Articles

നല്ല ആഹാര ശീലങ്ങള്‍

ആരോഗ്യകരമായ ആഹാരരീതി പാലിക്കുന്ന ഒരാള്‍ക്ക് ജീവിതചര്യ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വല്ലാതെ ബാധിക്കില്ല. നല്ല ആഹാര ശീലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനാവശ്യമാണ്. മിതമായ അളവില്‍ കഴിക്കുക, സാവധാനം ചവച്ചരച്ച് മാത്രം കഴിക്കുക, മുമ്പും ശേഷവും കൈകളും വായും മുഖവും നന്നായി കഴുകുക തുടങ്ങിയവയൊക്കെ നല്ല ശീലങ്ങളാണ്. കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
കഴിക്കേണ്ട സമയം
ഭക്ഷണം ഒരു പ്രത്യേക സമയം വെച്ച് കൃത്യമായി കഴിക്കുന്നതാണ് ഉത്തമം. സമയം തെറ്റിയുള്ള ആഹാര ശീലം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കും. വീട്ടില്‍ എല്ലാവരും ഒരുമിച്ചു കഴിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രാതല്‍ കുട്ടികള്‍ ഒരിക്കലും മുടക്കരുത്. പഠനത്തേയും ഓര്‍മ്മശക്തിയെയും ശ്രദ്ധയേയും ഇത് ബാധിക്കും. ഒരു ദിവസം 8 മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം.

വലിച്ചുവാരി കഴിക്കുന്നതും അപകടകരമാണ്. ചവയ്ക്കാതെ വിഴുങ്ങുന്നതും ഒഴിവാക്കുക.
എത്ര കഴിക്കാം?
ഭക്ഷണം ഒരാള്‍ക്ക് നിര്‍ദേശിച്ച അളവായിരിക്കില്ല മറ്റൊരാള്‍ക്ക്. അയാളുടെ പ്രായം, ഉയരം, ശരീരത്തിന്റെ തൂക്കം, ജോലി, കഠിനാധ്വാനം, വ്യായാമം തുടങ്ങിയവയൊക്കെ കണക്കിലെടുത്താണ് ആഹാരം എത്ര കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്.
ആഹാരത്തില്‍ നാലിലൊരു ഭാഗം ധാന്യം (ചോറ്, ചപ്പാത്തി, പുട്ട്, ഇഡ്‌ലി തുടങ്ങിയവ), മറ്റൊരു ഭാഗം മാംസ്യം (മത്സ്യം, മാംസം, പഴവര്‍ഗ്ഗങ്ങള്‍), ഇനിയുള്ള പകുതിയില്‍ പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

