സിറിയയുടെ സാമ്പത്തിക സ്ഥിതി അത്രയൊന്നും മോശമായിരുന്നില്ല; 2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നതുവരെ. എണ്ണയും കൃഷിയും സിറിയക്കാര്‍ക്ക് ജീവിക്കാനുള്ള വക നല്‍കിയിരുന്നു. ചരിത്ര സ്മാരകങ്ങള്‍ ധാരാളമുള്ള രാജ്യമെന്ന നിലയില്‍ വിനോദ സഞ്ചാര മേഖലയിലൂടെയും വിദേശനാണ്യം ധാരാളം കിട്ടി. അസദ് കുടുംബത്തിന്റെ ഏകാധിപത്യ ഭരണം മാറ്റിനിര്‍ത്തിയാല്‍ അല്ലലില്ലാത്ത ജീവിതമായിരുന്നു അവരുടേത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ കലങ്ങിമറിഞ്ഞിരിക്കുന്നു. സിറിയ എന്ന രാജ്യത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് ആഭ്യന്തര യുദ്ധം വളര്‍ന്നു.
അക്രമങ്ങളും രക്തചൊരിച്ചിലും അധികാര വടംവലികളും സിറിയക്ക് പുത്തരിയല്ല. പടയോട്ടങ്ങളും പട്ടാള അട്ടിമറികളും ഒരുപാട് കണ്ട രാജ്യമാണ് അത്. അറബ് ലോകത്ത് ആദ്യമായി പട്ടാള അട്ടിമറിക്ക് സാക്ഷ്യം വഹിച്ച രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ അതും സിറിയ തന്നെ. ഫ്രഞ്ച് അധിനിവേശത്തിന്റെ കരുത്തും സിറിയക്കാര്‍ അറിഞ്ഞു. ഇസ്രായേലുമായും നിരവധി തവണ മുഖാമുഖം നേരിട്ടു. അതെല്ലാം ചരിത്രത്തിന്റെ ഭാഗം. ഇന്ന് അതല്ല സ്ഥിതി. ലോകത്തെ ഏറ്റവും വലിയ ദുരന്ത ഭൂമിയായി സിറിയ മാറിയിരിക്കുന്നു. ജീവിതം അപകടകരമായ മറ്റൊരു ഇടവും ഭൂമിയില്‍ ഉണ്ടാവില്ല, സിറിയയെപ്പോലെ. ഒരു രാഷ്ട്രവും അതിലെ ജനങ്ങളും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടുകയാണോ? അത്തരമൊരു ഭയം ഒരിക്കലും അസ്ഥാനത്താവില്ല. പ്രസിഡണ്ട് ബഷാറുല്‍ അസദിനെ അധികാരത്തില്‍നിന്ന് തുടച്ചുനീക്കാന്‍ വിമതര്‍ തുടങ്ങിയ സായുധ പോരാട്ടവും വന്‍ ശക്തികളും ബലപരീക്ഷണങ്ങളും സിറിയയെ ലോക ഭൂപടത്തില്‍നിന്ന് തന്നെ തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയിലെത്തിച്ചിരിക്കുകയാണ്.
ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുപ്രകാരം 66 ലക്ഷം പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് രാജ്യത്തിനകത്ത് അലയുകയാണ്. 46 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി രാജ്യത്തിനു പുറത്ത് കടന്നു. തുര്‍ക്കിയിലാണ് ഏറ്റവും കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളുള്ളത്26 ലക്ഷം പേര്‍. യൂറോപ്പിലേക്കും സിറിയയില്‍നിന്ന് അഭയാര്‍ത്ഥികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രക്ഷുബ്ധമായ കടലിലൂടെ ബോട്ടില്‍ കയറി കുട്ടികളും സ്ത്രീകളും യൂറോപ്പിന്റെ കരപറ്റാന്‍ ശ്രമിക്കുന്നതിനിടെ ആയിരങ്ങള്‍ക്ക് ജീവന്‍പോലും നഷ്ടമായി. സ്വന്തം രാജ്യം വാസയോഗ്യമല്ലാതാകുമ്പോള്‍ അവര്‍ക്ക് അതല്ലാതെ മറ്റൊരു പോംവഴിയില്ല. ലോകത്ത് ഇന്ന് സിറിയന്‍ അഭയാര്‍ത്ഥികള്‍ ഇല്ലാത്ത രാജ്യങ്ങള്‍ വളരെ ചുരുക്കം. അന്യരാജ്യങ്ങളില്‍ വേട്ടപ്പട്ടികളെപ്പോലെ ആട്ടിയോടിക്കപ്പെടുന്ന അവര്‍ മാതൃഭൂമിയിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുന്നുപോലുമില്ല. അത്രമാത്രം വിഷലിപ്തമായി മാറിയിരിക്കുന്നു സിറിയയുടെ രാഷ്ട്രീയവും സാമൂഹികാവസ്ഥകളും.
