Home / Article / റമദാനിലെ ആഹാരമര്യാദകള്‍

റമദാനിലെ ആഹാരമര്യാദകള്‍

എത്രയെത്ര നോമ്പുകള്‍ നമ്മുടെ ആയുസ്സിലൂടെ കടന്നുപോകുന്നു. സൂക്ഷ്മതയുള്ളവരാവാന്‍ ഏറ്റവും നല്ല ആരാധനാകര്‍മമായി വ്രതാനുഷ്ഠാനത്തെ അല്ലാഹു നിശ്ചയിച്ചിട്ടും അത് പ്രയോജനപ്പെടുത്താതെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും വക്താക്കളായി സമൂഹം മാറിയില്ലേ? വ്രതകാലം പോലും അതിന്നപവാദമാണോ? നമ്മുടെ ജൈവസമ്പത്തെവിടെ? സമൃദ്ധിയായി ലഭിച്ചിരുന്ന മഴയെവിടെ? 

താങ്ങും തണലുമായി തീരേണ്ട മക്കള്‍ ലഹരിക്കും മദ്യത്തിനും ഭൗതികതയ്ക്കും അടിമകളായി ജീവിതത്തിന്റെ പിന്നാമ്പുറത്തേക്ക് മാറിക്കൊണ്ടിരിക്കുകയല്ലേ?

ഭൗതിക സ്വാസ്ഥ്യത്തിനായി കണ്ടുപിടിച്ച എല്ലാ സൗകര്യങ്ങളും തിരിച്ചടിയായി വന്നുകൊണ്ടിരിക്കുന്നത് പ്രകടമാണിന്ന്. വിശ്വസിക്കാനാവാത്ത വാര്‍ത്തകളാണ് ദിനേന കേട്ടുകൊണ്ടിരിക്കുന്നത്. ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും കണ്ണഞ്ചിക്കുന്ന നിറവും മനംകവരുന്ന മണവും കൊണ്ട് ആര്‍ഭാടകരമായി അലങ്കരിച്ച ഭക്ഷണസാധനങ്ങള്‍ കഴിച്ചതുമൂലം മരണംവരെ സംഭവിച്ച റിപ്പോര്‍ട്ടുകള്‍ നാം വായിച്ചു. തുടര്‍ന്ന് നടന്ന പരിശോധനകള്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുകൊണ്ടുവന്നത്.

മലയാളിയുടെ മാറുന്ന ഭക്ഷ്യശീലത്തെ ഒരു തമാശയായോ പുരോഗതിയായോ കാണാനാവില്ല. തങ്ങള്‍ എന്തു കുടിക്കണം, എന്തു കഴിക്കണം എന്ന് നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റു മാനേജ്‌മെന്റുകളാണ്. നമുക്കു നഷ്ടമാകുന്നത് ആത്മാഭിമാനം മാത്രമല്ല, ജീവിക്കാനുള്ള അവകാശം കൂടിയാണ്. ഭഭക്ഷണത്തെ ആയുധമായി’ സ്വീകരിച്ചുകൊണ്ട് ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന ഭഅധിനിവേശ അജണ്ടയെ’ ചെറുത്തു തോല്പിക്കാന്‍ വേണ്ടി കരുത്തും ആര്‍ജവവും ഈ വ്രതം കൊണ്ട് നേടേണ്ടിയിരിക്കുന്നു.

ഹോട്ടലുകളിലെ ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ പരമ്പരാഗത ഭക്ഷണശീലം ഇല്ലാതാകുന്നു എന്നതിനേക്കാള്‍  നിഗൂഢമായൊരു അജണ്ട അതിലൊളിഞ്ഞിരിക്കുന്നു എന്നതാണ് വിശ്വാസി തിരിച്ചറിയേണ്ടത്. കുത്തക കമ്പനികളുടെ വിപണിഉല്‍പന്നങ്ങള്‍ അടിച്ചേല്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന പരസ്യ വാചകങ്ങളില്‍ വിശ്വാസികളും അഭ്യസ്തവിദ്യരും അകപ്പെട്ടതിന്റെ ദാരുണ സ്ഥിതിയാണ് നാം കാണുന്നത്. ലോകത്തെങ്ങുമുള്ള പത്തുവയസ്സിനു താഴെയുള്ള കുട്ടികളെയാണ് കോര്‍പറേറ്റുകള്‍ ഉന്നംവെക്കുന്നത്. അവര്‍ എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം മക്‌ഡൊണാള്‍ഡിനു അടിയറ വെച്ചിരിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നമ്മുടെ മക്കളുടെ രുചി മുകുളങ്ങളെ അവര്‍ മാറ്റിമറിച്ചില്ലേ? വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങളുടെ രുചി മക്കള്‍ക്കിഷ്ടപ്പെടുന്നുണ്ടോ? തീന്‍മേശയിലിരുന്നാല്‍ ഭാര്യയും ഉമ്മയും ഉണ്ടാക്കിയ ഭക്ഷണത്തിന് രുചിയില്ലെന്നു പറഞ്ഞ് റസ്‌റ്റോറന്റുകളിലേക്ക് ഓടിക്കയറുകയല്ലേ നമ്മുടെ മക്കള്‍?
തന്മൂലം  കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ പകര്‍ച്ചവ്യാധിപോലെ പടരുകയാണ്. പ്രമേഹം, ബി പി, കൊളസ്‌ട്രോള്‍, സ്‌ട്രെസ്സ്, ഹാര്‍ട്ട്അറ്റാക്ക്, സ്‌ട്രോക്ക്, കാന്‍സര്‍, പൊണ്ണത്തടി തുടങ്ങിയവയൊക്കെ പകര്‍ച്ചവ്യാധികളായിരിക്കുന്നു.  ഈ ഉത്തരാധുനികരോഗങ്ങള്‍ ഉണ്ടാക്കുന്നത് വൈറസുകളോ കുടിവെള്ളമോ അല്ല, മറിച്ച് മാറിയ ജീവിതശൈലിയും ഭക്ഷണശീലവുമാണ്. പകര്‍ച്ചപ്പനികളോ കോളറയോ അത്തരത്തിലുള്ള മറ്റു രോഗങ്ങളോ മൂലം മരിക്കുന്നതിന്റെ എത്രയോ ഇരട്ടിയാളുകളാണ് ഹാര്‍ട്ട്അറ്റാക്ക്, സ്‌ട്രോക്ക്, കാന്‍സര്‍, പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങള്‍ എന്നിവ മൂലം വര്‍ഷംതോറും മരണപ്പെടുന്നത്.

ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ മനുഷ്യന്റെ ഇഹപര വിജയത്തിന്നാധാരമായി അവതരിച്ചതാണ്. ഖുര്‍ആനിന്റെ ഭക്ഷണാധ്യാപനം അനുസരിച്ച് ജീവിച്ചാല്‍ ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാവുകയില്ലെന്നു തീര്‍ച്ച. സുഖാഢംബരങ്ങളില്‍ മുഴുകി മെയ്യനങ്ങാതെ (വ്യായാമമില്ലാതെ) ഏതു സമയത്തും തിന്നുകയും കുടിക്കുകയും ചെയ്ത് മനസ്സിനെയും ശരീരത്തെയും നശിപ്പിക്കുന്നതിനെതിരെ ഖുര്‍ആനും പ്രവാചകനും താക്കീതു ചെയ്തിട്ടുണ്ട്. ‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍, അമിതമാകരുത്. നിശ്ചയം അമിതമാകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല” (വി.ഖു അല്‍അന്‍ആം:141). വിവര സാങ്കേതിക രംഗത്ത് നാം ഏറെ മുന്നോട്ടുപോയെങ്കിലും അതിപ്രധാനമായ ഭക്ഷണരീതി നമുക്കറിയില്ല. എന്തായിരിക്കണം നമ്മുടെ ഭക്ഷണം! എത്ര തവണ കഴിക്കണം! എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പ്രവാചകന്‍(സ) പറയുന്നു: ഒരാള്‍ക്ക് തന്റെ നട്ടെല്ല് നിവര്‍ന്നിരിക്കാന്‍ മാത്രം ഭക്ഷണം മതി. വയറിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായു സഞ്ചാരത്തിനും നീക്കിവെക്കുക. തന്റെ വയറിനെക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടേയില്ല.”

