Home / Article / റമദാന്‍ പുണ്യം കുട്ടികള്‍ക്കും

റമദാന്‍ പുണ്യം കുട്ടികള്‍ക്കും

റബീഅ് ബിന്‍ മുഅവ്വദില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ‘ഞങ്ങള്‍ നോമ്പെടുക്കുകയും ഞങ്ങളുടെ കുഞ്ഞുങ്ങളെ നോമ്പെടുപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞങ്ങളവര്‍ക്ക് തുകല്‍ കൊണ്ടുള്ള കളിപ്പാട്ടം ഉണ്ടാക്കിക്കൊടുക്കും. അവരിലാരെങ്കിലും ഭക്ഷണത്തിനായി കരഞ്ഞാല്‍ ഞങ്ങളത് നല്‍കും. നോമ്പുതുറക്കുന്നത് വരെ ഞങ്ങളങ്ങനെ അവരെ പിടിച്ച് നിര്‍ത്തും. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല എന്നുതന്നെയാണ് പണ്ഡിതാഭിപ്രായം. പക്ഷേ അവരെ പരിശീലിപ്പിക്കുന്നത് ഉത്തമമാണ്. കുട്ടികള്‍ക്ക് നമസ്‌കാരം പഠിപ്പിക്കുകയെന്ന പ്രവാചക വചനത്തോട് ഖിയാസ് നടത്തിയാണ് അവരപ്രകാരം ചെയ്തിരുന്നത്. നബിതിരുമേനി(സ) പറയുന്നു: ‘ഏഴുവയസ്സാവുമ്പോള്‍ കുട്ടികളോട് നമസ്‌കരിക്കാന്‍ കല്‍പിക്കുക, പത്തുവയസ്സായാല്‍ അതിന്റെ പേരില്‍ അടിക്കുക’.

റമദാനില്‍ മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ നിര്‍വഹിക്കേണ്ടുന്ന കാര്യങ്ങളാണ് താഴെ :-

1- റമദാനെ സ്വീകരിക്കുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കുകയും അതിന്റെ ഭാഗമായി വീട് അലങ്കരിക്കുകയും ചെയ്യുക. പുതിയ സന്ദര്‍ശകന്റെ പ്രാധാന്യം കുട്ടികള്‍ മനസ്സിലാക്കുന്നതിന് ഇത് സഹായകമാകുന്നതാണ്.

2- റമദാന്റെ തുടക്കത്തില്‍ സന്താനങ്ങളുടെ കൂടെ ഇരിക്കുക. റമദാന്റെ ശ്രേഷ്ഠതയെക്കുറിച്ചും തുറന്നുവെക്കപ്പെട്ട സ്വര്‍ഗ കവാടങ്ങളെക്കുറിച്ചും അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുക. എല്ലാവര്‍ക്കും നന്മ അധികരിപ്പിക്കാനും അല്ലാഹുവിന്റെ സാമീപ്യം തേടാനുമുള്ള അവസരമാണതെന്ന് പഠിപ്പിക്കുക. അവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ അല്ലാഹുവെയും അവനെ ഇഷ്ടപ്പെടേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് പറയുക.

3- സമയം ഉപയോഗപ്പെടുത്തുന്നതിനാവശ്യമായ വ്യവസ്ഥ ഓരോ ദിവസത്തിനും അവര്‍ക്ക് നിശ്ചയിച്ചുനല്‍കുക. പഠനത്തിനും, ആരാധനക്കും വിശ്രമത്തിനും പ്രത്യേകം സമയം നിര്‍ണയിക്കുക.

4- നാം അവരെ പരിശീലിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആരാധനാ കര്‍മങ്ങള്‍ക്ക് സമയം കണ്ടെത്തുക. നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥനകള്‍, വിട്ടുവീഴ്ച, കരുണ, അനുസരണം തുടങ്ങിയ സ്വഭാവ ഗുണങ്ങള്‍ തുടങ്ങിയവ അവയില്‍ പരമപ്രധാനമാണ്.