തയ്യാറാക്കേണ്ട രീതി
വലിയ വിലകൊടുത്തും അധ്വാനിച്ചും നമ്മള്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനം പാചക രീതി ശരിയായില്ലെങ്കില്‍ ഗുണമേന്മയും രുചിയും കുറയുമെന്നറിയുക. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏറെ രുചികരവും പോഷകപൂര്‍ണ്ണമായ ഭക്ഷണം തായ്യാറാക്കാവുന്നതേയുള്ളൂ.
ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക. കഴിവതും രാസവളങ്ങള്‍ ചേര്‍ത്തുണ്ടാക്കാതെ ശുദ്ധമായ പച്ചിലവളവും മണ്ണിര കമ്പോസ്റ്റും ഇട്ട് ഉണ്ടാക്കിയവ ഉപയോഗിക്കുക.
പുഴുങ്ങിയ ഭക്ഷണസാധനങ്ങള്‍ കറിവെച്ചതിനേക്കാള്‍ ഗുണകരമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. പച്ചക്കറികള്‍ പച്ചയായോ, പുഴുങ്ങിയോ കഴിക്കുമ്പോഴാണ് പോഷകാംശങ്ങള്‍ ഉപയോഗപ്രദമാകുന്നതത്രെ. ആവിയില്‍ പുഴുങ്ങിയ ഇഡ്‌ലി, പുട്ട് തുടങ്ങിയവ ശരീരത്തിന് നല്ലതാണ്.
വറുത്തതും പൊരിച്ചതും ഗുണത്തിലേറെ ദോഷമാണുണ്ടാക്കുക. അഥവാ വല്ലപ്പോഴും പൊരിക്കുകയോ വറുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഒരിക്കലുപയോഗിച്ച എണ്ണതന്നെ പിന്നെയും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക.
ആവശ്യത്തിനുമാത്രം പാചകം ചെയ്യുക. ബാക്കി വരുന്നവ വീണ്ടും ചൂടാക്കി ഉപയോഗിക്കുമ്പോള്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടുകയും ഹാനികരമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ നയിക്കുകയും ചെയ്യും. എണ്ണ പരമാവധി കുറയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പ്, എരിവ് എന്നിവ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം വരുത്തിവെക്കുന്നുണ്ട് എന്നറിയുക. ഉപ്പിലിട്ടു സൂക്ഷിച്ചവ വല്ലപ്പോഴും ഉപയോഗിക്കാം.
പാകം ചെയ്യുന്നതോടെ ഭക്ഷണത്തിന്റെ ജീവന്‍ നഷ്ടപ്പെടുന്നു. മൂന്നു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പൂര്‍ണമായും ഭമൃതാഹാരം’ എന്ന നിലയിലേക്ക് ഭക്ഷണം എത്തിച്ചേരും. ഇത് കഴിച്ചാല്‍ വെറുതെ വയറു നിറയുമെന്നതല്ലാതെ ഊര്‍ജത്തിന്റെ അണുമണിപോലും ലഭിക്കുന്നില്ല. ഈ മൃതാഹാരം ആമാശയത്തിനും കുടലു കള്‍ക്കും ശരീരത്തിനാകെയും ശരിക്കും പീഡനമാണ്. നാം ശരീരത്തിനോടുതന്നെ ചെയ്യുന്ന ഈ പീഡനം രോഗങ്ങളിലേക്കുള്ള പ്രവേശന കവാടവുമാണ്.

ഭക്ഷണം കഴിക്കേണ്ടത് എപ്പോള്‍
വിശക്കുമ്പോഴാണ് നാം ആഹാരം കഴിക്കേണ്ടത്. ടൈംടേബിള്‍ വെച്ച് എന്നാണ് ആരോഗ്യ ശാസ്ത്രജ്ഞര്‍ പറയാറ്. വിശന്നു തുടങ്ങി രണ്ടു മണിക്കൂറിനുശേഷം ഭക്ഷിക്കുന്നതാണ് ഗുണകരം. ആഹാരം അത്യാവശ്യമാണ് എന്ന് ശരീരം വിളിച്ചു പറയുമ്പോള്‍ മാത്രം. ദഹനരസങ്ങള്‍ അപ്പോഴേക്കും ഭക്ഷണത്തെ ദഹിപ്പിച്ച് പോഷകങ്ങള്‍ ശേഖരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.
വിശക്കാതെ തിന്നുന്നത് ദഹനേന്ദ്രിയത്തെ തകരാറിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കാനും ഇതു കാരണമാകുമത്രെ. ഒരു ഭക്ഷണം ദഹിക്കുന്നതിനു മുമ്പ് മറ്റൊന്നു കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒരു ദിവസം പരമാവധി മൂന്ന് നേരമാണ് ആഹാരത്തിന്റെ സമയം.
എട്ടു മണിക്കൂര്‍ എടുക്കുമത്രെ ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണമായി ദഹിക്കാന്‍. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ രണ്ടു മണിക്കൂര്‍ വേണമെന്ന് സാരം. ഒരു കടലമണി പോലും ഇതിനിടയില്‍ കഴിക്കരുതെന്നാണ് വൈദ്യമതം.

പാകം ചെയ്യുമ്പോള്‍
വലിയ വിലകൊടുത്തു നാം വാങ്ങിക്കൊണ്ടുവരുന്ന ആഹാരസാധനങ്ങള്‍ പോഷകാംശങ്ങള്‍ നഷ്ടപ്പെടാതെ പാകം ചെയ്യേണ്ടേ? അവിടെയും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാചകത്തിന് വിറകാണ് നല്ലത്. കാരണവന്മാരുടെ ആരോഗ്യത്തിനു പിന്നില്‍ ശരിക്കും ഈ ഗുണമുണ്ടായിരുന്നു. വിറക് കിട്ടാതെ വരുമ്പോള്‍ ഗ്യാസ്തന്നെ ശരണം.

