രാഷ്ട്രീയം-ലേഖനങ്ങള്‍

ഖുറൈശീ ദേശീയതയോടുള്ള പ്രവാചകന്റെ പോരാട്ടം

ഇസ്‌ലാമിന്റെയും ഇസ്‌ലാമിക വിപ്ലവത്തിന്റെയും തുടക്കത്തില്‍ ഇസ്‌ലാമിക കാലത്തിന് മുമ്പുള്ള അറബികളും സാമൂഹികമായ മേന്‍മയും താഴ്മയും നിര്‍ണയിച്ചിരുന്ന അവരുടെ സാമൂഹിക- രാഷ്ട്രീയ സംഘടനകള്‍ ഗോത്രം, വംശം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. രക്തബന്ധവും ഗോത്രബന്ധവുമായിരുന്നു അവരുടെ ഐക്യത്തിന് നിദാനമായി വര്‍ത്തിച്ചിരുന്ന ഘടകങ്ങള്‍. അത് ആധുനിക ദേശീയതയുടെയും വംശീയതയുടെയും അപരിഷ്‌കൃത രൂപമായിരുന്നു. ഭാഷയും സാമൂഹികമായ മേന്‍മയുടെ ഒരു ചിഹ്നമായി കണക്കാക്കിയിരുന്നു. അതുകൊണ്ട് അറബികള്‍ അറബികളല്ലാത്തവരെ ‘മൂകന്‍മാര്‍’ എന്ന അര്‍ഥം വരുന്ന പദമുപയോഗിച്ച് വിശേഷിപ്പിച്ചിരുന്നു

ഇസ്‌ലാമികവിപ്ലവം ഈ ആശയത്തെയും ഗോത്രങ്ങളെ ആസ്പദിച്ചുള്ള സംഘടനാ സമ്പ്രദായത്തേയും ഇല്ലാതാക്കി. ‘അല്ലാഹുവല്ലാതെ മറ്റു ദൈവമില്ല’ എന്ന അതിമഹത്തായ മുദ്രാവാക്യത്തിന്റെ പ്രചുരപ്രചാരത്തോടെ രക്തബന്ധം , ഭൂവിഭാഗം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ ബന്ധങ്ങളുടെയും മേല്‍ ഇസ്‌ലാമികവിശ്വാസവും ആദര്‍ശസംഹിതയും ആധിപത്യം സ്ഥാപിച്ചു.

വര്‍ഗരഹിതമായ ഒരു ആഗോള ഇസ്‌ലാമികസമൂഹം സ്ഥാപിച്ച പ്രവാചകന്‍, ഗോത്രാധിപത്യത്തെ തുടച്ചുമാറ്റി. അനേകം രാഷ്ട്രങ്ങളെ സംയോജിപ്പിച്ചു. മൂന്നുരാഷ്ട്രങ്ങളില്‍നിന്നുള്ള മൂന്നു മുസ്‌ലിംകളെ, അതായത്, ഫാര്‍സില്‍ നിന്നുള്ള സല്‍മാന്‍, റോമില്‍നിന്നുള്ള സുഹൈബ് ഏത്യോപ്യയില്‍നിന്നുള്ള ബിലാല്‍ എന്നിവരെ , ഗൈസ്ബിന്‍ മുതാതബ എന്ന അറബി ‘വിദേശികളേ’ എന്ന് അഭിസംബോധന ചെയ്യാനിടയായി. അപ്പോള്‍ നബിതിരുമേനി (സ) പറഞ്ഞു: ‘നിങ്ങളുടെ പിതാവ് ഒന്നാണ്. നിങ്ങളുടെ മതം ഒന്നാണ്. നിങ്ങള്‍ അഭിമാനം കൊള്ളുന്ന അറബി കുലം നിങ്ങളുടെ പിതാവിന്റെയോ മാതാവിന്റെയോ അല്ല'(അതായത്, എല്ലാവരുടെയും പിതാവായ ആദമിന്റെയും മാതാവായ ഹവ്വയുടെതുമല്ലെന്ന് സാരം). എന്നിട്ട് നബിതിരുമേനി പറഞ്ഞു: ‘ഗോത്രത്തിന്റെ ഏകതയിലുള്ള വിശ്വാസം പ്രചരിപ്പിക്കുകയും അതിനുവേണ്ടി യുദ്ധം ചെയ്യുകയും സ്വന്തം ജീവന്‍ ബലിയര്‍പിക്കുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല.’

