അനുഗ്രഹീതമായ റമദാന്റെ നാളുകള്‍ നമ്മോട് വിടപറഞ്ഞിരിക്കുന്നു. കര്‍മനൈരന്തര്യത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവിക കാരുണ്യവും പാപമോചനവും നരകമോക്ഷവും നേടിയവര്‍ വിജയം വരിച്ചിരിക്കുന്നു. പാപങ്ങളും കുറ്റങ്ങളും സമ്പാദിച്ച് റമദാനെ അവഗണിച്ചവന് പരാജയപ്പെട്ടിരിക്കുന്നു. കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടവന് സ്വാഗതം, കാരുണ്യത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവന്റെ കാര്യം കഷ്ടം തന്നെ.
മിക്ക ആളുകളും മനസ്സിലാക്കുന്നത് പോലെ അശ്രദ്ധയിലും വിനോദത്തിലും പാഴാക്കിക്കളയുന്നതിനുള്ള നിമിഷങ്ങളല്ല പെരുന്നാളിനുള്ളത്. ദൈവിക സ്മരണ നിലനിര്‍ത്തുന്നതിനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സ്മരിക്കുന്നതിനും വേണ്ടി നിശ്ചയിക്കപ്പെട്ട നാളാണ് അത്. റമദാന് പൂര്‍ത്തിയാവുന്നതോടെ അല്ലാഹുവിനെ പ്രകീര്ത്തിക്കണമെന്നതാണ് ഖുര്‍ആനിക കല്പന :’നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്ത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്’.(അല്‍ബഖറ 185)
നോമ്പെടുക്കാന്‍, രാത്രിയില്‍ നിന്ന് നമസ്കരിക്കാന്‍ സൗഭാഗ്യമേകിയ, പാപങ്ങള്‍ പൊറുക്കുകയും നരകമോക്ഷം പ്രദാനം ചെയ്യുകയും ചെയ്ത, നാഥനോട് നന്ദി കാണിക്കാതിരിക്കാന്‍, അവനെ പ്രകീര്ത്തിക്കാതിരിക്കാന്, അവന്റെ കല്പനകള് അനുസരിക്കാതിരിക്കാന്‍ നമുക്കെന്തുണ്ട് ന്യായം?
പെരുന്നാള്‍ നന്ദിപ്രകാശനമാണ്്, താന്തോന്നിത്തമല്ല. അതിനാല്‍ നാം നമ്മുടെ സന്താനങ്ങളെയും സഹോദരന്മാരെയും സംരക്ഷിക്കുക. നമ്മുടെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സഹോദരിമാരുടെയും വസ്ത്രങ്ങള്‍ പരിശോധിക്കുക. ഇസ് ലാമികമായ സംസ്കാരം അവരില്‍ നാം കണിശമാക്കുക. ഉമ്മത്തിലെ യുവാക്കള്‍ക്ക് അവരുടെ ധാര്‍മികത മുറുകെ പിടിക്കുന്നതില്‍ നാം സഹായികളാവുക.
അല്ലാഹു റമദാനില്‍ നല്കിയ സൗഭാഗ്യങ്ങള്‍ക്ക് അവനോട് നന്ദി കാണിക്കുന്നതിന്റെ തന്നെ ഭാഗമാണ് ശവ്വാലില്‍ ആറ് നോമ്പെടുക്കുകയെന്നത്. അത് കൂടി പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്റെ പ്രതിഫലമാണ് വിശ്വാസിക്ക് ലഭിക്കുന്നത്.
പെരുന്നാള്‍ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും അവസാനവാക്കാണ്. വിശ്വാസികള്‍ ഇഹലോകത്ത് സന്തോഷിക്കുന്നത് അല്ലാഹുവിന്റെ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും അടിസ്ഥാനത്തിലാണ്. ‘പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം’.(യൂനുസ് 58.)
അല്ലാഹുവിനെ അനുസരിച്ചവര്ക്കുള്ളതാണ് പെരുന്നാള്‍. അവനെ ധിക്കരിച്ചവര്‍ക്ക് ആഹ്ലാദമല്ല, ദുഖമാണ് ഉണ്ടാവേണ്ടത്. പകലില്‍ നോമ്പെടുക്കുകയും രാത്രിയില്‍ നമസ്കരിക്കുകയും ചെയ്തവര്‍ക്കാണ് പെരുന്നാള്‍. ഖുര്‍ആന്‍ പാരായണത്തിനായി ഉറക്കമൊഴിച്ചവര്ക്കാണ്, ഗാനങ്ങള്‍ കേള്‍ക്കാനും ആടിത്തിമിര്‍ക്കാനും വേണ്ടി ഉറക്കമിളച്ചവര്ക്കുള്ളതല്ല പെരുന്നാള്‍. ഹസന് ബസ്വരി പറയുന്നു ‘അല്ലാഹുവിനെ ധിക്കരിക്കാത്ത ദിവസങ്ങളാണ് വിശ്വാസിയുടെ പെരുന്നാള്‍’.
പുതുവസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങി വന്നവരുടേതല്ല, അല്ലാഹുവിന് കീഴൊതുങ്ങി ജീവിച്ചവന്റേതാണ് പെരുന്നാള്‍. വസ്ത്രം അലങ്കരിച്ചവനുള്ളതല്ല, പാപങ്ങള്‍ പൊറുക്കപ്പെട്ടവനുള്ളതാണ് പെരുന്നാള്‍. ദിര്‍ഹമും ദീനാറും സമ്പാദിച്ചവര്ക്കുള്ളതല്ല, പ്രതാപവാനായ അല്ലാഹുവിനെ അനുസരിച്ചവനുള്ളതാണ് പെരുന്നാള്‍.
അശ്രദ്ധയിലും ആഘോഷത്തിലും തിമിര്‍ത്താടി, മേത്തരം വസ്ത്രങ്ങള്‍ ധരിച്ച്, സ്വാദിഷ്ടമായ വിഭവങ്ങള്‍ വിളമ്പി പെരുന്നാള്‍ ആഘോഷിക്കുന്ന ഉമ്മത്തിനെ കണ്ട ചില പണ്ഡിതന്മാര് പറഞ്ഞുവത്രെ ‘തങ്ങളുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്ന് അറിയിക്കപ്പെട്ടവരാണ് ഇവരെങ്കില്‍ അല്ലാഹുവിനോട് നന്ദി കാണിച്ച് വിനയത്തോടിരിക്കുകയാണ് ഇവര്‍ ചെയ്യേണ്ടിയിരുന്നത്. അതല്ല, അല്ലാഹു തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളതെങ്കില്‍ കൂടുതല്‍ നന്മകളും പ്രാര്‍ത്ഥനകളും നിര്‍വഹിക്കുകയായിരുന്നു വേണ്ടത്’.
Add Comment