അരി പാകം ചെയ്യുന്നതിന്റെ നിഷ്ഠ
തവിടു കളയാത്ത അരിയാണ് തെരഞ്ഞെടുക്കേണ്ടത.് അതിലാണ് നാര് അധികമുള്ളത്. ഉണക്കയരി, പച്ചരി, മട്ട എന്നിവ ഗുണമേന്‍മയുളള അരിയിനങ്ങളാണ്. ഇപ്പോള്‍ വാങ്ങാന്‍ കിട്ടുന്ന മട്ടയരിയില്‍ ചേര്‍ക്കുന്ന റെഡ് ഓക്‌സൈഡ് ഹാനികരമാണ്. വിറകുകൊണ്ട് വേവിക്കുന്നതിന് ഒന്നരമണിക്കൂറോളം എടുക്കാറുണ്ടല്ലോ. അതു വേണമെന്നില്ല. വെള്ളം കളയാതെ വറ്റിച്ചെടുക്കുമ്പോള്‍, വെള്ളത്തിലൂടെ നഷ്ടപ്പെടുന്ന പോഷക മൂല്യങ്ങള്‍ തിരിച്ചുകിട്ടുന്നു. കഞ്ഞിവെള്ളമുണ്ടെങ്കില്‍ കളയാതെ ഉപയോഗിക്കണം. കറിവെക്കാനോ മറ്റോ പച്ചവെള്ളത്തിനു പകരം ഉപയോഗിക്കാം ഭറൈസ് ജ്യൂസ്’ എന്ന നിലക്ക് ഉപ്പിട്ട കഞ്ഞിവെള്ളം ഔഷധം കൂടിയാണ്. വയറിളക്കം, അതിസാരം തുടങ്ങിയ അസുഖങ്ങള്‍ക്ക് ശക്തമായ പ്രതിവിധിയാണ് ഉപ്പിട്ട കഞ്ഞിവെള്ളം.
ഏതൊരു ഭക്ഷണ പദാര്‍ഥത്തിനും അതിന്റെ ജീവന്‍ ഒരു നിശ്ചിത സമയത്തേക്കു മാത്രമേ ഉണ്ടാകൂ. ഒരു പഴമാകട്ടെ പച്ചക്കറിയാവട്ടെ അതിന്റെ സമയം കഴിഞ്ഞാല്‍ വാടുകയും ചീയുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. ചെടിയില്‍ നിന്നു പറിച്ചയുടനെ ശുദ്ധ ജലത്തില്‍ നന്നായി കഴുകി കഴിക്കുന്നതാണ് ഉത്തമം. താമസിക്കും തോറും അതിന്റെ പോഷകങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

വെളളം
ദാഹിക്കുമ്പോഴാണ് വെള്ളം ആവശ്യമായി വരുന്നത്. ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയാണ് വിശപ്പും ദാഹവും. വിശക്കുമ്പോള്‍ ആഹാരവും ദാഹിക്കുമ്പോള്‍ വെള്ളവും ഇതാണ് വൈദ്യ പക്ഷം.
ആഹാരത്തിന്റെ കൂടെ വെള്ളം കുടിക്കുന്നത് ശരിയല്ല. അരമണിക്കൂര്‍ മുമ്പും ആഹാരത്തിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞുമാണത്രെ വെള്ളം കുടിക്കേണ്ടത്. ആഹാരത്തിനൊപ്പം വെള്ളം കുടിച്ചാല്‍ വേണ്ടത്ര ചവച്ചരക്കാതെ വിഴുങ്ങുമല്ലോ. ഇങ്ങനെ ഇറങ്ങിപോകുന്ന വെള്ളം വയറിനകത്തെ ദഹനരസങ്ങളെ നേര്‍പ്പിക്കുകയും ദഹനപ്രക്രിയയെ തളര്‍ത്തുകയും തന്മൂലം ദഹനക്കേടും അനുബന്ധ അസുഖങ്ങളും ഉണ്ടാവുകയും ചെയ്യുന്നു.