ഞാനറിഞ്ഞ ഇസ്‌ലാം

ഇനി ജീവിതം ഖുര്‍ആന്റെ തണലില്‍

ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ പ്രവാചകന്‍ (സ) പറയുന്നു: (ഖൈറുകും മന്‍ തഅല്ലമല്‍ ഖുര്‍ആന വഅല്ലമഹു) ‘നിങ്ങളില്‍ ഉത്തമര്‍ ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്.’

പഠിക്കുക എന്നതിന് ഹദീസില്‍ ഉപയോഗിച്ച പദം ‘തഅല്ലമ’ എന്നാണ്. അറബിഭാഷയിലെ തകല്ലുഫ് (പ്രയാസം, ബുദ്ധിമുട്ട്, പരിശ്രമം) എന്നപദത്തിന്റെ ആശയമാണ് ‘തഅല്ലമ’ക്കുള്ളത്. അഥവാ ഖുര്‍ആന്‍ പഠിക്കുകയെന്നത് കുറച്ച് പരിശ്രമം ആവശ്യമുള്ള കര്‍മമാണെന്നര്‍ഥം. 

‘ഖൈറുകും’ എന്നാല്‍ നിങ്ങളില്‍ ഏറ്റം ഉത്തമര്‍ എന്നര്‍ഥത്തോടൊപ്പം തന്നെ നിങ്ങളുടെ നന്മ, മുസ് ലിംകളുടെ നന്മ എന്ന ആശയത്തിലും വായിക്കാവുന്നതാണ്. അഥവാ, മുസ് ലിംകളുടെ വിജയവും നന്മയും ഉയര്‍ച്ചയും എല്ലാം ഈ വിശുദ്ധ ഖുര്‍ആനുമായാണ് അല്ലെങ്കില്‍ അത് പഠിക്കുന്നതുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത് എന്നര്‍ഥം.

പറഞ്ഞുവന്നത്, മുസ് ലിം സമൂഹം നമസ്‌കാരവും മറ്റും ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളും മനസ്സിലാക്കിയാല്‍ പിന്നെയവര്‍ ഖുര്‍ആനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ്. ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരാളെ കണ്ടെത്തി എല്ലാം സൗകര്യങ്ങളും നാം തന്നെയാണ് ഒരുക്കേണ്ടത്. ഞാന്‍ ചില മുസ് ലിം സുഹൃത്തുക്കളെ കാണാറുണ്ട്. അവര്‍ ഏപ്പോഴും ഏതെങ്കിലും പണ്ഡിതനെക്കുറിച്ച് കുറ്റങ്ങളാണ് പറയാനുണ്ടാവുക. അതില്‍ ഒരു സുഹൃത്തിനോട്. നിനക്ക് സൂറത്തുല്‍ ഫാതിഫ പാരായണം ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിനത് കഴിയുന്നില്ല. എന്നാല്‍ ഒരു പണ്ഡിതന്റെ എല്ലാ തെറ്റുകളും എടുത്തുപറയുന്നതില്‍ അദ്ദേഹം മിടുക്കനാണുതാനും !

തീര്‍ച്ചയായും, വിശ്വാസികളുടെ യഥാര്‍ഥ പ്രകൃതം ഇതല്ല. പ്രവാചകന്റെ സഖാക്കളുടെ ചരിത്രം പരിശോധിച്ചുനോക്കൂ, അവരാദ്യം നമസ്‌കരിക്കാനും ഖുര്‍ആന്‍ പഠിക്കാനുമാണ് ശ്രദ്ധയൂന്നിയത്. അല്‍ഹംദുലില്ലാഹ്, ഞാന്‍ എന്റെ അധ്യാപകനോട് ശരിക്കും കടപ്പെട്ടിരിക്കുന്നു. ഞാന്‍ മുസ് ലിമായപ്പോള്‍ സെനഗല്‍കാരനായ അദ്ദേഹം എന്നെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ‘നീ ഖുര്‍ആനും അറബിഭാഷയുമാണ് ആദ്യം പഠിക്കേണ്ടത്. പലതരം ഗ്രൂപ്പുകളുമായി ചേര്‍ന്ന് സമയം പാഴാക്കരുത്.’ ഈ ഉപദേശം എനിക്ക വല്ലാതെ പ്രയോജനപ്പെട്ടു. അദ്ദേഹം പറഞ്ഞുതന്ന ചിലകഥകളും ഞാനിവിടെ ഉദ്ധരിക്കട്ടെ:

