മക്തി തങ്ങള്‍

മക്തി തങ്ങള്‍

വ്യവസ്ഥാപിതരൂപത്തില്‍ കേരള മുസ്‌ലിം നവോത്ഥാനത്തിന് തുടക്കം കുറിക്കുന്നത് സയ്യിദ് സനാഉല്ലാ മക്തി തങ്ങളാണ്(1847-1912). മതപ്രബോധനത്തിനും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ പ്രതിരോധത്തിനുമായിരുന്നു അദ്ദേഹം പ്രഥമ പരിഗണന നല്‍കിയത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ക്രിസ്ത്യന്‍ പാതിരിമാര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിക്കാനും അഭിശംസിക്കാനും തുടങ്ങിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചുനിന്ന മുസ്‌ലിം സമുദായത്തിന് പ്രത്യാക്രമണത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ചുകൊടുത്തത് അദ്ദേഹമാണ്.

പ്രഭാഷണങ്ങള്‍ നടത്തിയും ലഘുലേഖകളും പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിച്ചും അദ്ദേഹം വിമര്‍ശനങ്ങളെ നേരിട്ടു. അദ്ദേഹത്തിന്റെ പ്രത്യാക്രമണ ശൈലി മുസ്‌ലിംകള്‍ക്ക് മനോധൈര്യവും സ്വന്തം വിശ്വാസദര്‍ശനങ്ങളെക്കുറിച്ച മതിപ്പും വര്‍ധിപ്പിച്ചു. കഠോര കുഠാരം, പാര്‍ക്കലീത്ത പോര്‍ക്കളം, ക്രിസ്തീയ വായടപ്പ്, സുവിശേഷ നാശം, മദ്യപാനം മസീഹ് മതാഭിമാനം, ജൂദാസോ പിലാത്തോസൊ, മസീഹ് മതമൂലനാശം, ക്രിസ്തീയ മൂഢപ്രൗഢി ദര്‍പ്പണം, ക്രിസ്തീയ മനഃപൂര്‍വ്വ മോഷണം തുടങ്ങി ഒട്ടേറെ കൃതികള്‍ ഈ വിഷയകമായി അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഈദൃശ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിനെ ഭദ്രമായ ഒരു സ്ഥാനത്ത് പ്രതിഷ്ഠിക്കാനും മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിനു കഴിഞ്ഞു. സര്‍ക്കാര്‍ ജോലി രാജിവെച്ച് മുഴുസമയ പ്രബോധകനായിത്തീര്‍ന്ന മക്തിതങ്ങള്‍ സമുദായത്തിന്റെ വിശ്വാസാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അനിസ്‌ലാമിക കലര്‍പ്പുകളില്‍നിന്ന് ശുദ്ധി ചെയ്‌തെടുക്കാനും ശ്രമിച്ചു. ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ശീഈ, സൂഫീ അചാരങ്ങളിലൂടെയും ഹൈന്ദവ ചുറ്റുപാടുകളിലൂടെയും മുസ്‌ലിം സമുദായത്തില്‍ എത്തിപ്പെട്ട കൊടികുത്ത്, ചാവടിയന്തിരം, ചന്ദനക്കുടം, ആണ്ടുനേര്‍ച്ച തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. റാഫിഈ, ഖാദിരീ, ചിശ്തി, ശാദുലി, നഖ്ശബന്ദി ത്വരീഖതുകളെ വിമര്‍ശിക്കുന്ന ആദ്യ സ്വരവും തങ്ങളുടേതായിരുന്നു.
ഖുര്‍ആന്റെ മലയാള വിവര്‍ത്തനത്തിനും മുസ്‌ലിം പത്രപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചതും അദ്ദേഹംതന്നെ. ഈ ആവശ്യാര്‍ഥം അദ്ദേഹം ആലപ്പുഴയില്‍ മുഹമ്മദന്‍ പ്രസ്സ് സ്ഥാപിച്ചു. പരോപകാരി, തുഹ്ഫത്തുല്‍ അഖ്‌യാര്‍ വ ഹിദായത്തുല്‍ അശ്‌റാര്‍, തുര്‍ക്കി സമാചാര്‍ എന്നിവയിലൂടെ അദ്ദേഹം കാണിച്ച പത്രപ്രവര്‍ത്തന മാതൃക പില്‍ക്കാല മുസ്‌ലിം നവോത്ഥാന നായകര്‍ക്ക് പ്രചോദനമായി.

സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള മക്തി തങ്ങളുടെ വിദ്യാഭ്യാസ സംരംഭങ്ങള്‍, സിലബസും കരിക്കുലവും നിശ്ചയിക്കുന്നതിലും പാഠപുസ്തകങ്ങളും നിഘണ്ടുവും തയ്യാറാക്കുന്നതിലും വരെ എത്തിയിരുന്നു. നാരിനരഭിചാരി എന്ന ലേഖനത്തിലൂടെ സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകത സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ഊന്നിപ്പറഞ്ഞു. മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച ആദ്യത്തെ തുറന്ന ചര്‍ച്ചയായിരുന്നു ആ ലേഖനം.
മലയാള ഭാഷ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് മക്തി തങ്ങള്‍ പുതിയ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അറബി- മലയാള-സംസ്‌കൃത ഭാഷാ ഡിക്ഷണറി, പാഠപുസ്തകമായ മുഅല്ലിമുല്‍ ഇഖ്‌വാന്‍ എന്നിവ മലയാള ഭാഷയെ മലയാളീ മുസ്‌ലിംകള്‍ക്ക് മെരുക്കിക്കൊടുക്കുന്നതില്‍ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured