Home / Special Coverage / ഈദുല്‍ ഫിത്വര്‍ / സുകൃതങ്ങളിലുള്ള ആനന്ദമാണ് പെരുന്നാള്‍

സുകൃതങ്ങളിലുള്ള ആനന്ദമാണ് പെരുന്നാള്‍

തീര്‍ത്തും ആനന്ദകരമായ സന്ദര്‍ഭത്തിലാണ് നാമുള്ളത്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണിത്. അല്ലാഹു വിശ്വാസികള്‍ക്ക് ആഘോഷിക്കാന്‍ നിശ്ചയിച്ച മഹത്തായ രണ്ട് ദിനങ്ങളില്‍ ഒന്നാണിത്. മറ്റ് ദിവസങ്ങളില്‍ നിന്ന് ഭിന്നമായി മുസ്ലിം ഉമ്മത്തിലെ എല്ലാവരും ഐശ്വര്യത്തോടെ ജീവിക്കുന്ന നിമിഷങ്ങളാണവ. ആരാധനകള്‍ക്കും, ത്യാഗനിര്‍ഭരമായ ഒരു മാസത്തിനും ശേഷമാണ് ഈ സന്തോഷം കടന്ന് വരുന്നത്. അനസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുമേനി(സ) മദീനയില്‍ വന്നപ്പോള്‍ അവിടത്തുകാര്‍ ആഘോഷിക്കുന്ന രണ്ട് ദിവസങ്ങളുണ്ടായിരുന്നു. ഇതെന്ത് ദിനമാണെന്ന് തിരുമേനി(സ) അവരോട് ചോദിച്ചു. ഞങ്ങള്‍ ജാഹിലിയ്യാ കാലം മുതലെ ആഘോഷിക്കാറുള്ള ദിനമാണിതെന്ന് അവര്‍ അറിയിച്ചു. ‘നിങ്ങള്‍ക്ക് അല്ലാഹു ഇതിന് പകരം ഇതിനേക്കാള്‍ ഉത്തമമായ ദിനങ്ങള്‍ നല്‍കിയിരിക്കുന്നു. ചെറിയ പെരുന്നാളും വലിയ പെരുന്നാളുമാണത്.’

അല്ലാഹു അനുവദിച്ച പെരുന്നാളുകളാണ് ഇത്. വര്‍ഷത്തില്‍ അവയെക്കൂടാതെ മറ്റ് പെരുന്നാളുകളില്ല. നോമ്പെടുക്കാനും, രാത്രി നമസ്‌കരിക്കാനും, ദൈവിക ഭവനത്തില്‍ ഭജനമിരിക്കാനുമുള്ള അവസരം അല്ലാഹു നമുക്ക് നല്‍കി. നാം ഖുര്‍ആന്‍ പാരായണം നടത്തുകയും, ദാനധര്‍മം നിര്‍വഹിക്കുകയും, നോമ്പുകാരെ സല്‍ക്കരിക്കുകയും, അഗതികളെ ഊട്ടുകയും ചെയ്തു. നന്മയുടേതായ ഏതാണ്ടെല്ലാ പദ്ധതികളിലും നാം ഭാഗവാക്കായി. അതിനാല്‍ നമുക്ക് ഇനി സന്തോഷിക്കാന്‍, ആഹ്ലാദിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുണ്ട്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണല്ലോ വിശ്വാസികള്‍ സന്തോഷിക്കേണ്ടത്.

ആരാധനകള്‍ക്ക് ശേഷമാണ് ഇസ്ലാമിലെ രണ്ട് പെരുന്നാളുകളും നിയമമാക്കിയിട്ടുള്ളത്. ദൈവത്തെ വണങ്ങി ജീവിച്ച, ആരാധനകള്‍ നിര്‍വഹിച്ച വിശ്വാസിക്കാണ് ആഹ്ലാദിക്കാന്‍ യഥാര്‍ത്ഥ അവസരമുള്ളത്. അല്ലാഹുവിന് വിധേയപ്പെടുന്നതിനനുസരിച്ച് വിശ്വാസിയുടെ സന്തോഷം അധികരിച്ച് കൊണ്ടേയിരിക്കും.

