സേവനമുറപ്പുവരുത്തി യാത്രകള്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് കൗണ്‍സില്‍ ‘ഓപണ്‍ മോസ്‌ക് ഡേ’ എന്ന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആയിരത്തോളം വരുന്ന മസ്ജിദുകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇസ്‌ലാമിനെക്കുറിച്ച എല്ലാവിധ അന്വേഷണങ്ങള്‍ക്കും യാത്രാസംഘത്തിലുള്ളവര്‍ക്ക് ഉത്തരം ലഭിക്കും. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകള്‍ മസ്ജിദ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

2017 ഒക്ടോബറിലാണ് ‘വിസിറ്റ് മൈ മോസ്‌ക് ഡേ’ എന്ന പേരില്‍ ഇതരവിശ്വാസികള്‍ക്കായി കാനഡയില്‍ ആദ്യമായി ഈയിനത്തില്‍പെട്ട പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് അതിന്റെ ആവര്‍ത്തനമായി ഫ്രാന്‍സ്, നോര്‍വേ, ബ്രിട്ടന്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് സംഘടിപ്പിക്കപ്പെട്ടു. ആ വര്‍ഷം ജര്‍മനിയില്‍ ഒരുലക്ഷത്തോളം പേര്‍ തൊള്ളായിരത്തോളം വരുന്ന മസ്ജിദുകള്‍ സന്ദര്‍ശിച്ച് ഇസ്‌ലാമിനെ അടുത്തറിയാന്‍ ശ്രമിക്കുകയുണ്ടായി.

Topics