പകല്‍സമയത്ത് തീറ്റയും കുടിയും മറ്റും ഒഴിവാക്കുകയെന്നതില്‍ കവിഞ്ഞ്, ആത്മസംയമനമോ ജീവിത നിയന്ത്രണമോ പലരും സ്വായത്തമാക്കുന്നില്ല. അതുകൊണ്ടു തന്നെ സാമൂഹിക-രാഷ്ട്രീയ-ആരോഗ്യമേഖലകളില്‍ വ്രതത്തിന്റെ സദ്ഫലങ്ങള്‍ പ്രകടമാകാതെ പോകുന്നു. ആഘോഷവേളകളിലും നോമ്പുതുറ സമയത്തും പ്രഭാതങ്ങളിലും ഭക്ഷണം പൊറോട്ടയാകുന്നത് ഒരു ജനതയുടെ സാംസ്‌കാരിക പാപ്പരത്തത്തെയാണ് കാണിക്കുന്നത്. ഗോതമ്പിന്റെ അവസാന ഉല്പന്നമായ മൈദ ശരീരത്തിന് ഹാനികരമാണെന്നും ദഹനപ്രക്രിയയെ ബാധിക്കുന്നുവെന്നും പ്രഗത്ഭര്‍ മുന്നറിയിപ്പ് തരുമ്പോള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ അതിന്റെ മഹത്ത്വം ചാനലുകളിലും പത്രങ്ങളിലും ഉദ്‌ഘോഷിക്കുകയാണ്. സാമ്പത്തിക ഭദ്രത കൈവന്നപ്പോള്‍ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഭക്ഷണത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്. ചിട്ട തെറ്റാത്ത ആഹാരം, അമിതപോഷണത്തിനുവേണ്ടി അധികാഹാരം, ഒരു നേരമെങ്ങാനും ഭക്ഷണം കഴിക്കാതിരുന്നാല്‍ ആരോഗ്യം തകര്‍ന്നുപോകുമെന്ന ധാരണ ഇതെല്ലാം മനുഷ്യനെ വല്ലാത്ത ഒരവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. സമ്പന്നത കൈവന്നപ്പോള്‍ നാം ശീലിച്ചുവന്ന പുതിയ ഭക്ഷണ ശീലം  വ്രതത്തിന്റെ അന്തഃസത്തയെ നിരാകരിക്കുന്നു. അമിത ഭക്ഷണം, ദുഷിച്ച ഭക്ഷണം, ആര്‍ഭാടഭക്ഷണം എന്നിവ തൊണ്ണൂറു ശതമാനം രോഗത്തിനും കാരണമാകുന്നുവെന്ന് പ്രകൃതി ചികിത്സാ സിദ്ധാന്തം ഉദ്‌ഘോഷിക്കുന്നു. ഭഭക്ഷിക്കുക അമിതമാകരുത്’ എന്ന ഖുര്‍ആന്‍വചനവും വയറിന്റെ മൂന്നിലൊരു ഭാഗം മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന നബിവചനവും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആഹാര കാര്യത്തില്‍ ആര്‍ഭാടം ഉപേക്ഷിക്കുകയും മിതമായിട്ടു മാത്രം ഭക്ഷിക്കുകയും അനുവദിക്കപ്പെട്ടതും പരിശുദ്ധമായതും മാത്രം ഭക്ഷിക്കുകയും ചെയ്താല്‍ ആരോഗ്യത്തോടെ ജീവിക്കാം.

