ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍

ആധുനിക ലോകത്തെ ഏറ്റം പ്രധാനമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍. യുഗപ്രഭാവനായ ഇസ്‌ലാമികചിന്തകനും പണ്ഡിതനും പ്രസംഗകനും സംഘാകനുമായ ഹസനുല്‍ബന്നയാണ് സ്ഥാപകനേതാവ്. പതിനേഴ് വര്‍ഷത്തിനിടയില്‍ മുപ്പതിനായിരം പ്രഭാഷണങ്ങള്‍ നടത്തുകയും അത്രതന്നെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത സര്‍വാതിശായിയായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. പ്രത്യുല്‍പന്നമതിയും വിശാലമനസ്‌കനും വീരവിപ്ലവകാരിയുമായിരുന്ന ഹസനുല്‍ബന്ന 1906-ല്‍ ഈജിപ്തിലെ ബഹീറായിലെ മഹമൂദിയാ ഗ്രാമത്തില്‍ ഭൂജാതനായി. പിതാവ് അഹ്മദ് അബ്ദുര്‍റഹ്മാനുല്‍ ബന്ന , ശൈഖ് മുഹമ്മദ് അബ്ദുവിന്റെ കാലത്ത് അല്‍അസ്ഹറിലെ വിദ്യാര്‍ഥിയായിരുന്നു. പണ്ഡിതനായ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നുവന്ന ഹസന്‍ ചെറുപ്രായത്തില്‍തന്നെ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

1924-ല്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനം സംഭവിക്കുന്നതിനുമുമ്പുതന്നെ ഈജിപ്ത് പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികളുടെ പിടിയിലമര്‍ന്നിരുന്നു . ഭരണം നടത്തിയിരുന്നത് ഫാറൂഖ് രാജാവായിരുന്നുവെങ്കിലും മത, സാമൂഹിക, സാമ്പത്തിക, സംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ മേധാവിത്തം പുലര്‍ത്തിയിരുന്നത് യൂറോപ്യരാണ്. അതിനാല്‍ ജനജീവിതത്തെ സാരമായി സ്വാധീനിച്ചിരുന്നത് അനിസ്‌ലാമികസംസ്‌കാരമായിരുന്നു. മഹാഭൂരിപക്ഷവും ഇസ്‌ലാമിനെ സംബന്ധിച്ച് വളരെ വികലമായ ധാരണകളാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവരുടെ വീക്ഷണത്തിലത് കേവലം ചില ആരാധനകളുടെയും ആചാരങ്ങളുടെയും ആകത്തുക മാത്രമായിരുന്നു. പരമ്പരാഗതമായ ചില വിശ്വാസ സങ്കല്‍പങ്ങള്‍ക്കും അനുഷ്ഠാന രീതികള്‍ക്കുമപ്പുറം മാനവജീവിതത്തെ മുഴുവന്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒരു സമ്പൂര്‍ണജീവിത വ്യവസ്ഥയാണ് ഇസ്‌ലാമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയവരും ഉള്‍ക്കൊണ്ടവരും വളരെ വിരളമായിരുന്നു.അതോടൊപ്പം പാശ്ചാത്യരോടുള്ള അമിതമായ ആദരവും അന്ധമായ ഭക്തിയും അധികപേരിലും പ്രകടമായിരുന്നു. അവരെ അടിമുടി അനുകരിക്കുന്നതില്‍ നഗരവാസികള്‍ അതീവതല്‍പരരും. മതപണ്ഡിതര്‍ പോലും ഇതിന്നപവാദമായിരുന്നില്ല. ക്ഷമാപണശൈലി സ്വീകരിച്ചവരും പരാജിതമനസ്‌കരുമായിരുന്നു അവര്‍. ഈ പ്രതികൂല പരിതസ്ഥിതിയിലാണ് ഹസനുല്‍ബന്ന അക്കാലത്തെ തദ്ദേശവാസികള്‍ക്ക് തീര്‍ത്തും അന്യമായ വിപ്ലവാശയങ്ങളുമായി , അനിതരസാധാരണമായ ധീരതയോടെ രംഗത്തുവന്നത്.

