നബിമാര്‍ വിശ്വാസം

എന്നെന്നും സന്തോഷിക്കുന്നവര്‍

ലോകത്ത് ഏറ്റവുമധികം സന്തോഷം അനുഭവിക്കുന്ന ജനത ഇന്നയിന്ന രാജ്യക്കാരാണ് എന്നറിയിച്ച് ഇടക്കിടെ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. എന്തടിസ്ഥാനത്തിലാണ് ആ സന്തോഷത്തെ വിലയിരുത്തിയതെന്ന് മനസ്സിലാകുന്നില്ല. സത്യത്തില്‍ ആത്യന്തിക സന്തോഷം എന്താണെന്ന് നിര്‍വചിക്കപ്പെടേണ്ടതുണ്ട്. യഥാര്‍ഥസന്തോഷം ഭൗതികവിജയമോ അതോ ആത്മീയവിജയത്തില്‍ നിന്ന് ഉത്ഭവിക്കുന്നതോ എന്ന കാര്യം ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

യഥാര്‍ഥത്തില്‍ ഈ ഭൂമുഖത്ത് വന്നവരില്‍ ഏറ്റവുമേറെ സന്തോഷിച്ചത് പ്രവാചകന്‍മാരായിരുന്നു.ശരിയാണ്, തങ്ങള്‍ക്ക് ലഭിച്ച സത്യസന്ദേശം ആളുകളെ തെര്യപ്പെടുത്തുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഒട്ടേറെ പീഡനം നേരിടേണ്ടിവന്നിട്ടുണ്ട്. അതോടൊപ്പം തന്നെ സാധാരണമനുഷ്യര്‍ക്ക് ബാധിക്കാറുള്ള എല്ലാതരം പ്രയാസങ്ങളും രോഗപീഢകളും, ദാരിദ്ര്യവും മറ്റുള്ളവരെക്കാള്‍ അവര്‍ അനുഭവിച്ചിട്ടുമുണ്ട്. ഒരിക്കല്‍ മുഹമ്മദ് നബി(സ)യ്ക്ക് കടുത്ത പനി ബാധിക്കുകയുണ്ടായി. നെറ്റിത്തടത്തില്‍നിന്ന് കുടുകുടാ വിയര്‍പ്പുതുള്ളികള്‍ അതിന്റെ ഫലമായി പ്രവഹിക്കുകപോലുമുണ്ടായി. ഇതുകണ്ട അനുചരന്‍മാരില്‍ ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘താങ്കളെ ഗുരുതരമായ എന്തോ പ്രയാസം ബാധിച്ചിട്ടുണ്ടെന്ന് ആശങ്കിക്കുന്നു’. അതിന് പ്രവാചകന്‍ ഇപ്രകാരം പ്രതിവചിച്ചു: ‘ശരിയാണ്, നിങ്ങള്‍ക്കെല്ലാം ഉണ്ടാകുന്ന രോഗത്തെക്കാള്‍ പതിന്‍മടങ്ങ് ഗുരുതരമായ രോഗത്തെ ഞാന്‍ അനുഭവിച്ചേ മതിയാകൂ.’

പട്ടിണി

നബിതിരുമേനി പലപ്പോഴും പട്ടിണിയില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്. മക്കാമുശ്‌രിക്കുകളുടെ കൊടിയ പീഡനങ്ങള്‍ തുടര്‍ക്കഥയായ നാളുകളില്‍ ഒരിക്കല്‍ നബിതിരുമേനി വിശപ്പുസഹിക്കാനാകാതെ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങി. വഴിയില്‍വെച്ച്, സഹചാരികളായ അബൂബക്‌റിനെയും ഉമറിനെയും കണ്ടുമുട്ടി. നബി അവരോട് ചോദിച്ചു: ഈ സമയത്ത് നിങ്ങളെന്താണ് പുറത്തേക്കിറങ്ങിയത്?അപ്പോള്‍ അവര്‍ വിശപ്പുകാരണത്താലാണ് പുറത്തേക്കിറങ്ങിയതെന്ന് വിശദമാക്കി. അപ്പോള്‍ നബി(സ)പറഞ്ഞു: ‘നിങ്ങളെ പുറത്തേക്ക് ആനയിച്ച അതേ സംഗതിയാണ് എന്നെയും പുറത്തെത്തിച്ചത’്.
ഹന്‍ദഖ് യുദ്ധത്തിന്റെ ഒരുക്കങ്ങളുടെ വിഷമസന്ധിയില്‍ നബിയും അനുയായികളും അനുഭവിച്ച പട്ടിണി അസഹനീയമായിരുന്നു. അതുകാരണം പ്രവാചകന്‍ തിരുമേനി വേദനയില്‍നിന്ന് രക്ഷതേടാനായി തന്റെ വയറ്റില്‍ രണ്ടു കല്ല് കെട്ടിവെക്കുകപോലുമുണ്ടായി.

