Home / Special Coverage / റമദാന്‍ പുണ്യം / ഏകാധിപതിയുടെ മുന്നിലും ഉറച്ചുനിലകൊള്ളുക (റമദാന്‍ പുണ്യം-21)

ഏകാധിപതിയുടെ മുന്നിലും ഉറച്ചുനിലകൊള്ളുക (റമദാന്‍ പുണ്യം-21)

മുസ്‌ലിം എന്ന നിലക്ക് പ്രതിരോധിക്കേണ്ട സര്‍വതിന്‍മകളുടെയും ഗണത്തില്‍ അതീവഗൗരവമേറിയ ഒന്നാണ് അക്രമിയായ സ്വേഛാധിപതിയുടെ വിളയാട്ടം. അനീതിപരമായ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയുള്ള പോരാട്ടം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്. ശൂറാ എന്ന പേരിലറിയപ്പെടുന്ന കൂടിയാലോചനാ സമ്പ്രദായമാണ് ഏറ്റവും നല്ല ഭരണക്രമത്തിന്റെ അടിസ്ഥാനമെന്ന് ഖുര്‍ആന്‍ പറഞ്ഞുവെച്ചത് അതിനാലാണ്. ‘മുസ്‌ലിംകള്‍ തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നല്‍കപ്പെട്ട വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരുമാണെന്ന് ‘(അശ്ശൂറാ 38) ദൈവികഗ്രന്ഥം ചൂണ്ടിക്കാട്ടിയത് നീതിയിലധിഷ്ഠിതമായ രാഷ്ട്രീയാസ്തിത്വം ഉറപ്പുവരുത്താനും കൂടിയാണ്. അതിനാല്‍ സ്വേഛാധിപത്യപരമായ തീരുമാനങ്ങളും അനീതിപരമായ ഭരണവും എതിര്‍ക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മൂസാ പ്രവാചകനോട് ഫറോവയുടെ അടുത്തേക്ക് പോകാന്‍ അല്ലാഹു ആവശ്യപ്പെട്ടത്, തികച്ചും ഏകാധിപത്യപരമായി ഇസ്രയേലീ സമൂഹത്തെ അടിച്ചമര്‍ത്തുന്ന അയാളുടെ ഭീകരനയങ്ങള്‍ക്ക് അന്ത്യം കുറിക്കാനാണ്. ‘നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക  പോവുക. നിശ്ചയമായും അവന്‍ അതിക്രമിയായിരിക്കുന്നു. നിങ്ങളവനോട് സൗമ്യമായി സംസാരിക്കുക. ഒരുവേള അവന്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ. അല്ലെങ്കില്‍ സൂക്ഷ്മത കൈക്കൊണ്ടെങ്കിലോ'(ത്വാഹാ 43, 44) അനീതികാട്ടുന്ന ആ ഏകാധിപതിയെ പ്രതിരോധിക്കണം എന്നാണ് അല്ലാഹു കല്‍പിച്ചത്. എല്ലാ ആധിപത്യങ്ങളെയും അതിജയിക്കുന്ന ആധിപത്യത്തിനുടമയാണല്ലോ അല്ലാഹു. എല്ലാ ജിഹാദുകളിലും വച്ച് ഏറ്റവും ശ്രേഷ്ഠമായത് ഏകാധിപതിയുടെ മുന്നില്‍ സത്യം പറയുന്നതാണ് എന്ന പ്രവാചകവചനമുള്ളതും നാം ഓര്‍ക്കേണ്ടതുണ്ട്. നാം നീതിപൂര്‍വകമായ സദ്ഭരണം കാഴ്ചവെക്കേണ്ടവരാണെന്ന് പറയുന്നതിന് ഒരു മറുവശമുണ്ട്. അനീതിയും സ്വേഛാധിപത്യപ്രവണതയും യാതൊരു വിധത്തിലും സമൂഹത്തില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്നതാണ് അത്.

നിയമവാഴ്ചയെ മാനിക്കുന്ന സമൂഹത്തില്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ നാം പ്രതിരോധം കെട്ടിപ്പടുക്കണം. അനീതിയെ ചോദ്യംചെയ്യാതെ മൗനം പൂണ്ടിരിക്കാന്‍ മുസ്‌ലിമിന് സാധ്യമല്ല. ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കുന്ന ഏകാധിപതികളെയും ക്രൂരഭരണാധികാരികളെയും സഹിച്ച് കഴിഞ്ഞുകൂടുക എന്നത് ഇസ്‌ലാമിന്റെ നയമേയല്ല. എന്നാല്‍ ചിലര്‍ ഏകാധിപത്യപ്രവണതകള്‍ക്കെതിരെ ശബ്ദിക്കുന്നതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടില്‍ അരാജകത്വം വാഴുന്നതിനെക്കാള്‍ ഭരണാധികാരിയുടെ അനീതി സഹിക്കലാണ് നല്ലതെന്നാണ് അവരുടെ പക്ഷം. അതിനവര്‍ ഖുര്‍ആന്‍ സൂക്തവും ഉദ്ധരിക്കുന്നു: ‘വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക'(അന്നിസാഅ് 59). ഇസ്‌ലാമിന്റെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് ജനാധിപത്യക്രമത്തിന്റെ ഭാഗമായ ശൂറാ സമ്പ്രദായത്തിലൂടെ അധികാരം ഭരമേല്‍പ്പിക്കപ്പെട്ടവരെയാണ് ഉലുല്‍ അംറ് കൊണ്ട് വിവക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. അനീതി കാട്ടിക്കൂട്ടുന്നവരെ പിന്തുണക്കണമെന്ന് ഖുര്‍ആനിലോ ഹദീസിലോ നിര്‍ദേശം നല്‍കിയതായി കാണാനാവില്ല. ജനങ്ങളെ അടിച്ചമര്‍ത്തുന്ന സ്വേഛാധിപത്യ ശക്തികള്‍ക്കെതിരെ വിശ്വാസി എന്ന നിലക്ക് നീതിയുടെ പക്ഷംചേര്‍ന്ന് പോരാടുക എന്നതാണ് മുസ്‌ലിമിന്റെ ദൗത്യം. അതിനുള്ള ആര്‍ജ്ജവവും ധീരതയും നേടിയെടുക്കാന്‍ നമ്മുടെ ഈമാന്‍ മൂര്‍ച്ചകൂട്ടുക.

About tariq ramadan

Check Also

വംശീയചിന്ത അരുത് (റമദാന്‍ പുണ്യം – 19)

ലോകത്ത് എല്ലായിടത്തും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വ്യാപകമായും നടമാടുന്ന ഒന്നാണ് തിന്‍മയാണ് വംശീയത. പ്രസ്തുത തിന്‍മയെ ശക്തമായി നിരാകരിക്കുന്ന ഖുര്‍ആനിനെ വായിക്കുന്ന …

Leave a Reply

Your email address will not be published. Required fields are marked *