അഞ്ചു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ലോകം അല്‍പമെങ്കിലും നെടുവീര്‍പ്പിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം. അമേരിക്കയും റഷ്യയും ഉണ്ടാക്കിയ ധാരണപ്രകാരം ശനിയാഴ്ച അര്‍ധരാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ശത്രുതക്ക് വിരാമം എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന വെടിനിര്‍ത്തല്‍ താല്‍ക്കാലികമാണ്. സ്ഥായിയല്ലെന്ന് കരാറിന് കളമൊരുക്കിയവര്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന തൊട്ടടുത്ത മണിക്കൂറില്‍ തന്നെ സമാധാന പ്രതീക്ഷകള്‍ക്കുമേല്‍ തീകോരിട്ട് പോര്‍വിമാനങ്ങള്‍ ഇരമ്പിപ്പറന്നു. തുര്‍ക്കിയില്‍നിന്ന് ഷെല്‍വര്‍ഷമുണ്ടായി. ചിലയിടത്ത് വ്യോമാക്രമണം നടത്തിയത് ആരാണെന്നുപോലും ആര്‍ക്കും അറിയില്ല. അമേരിക്കയും റഷ്യയും ഒരുപോലെ തങ്ങള്‍ക്ക് താല്‍പര്യമുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാറിന്റെ പരിധിയില്‍ ഇല്ലാത്ത ഐ.എസിനെയും അല്‍ നുസ്‌റ ഫ്രണ്ടിനെയും പോലുള്ള ഭീകര സംഘടനകളെയാണ് തങ്ങള്‍ ലക്ഷ്യംവെച്ചതെന്ന് ഇരുരാജ്യങ്ങളും ന്യായംപറയുന്നു. യുദ്ധത്തില്‍ പങ്കാളികളായ ചിലരെ അകറ്റിനിര്‍ത്തി എങ്ങനെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുകയെന്ന ചോദ്യത്തിനു തന്നെ സിറിയയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ പ്രസക്തിയില്ല.
ഭീകരരെയാണ് തങ്ങള്‍ ആക്രമിക്കുന്നതെന്ന് യു.എസും റഷ്യയും ഒരുപോലെ സമ്മതിക്കുന്നു. പക്ഷെ, ആരാണ് ഭീകരരെന്ന ചോദ്യത്തിന് രണ്ടു കക്ഷികള്‍ക്കും വ്യത്യസ്ത വിശദീകരണങ്ങളാണുള്ളത്. അമേരിക്കയുടെ കണ്ണില്‍ ഐ.എസിനെപ്പോലെ തന്നെ അസദിന്റെ സൈന്യവും ഭീകരപട്ടികയിലാണ്. അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ നുസ്‌റ ഫ്രണ്ടിനെ അടച്ചാക്ഷേപിക്കാനും തള്ളിപ്പറയാനും യു.എസ് ഒരുക്കമല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടാണ് യു.എസ് സിറിയയില്‍ സ്വീകരിച്ചിരിക്കുന്നത്. അസദിനെ എതിര്‍ക്കുന്നവരെല്ലാം ഭീകരരാണെന്നാണ് റഷ്യയുടെ വാദം. ഐ.എസിനെതിരെ എന്ന പേരിലാണ് റഷ്യ വ്യോമാക്രമണം തുടങ്ങിയത്. അതൊരു തന്ത്രം മാത്രമാണെന്ന് തുടക്കത്തിലേ എല്ലാവര്‍ക്കും അറിയാമായിരുന്നു. ഐ.എസിനെ ലക്ഷ്യമിട്ട് പറന്ന റഷ്യന്‍ പോര്‍ വിമാനങ്ങള്‍ അസദ് വിരോധികളായ വിമത കേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയാണ് വ്യോമതാവളത്തില്‍ തിരിച്ചെത്തിയത്.