അദ്ദേഹം പറയുകയാണ്: എന്റെ നാടായ സെനഗലിലെ സെന്റ് ലൂയിസില്‍ ഒരു മുസ് ലിം യുവാവിന് വിവാഹം കഴിക്കണമെങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കുകയും തറാവീഹ് നമസ്‌കാരത്തില്‍ അത് പാരായണം ചെയ്യുകയും വേണം. മാത്രമല്ല, ഇമാം മാലികിന്റെ ‘മുവത്വ’ എന്ന ഹദീസ് ഗ്രന്ഥം മനഃപാഠമാക്കുകയും വേണം. ഇനി നമ്മുടെ അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ..

ഇമാം നവവിയുടെ നാല്‍പത് ഹദീസുപോലും നാം മനഃപാഠമാക്കിയിട്ടില്ല. നമ്മുടെ പഠനത്തിന്റെ താഴ്ന്ന നിലവാരമാണിത് ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഖുര്‍ആന്റെ പത്ത് പ്രധാന പാരായണശൈലികള്‍ പഠിച്ചതിനെക്കുറിച്ചും എന്റെ അധ്യാപകന്‍ എനിക്ക് പറഞ്ഞുതന്നു. തന്റെ സഹോദരിയില്‍നിന്നാണത്രെ അദ്ദേഹമത് പഠിച്ചത്. ഉസൂലുല്‍ ഫിഖ്ഹിലും ഭാഷാശാസ്ത്രത്തിലും ഹദീസ് അധ്യാപനങ്ങളിലും മുഴുകിയിരുന്ന പിതാവ് തന്നെ ഖുര്‍ആന്‍ പഠിപ്പിച്ചില്ലെന്നും അദ്ദേഹമെന്നോട് പറഞ്ഞു. 

പഠിപ്പിക്കാത്തതിന് പിതാവിന് അദ്ദേഹത്തിന്റേതായ ന്യായവുമുണ്ടായിരുന്നു. അതിതാണ്: അദ്ദേഹം പഠിക്കുന്ന കാലത്ത് പരീക്ഷയില്‍ വിജയിക്കാനും അധ്യാപകനില്‍നിന്ന് ‘ഇജാസ’ (അംഗീകാരം) ലഭിക്കാനും മറ്റു ചില ‘പരീക്ഷ’ കൂടി ഉണ്ടായിരുന്നത്രെ. ഒരു നോട്ടുപുസ്തകത്തില്‍ ഖുര്‍ആന്‍ സുറത്തുല്‍ ഫാതിഹ മുതല്‍ സൂറത്തുന്നാസ് വരെ എഴുതലായിരുന്നു ആ പരീക്ഷകളിലൊന്ന്. അവസാനം അത് ശൈഖിന് സമര്‍പിക്കണം. അദ്ദേഹമത് വായിച്ചുനോക്കും. ചെറിയപിഴവുണ്ടായാല്‍ പോലും ഇജാസ ലഭിക്കില്ല. 

ഇത്രയും പറഞ്ഞപ്പോള്‍ ഞാന്‍ അധ്യാപകനോട് ചോദിച്ചു: അപ്പോള്‍ താങ്കളുടെ കയ്യിലും ഖുര്‍ആന്‍ എഴുതിയ പുസ്തകം ഉണ്ടായിരിക്കുമല്ലേ ?

‘പുസ്തകമോ, അതിപ്പോള്‍ എന്റെ കയിലില്ല. എന്റെ ശൈഖിന് ഞാനത് ഉപഹാരമായി നല്‍കി.’

