Home / Special Coverage / റമദാന്‍ ഇതര നാടുകളില്‍ / റമദാന്‍ സൗദിയില്‍

റമദാന്‍ സൗദിയില്‍

ഇസ്ലാമിക ലോകത്ത് ഒരുപക്ഷേ മറ്റെവിടെയും ലഭ്യമല്ലാത്ത സവിശേഷമായ ആത്മീയാന്തരീക്ഷമാണ് പരിശുദ്ധ റമദാനില്‍ സൗദിയിലുള്ളത്. പരിശുദ്ധമായ രണ്ട് ഹറമുകളുടെ സാന്നിധ്യത്താല്‍ അനുഗൃഹീതമായി എന്നതുതന്നെയാണ് അതിനുള്ള കാരണം. വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഏറ്റവും മഹത്തരമായ സ്ഥാനമാണല്ലോ അവയ്ക്കുള്ളത്. 

മീഡിയാസന്ദേശങ്ങളിലൂടെയാണ് സൗദിയിലെ മുസ്ലിംകള്‍ റമദാന്‍ പിറ സ്ഥിരീകരിക്കുന്നത്. ശരീഅത്ത് ബോര്‍ഡും, ഗോളശാസ്ത്ര വിദഗ്ദരും ചേര്‍ന്നെടുത്ത തീരുമാനമാണ് മീഡിയകളിലൂടെ പ്രഖ്യാപിക്കപ്പെടുക. സൗദിയുടെ തീരുമാനത്തെ പിന്തുടര്‍ന്ന് റമദാന്‍ പ്രഖ്യാപിക്കുന്ന ഒട്ടേറെ രാഷ്ട്രങ്ങളുണ്ട്.

റമദാന്‍ ആഗതമായെന്ന് പ്രഖ്യാപിക്കപ്പെടുന്നതോടെ സൗദിയിലെങ്ങും ആഹ്ലാദവും സന്തോഷവും നിറഞ്ഞൊഴുകുകയാണ്. റമദാനെ വരവേറ്റുകൊണ്ടുള്ള വചനങ്ങള്‍ അവരുടെ നാവില്‍ നിന്നും അന്തരീക്ഷത്തില്‍ അലയടിക്കും. ‘ഈ മാസം നിങ്ങള്‍ക്ക് മേല്‍ അനുഗ്രഹമാണ്’, ‘എല്ലാ വര്‍ഷവും നിങ്ങള്‍ക്ക് സൗഖ്യമുണ്ടാവട്ടെ’, ‘നോമ്പ് അനുഷ്ഠിക്കാനും, നമസ്‌കരിക്കാനും അല്ലാഹു നമുക്ക് കഴിവ് നല്‍കുമാറാവട്ടെ’, ‘അനുഗൃഹീത റമദാന്‍’ തുടങ്ങിയ പ്രയോഗങ്ങള്‍ സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്നു.

സൗദികള്‍ സാധാരണയായി ഈത്തപ്പഴവും, വെള്ളവും കഴിച്ചാണ് നോമ്പുതുറക്കാറ്. ബാങ്കുകൊടുത്ത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഇഖാമത്ത് മുഴങ്ങുകയായി. അതോടെ അവയെല്ലാം ഉപേക്ഷിച്ച് എല്ലാവരും പള്ളിയിലേക്ക് ഒഴുകുന്നു.

ചില സൗദി കുടുംബങ്ങളില്‍ പ്രത്യേകമായ ഒരു പതിവുണ്ട്. കുടുംബത്തിലെ ഓരോരുത്തരുടെയും വീടുകളില്‍ ഊഴമിട്ട് നോമ്പുതുറ സംഘടപ്പിക്കുകയെന്നതാണ് അത്. വലിയ വീടുകളില്‍ നിന്ന് തുടങ്ങി റമദാന്‍ പൂര്‍ത്തിയാവുമ്പോഴേക്കും ഏകദേശം എല്ലാ വീടുകളിലും നോമ്പുതുറ നടന്നിട്ടുണ്ടായിരിക്കും.