ഇതിനെ ചോദ്യംചെയ്യാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഒരാള്‍ക്കും സാധ്യമല്ല. കാരണം സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പങ്കാളികളായ എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത് സ്വന്തം താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ്. അസദിനെ തുരത്തുകയാണ് യു.എസിന്റെ ലക്ഷ്യമെങ്കില്‍ അയാളെ ചിറകിലൊതുക്കി സംരക്ഷിക്കാനാണ് റഷ്യ നോക്കുന്നത്. അതീവ സങ്കീര്‍ണമാണ് സിറിയയിലെ കാര്യങ്ങള്‍. ആരാണ് ശത്രുവെന്നും മിത്രമെന്നും തിരിച്ചറിയാന്‍ കഴിയാത്തത്ര സങ്കീര്‍ണം. ആഭ്യന്തര യുദ്ധത്തില്‍ അസദും വിമതരും തമ്മിലാണ് പോരാട്ടമെന്ന് ലളിതമായി പറയാനാവില്ല. വിമതരില്‍ പല വിഭാഗങ്ങളും പരസ്പരം പോരടിക്കുകയാണ്. ഐ.എസ്, അല്‍ നുസ്‌റ തുടങ്ങിയ ഭീകരര്‍ അസദിനെ എതിര്‍ക്കുന്നതോടൊപ്പം വിമതരില്‍ തന്നെയുള്ള ചിലരുടെ ചോരക്ക് ദാഹിക്കുന്നവരാണ്.
വംശീയതയും രാഷ്ട്രീയ സ്വാര്‍ത്ഥതയും വിമതപക്ഷത്തെ അടിമുടി തകര്‍ത്തിരിക്കുന്നു. സിറിയയില്‍ അരക്ഷിതാവസ്ഥയില്‍നിന്ന് വെള്ളവും വളവും സ്വീകരിച്ചാണ് ഐ.എസ് വളര്‍ന്നത്. അസദിനെ കുത്തിപ്പുറത്താക്കാന്‍ പാശ്ചാത്യ ശക്തികള്‍ പടച്ചുവിട്ടതാണ് ഐ.എസിനെയെന്ന് പറഞ്ഞാലും തെറ്റാവില്ല. പാല്‍കൊടുത്ത കൈക്കു തന്നെ കൊത്തിത്തുടങ്ങിയപ്പോഴാണ് അമേരിക്കക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഐ.എസ് ഭീകര സംഘടനയായത്. അതുവരെ പാശ്ചാത്യ ലോകത്തുനിന്ന് വിമതര്‍ക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സാമ്പത്തിക, ആയുധ സഹായത്തില്‍നിന്ന് ഒരുപങ്ക് അവര്‍ക്കും കിട്ടിയിരുന്നു.