മഹാനായ ലുഖ്മാന്‍ എന്ന ഭിഷഗ്വരന്‍ തന്റെ മകനോടു പറഞ്ഞു: ‘മകനേ! വയര്‍ നിറയെ ആഹരിക്കരുത്. നിറവയറ്റില്‍ ഓര്‍മകള്‍ മങ്ങും. ജ്ഞാനമണ്ഡലം ബധിരമാകും. അവയവങ്ങള്‍ പരിക്ഷീണമാകും. മിതാഹാരം പ്രയോജനകരമാണ്. അമിതാഹാരം നശീകരണവും. അത് ഹൃദയഭാരം കൂട്ടും. ഹൃദയഭാരം ഹൃത്തിനെയും മനസ്സിനെയും തകര്‍ക്കും.” മിതാഹാരത്തിന്റെയും നോമ്പിന്റെയും ആവശ്യകതയിലേക്കാണ് ഈ മഹദ്‌വചനം വിരല്‍ചൂണ്ടുന്നത്. നാമറിയാതെ  നമ്മുടെ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന വിഷവസ്തുക്കള്‍, ചിട്ടതെറ്റിയ ഭക്ഷണക്രമം, ശുചിത്വമില്ലായ്മ, പ്രതിരോധശേഷിക്കുറവ് എന്നിവയാല്‍ ആരോഗ്യം ക്ഷയിക്കാം. അതിനുള്ള പ്രകൃതിയുടെ പരിഹാരമാണ് നോമ്പ്. നോമ്പ് ആരോഗ്യത്തിന് അനുയോജ്യമാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും സന്തുലിതത്വം  കൈവരുന്നതിലൂടെ സമൂഹത്തില്‍  ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം, മനസ്സമാധാനം, വ്യക്തിബന്ധങ്ങള്‍,  കാര്യങ്ങളോടുള്ള സമീപനം തുടങ്ങി എല്ലാ മേഖലകളും പരിപോഷിക്കപ്പെടുന്നു. നോമ്പ് അല്ലാഹുവിനുള്ളതാണല്ലോ. എഴുപതും എഴുപതിനായിരവും ഇരട്ടി പ്രതിഫലം നല്കുന്നതും അല്ലാഹുവാകുന്നു. അല്ലാഹുവിന്റെ പ്രതിഫലം എഴുപതിനായിരം വഴികളിലൂടെ കടന്നുവരുന്നത് മനുഷ്യര്‍ അറിയുന്നില്ല. രക്തസമ്മര്‍ദമുള്ള രോഗികള്‍, പ്രമേഹമുള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍ക്കുപോലും നോമ്പ് സുഖം നല്കുന്നതായി നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

