Home / Special Coverage / റമദാന്‍ പുണ്യം / കുഴപ്പക്കാരെ കരുതിയിരിക്കണം (റമദാന്‍ പുണ്യം – 22)

കുഴപ്പക്കാരെ കരുതിയിരിക്കണം (റമദാന്‍ പുണ്യം – 22)

ഇസ്‌ലാമിന്റെ അടിസ്ഥാനതത്ത്വങ്ങളിലൂടെ കടന്നുചെല്ലുമ്പോള്‍ അനിവാര്യമായി വരുന്ന ഒന്നാണ് കുഴപ്പങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം. മനുഷ്യന്‍ എന്ന നിലയ്ക്ക് ഈ ഭൂമിയില്‍ നമ്മുടെ ദൗത്യമെന്തെന്ന് അറിയാത്തവരില്ല. നേരായ പാതയിലൂടെ സഞ്ചരിച്ച് എല്ലായിടത്തും നന്‍മ മുറുകെപ്പിടിക്കുകയും അതിനെ പ്രചരിപ്പിക്കുകയും അധര്‍മങ്ങളെയും കുഴപ്പങ്ങളെയും തടുക്കുകയും ചെയ്യുക എന്നതാണ് പ്രസ്തുത ദൗത്യം. എന്നാല്‍ ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭൗതികജീവജാലങ്ങളിലും ചുറ്റുപാടുകളിലും ഭീഷണമാംവിധം ഇടപെട്ടുകൊണ്ട് കുഴപ്പങ്ങളുണ്ടാക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത്തരം കുഴപ്പങ്ങളെ പ്രതിരോധിക്കാന്‍ ഇസ്‌ലാം ശക്തിയായി ഉണര്‍ത്തുന്നുണ്ട്. ഖുര്‍ആനില്‍ മനുഷ്യവര്‍ഗത്തിന്റെ ആരംഭം സംബന്ധിച്ച ചരിത്രാഖ്യാനവേളയില്‍ ‘ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്'(അല്‍ബഖറ 30) എന്ന് മലക്കുകളോട് അല്ലാഹു പറയുന്നുണ്ട്. അത് കേട്ട മലക്കുകള്‍ ആശങ്കയോടെ ‘ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ‘(അല്‍ബഖറ 30) എന്ന് ചോദിച്ചത് ശ്രദ്ധിക്കുക. മനുഷ്യന്‍ അധമനായാല്‍ നീചപ്രകൃതത്തിന്റെ പാരമ്യത്തില്‍ എത്തുമെന്നതിന്റെ സാക്ഷ്യമാണത്. ഈ വസ്തുതയിരിക്കെ തന്നെ അവന് ആത്മസംസ്‌കരണത്തിന്റെയും ദൈവികപ്രാതിനിധ്യത്തിന്റെയും ഉദാത്തവിതാനത്തിലേക്ക് ഉയരാനും കഴിയും എന്ന വസ്തുതയുമുണ്ട്. ഖുര്‍ആന്‍ മറ്റൊരു അധ്യായത്തില്‍ നഷ്ടത്തിലകപ്പെട്ട മനുഷ്യസമൂഹത്തെ ചൂണ്ടിക്കാട്ടിയത്, വിശ്വസിച്ചവരും അധര്‍മ്മപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടകന്ന് സദ്കര്‍മങ്ങളില്‍ മുഴുകിയവരും അല്ലാത്ത ആളുകള്‍ എന്നാണ്. അപ്പോള്‍ തെറ്റിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ നന്‍മ ചെയ്യുക മാത്രമാണ് വിശ്വാസികളുടെ മുമ്പിലുള്ള ചോയ്‌സ്. വര്‍ത്തമാനലോകത്ത് ചിന്താമണ്ഡലത്തിലും പ്രത്യയശാസ്ത്രരംഗത്തും കുഴപ്പങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യുക്തിക്ക് നിരക്കാത്ത വീക്ഷണങ്ങള്‍ മഹത്തായ ആശയമെന്ന പേരില്‍ നിരന്തരചര്‍ച്ചകളിലൂടെയും സെമിനാറുകളിലൂടെയും പ്രചരിപ്പിക്കുകയാണ് അവരുടെ ശൈലി.

പൊതുസേവനം എന്ന ലേബലില്‍ പൊതുമുതല്‍ കവര്‍ന്നുകൊണ്ട് കുഴപ്പമുണ്ടാക്കാന്‍ മറ്റു ചിലര്‍ ശ്രമിക്കുന്നു. നീതിന്യായകേന്ദ്രങ്ങളില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ വിധി സമ്പാദിക്കാനും അതിലൂടെ നാട്ടില്‍ അരാജകത്വംസൃഷ്ടിക്കാനും വേറെ ചിലര്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. രാഷ്ട്രീയരംഗത്തും സാമ്പത്തികരംഗത്തും ഈ രീതിയില്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നുണ്ട്. ഇക്കാലത്ത് ഇത്തരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന കൂട്ടരാല്‍ വലയംചെയ്യപ്പെട്ടിരിക്കുകയാണ് നാം. പുറത്തുമാത്രമല്ല, നമ്മുടെ സമുദായത്തിനകത്തും അത്തരത്തിലുള്ള ആളുകളുണ്ട്. യഥാര്‍ഥത്തില്‍ കുഴപ്പക്കാരായ അക്കൂട്ടര്‍, തങ്ങള്‍ വികസനത്തിലേക്കും സമുദായപുരോഗതിയിലേക്കും ആത്മീയോല്‍ക്കര്‍ഷയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന പരിഷ്‌കാരികള്‍ ആണെന്ന് വാദിക്കുന്നു. ദീനിനെ പരിഹസിക്കുകയും അതിന്റെ മേല്‍ കളങ്കം ചാര്‍ത്തുകയുമാണവര്‍. അതിനായി ദീനിന്റെ അടിസ്ഥാനതത്ത്വങ്ങളെയും ഖുര്‍ആന്‍-ഹദീസ് വചനങ്ങളെയും അവര്‍ ദുര്‍വ്യാഖ്യാനംചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ‘ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങള്‍ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ്’ (അല്‍ബഖറ 11). സമൂഹത്തോട് പ്രതിബദ്ധതയുള്ളവരെന്ന നാട്യത്തില്‍ കുഴപ്പമുണ്ടാക്കുന്ന അത്തരം ആളുകളെയും സംഘങ്ങളെയും നാം കരുതിയിരിക്കണം. അതിനെതിരെ ജാഗ്രതപുലര്‍ത്തണം. അത്തരം പ്രവണതകള്‍ വര്‍ധിച്ചുവരാതിരിക്കാന്‍ പ്രതിരോധം തീര്‍ക്കണം. മുസ്‌ലിംകളും വിശ്വാസികളും എന്ന നിലക്ക് നാമതിന് തയ്യാറായേ തീരൂ.

About tariq ramadan

Check Also

വംശീയചിന്ത അരുത് (റമദാന്‍ പുണ്യം – 19)

ലോകത്ത് എല്ലായിടത്തും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായും നടമാടുന്ന ഒന്നാണ് തിന്‍മയാണ് വംശീയത. പ്രസ്തുത തിന്‍മയെ ശക്തമായി നിരാകരിക്കുന്ന ഖുര്‍ആനിനെ വായിക്കുന്ന …

Leave a Reply

Your email address will not be published. Required fields are marked *