അല്ലാഹുവിനെ അനുസരിക്കുന്നമ്പോഴെല്ലാം വിശ്വാസി സന്തോഷിച്ച് കൊണ്ടേയിരിക്കും. തിരുമേനി(സ) പറയുന്നു (നിന്റെ നന്മ നിന്നെ സന്തോഷിക്കുകയും, തിന്മ നിന്നെ വേദനിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ നീ വിശ്വാസിയാണ്). അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍, അല്ലാഹുവിന് വേണ്ടി ചെയ്ത സുകൃതങ്ങളില്‍ വിശ്വാസി പ്രകടിപ്പിക്കുന്ന സന്തോഷമാണ് അവന്റെ പെരുന്നാള്‍.

അല്ലാഹു ഇസ്ലാം മുഖേനെ പ്രതാപം നല്‍കിയവരാണ് നാം. അല്ലാഹു നമുക്ക് മേല്‍ മഹത്തായ വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു. നമുക്കുള്ള മാര്‍ഗനദര്‍നവും ഉല്‍ബോധനവുമാണ് അത്. തീര്‍ത്തും കരുണ ചെയ്യപ്പെട്ട സമൂഹമാണ് നമ്മുടേത്. മറ്റ് സമൂഹങ്ങള്‍ക്കിടയില്‍ നിന്ന് അല്ലാഹു നമ്മെ തെരഞ്ഞെടുത്തിരിക്കുന്നു. നമുക്ക് നന്മയെന്ന് വിശേഷണം നല്‍കിയിരിക്കുന്നു. വിജയവും ആധിപത്യവും വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ കൂടെ നിലനില്‍ക്കുന്ന കാലത്തോളം അല്ലാഹു കൂടെയുണ്ടാവുമെന്ന് സുവിശേഷം അറിയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അവന്‍ വിടുവായിത്തം പറയുന്നവനല്ല. അല്ലാഹുവിനേക്കാള്‍ സത്യസന്ധമായ വാഗ്ദാനം നല്‍കുന്നവനായി ആരുണ്ട്.

എന്നാല്‍ നിലവില്‍ ലോകത്തിന്റെ നാനാഭാഗത്തും മുസ്ലിംകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പീഢനങ്ങളും പതിത്വവും അല്ലാഹു വാഗ്ദാനം ലംഘിച്ചത് കൊണ്ട് സംഭവിച്ചതല്ല, മറിച്ച് അല്ലാഹുവിനോടുള്ള കരാര്‍ വിശ്വാസികള്‍ ലംഘിച്ചതിന്റെ ഫലമാണ്. (നിങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ നിങ്ങളുടെ കരങ്ങള്‍ തന്നെ സമ്പാദിച്ചതാണ്). ശൂറാ 30.

അതിനാല്‍ നമുക്ക് അല്ലാഹുവിനെ സൂക്ഷിക്കാം. അവന്റെ പാശം മുറുകെ പിടിക്കാം. വിശ്വാസത്തെ ദൃഢപ്പെടുത്തി, ഒന്നിച്ച് നില്‍ക്കാം. ക്ഷമയോടും സ്ഥൈര്യത്തോടും കൂടി ദൈവിക മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ക്ക് മഹത്തായ പ്രതിഫലമാണ് ഉള്ളത്. തിരുമേനി(സ) പറയുന്നു (നിങ്ങള്‍ക്ക് ശേഷം വരാനുള്ളത് ക്ഷമയുടെ ദിനങ്ങളാണ്. അന്ന് സഹനമവലംബിച്ച് നിലകൊള്ളുന്നവന് നിങ്ങളില്‍ അമ്പത് പേരുടെ പ്രതിഫലമുണ്ട്).

 

About sheik abdullah bin muhammed al baswari

Check Also

നന്മ തുടര്‍ന്ന് പെരുന്നാള്‍

വിശ്വാസികളെന്ന് അല്ലാഹു അഭിസംബോധന ചെയ്തവരാണ് നാം. അത് മുഖേനെ അല്ലാഹു നമ്മെ ആദരിക്കുകയും, ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു നമ്മോട് സ്വയം …

Leave a Reply

Your email address will not be published. Required fields are marked *