മഗരിബ് നമസ്‌കാരാനന്തരം യഥാര്‍ത്ഥ ഭക്ഷണം കഴിക്കാനായി എല്ലാവരും മടങ്ങുന്നു. രാഷ്ട്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊതു നോമ്പുതുറ സല്‍ക്കാരങ്ങളില്‍ വെച്ചാണ് അവ കഴിക്കുക. ആരും ആരോടും തര്‍ക്കിക്കാതെ, തിരക്കുകൂട്ടാതെ, മത്സരിക്കാതെ നോമ്പുതുറ ഭക്ഷണം കഴിക്കുന്ന കാഴ്ച തീര്‍ത്തും കൗതുകകരമാണ്.

വ്യത്യസ്തമായ നോമ്പുതുറ സദ്യകളാണ് സൗദിയിലുള്ളത്. പാല്‍, മുട്ട, പൊരിച്ച മാംസം തുടങ്ങി വ്യത്യസ്തവിഭവങ്ങളാല്‍ സമൃദ്ധമാണ് സദ്യ. കൂടാതെ സ്വാദിഷ്ടമായ പല വിഭവങ്ങളും മധുര പലഹാരങ്ങളും സല്‍ക്കാരങ്ങള്‍ക്ക് കൊഴുപ്പുകൂട്ടുന്നു.

ഇശാ-തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് തൊട്ടുമുമ്പായി ജനങ്ങള്‍ ചുവന്ന ചായ കുടിക്കുന്നു. വീട്ടില്‍ അതിഥികളുണ്ടെങ്കില്‍ അവര്‍ക്കും അവ വിതരണം ചെയ്യുന്നു.

ഭക്ഷണ ശേഷം വീട്ടിലെ സ്ത്രീകളും പുരുഷന്‍മാരും ഇശാ-തറാവീഹ് നമസ്‌കാരങ്ങള്‍ക്കായി പള്ളിയിലേക്ക് പോവുന്നു. അവിടെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രത്യേകമായ ഇടമുണ്ട്.

ഇരുഹറമുകളിലും ഇരുപതുറക്അത്താണ് തറാവീഹ്  നമസ്‌കരിക്കുന്നത്. സൗദിയിലെ മറ്റ് ചില പള്ളികളില്‍ എട്ടുറക്അത്ത് തറാവീഹ് നമസ്‌കരിക്കുന്നവരുമുണ്ട്. റമദാനിലെ മുപ്പതുദിവസങ്ങള്‍ കൊണ്ട് ഖുര്‍ആന്‍ ഒരു തവണ പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നവയാണ് മിക്കവാറും എല്ലാ പള്ളികളും. ധാരാളം പള്ളികളില്‍ തറാവീഹ് നമസ്‌കാര ശേഷം പള്ളി ഇമാമിന്റെയോ, മറ്റുപണ്ഡിതരുടെതെയോ നേതൃത്വത്തില്‍ മതപ്രഭാഷണങ്ങള്‍ നടക്കാറുമുണ്ട്.

അവിടെ ജനങ്ങള്‍ എല്ലാ രാത്രികളിലും ഏതെങ്കിലും ഒരു വീട്ടില്‍ ഒരുമിച്ചുചേരാറാണ് പതിവ്. കുറച്ചുസമയം സൊറ പറഞ്ഞിരിക്കുകയും പിന്നീട് ഉറങ്ങാന്‍ കിടക്കുകയും ചെയ്യും. പിന്നീട് അത്താഴ സമയത്ത് എഴുന്നേല്‍ക്കുകയും അറേബ്യന്‍ പാരമ്പര്യ ഭക്ഷണങ്ങള്‍ കൊണ്ട് അത്താഴം കഴിക്കുകയും ചെയ്യുന്നു.

റമദാനില്‍ സൗദിയില്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക ജോലി സമയത്തില്‍ തന്നെ മാറ്റം വരുന്നു. ഒരു മണിക്കൂര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സമയം ജോലിയില്‍ ഇളവ് ലഭിക്കുന്നു. നോമ്പുകാരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇത്.

സകാത്തും മറ്റുസ്വദഖകളും ശേഖരിക്കാനുമുള്ള പ്രത്യേക ഗ്രൂപ്പുകള്‍ രംഗത്തുവരികയും അഗതികളെ ഉദ്ദേശിച്ചുള്ള നോമ്പുതുറയിലേക്ക്  ക്ഷണം വ്യാപകമാവുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്.