5- നാം റമദാനില്‍ നിന്ന് നന്മ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക. വീട്ടുകാര്യങ്ങളില്‍ അവരുടെ സഹായവും സഹകരണവും ലഭിക്കാന്‍ അത് വഴിയൊരുക്കിയേക്കും. അവര്‍ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ ജോലികള്‍ നല്‍കുക. അവരുടെ തന്നെ റൂമുകള്‍, വസ്ത്രങ്ങള്‍, ബുക്കുകള്‍ തുടങ്ങിയവ വ്യവസ്ഥപ്പെടുത്തുന്ന പണിയായിരിക്കും ഉചിതമാവുക.

6- നോമ്പിന്റെ കാര്യത്തില്‍ കുട്ടികളെ പടിപടിയായി പരിശീലിപ്പിക്കുക. കുറച്ച് മണിക്കൂറുകള്‍, പിന്നീട് ഒന്നിടവിട്ട ദിവസങ്ങള്‍ തുടങ്ങിയ രീതികള്‍ സ്വീകരിക്കാവുന്നതാണ്. അവര്‍ നോറ്റ നോമ്പിന് പ്രതിഫലം നല്‍കുകയും അവരെ പ്രോല്‍സാഹിക്കുകയും ചെയ്യുക. നോമ്പനുഷ്ഠിക്കാത്തവരാണെങ്കില്‍ പോലും അത്താഴത്തിനും നോമ്പുതുറക്കും അവരെ ഉണര്‍ത്തുക. പ്രാര്‍ത്ഥനകള്‍ കേള്‍ക്കാനും, മതപരമായ ചടങ്ങുകള്‍ മനസ്സിലാക്കാനും അത് അവരെ സഹായിക്കുന്നതാണ്.

7- പെണ്‍കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കുക. വിശിഷ്യ അവരില്‍ പ്രായപൂര്‍ത്തിയോട് അടുത്തവരുടെ കാര്യത്തില്‍. അവര്‍ക്ക് നോമ്പിന്റെ കര്‍മശാസ്ത്രം പഠിപ്പിക്കുക.

8- കുട്ടികളെ നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പരിശീലിപ്പിക്കുക. ഖുര്‍ആന്‍ പാരായണം കേള്‍പിക്കുകയും അതിനെ അനുധാവനം ചെയ്യാന്‍ ശീലിപ്പിക്കുകയും ചെയ്യുക.

9- റമദാനില്‍ ദാനധര്‍മം നടത്താന്‍ പഠിപ്പിക്കുക. അവരുടെ കയ്യിലുള്ള വളരെ നിസ്സാരമെന്ന് നമുക്ക് തോന്നിയേക്കാവുന്ന വസ്തുക്കള്‍ കൂട്ടുകാര്‍ക്ക് നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുക. സ്വദഖയുമായി ബന്ധപ്പെട്ട ചെറിയ കഥകള്‍ അവര്‍ക്ക് പറഞ്ഞുക്കൊടുക്കുക.

10- രാത്രി നമസ്‌കാരത്തിനും പ്രഭാത നമസ്‌കാരത്തിനും അവരെ പള്ളിയിലേക്ക് കൂടെകൂട്ടുക.

11- നോമ്പും നമസ്‌കാരവും സ്വീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് ചില പ്രാര്‍ത്ഥനകള്‍ പഠിപ്പിക്കുകയും ചെയ്യുക.

About

Check Also

ഇതായേക്കുമോ നമ്മുടെ അവസാന റമദാന്‍ ?

വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ വിശുദ്ധ റമദാന്റെ ആദ്യ ദിനരാത്രങ്ങള്‍ നമുക്ക് നഷ്ടപ്പെടാറാണ് പതിവ്. വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യവും, നോമ്പിന്റെ യാഥാര്‍ത്ഥ ശക്തിയും …

Leave a Reply

Your email address will not be published. Required fields are marked *