നമുക്കനുവദനീയമായ സുപ്രധാനകാര്യങ്ങള്‍ പകലില്‍ വിലക്കപ്പെടുന്ന അവസരമാണ് റമദാന്‍. ആ വിലക്കുകള്‍ ഒത്തിരി പ്രയാസത്തോടെയാണ് നാം പാലിച്ചുപോരുന്നത്. തൊട്ടുമുമ്പുള്ള പതിനൊന്ന് മാസങ്ങളില്‍ നമ്മുടെ ആത്മാവിനുള്ള ഭക്ഷണത്തേക്കാള്‍ ശരീരത്തിനുള്ള പോഷണത്തിനാണ് പ്രാധാന്യം കല്‍പിച്ചിരുന്നത്. ഒരു വേള ആഘട്ടത്തില്‍ അല്ലാഹു വിലക്കിയവയില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിച്ചില്ല. ചെയ്യണമെന്ന് കല്‍പിച്ചവ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്‍ പഠിക്കണമെന്നും അതെപ്പറ്റി ചിന്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടും അതില്‍ ശ്രദ്ധപതിപ്പിച്ചില്ല. അല്ലാഹുവോട് സഹായം ചോദിക്കാതെ അവനെ അവഗണിച്ച് താന്തോന്നിയായി നടന്നു.
എന്നാല്‍ ശരീരപോഷണം കുറച്ച് ആത്മീയപോഷണം നടത്തേണ്ട മാസമാണ് റമദാന്‍ എന്ന് അല്ലാഹുപറയുന്നു. അത് നമ്മുടെ ഹൃദയത്തിന് ആയുസ്സ് നല്‍കുകയും ആതമീയോത്കര്‍ഷ സാധ്യമാക്കുകയുംചെയ്യും. നമ്മുടെ പോരായ്മകളും ദൗര്‍ബല്യങ്ങളും ഈ മാസത്തിലാണ് തുറന്നുകാട്ടപ്പെടുന്നത്. അതിനാല്‍ അല്ലാഹുവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ മാസത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ശരീരകാമനകളെയല്ല, ആത്മീയവളര്‍ച്ചയെയാണ് മനുഷ്യന്‍ ലക്ഷ്യമാക്കേണ്ടതെന്നാണ് വ്രതം നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിനായി ഹൃദയാന്തരാളങ്ങള്‍ ഭൗതികമോഹങ്ങളില്‍നിന്ന് ശൂന്യമാക്കിയിടുകയും പകരം ഖുര്‍ആന്റെ പ്രകാശംകൊണ്ട് നിറക്കുകയും വേണം.
തറാവീഹ് നമസ്‌കാരത്തില്‍ ദീര്‍ഘനേരം നിന്ന് ഖുര്‍ആന്‍ പാരായണം നടത്തിയും ശ്രവിച്ചും നാം രാത്രികളെ സജീവമാക്കുന്നത് ആത്മാവിന് അനുഭൂതിപകര്‍ന്നുനല്‍കാനാണ്. വ്രതനാളുകളിലെ അവസാനപത്തുകള്‍ ലൈലത്തുല്‍ഖദ്ര്! പ്രതീക്ഷിക്കുന്നത്, ഖുര്‍ആന്‍ വായന അധികരിപ്പിക്കുന്നത് എല്ലാംതന്നെ ആത്മീയമായ വളര്‍ച്ചയെ ലാക്കാക്കിയാണ്. അല്ലാഹു പറയുന്നു:’ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്.'(അല്‍ബഖറ 185)
ഈ സൂക്തത്തില്‍ വ്രതത്തെക്കുറിച്ചല്ല ആദ്യപരാമര്‍ശമുള്ളതെന്നത് ശ്രദ്ധേയമാണ്. റമദാന്‍ എന്നുകേള്‍ക്കുമ്പോള്‍ പകലിലെ പട്ടിണിയാണ് ഏതൊരാളുടെയും മനസ്സില്‍ കടന്നുവരിക. എന്നാല്‍ യാഥാര്‍ഥ്യം എന്താണ്? ഖുര്‍ആന്നെ ലോകം ശ്രവിക്കുകയും ആകാംക്ഷയോടെ പഠിക്കുകയും ചര്‍ച്ചചെയ്യുകയും അത് സ്വഭാവപെരുമാറ്റമര്യാദകളിലും പരസ്പരവ്യവഹാരങ്ങളില്‍ കൊണ്ടുവരികയും ചെയ്യേണ്ട കാമ്പയിന് കാലഘട്ടമായാണ് മനസ്സിലാക്കേണ്ടത്.