റമദാന്റെ രണ്ടാം പകുതിയാവുന്നതോടെ അധിക സൗദികളും ഇഹ്‌റാമിന്റെ വസ്ത്രമണിഞ്ഞ് ഉംറയില്‍ പ്രവേശിക്കുന്നു. അവസാനത്തെ പത്തില്‍ അവരില്‍ പലരും പരിശുദ്ധ ഹറമില്‍ ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുന്നു.

സൗദി പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് ശേഷം തഹജ്ജുദ് നമസ്‌കാരം തുടങ്ങുന്നു. പത്തുറക്അത്താണ് നമസ്‌കരിക്കാറ്. ദിനേന തഹജ്ജുദ് നമസ്‌കാരത്തിലായി മൂന്ന് ജുസ്അ് പാരായണം ചെയ്യപ്പെടാറുണ്ട്. അര്‍ദ്ധ രാത്രിയോളം നീണ്ടു നില്‍ക്കുന്നതാണ് ഈ നമസ്‌കാരം.

റമദാന്‍ ഇരുപത്തേഴിന് ശേഷം ജനങ്ങള്‍ ഫിത്വ്ര്‍ സകാത്തുവിതരണം ചെയ്തുതുടങ്ങുന്നു. അഗതികള്‍ക്കും, ദരിദ്രര്‍ക്കും, വഴിയാത്രക്കാര്‍ക്കുമാണ് അവ നല്‍കുക. പെരുന്നാള്‍ നമസ്‌കാരത്തിന്റെ തൊട്ടുമുമ്പുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും.

സൗദിയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു നല്ല സമ്പ്രദായമുണ്ട്. വിദേശ തൊഴിലാളികള്‍ക്കുവേണ്ടി നടത്തപ്പെടുന്ന നോമ്പുസല്‍ക്കാരങ്ങളാണ് അവ. പള്ളിയോട് ചേര്‍ന്നോ, തൊഴിലാളികള്‍ അധികമുള്ള പ്രദേശങ്ങളിലോ ആണ് അവ സംഘടിപ്പിക്കപ്പെടാറ്.

യാത്രക്കാര്‍ക്ക് താല്‍ക്കാലികമായ നോമ്പുതുറ വിഭവങ്ങള്‍ പാക്കുകളിലാക്കി വിതരണം ചെയ്യുകയെന്ന മറ്റൊരു പതിവും സൗദിയിലുണ്ട്. യാത്രക്കിടയില്‍ നോമ്പ് തുറക്കേണ്ടവര്‍ക്ക് സൗകര്യമൊരുക്കുന്ന ഈ സമ്പ്രദായവും തീര്‍ത്തും ശ്ലാഘനീയമത്രെ.

അതോടൊപ്പം തന്നെ ഇസ്‌ലാം ഒരു നിലക്കും അംഗീകരിക്കാത്ത ചില ദുശ്ശീലങ്ങളും സൗദി സമൂഹത്തില്‍ വ്യാപകമാണെന്ന് പറയാതെ വയ്യ. ഭക്ഷണ വസ്തുക്കളുടെ അമിതോപഭോഗവും, ആര്‍ക്കുമാര്‍ക്കുമുപകാരപ്പെടാതെ പാഴാക്കലുമെല്ലാം അവയില്‍ പെട്ടതാണ്. കൂടാതെ സ്ത്രീകള്‍  അധികസമയം അടുക്കളജോലികളില്‍ വ്യാപൃതരാകുന്നതും ചിലപ്പോഴൊക്കെ  അതിനായി നോമ്പുപേക്ഷിക്കുന്നതും ഒട്ടും ആശാസ്യമല്ല.

About ramadan padasala

Check Also

റമദാന്‍ ഇറ്റലിയില്‍

യൂറോപ്പിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് ഇറ്റലി. ഏകദേശം 57 മില്യണ്‍ ജനങ്ങളാണ് അവിടെയുള്ളത്. ഇറ്റലിയിലെ സുപ്രധാന പട്ടണം തലസ്ഥാന …

Leave a Reply

Your email address will not be published. Required fields are marked *