നമ്മിലധികപേരും വര്‍ഷത്തില്‍ പതിനൊന്നു മാസവും വാരിവലിച്ച് തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവിധ പേരുകളിലുള്ള ആഘോഷങ്ങള്‍ ദിനേന നടക്കുന്നതിനാല്‍ അവയിലെല്ലാം പങ്കെടുത്ത് അമിതവും അഹിതവുമായ ഭക്ഷണം കഴിക്കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. നമ്മുടെ ആരോഗ്യത്തിനനുഗുണമല്ലാത്ത പൊരിച്ചതും വറുത്തതുമായ ഭക്ഷ്യപദാര്‍ഥങ്ങള്‍,  തണുപ്പിച്ച നിറംചേര്‍ന്നപാനീയങ്ങള്‍, ഐസ്‌ക്രീം, വിവിധതരംമത്സ്യങ്ങള്‍, ഇറച്ചികള്‍, അരിഭക്ഷണം, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഒരേ സമയത്ത് തീന്‍മേശയില്‍ വിളമ്പുകയാണ്. റമദാന്‍ ഒരാഘോഷമായി മാറി. പണം കൂടിയപ്പോള്‍ മതശാസനയേക്കാള്‍ മാത്സര്യത്തിനും പെരുമ നടിക്കലിനും പ്രാമുഖ്യം നല്കിയതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നു കാണുന്ന നോമ്പുതുറ. പതിനൊന്നു മാസക്കാലം യഥേഷ്ടം തിന്നുകയും കുടിക്കുകയും ചെയ്ത ആളുകള്‍ ഒരു മാസക്കാലത്തെ നിര്‍ബന്ധ വ്രതാനുഷ്ഠാന സമയത്ത് പതിനൊന്നു മാസത്തെയും കടത്തിവെട്ടിക്കൊണ്ടാണ് ആഹരിക്കുന്നത്. റമദാന്‍ മാസം തുടര്‍ന്നുവരുന്ന പതിനൊന്നു മാസത്തേക്ക് ആത്മനിയന്ത്രണവും ഭക്ഷണനിയന്ത്രണവും ശീലിക്കാന്‍ വേണ്ട ഒരു പരിചയാണ്. എന്നാല്‍ റമദാനില്‍ മറ്റു മാസങ്ങളിലുള്ളതിനേക്കാള്‍ പണം ഭക്ഷണത്തിനും സല്‍ക്കാരത്തിനും വിനോദത്തിനും പൊങ്ങച്ചത്തിനുമായി ചെലവഴിക്കുന്നതായി കാണാം. നോമ്പിന്റെ യഥാര്‍ഥ ചൈതന്യം കളഞ്ഞുകുളിക്കും വിധമാണ്  മുസ്‌ലിം കുടംബങ്ങളിലെ ആര്‍ഭാടംനിറഞ്ഞ നോമ്പുതുറ.

ശരിയായ ഭക്ഷണം, വ്യായാമം, വിശ്രമം, ചിന്ത എന്നിവയെല്ലാം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരിയായ വിശ്രമമെന്നാല്‍ ബാഹ്യവും ആന്തരികവും മാനസികവുമായ വിശ്രമമാണ്. ഇത് ലഭിക്കുന്നത് ഉപവാസത്തിലൂടെ അല്ലെങ്കില്‍ നോമ്പിലൂടെയാണ്. പകലന്തിയോളം നോമ്പനുഷ്ഠിക്കുന്ന ഒരാള്‍ക്ക് പരമ പ്രധാനമായി ലഭിക്കുന്നത് ആന്തരിക വിശ്രമമാണ്. ആന്തരികാവയവങ്ങളായ ആമാശയം, കരള്‍, വൃക്കകള്‍, ആഗ്‌നേയാശയം എന്നിവക്ക് പരമാവധി ജോലികള്‍ കുറയുകയും വിശ്രമം ലഭിക്കുകയും ചെയ്യുന്നു. പതിനൊന്നു മാസക്കാലത്തെ അമിതവും അഹിതവുമായ ആഹാരം മൂലം ക്ഷീണിതമാവുന്ന അവയവങ്ങള്‍ക്ക് നല്ലൊരു വിശ്രമമാണ് നോമ്പുകാലം. ശരീരത്തിന്റെ മൊത്തം ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത് ദഹനേന്ദ്രിയ വ്യവസ്ഥക്കാണ്. അതായത് ഭക്ഷിക്കുക, ദഹിപ്പിക്കുക, മാലിന്യങ്ങള്‍ വിസര്‍ജിക്കുക എന്നീ ക്രിയകള്‍ക്കാണ്. നോമ്പുസമയത്ത് പകല്‍ മുഴുവന്‍ ഒരു തുള്ളി വെള്ളം പോലും കഴിക്കാതെ ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം നല്കുമ്പോള്‍ മിച്ചംവരുന്ന ഊര്‍ജം നമ്മുടെ അവയവങ്ങളെ ഊര്‍ജസ്വലമാക്കുകയും കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, പകല്‍ മുഴുവന്‍ വിശ്രമിച്ച ആമാശയത്തിലേക്ക് നോമ്പുതുറ സമയത്ത് കുത്തിയിറക്കുന്ന ഭക്ഷണ പാനീയങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ എന്തുമാത്രം ക്രൂരതയാണ് നാം സ്വന്തത്തോട് അനുവര്‍ത്തിക്കുന്നതെന്ന്് മനസ്സിലാകും.