സത്യനിഷേധികളുടെ എല്ലാവിധ പീഡനങ്ങളും കരളുറപ്പോടെ പ്രവാചകന്‍ നേരിട്ടു. എന്നിട്ടും തന്നെ ഉപദ്രവിച്ചവരോട് തുറന്ന ഹൃദയത്തോടും വിട്ടുവീഴ്ചയോടും ഉദാരതയോടും കൂടി അദ്ദേഹം പെരുമാറി. തങ്ങളുടെ ദൗത്യം ഉപേക്ഷിക്കുകയോ മാറ്റിവെക്കുകയോ ചെയ്യാതെ സ്ഥൈര്യത്തോടെ അതില്‍ മുന്നേറി. അവസാനം എല്ലാം അവര്‍ക്ക് വിജയകരമായി ഭവിച്ചു.

തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച എല്ലാ പീഡനങ്ങളെയെല്ലാം മറികടന്ന് അവര്‍ പ്രകടിപ്പിച്ച ക്ഷമ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മറ്റെല്ലാവരേക്കാളും ഏറ്റവുമധികം സന്തോഷം അവര്‍ അനുഭവിച്ചുവെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. തങ്ങള്‍ക്കുണ്ടായ എല്ലാ കയ്പുറ്റ ജീവിതാനുഭവങ്ങളെയും അവര്‍ നേരിട്ടതെങ്ങനെയെന്ന് പരിശോധിച്ചാല്‍ അക്കാര്യം ആര്‍ക്കും ബോധ്യമാകും.

പ്രതിസന്ധിഘട്ടത്തിലും സംതൃപ്തിയോടെ

ഏറ്റവും കടുത്ത പ്രതിസന്ധിയിലും മുഹമ്മദ് നബി(സ) അത്യസാധാരണമാംവിധം തികഞ്ഞ മനശാന്തി അനുഭവിച്ചിട്ടുള്ളത് നമുക്ക് കാണാനാവുന്നുണ്ട്. ത്വാഇഫിലെ ജനതയുടെ അടുത്ത് പ്രബോധനം നടത്താന്‍ അദ്ദേഹം പോയ സംഭവം ഉദാഹരണം. അന്നാട്ടുകാര്‍ അദ്ദേഹത്തിന്റെ പ്രബോധനത്തെ തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല, തെരുവ് കുട്ടികളെ പറഞ്ഞുവിട്ട് അദ്ദേഹത്തെ കല്ലെറിഞ്ഞോടിക്കുകയുംചെയ്തു. ഒരു കണക്കിന് അവിടെനിന്ന് ഓടിരക്ഷപ്പെട്ട അദ്ദേഹം ശരീരത്തിലുണ്ടായ മുറിവില്‍നിന്നെല്ലാം ചോരയൊലിച്ച് കുതിര്‍ന്ന വസ്ത്രങ്ങളുമായി ഒരു തണലില്‍ ഇരുന്നു. ഇരുകരങ്ങളും നീട്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചു:’അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങളുടെ പേരില്‍ ഞാന്‍ നിന്നോട് ചോദിക്കുന്നു. കരുണാമയനേ, ദുര്‍ബലരുടെ നാഥാ, നിന്നില്‍ ഞാന്‍ ഭരമേല്‍പിക്കുന്നു. നാഥാ, എന്റെ ബലഹീനതയും നിസ്സഹായതയും ജനങ്ങളുടെ ദൃഷ്ടിയില്‍ എന്റെ വിലയില്ലായ്മയും സംബന്ധിച്ച് ഞാന്‍ നിന്നോട് മാത്രം ആവലാതിപ്പെടുന്നു. ആര്‍ക്കാണ് നീ എന്നെ ഏല്‍പിച്ചുകൊടുക്കുന്നത്? എന്നോട് ക്രൂരമായി വര്‍ത്തിക്കുന്ന അപരിചിതര്‍ക്കോ അതോ എന്നെ കീഴടക്കുന്ന ശത്രുക്കള്‍ക്കോ? എന്നാല്‍ നിനക്ക് എന്നോട് അപ്രീതിയില്ലെങ്കില്‍ ഏത് വിപത്തും എനിക്ക് നിസ്സാരമാണ്. എങ്കിലും നിന്റെ പക്കല്‍നിന്നുള്ള സൗഖ്യത്തിന് സൗഭാഗ്യം സിദ്ധിച്ചാല്‍ അതാണെനിക്ക് കൂടുതല്‍ സന്തോഷകരം. അന്ധകാരം നീക്കി വെളിച്ചംപരത്തുകയും ഇഹ-പര കാര്യങ്ങളെയെല്ലാം ശരിയാംവണ്ണം നയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിന്റെ സത്തയുടെ പ്രകാശത്തില്‍ ഞാന്‍ അഭയംതേടുന്നു. നിന്റെ കോപത്തിന് ശരവ്യമാകുന്നതില്‍നിന്നും ആക്ഷേപത്തിനിരയാകുന്നതില്‍നിന്നും രക്ഷപ്പെട്ടാല്‍ എല്ലാമെനിക്ക് നന്‍മയാണ്. നീ എന്നില്‍ തൃപ്തിയടയും നാള്‍വരേക്കും ഞാന്‍ നിന്റെ പ്രീതിയില്‍ ധന്യനാകുന്നു. നിന്റേതല്ലാത്ത ഒരു ശക്തിയുമില്ല(ഇബ്‌നുഹിശാം വാള്യം 2 പേജ് 62).’

