ഇസ് ലാമിലെത്തും മുമ്പ് എന്റെ പേര് അമി എന്നായിരുന്നു. ബ്രിട്ടീഷ് പൗരയായ ഞാന്‍ 2012 ആഗസ്റ്റ് 21 നാണ് ഇസ്‌ലാം സ്വീകരിച്ചത്. ഏതാണ്ട് ഒരുവര്‍ഷം മുമ്പേതന്നെ എന്റെ സഹോദരന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു. എനിക്കും പപ്പയ്ക്കും മമ്മിക്കും ഞെട്ടലുണ്ടാക്കി പ്രസ്തുത സംഭവം. ഞങ്ങള്‍ ക്രിസ്ത്യാനികളായിരുന്നുവെങ്കിലും അതില്‍ വിശ്വാസമൊന്നുമില്ലാത്ത യുക്തിവാദികളായിരുന്നു .
എന്റെസഹോദരന്‍ താടി വളര്‍ത്തി, നമസ്‌കാരമൊക്കെ നിര്‍വഹിച്ച് നടക്കുന്നത് എനിക്ക് വളരെ അരോചകമായാണ് തോന്നിയത്. പലപ്പോഴും ഞാനും പപ്പയും മമ്മിയുമൊക്കെ അവനെ കളിയാക്കുമായിരുന്നു. മീഡിയ എങ്ങനെയൊക്കെയായിരുന്നു മുസ് ലിംകളെ പരാമര്‍ശിച്ചിരുന്നത് അത്തരത്തില്‍ സഹോദരനെ അഭിസംബോധന ചെയ്യുകയായിരുന്നു പതിവ്.
സഹോദരന്‍ എന്നെ പലപ്പോഴും ഇസ് ലാമികപ്രഭാഷണപരിപാടികള്‍ക്കൊക്കെ കൊണ്ടുപോകും. ഇസ്‌ലാമിനെപ്പറ്റി സംസാരിക്കും. പുസ്തകങ്ങളൊക്കെ വായിക്കാന്‍ തരും. പക്ഷേ ,ഞാനെന്റെ പാര്‍ട്ടിയും ഒത്തുകൂടലും ബോയ്ഫ്രണ്ടുമൊത്തുള്ള കറങ്ങിനടപ്പുമൊക്കെ തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ അമുസ്‌ലിമായ ഒരു ശാസ്ത്രജ്ഞന്‍ എഴുതിയ ശാസ്ത്രവിഷയസംബന്ധിയായ ഒരു പുസ്തകം വായിക്കാനിടയായി. അതില്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ച ശാസ്ത്രരഹസ്യങ്ങളെപ്പറ്റി സൂചിപ്പിച്ചിരുന്നു. അതുകണ്ടപ്പോള്‍ ഞാന്‍ അത്ഭുതസ്തബ്ധയായി.
അതോടെ എന്നില്‍ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദൈവത്തെക്കുറിച്ച ബോധം എന്നിലേക്ക് കടന്നുവന്നു. മദ്യപിക്കുന്നത് അഹിതകരമായി അനുഭവപ്പെട്ടു. വസ്ത്രധാരണം കൂടുതല്‍ മാന്യമാക്കാന്‍ ശ്രമിച്ചു. എന്റെ കൂട്ടുകെട്ടുകളും അഭിരുചികളും മാറ്റിപ്പണിയാനാരംഭിച്ചു.
ബോയ്ഫ്രണ്ടിനോട് ഗുഡ്‌ബൈ പറഞ്ഞു. വായനയുടെ ലോകത്തിലേക്ക് കടന്നു. ശൈഖ് ഖാലിദ് യാസീന്‍, ഡോ. സാകിര്‍നായിക് തുടങ്ങിയവരുടെ പ്രസംഗങ്ങളിലൂടെ എന്നില്‍ മാറ്റങ്ങള്‍ പ്രകടമായി. അല്ലാഹു അവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ! . ഞാന്‍ മുസ് ലിംകളോട് സംഭാഷണങ്ങളിലേര്‍പ്പെടാന്‍ തുടങ്ങി. സ്‌കൈ ന്യൂസിന്റെ തെറ്റുധാരണാജനകമായ ഇസ് ലാംപരാമര്‍ശങ്ങളെ വിട്ട് സഹോദരങ്ങളായ മുസ് ലിംകളോട് സംശയങ്ങള്‍ തീര്‍ക്കുകയെന്നത് എന്റെ ശീലമായി. മാധ്യമങ്ങളുടെ ചെകുത്താന്‍ വേദാന്തങ്ങളിലല്ല, അല്ലാഹുവിന്റെ വെളിപാടായ ഖുര്‍ആനിലാണ് എനിക്ക് സമാധാനമടയാന്‍ സാധിച്ചത്.
ഒരു ഒഴിവുകാലത്തെ ഇടവേളയ്ക്കുശേഷം ഞാന്‍ ശഹാദത്തുകലിമ ചൊല്ലി. അതിനുശേഷം എനിക്കുതിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇസ് ലാമിലേക്ക് വരുംമുമ്പ് ജീവിതം എനിക്ക് കുടുസ്സായിത്തോന്നിയിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ എനിക്ക് ഇസ് ലാംസ്വീകരിച്ച സഹോദര ഭാര്യയെയും ലഭിച്ചു. മാത്രമല്ല, എന്റെ സുഹൃത്തുക്കളില്‍ നാലുപേര്‍ ഇസ് ലാമിലേക്ക് കടന്നുവരാന്‍ ഞാന്‍ നിമിത്തമാവുകയും ചെയ്തു.
ഏകത്വവും സമത്വവും സഹാനുഭൂതിയും വിനയവും,കുടുംബവ്യവസ്ഥയും തുടങ്ങി മാനവരാശിക്കാവശ്യമായ എല്ലാം മുന്നോട്ടുവെക്കുന്ന മഹത്തായ ആശയമാണ് ഇസ്‌ലാം. പൈസയും കാറും വസ്ത്രങ്ങളും ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ഞാന്‍. ഇപ്പോഴാകട്ടെ, നമസ്‌കാരവും സ്വദഖയും അതിയായി ഇഷ്ടപ്പെടുന്നു. അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ച അല്ലാഹുവിന് സര്‍വസ്തുതിയും.
Add Comment