Home / Special Coverage / റമദാന്‍ പുണ്യം / സമാധാനത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുക ( റമദാന്‍ പുണ്യം – 23)

സമാധാനത്തിന്റെ ഭാഗത്ത് നിലയുറപ്പിക്കുക ( റമദാന്‍ പുണ്യം – 23)

ആധുനികയുഗത്തില്‍ ദിനേന സംഘര്‍ഷങ്ങള്‍ പെരുകുന്ന സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസികള്‍ക്ക് ഇസ്‌ലാമിനെ അക്രമങ്ങളുമായി ബന്ധപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. അതിനാല്‍ അക്രമങ്ങള്‍ക്കെതിരെ നിര്‍ണായക പ്രതിരോധം അനിവാര്യമായ ഒരു സാഹചര്യം ഇന്നുണ്ട്. ഈ വേളയില്‍ ഇസ്‌ലാമിന്റെ നിലപാട് എന്തെന്നതിനെക്കുറിച്ച വ്യക്തവും കൃത്യവുമായ ചിത്രം നമുക്കെല്ലാവര്‍ക്കും ഉണ്ടായേ തീരൂ. ഇസ്‌ലാം എന്ന വാക്കിന് സമാധാനം എന്നാണര്‍ഥം. സുരക്ഷിതമായി എന്ന അര്‍ഥം നല്‍കുന്ന ‘സലിമ’ എന്ന വാക്കിന്റെ വകഭേദമാണ് ഇസ്‌ലാം. അല്ലാഹുവിന്റെ നാമവിശേഷണങ്ങളില്‍ ഒന്നായ ‘സലാം’ സ്വര്‍ഗത്തിന്റെ മറ്റൊരു പേരാണ്. ഓരോ വ്യക്തികളും പരസ്പരം കാണുമ്പോള്‍ ആശംസിക്കുന്നതും പ്രാര്‍ഥിക്കുന്നതും സമാധാനമാണ് (അസ്സലാമുഅലൈകും). സൂക്ഷ്മാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ഓരോ നടപടിക്രമങ്ങളും വൈയക്തിക-സാമൂഹിക തലങ്ങളിലുള്ള സമാധാനം ഉറപ്പുവരുത്താന്‍ വേണ്ടിയുള്ളതാണെന്ന് കാണാം. ഖുര്‍ആന്‍ പറയുന്നു: ‘പിന്നെ നിന്നെ നാം ഇക്കാര്യത്തില്‍ വ്യക്തമായ നിയമവ്യവസ്ഥയിലാക്കിയിരിക്കുന്നു. അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്’ (അല്‍ജാഥിയ 18). സ്വന്തം ആദര്‍ശത്തിന്റെ, മനസ്സാക്ഷിയുടെ വിഷയത്തില്‍ സമാധാനത്തിന്റെ പക്ഷത്തായിരിക്കണം നിങ്ങള്‍ ഉണ്ടാവേണ്ടത് എന്നാണ് അതിനര്‍ഥം. അതിനാല്‍ നിങ്ങള്‍ അക്രമത്തെ എതിര്‍ക്കണം. അതിനെതിരെ പ്രതിരോധമുയര്‍ത്തണം. അക്രമഭരണകൂടത്തിന്റെ കിരാതരീതികളെ ചോദ്യംചെയ്യണം. യുദ്ധങ്ങള്‍ക്ക് കോപ്പുകൂട്ടിയിറങ്ങുന്നവരെ പിന്തിരിപ്പിക്കണം. ഇന്ന് ലോകത്ത് വ്യത്യസ്തസ്വഭാവത്തോടുകൂടിയ അക്രമസംഭവങ്ങള്‍ നടക്കുന്നു. അതിനാല്‍ നാം മുസ്‌ലിംകള്‍ അക്രമത്തിന്റെ ഭാഗത്തല്ല, സമാധാനത്തിന്റെ ഭാഗത്താണ് നിലയുറപ്പിക്കേണ്ടത്. അതിന്റെ പ്രണേതാക്കളായി മുന്‍പന്തിയിലുണ്ടാകണം.

