Global വാര്‍ത്തകള്‍

ഉയ്ഗൂര്‍ മുസ്‌ലിം പീഡനം: 28 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക്

വാഷിങ്ടണ്‍: ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിന് സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുവെന്ന കുറ്റംചാര്‍ത്തി 28 ചൈനീസ് കമ്പനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കമ്പനികളുടെ നിലപാടെന്ന് ഫെഡറല്‍ രജിസ്റ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
‘ ചൈനയിലെ ന്യൂനപക്ഷജനതയെ അധികൃതര്‍ ക്രൂരമായി അടിച്ചമര്‍ത്തുന്നത് യുഎസ് സര്‍ക്കാറും വ്യവസായവകുപ്പും അനുവദിക്കുകയില്ല.’വാണിജ്യസെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു.
ഹിക് വിഷന്‍, ദഹുവ ടെക്‌നോളജി, മെഗ്‌വി ടെക്‌നോളജി തുടങ്ങി മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യ സംവിധാനിക്കുന്ന കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തദ്ഫലമായി ഈ കമ്പനികള്‍ക്ക് അമേരിക്കന്‍ സാങ്കേതികഉപകരണങ്ങള്‍ ലഭിക്കുന്നതിന് യുഎസ് സര്‍ക്കാറിന്റെ പ്രത്യേകഅനുവാദം വേണ്ടിവരും.
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് അധികൃതര്‍ നടത്തുന്ന നീക്കങ്ങളെ ആഗോളസമൂഹം അപലപിച്ചിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങളെ കമ്യൂണിസ്റ്റ് ദേശീയധാരയിലേക്ക് ചേര്‍ത്തുനിര്‍ത്താനായി ഒരുക്കിയിരിക്കുന്ന വൊക്കേഷണല്‍ ട്രൈനിങ് സെന്ററുകളാണവയെന്നാണ് ചൈനയുടെ വാദം.

Topics