റമദാനല്ലാത്ത കാലത്ത് കാണാത്ത അപ്പങ്ങളും ഭക്ഷ്യപദാര്‍ഥങ്ങളുമാണ് റമദാനില്‍ വിപണിയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘പൊറോട്ടക്ക് ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്’ എന്ന ബോര്‍ഡ് മിക്ക സ്ഥലങ്ങളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ഹോട്ടലുകള്‍ നോമ്പുകാലമായാല്‍ മിക്കയിടത്തും തുറക്കാറില്ല. എന്നിട്ടും എന്തു കാര്യം? വഴിയോരങ്ങളില്‍ വിവിധതരം പലഹാരങ്ങള്‍ കൊതിയൂറുന്ന വാസനയോടെ മൂക്കിലേക്കു തുളച്ചുകയറുമ്പോള്‍ ഏതു നോമ്പുകാരനും ഭക്ഷണക്കൊതിവരും. ഇത് നോമ്പിന്റെ പരിശുദ്ധിക്ക് ചേര്‍ന്ന സംസ്‌കാരമല്ല. പ്രതാപത്തിന്റെയും പൊങ്ങച്ചത്തിന്റെയും വഴിവിട്ട സംസ്‌കാരം പ്രത്യക്ഷത്തില്‍ കാണുന്നത് റമദാന്‍കാല വിപണിയിലാണ്.

റമദാന്‍ കാലമായാല്‍ വീടുകളിലെ അവസ്ഥ അതിലും പരിതാപകരമാണ്. പുതിയാപ്ലസല്‍ക്കാരം  നോമ്പ് ഒന്നിനു തുടങ്ങും. ആദ്യത്തെ ആഴ്ചയില്‍ തന്നെ സല്‍ക്കരിച്ചില്ലെങ്കില്‍ പുതിയാപ്ലയുടെ വീട്ടുകാര്‍ക്ക് കുറച്ചിലാണ്. അത് പെണ്‍വീട്ടുകാരുടെ എല്ലാ കാലത്തേക്കുമുള്ള തലവേദനയാകും. അത് ഒഴിവാക്കാന്‍ എല്ലാവരും മത്സരിച്ച് നോമ്പുതുറ സംഘടിപ്പിക്കുകയാണ്. നോമ്പുതുറ സമയത്ത് അതിഥികളും വീട്ടുകാരും കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെ തകര്‍ക്കുന്നതാണ്. നോമ്പുതുറ സമയത്ത് പഞ്ചസാരയും കളറും കലക്കിയ വെള്ളം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചാണ് കുടിക്കുന്നത്. അതിനുശേഷം ചെറിയ നോമ്പുതുറയാണ്. കാരക്ക, ഈത്തപ്പഴം, ഓറഞ്ച്, ആപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളും സമൂസ, മുട്ടമറിച്ചത്, ബ്രെഡ് പൊരിച്ചത്, പഴം നിറച്ചത്, ഉന്നക്കായ, ഉള്ളിവട, പൊക്കവട, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീന്‍പത്തിരി തുടങ്ങി എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും. പകല്‍ മുഴുവന്‍ കാലിയായ വയറിലേക്കാണിതു കഴിക്കുന്നത്. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാല്‍ വലിയ നോമ്പുതുറ. അതിലേക്ക് ഇറച്ചിയും പത്തിരിയും പൊറോട്ടയും ബിരിയാണി നെയ്‌ച്ചോറ് യഥേഷ്ടം. നല്ല കടുപ്പത്തിലുള്ള ചായ വേറെയും. വിവിധ തരം ഇറച്ചികള്‍. എല്ലാം വറുത്തും പൊരിച്ചുമാണ് കഴിക്കുന്നത്. ഇശാഉം തറാവീഹും കഴിഞ്ഞാല്‍ ജീരകക്കഞ്ഞിയോ ചോറോ കഴിക്കുന്നവരുമുണ്ട്. ഇതെല്ലാം ദഹിക്കുന്നതിനു മുമ്പ് ഉറക്കവും തുടങ്ങും. പകല്‍ മുഴുവന്‍ പട്ടിണി കിടന്നതല്ലേ അതിന് പിഴസഹിതം പരിഹാരം കാണാനാണ് മേല്‍പറഞ്ഞ തരാതരം ഭക്ഷണങ്ങള്‍ കഴിക്കുന്നത്.

