ഇബ്‌റാഹീം

ആരാണ് യഹൂദര്‍

ഇബ്‌റാഹീം നബി പ്രാചീന ഇറാഖിലെ ഊര്‍ പട്ടണത്തില്‍ ബി.സി. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയോഗിതനായ മഹാനായ ദൈവദൂതന്‍. സെമിറ്റിക് പ്രവാചകന്‍മാരുടെ കുലപതിയായ അദ്ദേഹത്തെ അബ്രഹാം എന്നാണ് ബൈബിള്‍ വിളിച്ചിട്ടുള്ളത്. അദ്ദേഹത്തിന് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. ഹാജറും സാറയും. ഈജിപ്തുകാരിയായ ഹാജറില്‍ ഇസ്മാഈലും ഇറാഖുകാരിയായ സാറയില്‍ ഇസ്ഹാഖും ജനിച്ചു. ഇസ്ഹാഖ് ജനിക്കുമ്പോള്‍ ഇസ്മാഈലിന് പതിനാല് വയസ്സുണ്ടായിരുന്നു. ഹാജറും ഇസ്മാഈലും മക്കയിലും സാറയും ഇസ്ഹാഖും ഫലസ്തീനിലും താമസിച്ചു.

ഇബ്‌റാഹീം നബിയുടെ സന്താനപരമ്പരകള്‍ രണ്ട് വലിയ ശാഖകളായി വളര്‍ന്നു. മക്ക കേന്ദ്രീകരിച്ച് വളര്‍ച്ച പ്രാപിച്ച ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട ഗോത്രമാണ് ഖുറൈശ്. മുഹമ്മദ് നബി(സ) ജനിച്ചത് ഈ ശാഖയിലാണ്. ഫലസ്തീനില്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ഇസ്ഹാഖ് നബിയുടെ സന്താനപരമ്പരയാണ് രണ്ടാമത്തേത്. ഇവരില്‍നിന്ന് പില്‍ക്കാലത്ത് ധാരാളം പ്രവാചകന്‍മാര്‍ നിയോഗിതരായിട്ടുണ്ട്. യഅ്ഖൂബ്, യൂസുഫ് ,മൂസാ, ദാവൂദ്, സുലൈമാന്‍, യഹ് യ, ഈസാ(അ) തുടങ്ങിയവരെല്ലാം ഇസ്രയേല്‍ വംശജാതരാണ്.

ഇബ്‌റാഹീം നബിയുടെ ഈ സന്താനപരമ്പര വിവിധ പേരുകളില്‍ അറിയപ്പെടുന്നുണ്ട്.

1.അബ്രായര്‍(അബ്‌റാനിയ്യൂന്

ഇബ്‌റാഹീം നബി യൂഫ്രട്ടീസ് നദി കടന്നാണ് ഇറാഖില്‍നിന്ന് ഫലസ്ത്വീനില്‍ എത്തിയിട്ടുള്ളത്. പുഴമുറിച്ച് കടക്കുന്നതിന് അറബിയില്‍ അബൂര്‍ എന്നാണ് പറയുക. ഈ പദത്തിലേക്ക് ചേര്‍ത്തുകൊണ്ട് പുഴകടന്നവര്‍ എന്ന അര്‍ഥത്തില്‍ അബ്രായര്‍ -അബ്‌റാനിയ്യൂന്‍ എന്ന് വിളിക്കപ്പെടുന്നു. കാലാന്തരത്തില്‍ അബ്രായര്‍ എന്നത് ഈ വംശത്തിന്റെ പേരായി മാറുകയാണുണ്ടായത്.

2.ബനൂഇസ്‌റാഈല്‍

ഇബ്‌റാഹീം നബി(അ)യുടെ പുത്രന്‍ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് (അ)(ജേക്കബ് എന്നാണ് ബൈബിള്‍ അദ്ദേഹത്തെ വിളിച്ചിട്ടുള്ളത്. ബി.സി. 1800 കളിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഇസ്‌റാഈല്‍ എന്ന പേര് കൂടി ഉണ്ടായിരുന്നു. ഇതിലേക്ക് ചേര്‍ത്തുകൊണ്ടാണ് ബനൂഇസ്‌റാഈല്‍ (ഇസ്‌റാഈല്‍ സന്തതികള്‍)എന്ന് അറിയപ്പെടുന്നത്. വിശുദ്ധഖുര്‍ആന്‍ നാല്‍പതിലധികം സ്ഥലങ്ങളില്‍ ബനൂഇസ്‌റാഈല്യരെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

3.യഹൂദര്‍

യഅ്ഖൂബ് നബിക്ക് നാല് ഭാര്യമാരിലായി 12 മക്കളുണ്ടായിരുന്നു. റൗഅബീന്‍, ശംഊന്‍, ലാവി, യഹൂദാ, വയ്‌സാകിര്‍, സബ്‌ലൂന്‍ , യൂസുഫ് , ദാന്‍, ബിന്‍ആമീന്‍, നഫ്താലി, ജാദ്, അശീര്‍ എന്നിവരാണ് അവര്‍. നാലാമത്തെ പുത്രനാണ് യഹൂദാ. തിരിച്ചറിയാനായി അദ്ദേഹത്തെ യഹൂദാ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. എന്നാല്‍ കാലക്രമത്തില്‍ യഹൂദാ എന്ന നാമം യഅ്ഖൂബ് നബിയുടെ മുഴുവന്‍ സന്താനപരമ്പരകള്‍ക്കും പ്രയോഗിച്ചുതുടങ്ങി. ഹൂദ്, ഹാദൂ, യഹൂദാ എന്നിവയെല്ലാം യഹൂദായുടെ വകഭേദങ്ങളാണ്. വിശുദ്ധഖുര്‍ആന്‍ യഹൂദ് എന്ന് ഒമ്പത് തവണയും ഹാദൂ എന്ന് പതിനൊന്ന് തവണയും പ്രയോഗിച്ചിട്ടുണ്ട്.

തൗറാത്തിന്റെ അനുയായികളായ യഹൂദര്‍ക്കും ഇഞ്ചീലിന്റെ അനുയായികളായ നസ്വാറാക്കള്‍ക്കും അഹ്‌ലുല്‍ കിതാബ്(വേദക്കാര്‍) എന്ന പേരാണ് പൊതുവായി ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഇന്ന് ലോകത്ത് ജൂതന്‍മാര്‍ എന്ന് അറിയപ്പെടുന്നത്, മോസസിന്റെ അനുയായികള്‍ എന്നും തോറയെ -തൗറാത്ത് / ബൈബിള്‍ പഴയനിമയം -പിന്‍പറ്റുന്നവരെന്നും വാദിക്കുന്നവരാണ്.(യഥാര്‍ഥത്തില്‍ മൂസാ നബിയുടെ നിര്‍ദേശങ്ങളില്‍നിന്നും എത്രയോ അകലെയാണ് ജൂതന്‍മാരുടെ ജീവിതം).

സ്വദ്‌റുദ്ദീന്‍ വാഴക്കാട്

About the author

padasalaadmin

Add Comment

Click here to post a comment

Topics