പ്രവാചകന്മാര് അയക്കപ്പെടേണ്ടിവരുന്ന ആവശ്യങ്ങള്‍ പലതാണ്. അതിലൊന്ന്, പ്രവാചകന്മാരെ ദൈവം നിയോഗിക്കുന്നത് ഏകദൈവത്വത്തിലധിഷ്ഠിതമായ ജീവിതം പഠിപ്പിക്കാനാണ്. മുന്‍കാല പ്രവാചകന്മാരെല്ലാം പഠിപ്പിച്ചത് അതായിരുന്നെങ്കിലും പില്ക്കാലത്ത് പ്രവാചകന്മാരില്തന്നെ ദിവ്യത്വം ആരോപിക്കപ്പെടുകയും ദൈവകല്പനകളിലും ഏകദൈവത്വത്തിലും വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍ മുഹമ്മദ് നബിയില്‍ ഇന്നേവരെ ദിവ്യത്വം ആരോപിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ ആരും ആരാധിക്കുന്നുമില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ ആരാധനാലയങ്ങളില്‍ പോകുന്നത് സ്രഷ്ടാവായ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമാണ്.
മുഹമ്മദ് നബിക്ക് മുമ്പും ശേഷവുമുണ്ടായ മഹാന്മാരുടെ ചിത്രങ്ങളോ വിഗ്രഹങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിലും ആ പ്രവാചകന്റെ ഒരു ചിത്രംപോലുമില്ലെന്നത് തീര്‍ത്തും അത്ഭുതമാണ്. അദ്ദേഹം ആരാധിക്കപ്പെട്ടാല്‍ ഇനിയും പ്രവാചകനെ അയക്കേണ്ടിവരുമെന്നതിനാല്‍ ദൈവത്തിന്റെ തന്നെ ഇടപെടല്‍ അതിലുണ്ടെന്ന് മനസ്സിലാകുന്നു. എന്തൊക്കെ ജീര്‍ണതകളുണ്ടെങ്കിലും ഏകദൈവത്വം എന്ന അടിസ്ഥാന ആശയത്തെ ഇന്നും ഒരു സമൂഹം നിലനിര്‍ത്തിപ്പോരുന്നു. അതിനാല്‍ ഇത് പഠിപ്പിക്കാന്‍ ഇനി ഒരു പ്രവാചകന് വരേണ്ടതില്ല. ഇസ്ലാമില്‍ പുതിയ ദൈവങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് അത് സത്യമാണെന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്.
രണ്ടാമതായി, ദൈവകല്പനകള് ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥങ്ങള്‍ നല്കാന് പ്രവാചകന്മാര് വരേണ്ടതുണ്ട്. അങ്ങനെ നല്കപ്പെട്ട വേദഗ്രന്ഥങ്ങളില്‍ വിശുദ്ധഖുര്ആന് ആയിരത്തിനാനൂറില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട അതേ അവസ്ഥയില്‍ ഇന്നും നിലനില്ക്കുന്നു. അതിനാല്‍ ഒരു വേദഗ്രന്ഥം നല്കാന് ഒരു പ്രവാചകനും ഇനി വരേണ്ടതില്ല.
മൂന്നാമതായി, ആദമിന്റെ കാലത്ത് ഇന്ന് ആവശ്യമായത്ര നിയമങ്ങള്‍ (ശരീഅത്ത് ) വേണ്ടിവന്നിരുന്നില്ല. മാനവസമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് പ്രവാചകന്മാരിലൂടെ പുതിയ നിയമങ്ങള്‍ നല്കിക്കൊണ്ടിരിക്കുകയാണ് ചെയ്തത്. ഒടുവില്‍ മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്ലാമില്‍ വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക,സാംസ്കാരിക, രാഷ്ട്രീയ, അന്താരാഷ്ട്ര കാര്യങ്ങള്‍വരെ എങ്ങനെ ആയിരിക്കണം എന്നതിനുള്ള അടിസ്ഥാന നിയമങ്ങള്‍ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ഒരു പ്രവാചകന് വന്നാല്‍ പുതുതായി ഒന്നും പറയാനില്ല.
മാത്രമല്ല, അന്ത്യപ്രവാചകനെ ലോകസഞ്ചാരികളായ അറബികള്‍ക്കിടയില്‍ നിയോഗിച്ചതിലും അന്ത്യവേദമായ വിശുദ്ധഖുര്ആന് മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത അറബിഭാഷയില്‍ അവതരിപ്പിക്കപ്പെട്ടതിലും യുക്തിയുണ്ട്. അറബികള്‍ സഞ്ചാരികളായിരുന്നതിനാലാണ് അക്കാലത്തുതന്നെ ഈ സന്ദേശം ലോകം ചുറ്റിയത്. മാറ്റമില്ലാത്ത അറബിയിലാണ് ഖുര്‍ആന്‍ എന്നതുകൊണ്ടാണ് അതിലെ ആശയങ്ങള്‍ ഇന്നും മനസ്സിലാകുന്നത്.
ജി.കെ.എടത്തനാട്ടുകര






Add Comment