സ്വന്തക്കാരല്ലാത്തവരെല്ലാം ശത്രുക്കളെന്ന കാഴ്ചപ്പാടാണ് സിറിയയില്‍ തലയിട്ട രാജ്യങ്ങള്‍ക്കെല്ലാം ഉള്ളത്. ഒരേസമയം ഒന്നിലധികം യുദ്ധമുഖങ്ങള്‍ തുറക്കുകയാണ് എല്ലാവരും സിറിയയില്‍ ചെയ്തിരിക്കുന്നത്. തുര്‍ക്കി സ്വീകരിച്ചിരിക്കുന്ന നിലപാടു തന്നെ ഉദാഹരണം. വടക്കന്‍ സിറിയയിലെ വന്‍ ശക്തിയായ പി.വൈ.ഡിയെയും ഐ.എസിനെയും ശത്രുത്രതയോടെയാണ് തുര്‍ക്കി കാണുന്നത്. അസദിനും ഇസ്‌ലാമിക് സ്‌റ്റേറ്റിനുമെതിരായ പോരാട്ടത്തില്‍ ഒരുപോലെ സുപ്രധാന പങ്കുവഹിക്കുന്ന പി.വൈ.ഡിക്ക് അമേരിക്കയുടെയും മറ്റും സഹായം വേണ്ടുവോളമുണ്ട്. തുര്‍ക്കിയിലെ നിരോധിത സംഘടനായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി പി.വൈ.ഡിക്ക് ചരിത്രപരമായ ബന്ധമുണ്ട്. സിറിയയുടെ അതിര്‍ത്തിക്കുള്ളില്‍ കുര്‍ദിഷ് വിഘടനാവദികളായ പി.വൈ.ഡി വളര്‍ന്നുകൊണ്ടിരിക്കുന്നത് തുര്‍ക്കിയെ അമ്പരപ്പിലാക്കിയിരിക്കുകയാണ്. അപ്പുറത്ത് തുര്‍ക്കിയുടെ സഖ്യ രാജ്യമായ അമേരിക്ക പി.വൈ.ഡി വിജയിച്ചുകാണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആരെയും പിണക്കാനാവാത്ത സ്ഥിതിയിലാണ് യു.എസ് അകപ്പെട്ടിരിക്കുന്നത്.
ചുരുക്കത്തില്‍ രാഷ്ട്രീയ ബലപരീക്ഷണത്തിനുള്ള ഭൂമിയായി സിറിയ മാറിക്കഴിഞ്ഞു. ആര്‍ക്കും സിറിയക്കാരുടെ തലയില്‍ ബോംബിടാം. എന്തിനാണെന്ന് ആരും ചോദിക്കില്ല. എല്ലാവരും മത്സരിച്ച് ആക്രമിക്കുകയും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ഏകാധിപതിയായ അസദിനെ പുറത്താക്കുകെന്ന ലക്ഷ്യത്തിനല്ല ഇപ്പോള്‍ മുന്‍ഗണന. അസദിനെ അധികാര ഭ്രഷ്ടനാക്കാന്‍ ഇറങ്ങിയവര്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഐ.എസിനെതിരെ യുദ്ധമുഖം തുറന്നിരിക്കുകയും ചെയ്യുന്നു. ഭീകരമായ അപകടത്തിലേക്കാണ് സിറിയ എത്തിപ്പെട്ടിരിക്കുന്നത്. സിറിയയെന്ന പേരല്ലാതെ മറ്റൊന്നും ആ രാജ്യത്തിന് ബാക്കിയില്ല. അതിര്‍ത്തികള്‍ പോലും മാറ്റിവരക്കപ്പെട്ടു. പുതിയ ശീതയുദ്ധത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞത് സിറിന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്.
അന്താരാഷ്ട്രതലത്തില്‍ പരസ്പരം ഉന്നയിക്കുന്ന അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും അമേരിക്കക്കും റഷ്യക്കും രാഷ്ട്രീയ സുഖം നല്‍കുന്നുണ്ടാകാം. അതിനപ്പുറം സിറിയയിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ ഈ വന്‍ ശക്തികളെ വേവലാതിപ്പെടുത്തുന്നേയില്ല. ഉപരോധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും മധ്യേ അകപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ സിറിയയില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് ഹുസൈന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. സൈന്യത്തിന്റെയും വിമതരുടെയും ഉപരോധത്തില്‍ അഞ്ചു ലക്ഷത്തോളം പേരാണ് അകപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് സഹായം എത്തിക്കാനുള്ള യു.എന്‍ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്താതെ മുടങ്ങിക്കിടക്കുമ്പോള്‍ വലിയൊരു കൂട്ടമരണത്തിന് സിറിയ വേദിയാകും. അതുപക്ഷെ, ലോകം അറിഞ്ഞെന്നു വരില്ല. ആ ദുരന്തവാര്‍ത്ത പുറത്തറിയിക്കാതെ സിറിയയുടെ പ്രസിഡണ്ട് ബഷാറുല്‍ അസദും വന്‍ശക്തികളും കുഴിച്ചുമൂടും.
കടപ്പാട്: chandrikadaily.com
Add Comment