പരീക്ഷണങ്ങളും വിശ്വാസദാര്‍ഢ്യവും

അല്ലാഹുവിലുള്ള ശരിയായ വിശ്വാസമാണ് ഹൃദയങ്ങളെ സന്തോഷിപ്പിക്കുകയും ശാന്തമാക്കുകയും ചെയ്യുന്നത്. വിശ്വാസിയുടെ ജീവിതം പരീക്ഷണമുക്തമായിരിക്കും എന്ന് അതിനര്‍ഥമില്ല. മണിക്കൂറുകളെയും ആഴ്ചകളെയും മാസങ്ങളെയും വര്‍ഷങ്ങളെയും വയസ്സുകളെയും കുറിച്ച നമ്മുടെ സംസാരം ജീവിതത്തെക്കുറിച്ചുതന്നെയാണ്. മരിച്ചുപോയ ആള്‍ക്ക് സമയം അനുഭവപ്പെടുകയില്ലല്ലോ. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കഴിഞ്ഞുപോയാലും അവര്‍ക്കതെക്കുറിച്ച യാതൊരു വിവരവുമുണ്ടാകില്ല. അല്ലാഹു ഇഹലോകജീവിതത്തെ ഇവിടെയുള്ള മനുഷ്യര്‍ക്ക് പരീക്ഷണവേദിയാക്കിയിരിക്കുകയാണ്. അല്ലാഹു പറയുന്നു.’മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മനിര്‍വഹണത്തില്‍ നിങ്ങളിലേറ്റവും മികച്ചതാരാണെന്ന് പരീക്ഷിക്കാനാണത്'(അല്‍മുല്‍ക് -2).

സൂക്ഷ്മാലുക്കള്‍ക്കും സത്യനിഷേധികള്‍ക്കും ഒരുപോലെ പരീക്ഷണമാണ് ജീവിതം. പാപികള്‍ക്കും സദ്‌വൃത്തര്‍ക്കും അതൊരു പരീക്ഷയാണ്. ഏതൊരാളും ശരീരത്തില്‍ ജീവനുള്ളിടത്തോളം കാലം പരീക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.
ഈ ലോകത്ത് നമ്മെ അലസമായി വിട്ടിരിക്കുകയല്ല അല്ലാഹു. നമ്മുടെ ജീവിതവിജയത്തിന് സന്‍മാര്‍ഗദീപവുമായി അവന്‍ പ്രവാചകന്‍മാരെ അയച്ചിരിക്കുന്നു. പരലോകത്ത് മാത്രമല്ല, ഇഹലോകത്തും എങ്ങനെ സന്തോഷം കണ്ടെത്താം എന്നതിനുള്ള മാര്‍ഗദര്‍ശനമാണത്.

അധികമാളുകളും മതത്തെ മനസ്സിലാക്കിയിട്ടുള്ളത് അത് മരണശേഷമുള്ള ജീവിതത്തിനായുള്ള പദ്ധതിയാണെന്നാണ്. അതായത്, മതം ഇഹലോകത്ത് പ്രയോജനമുള്ളതാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും സ്വര്‍ഗവും കരസ്ഥമാക്കാനുള്ള മാര്‍ഗം ഈ ലോകത്ത് മനസംതൃപ്തിയും സന്തോഷവുമേകും എന്ന് വിശ്വാസിക്ക് ബോധ്യമുണ്ട്. ശരിയായ സന്തോഷം മാത്രമേ യഥാര്‍ഥവിശ്വാസവും ദൈവത്തെക്കുറിച്ച ജ്ഞാനവും സമ്മാനിക്കുകയുള്ളൂ.
അല്ലാഹു പറയുന്നു: ‘അല്ലാഹു ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ ഹൃദയവിശാലത നല്‍കി. അങ്ങനെ അവന്‍ തന്റെ നാഥനില്‍നിന്നുള്ള വെളിച്ചത്തിലൂടെ ചരിക്കാന്‍ തുടങ്ങി. അയാളും അങ്ങനെയല്ലാത്തവനും ഒരുപോലെയാകുമോ? അതിനാല്‍ ദൈവസ്മരണയില്‍ നിന്നകന്ന് ഹൃദയം കടുത്തുപോയവര്‍ക്കാണ് കൊടിയ നാശം. അവര്‍ വ്യക്തമായ വഴികേടിലാണ്'(അസ്സുമര്‍ 22).

സല്‍മാനുല്‍ ഔദ

Topics