റമദാനിന്റെ ലക്ഷ്യം തഖ്‌വയാണ്. എന്നാല്‍ ഖുര്‍ആനില്ലായിരുന്നുവെങ്കില്‍ നമുക്ക് തഖ്‌വ ആര്‍ജിക്കാന്‍ കഴിയുമായിരുന്നോ? അതിനാല്‍ ഖുര്‍ആനുമായി ബന്ധമുണ്ടാക്കാന്‍ മനുഷ്യനെ സഹായിക്കുന്ന ഉപാധിയായാണ് വ്രതം കടന്നുവന്നത്. അത് എല്ലാവിധ ജീവിതവ്യവഹാരങ്ങളില്‍നിന്നും ആര്‍ത്തിപിടിച്ച നെട്ടോട്ടങ്ങളില്‍നിന്നും തിരക്കുകളില്‍നിന്നും മനുഷ്യനെ വിമോചിപ്പിച്ച് ഉന്നതമായ ലക്ഷ്യം കണ്ടെത്താനുള്ള ആഗ്രഹം ഹൃദയത്തില്‍ ഉളവാക്കുന്നു. അതിലൂടെ മനസ്സിനെ ഖുര്‍ആനിലേക്കടുപ്പിക്കുന്നു. ഗുഹാവാസികളായ ചെറുപ്പക്കാരുടെ സംഭവം ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെ:’ഞങ്ങളുടെ നാഥന്‍ ആകാശഭൂമികളുടെ നാഥനാണ്. അവനെവിട്ട് മറ്റൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അന്യായം പറഞ്ഞവരായിത്തീരും” എന്ന് അവര്‍ എഴുന്നേറ്റു നിന്ന് പ്രഖ്യാപിച്ചപ്പോള്‍ നാം അവരുടെ മനസ്സുകള്‍ക്ക് കരുത്തേകി'(അല്‍കഹ്ഫ് 14).
ഗുഹാവാസികളായ ചെറുപ്പക്കാര്‍ അല്ലാഹുവിലേക്കടുക്കാന്‍ ദുര്‍വൃത്തരും അക്രമികളുമായ ജനതയില്‍നിന്ന് മാറി ഗുഹയില്‍ അഭയംതേടി. അവര്‍ അതിന് സജ്ജരായപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ വിശ്വാസത്താല്‍ ദൃഢീകരിച്ചു. അതായത്, അല്ലാഹുവിനോടുള്ള തങ്ങളുടെ ഇഷ്ടത്തെയും പ്രതിബദ്ധതയെയും സാക്ഷ്യപ്പെടുത്താന്‍ പ്രവര്‍ത്തനം ആവശ്യമാണ്. ഖുര്‍ആനോടുള്ള സ്‌നേഹപ്രകടനവും അതിനെ വായിക്കാനും പഠിക്കാനും ജീവിതത്തില്‍ നടപ്പിലാക്കാനുമുള്ള ഉത്സാഹവും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ് . അത്തരം വ്യക്തികളെ അല്ലാഹു സന്‍മാര്‍ഗംനല്‍കി അനുഗ്രഹിക്കും. അതിനാല്‍ വിശ്വാസി കൂടുതല്‍ ആത്മസംസ്‌കരണത്തിനും തെറ്റുകളെത്തൊട്ട് ഖേദിക്കുന്നതിനും മനസ്സുതുറക്കേണ്ടതുണ്ട്.
‘റമദാനില്‍ ഈമാനോടെയും അല്ലാഹുവിന്റെ പ്രതിഫലമുദ്ദേശിച്ചും നോമ്പനുഷ്ഠിക്കുന്നവന്റെ മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങള്‍ പൊറുക്കപ്പെടും'(അഹ്മദ്)
ചുരുക്കത്തില്‍ ഇത് ഖുര്‍ആന്റെ മാസമാണ്. അതായത് ഈ മാസത്തിന് പ്രത്യേകപരിഗണന നല്‍കേണ്ടതുണ്ട്. ഇനിയുള്ള പതിനൊന്നുമാസം ആ ഖുര്‍ആനുമായുള്ള ബന്ധവും അതിനോടുള്ള ആത്മാര്‍ഥതയും എത്രമാത്രം ശക്തമായിരിക്കും എന്നത് റമദാനില്‍ നാം കൈക്കൊള്ളുന്ന സമീപനത്തെ ആശ്രയിച്ചാണിരിക്കുക.
Add Comment