ദേശീയതയുടെ ആധിപത്യവും ഗോത്രപരമായ മുന്‍വിധികളും ഇസ്‌ലാമിന്റെ സന്ദേശത്തിനും അതിന്റെ പ്രചരണത്തിനുമെതിരെ ഒരു വന്‍മതിലായി നിലകൊണ്ടു. അത് ഖുറൈശികളെയും മറ്റു രാഷ്ട്രങ്ങളെയും ഇസ്‌ലാമിന്റെ പ്രവാചകനെ എതിര്‍ക്കാന്‍ പ്രേരകമായി നിന്നു. ഖുര്‍ആന്‍ എന്തുകൊണ്ട് മക്കയിലെയും ത്വാഇഫിലെയും ഉന്നതരായ വ്യക്തികള്‍ക്ക് നല്‍കപ്പെട്ടില്ലെന്ന് അവര്‍ ചോദിച്ചു. ഖുര്‍ആന്‍ തന്നെ പറയുന്നത് നോക്കുക:
‘അവര്‍ ചോദിക്കുന്നു: ഈ ഖുര്‍ആന്‍ എന്തുകൊണ്ട് രണ്ടു പട്ടണങ്ങളിലെ ഒരു പ്രമുഖ വ്യക്തിക്ക് വെളിപ്പെടുത്തിക്കൊടുത്തില്ല.’
പരിമിതമായ ഗോത്രവീക്ഷണം വെച്ചുപുലര്‍ത്തിയിരുന്ന അറബി ഗോത്രപ്രമുഖന്‍മാര്‍ പ്രവാചകന്‍ എന്തുകൊണ്ട് ഗോത്രങ്ങളോട് കൂറുകാണിക്കുന്നില്ലെന്നും അദ്ദേഹം തന്റെ സ്വന്തം ഗോത്രത്തിനെക്കാള്‍ വലിയവനാകാന്‍ ഉ്‌ദ്ദേശിക്കുന്നുവോ എന്നും അത്ഭുതപ്പെട്ടു. അബൂജഹ് ല്‍ അത് തുറന്നുപറയുകതന്നെ ചെയ്തു.’കുതിര സവാരിയില്‍ ഞങ്ങള്‍ അവരുടെ എതിരാളികളാണ്. ദയാദാക്ഷിണ്യത്തില്‍ ഞങ്ങള്‍ തുല്യരാണ്. പിന്നെ എങ്ങനെയാണ് അവര്‍ പ്രവാചകത്വവും ദൈവിക വെളിപാടും അവകാശപ്പെടുന്നത് ? ദൈവത്താണ, മുഹമ്മദിനെ പ്രവാചകനായി നാം അംഗീകരിക്കുന്നില്ല. ‘

അങ്ങനെ വംശീയവും ഗോത്രപരവുമായ മുന്‍വിധികള്‍ വളരെക്കാലമായി പ്രവാചകത്വം കാത്തിരുന്ന ജൂതന്‍മാരെയും മുഹമ്മദി(സ)നെതിരായി നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ സത്യം ഉള്‍ക്കൊള്ളാതെ അതിനെ തള്ളിക്കളഞ്ഞു. പ്രവാചകന്‍ എന്തുകൊണ്ട് ഇസ്മായിലിന്റെ വംശപരമ്പരയില്‍ പെട്ടവനായില്ലെന്നും ഇസ്രായീല്‍ വംശജനായില്ലെന്നും അവര്‍ അത്ഭുതപ്പെട്ടു. അങ്ങനെ അവര്‍ ദൈവനിഷേധികളെയും ബഹുദൈവാരാധകരെയും വിശ്വാസികള്‍ക്കെതിരായി സംഘടിപ്പിച്ചു.
മദീനയിലെ കപടവിശ്വാസികള്‍ ഇസ് ലാമിനെതിരായി ഉപയോഗിച്ച ദുഷ്ട ആയുധമായിരുന്നു ദേശീയ വികാരത്തിന്റെ തീ ഊതിക്കത്തിക്കുക എന്നത്. . അവരുടെ നേതാക്കളിലൊരാള്‍ ബഗാത്ത ്‌യുദ്ധത്തിന്റെ പ്രശ്‌നം എടുത്തുകാട്ടി. ‘ഔസ് ‘എന്നും ‘ഖസ്‌റജ്’ എന്നും അറിയപ്പെട്ടിരുന്ന രണ്ടുഗോത്രങ്ങളെ തമ്മില്‍ യുദ്ധംചെയ്യിക്കുന്നതില്‍ വിജയിച്ചു. ആ സന്ദര്‍ഭത്തിലാണ് ഈ ഖുര്‍ആന്‍ വചനം അവതരിച്ചത്.
‘സത്യവിശ്വാസികളേ! വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്നപക്ഷം നിങ്ങള്‍ വിശ്വസിച്ചതിനുശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി പുറംതള്ളിയേക്കും ‘(ആലുഇംറാന്‍ 100).

മദീനയിലെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് നല്ല കൂറുള്ള ഒരു ദേശീയവാദിയായിരുന്നു. അദ്ദേഹം മദീനയിലെ ജനങ്ങള്‍ക്ക് ദേശീയതയുടെ പേരില്‍ നിരന്തരം പ്രചോദനം നല്‍കിയിരുന്നു. ‘മറ്റുരാജ്യങ്ങളില്‍നിന്ന് ചി തെണ്ടികള്‍ വന്നിട്ടുണ്ട്. അവര്‍ നമ്മെ അക്രമിക്കുന്നു. നമ്മെ അക്രമിക്കാന്‍ വേണ്ടി തടിച്ചുകൊഴുത്ത നായ്ക്കളെപ്പോലുള്ളവരാണ് അവര്‍.’ അയാള്‍ മദീനയിലെ ജനങ്ങളോട് പറഞ്ഞു…. ‘ആ വിദേശികളെ നിങ്ങളുടെ രാജ്യത്തിന്റെയും സമ്പത്തിന്റെയും പങ്കാളികളാക്കിയതും തെറ്റാണ്. നിങ്ങള്‍ അവര്‍ക്ക് ചെയ്യുന്നു സഹായം നിര്‍ത്തുകയാണെങ്കില്‍ അവര്‍ ഇന്നുതന്നെ ഇവിടെനിന്ന് ഓടിപ്പോകും.’

ഈ കള്ള പ്രസ്താവനക്ക് മറുപടിയായാണ് ഈ ഖുര്‍ആന്‍ വാക്യം അവതരിപ്പിക്കപ്പെട്ടത്.
‘അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി അവര്‍ അവിടെനിന്ന് പിരിഞ്ഞുപോകുന്നതുവരെ നിങ്ങള്‍ ഒന്നും ചെലവുചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍ . അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു: ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായവരെ പുറത്താക്കുക തന്നെചെയ്യും. അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമുള്ളതാകുന്നു പ്രതാപം. പക്ഷേ , കപടവിശ്വാസികള്‍ കാര്യം മനസ്സിലാക്കുന്നില്ല.'(അല്‍മുനാഫിഖൂന്‍ 7-8).

ഗോത്രവികാരങ്ങളുടെയും ദേശീയതാവികാരങ്ങളുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന് അഭിമുഖീകരിക്കേണ്ടിവന്ന എതിര്‍പ്പുകളുടെ അപകടകരമായ മാനങ്ങളാണ് നാം കണ്ടത്. ദൈവ നിഷേധവും ബഹുദൈവാരാധനയും ഒഴിച്ചുനിര്‍ത്തിയാല്‍ ഇസ്‌ലാമിന്റെ ഏറ്റവും വലിയ ശത്രു രക്തബന്ധം, ഭൂവിഭാഗം, പുര്‍വികന്മാരിലുള്ള അഭിമാനം, ഗോത്രവികാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷമാണെന്ന് ഇതേവരെയുള്ള വിശദീകരണത്തില്‍നിന്ന് വ്യക്തമായല്ലോ. ഇസ്‌ലാമികമായ ദൈവികആദര്‍ശത്തിന്റെ വഴിയിലെ ഈ തടസങ്ങള്‍ ദൂരീകരിക്കുന്നതുവരെ പ്രവാചകന്‍ സമരം ചെയ്തു. ദേശീയവിദ്വേഷവും ഇസ്‌ലാമും തമ്മിലുള്ള ഈ ശത്രുത ഒരു പുതിയ പ്രതിഭാസമല്ല .ഇത് ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെ സംജാതമായതാണ്.

ഗോത്രാരാധനയും ഗോത്രവികാരങ്ങളുംഎപ്പോഴും ഇസ്‌ലാമിന് ഒരു ഭീഷണിയായി നിലകൊണ്ടിരുന്നു. ദേശീയ അറബികള്‍, തങ്ങള്‍ മുസ്‌ലിംകളാണെന്നതിനേക്കാളേറെ , അറബികളാണെന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. ഫറവോയെപ്പറ്റിയാണ് ഈജിപ്തുകാരന്‍ ചിന്തിക്കുന്നത്. തനിക്ക് ചെങ്കിസും ഹലാകുമായുള്ള ബന്ധം തുര്‍ക്കിക്കാരന്‍ എടുത്തുകാണിക്കുന്നു. സൈറസ്, ദാരിയസ്, ബുസാര്‍ജോമെഹര്‍, മാന്ദി, മസ്ദക് എന്നിവരെപ്പറ്റി ഇറാനിയന്‍ ഊറ്റം കൊള്ളുന്നു. മുഹമ്മദിലും അലി(റ)യിലും അവര്‍ക്ക് അഭിമാനമില്ല. ഇങ്ങനെ ഇസ്‌ലാമിന്റെ അസ്തിത്വം തന്നെ അപകടപ്പെടുന്നു. അതുകൊണ്ടാണ് ഇസ്‌ലാം ദേശീയതക്കെതിരെ എന്നും നിലകൊണ്ടത്.

ഡോ. അലി മുഹമ്മദ് നഖ്‌വി

Topics