മുഹമ്മദ് നബി(സ) മദീനയില്‍ രാഷ്ട്രം സ്ഥാപിച്ചപ്പോള്‍ അദ്ദേഹം അനുയായികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം സലാം (സമാധാനം) വ്യാപിപ്പിക്കണമെന്നാണ്. മക്കയിലെ ഖുറൈശികള്‍ യുദ്ധത്തിന് കോപ്പുകൂട്ടിക്കൊണ്ടിരുന്ന വേളയിലും അപരിചിതരോടുപോലും സലാം പറയണമെന്ന് അദ്ദേഹം ഉണര്‍ത്തി. ഇസ്‌ലാം ഇവ്വിധം സമാധാനത്തിന് വേണ്ടി നിലകൊള്ളുമ്പോഴും അതിനെ മനസ്സിലാക്കുന്നതില്‍ പലര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്. ഇവിടെ പ്രധാനപ്പെട്ട മറ്റൊരു സംഗതി കൂടിയുണ്ട്. ചിലപ്പോള്‍ ഏകാധിപതിക്കെതിരിലോ ഭരണകൂടഭീകരതയ്‌ക്കെതിരിലോ വിശ്വാസികള്‍ക്ക് ശബ്ദിക്കേണ്ടിവരും. അതിനായി നിയമാനുസൃതപ്രതിരോധം ഉയര്‍ത്തേണ്ടിവരും. അത് ചിലപ്പോള്‍ രക്തംചിന്തുന്നതിനിടയാക്കിയെന്നുവരാം. എല്ലാ തരം അക്രമങ്ങളും അതിലേക്ക് നയിക്കുന്ന പ്രതിഷേധങ്ങളും അപലപനീയവും എതിര്‍ക്കപ്പെടേണ്ടതുമാണെന്ന ഒരു പൊതുബോധം ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്. അത് ശരിയല്ല. ജനങ്ങള്‍ക്കുനേരെയുള്ള സ്വേഛാധിപതിയുടെ ബലപ്രയോഗവും മര്‍ദ്ദനകിരാതമുറകളും നിയമത്തിന്റെ പരിധിയില്‍നിന്നുകൊണ്ട് പ്രജകള്‍ നടത്തുന്ന പ്രതിരോധനടപടിയുമായി എങ്ങനെ സമീകരിക്കാനാവും? മനുഷ്യന്റെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ അന്തസ്സിനെ അവമതിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? മനുഷ്യന് അല്ലാഹു നല്‍കിയ അഭിമാനബോധത്തെയും സ്വാതന്ത്ര്യവാഞ്ചയെയും ആര്‍ക്കാണ് ഹനിക്കാനാവുക? ആ അന്തസ്സിനുനേരെയുള്ള ഏതാക്രമണത്തെയും പ്രതിരോധിക്കുകയെന്നത് എല്ലാ മനുഷ്യരുടെയും മൗലികാവകാശമാണ്. അത്തരം പ്രതിരോധത്തെ അക്രമമാണെന്ന് വിശേഷിപ്പിച്ച് അനീതിയുടെയും സ്വേഛാധിപത്യത്തിന്റെയും ഭരണകൂടഭീകരതയുടെയും പാദസേവ നടത്താന്‍ വിശ്വാസിക്കെങ്ങനെ കഴിയും ?

അധികാരത്തിന്റെ മറവില്‍ ജനങ്ങളെ ചൂഷണംചെയ്യുകയും, അവരെ ഭീതിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയും, അവരുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കുകയും ചെയ്യുന്ന ഏതൊരു രാജ്യവും ഭരണകൂടവും തീര്‍ച്ചയായും ജനങ്ങളുടെ പ്രതിഷേധത്തെ നേരിട്ടേ മതിയാകൂ. ഭീകരതയ്ക്കും അക്രമത്തിനുമെതിരെ ‘നോ’ പറയുന്ന ജനത അവിടെ ഉണ്ടായേ തീരൂ. അക്രമങ്ങള്‍ക്കെതിരെയുള്ള നിയമാനുസൃതപ്രതിഷേധവും പ്രതിരോധവും മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമാണ്. അതെല്ലാം തന്നെ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. ഇന്ന് സമകാലീനലോകം അത്തരം പ്രതിരോധങ്ങള്‍ ആവശ്യപ്പെടുന്ന അടിയന്തിരഘട്ടത്തിലാണുള്ളത്. ഇന്നുള്ള എല്ലാ അനീതിക്കും അക്രമത്തിനുമെതിരെ ഇനിയും നാം പ്രതിരോധമുയര്‍ത്തിയില്ലെങ്കില്‍ ലോകത്തൊട്ടാകെ കുഴപ്പം വ്യാപിക്കും. മനുഷ്യര്‍ പുഴുക്കളെപ്പോലെ നികൃഷ്ടരായിക്കഴിയേണ്ടിവരും, തീര്‍ച്ച.

About tariq ramadan

Check Also

വംശീയചിന്ത അരുത് (റമദാന്‍ പുണ്യം – 19)

ലോകത്ത് എല്ലായിടത്തും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായും നടമാടുന്ന ഒന്നാണ് തിന്‍മയാണ് വംശീയത. പ്രസ്തുത തിന്‍മയെ ശക്തമായി നിരാകരിക്കുന്ന ഖുര്‍ആനിനെ വായിക്കുന്ന …

Leave a Reply

Your email address will not be published. Required fields are marked *