അധ്യാപകന്‍ പറഞ്ഞ മൂന്നാമത്തെ കഥയിതാണ്. അദ്ദേഹത്തിന്റെ വല്യുപ്പ സെനഗല്‍ മുഫ്തിയായിരുന്നത്രെ. കുറച്ചു യുവാക്കള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെയടുക്കല്‍ വന്ന് തങ്ങള്‍ക്ക ഉസൂലുല്‍ ഫിഖ്ഹ് പഠിപ്പിക്കണമെന്ന് പറഞ്ഞു. അദ്ദേഹം പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ യുവാക്കള്‍ക്ക് അതിന്റെ കാരണമെന്തെന്നറിയാന്‍ ധൃതിയായി. അപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചു: നിങ്ങള്‍ എത്ര ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട് ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇരുപത് ജുസ്അ് മനഃപാഠമാക്കിയിട്ടുണ്ട്. ‘എങ്കില്‍ നിങ്ങള്‍ ഇനി ഖുര്‍ആന്‍കൊണ്ട തുടങ്ങുക. ഉസൂലുല്‍ ഫിഖ്ഹിനെ മറന്നേക്കുക.’ വല്യുപ്പ പറഞ്ഞുനിര്‍ത്തി.

ചുരുക്കത്തില്‍, നാം മനസ്സിലാക്കേണ്ടത് ഖുര്‍ആനിനായിരിക്കണം നമ്മുടെ മുഖ്യപരിഗണനയെന്നാണ്. അതിനെ നാം ഒരുനിലക്കും അവഗണിക്കരുത്. അത് പഠിക്കാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും നാമതിന് മുതിര്‍ന്നില്ലെങ്കില്‍, സംശയമില്ല, പടച്ചവന്റെ മുമ്പില്‍ നാം മറുപടി പറയേണ്ടിവരും. ഖുര്‍ആന്‍ പഠിക്കാന്‍ എന്തുകൊണ്ട് പരിശ്രമിച്ചില്ല എന്ന ചോദ്യത്തിന് മുന്നില്‍ നാം പകച്ച് നില്‍ക്കേണ്ടിവരും. 

ഈജിപ്തിലെ എന്റെ അധ്യാപകമാരിലൊരാളായിരുന്ന ശൈഖ് മുഹമ്മദ് അല്‍മഹ്ദി സുബ്ഹ് നമസ്‌കാരത്തിന് ശേഷം എപ്പോഴും അഞ്ച് വിഷയങ്ങള്‍ പഠിപ്പിക്കുമായിരുന്നു. ഇടക്ക് ഞാന്‍ ആ ക്ലാസിന് പോകല്‍ നിര്‍ത്തി. പിന്നീട് ഒരിക്കല്‍ അദ്ദേഹം എന്നെ കണ്ടപ്പോള്‍ പറഞ്ഞു: നീ എന്റെ കാസ്സിന് വന്നില്ലെന്ന് പറഞ്ഞ് അന്ത്യനാളില്‍ നിനക്കെതിരെ ഞാന്‍ സാക്ഷി നില്‍ക്കും. ഇതിനെത്തുടര്‍ന്ന് നാം വീണ്ടും ക്ലാസില്‍ പോകാന്‍ തുടങ്ങി. 

പ്രവാചകന്‍ തിരുദൂതര്‍ ഒരിക്കല്‍ പറഞ്ഞല്ലോ: തീര്‍ച്ചയായും ഖുര്‍ആന്റെ ആളുകളാണ് അല്ലാഹുവിന്റെ ആളുകളും അവന്റെ തെരഞ്ഞെടുക്കപ്പെട്ട് ദാസന്മാരും. അതുകൊണ്ട് വിശ്വാസികളേ, നമ്മിലെത്ര പേരാണ് അല്ലാഹുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ആളുകളാവന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ തന്നെ തീരുമാനിക്കേണ്ടിയിരിക്കുന്നു

(അമേരിക്കന്‍ വംശജനും മുസ് ലിം എഴുത്തുകാരനുമായ സുഹൈബ് വെബ് 1992ലാണ് ഇസ് ലാം സ്വീകരിച്ചത്. നിലവില്‍ ഈജിപ്തില്‍ താമസിക്കുന്നു. www.suhaibwebb.com എന്ന പേരില്‍ ഒരു വൈബ്‌സൈറ്റും അദ്ദേഹത്തിനുണ്ട്)

Topics