ഇസ്മാഈലിയ്യയിലെ പ്രാഥമിക പാഠശാലയില്‍ അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായി ആറുപേര്‍ 1928 മാര്‍ച്ച് മാസത്തിലെ ഒരുദിനം ബന്നായെ സമീപിച്ചു. ഹാഫിസ് അബ്ദുല്‍ഹമീദ്, അഹ്മദുല്‍ ഹുസ്‌രി, ഫുആദ് ഇബ്രാഹിം, അബ്ദുറഹ്മാന്‍ ഹിസ്ബുല്ലാഹ്, ഇസ്മാഈല്‍ ഇസ്സ്, സകിയ്യല്‍ മഗ്‌രിബി എന്നിവരായിരുന്നു അവര്‍. ഒരു കാപ്പിക്ലബില്‍ ഒത്തുകൂടിയ അവരാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇസ്‌ലാമികപ്രസ്ഥാനത്തിന് രൂപം നല്‍കിയത്.

വ്യക്തിയുടെ സംസ്‌കരണം, കുടുംബത്തിന്റെ ഇസ്‌ലാമികസംവിധാനം, സമൂഹത്തിന്റെ പുനരാവിഷ്‌കരണം, രാഷ്ട്രത്തിന്റെ ഇസ്‌ലാമികവത്കരണം എന്നിവ മുഖ്യലക്ഷ്യങ്ങളായി സ്വീകരിച്ചു. വ്യവസ്ഥാപിതമായി പ്രവര്‍ത്തനമാരംഭിച്ച ഇഖ്‌വാന്‍ ജനജീവിതത്തെ അഗാധമായി സ്വാധീനിക്കാന്‍ തുടങ്ങി. രാജ്യത്തെയും ജനങ്ങളെയും ഭരണകൂടത്തെയും വൈദേശികസ്വാധീനത്തില്‍നിന്ന് രക്ഷിച്ച് ഇസ്‌ലാമികാധ്യാപനങ്ങളിലും മൂല്യങ്ങളിലും പുനഃസ്ഥാപിക്കാനാണ് പ്രസ്ഥാനം പരിശ്രമിച്ചുകൊണ്ടിരുന്നത്. പ്രവര്‍ത്തകരില്‍ വിശ്വാസദാര്‍ഢ്യവും ആരാധനാനിഷ്ഠയും സമര്‍പണ സന്നദ്ധതയും സ്വഭാവമഹിമയും പരസ്പരബന്ധവും വളര്‍ത്തുന്നതില്‍ ഇഖ് വാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു. അപ്രകാരംതന്നെ, ശക്തി പോഷിപ്പിക്കുന്നതിലും വൈജ്ഞാനിക, കലാസാഹിത്യ കഴിവുകള്‍ വളര്‍ത്തുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. സമൂഹത്തിന്റെ സ്വയംപര്യാപ്തതയിലും ആദര്‍ശബോധം അരക്കിട്ടുറപ്പിക്കുന്നതിലും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അത്യധികം ഊന്നല്‍ നല്‍കി. ജീവിതത്തിന്റ എല്ലാ തലങ്ങളിലുമുള്ളവരെ ആകര്‍ഷിക്കുന്നതിലും അഗാധമായി സ്വാധീനിക്കുന്നതിലും ഇഖ് വാനുല്‍ മുസ ്‌ലിമൂന്‍ വമ്പിച്ച വിജയം വരിച്ചു. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവും വ്യവസ്ഥാപിതവുമാക്കാനായി പ്രത്യേകം വകുപ്പുകളുണ്ടാക്കുകയും പോഷകസംഘടനകള്‍ക്ക് രൂപം നല്‍കുകയുംചെയ്തു. ഈജിപ്തിലെ ഇഖ്‌വാനുല്‍മുസ്‌ലിമൂന്റെ വിദ്യാര്‍ഥി സംഘടനയാണ് ‘അല്‍ ജമാഅത്തുല്‍ ഇസ്‌ലാമിയ’.

About the author

padasalaadmin

Add Comment

Click here to post a comment

Topics