അത്താഴത്തിന്റെ അവസ്ഥയോ? പകല്‍ മുഴുവന്‍ നോമ്പാണല്ലോ, ഒരു തുള്ളി വെള്ളം പോലും കഴിക്കാന്‍ കഴിയുകയില്ലായെന്ന വിഷമത്തോടെയാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. ഉച്ചക്ക് കഴിക്കുന്ന അതേ രീതിയില്‍ ചോറും കറികളും, നെയ്യും പഴങ്ങളും കുഴച്ചത്, പഴംപാല്‍ അടിച്ചത് തുടങ്ങി പകല്‍ ക്ഷീണം അനുഭവിക്കാതിരിക്കാനുള്ള അതിഗംഭീരമായ വിഭവങ്ങളോടെ നോമ്പാരംഭിക്കുന്നു. ഇത് വയറുനിറയെ കഴിച്ച് സുബ്ഹ് നമസ്‌കാരവും കഴിഞ്ഞ് വീണ്ടും ഉറക്കമായി. പകല്‍ പതിനൊന്നു മണിവരെ ഉറങ്ങുന്നവരുണ്ട്.

ഇവിടെ നോമ്പുകൊണ്ട് ഉദ്ദേശിക്കുന്ന ആത്മീയവും ശാരീരികവുമായ ശുദ്ധീകരണം നടക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചാല്‍ അത് ദഹിക്കാന്‍ നാലോ അഞ്ചോ മണിക്കൂര്‍ എടുക്കും. ഉറങ്ങിയാല്‍ ഉറക്കമുണരുന്നത് മുതല്‍ ദഹനം നടക്കാന്‍ അത്രയും സമയം വീണ്ടും എടുക്കും. ഇങ്ങനെ നാം നോമ്പു തുടങ്ങുമ്പോഴും നോമ്പു അവസാനിക്കുമ്പോഴും ഭക്ഷണം കഴിക്കുകയാണെങ്കില്‍ നോമ്പുകൊണ്ടു ലഭിക്കേണ്ട ഗുണം കിട്ടുകയുമില്ല. നോമ്പു കാലത്തും ആമാശയത്തില്‍ ഭക്ഷണം ഒഴിഞ്ഞ നേരം കാണില്ല. അതുകൊണ്ടുതന്നെ നോമ്പുകാലം തീരുന്ന മുറക്ക്   ആളുകള്‍ രോഗിയാവുകയാണ് ചെയ്യുന്നത്.

ഇമാം ഗസ്സാലി തന്റെ ഇഹ്‌യാ ഉലുമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് വളരെ പ്രസക്തമാണ്: ‘വിശക്കുമ്പോഴല്ലാതെ കൈ വായിലേക്ക് ഉയര്‍ത്താതിരിക്കുകയാണ് ഭക്ഷണമര്യാദ. ഭക്ഷിക്കുകയാണെങ്കില്‍ വിശപ്പു പറ്റെ ഒടുങ്ങും മുമ്പ് കൈ പിന്‍വലിക്കുകയും വേണം. ഇതാരെങ്കിലും ശീലമാക്കിയാല്‍ അവന് വൈദ്യനെ കാണേണ്ടിവരില്ല.” ഖുര്‍ആനിലെ സൂറതു മുഹമ്മദില്‍ സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും അവസ്ഥ പരിചയപ്പെടുത്തുന്നിടത്ത് സത്യനിഷേധികള്‍ സുഖമനുഭവിക്കുകയും നാല്ക്കാലികള്‍ തിന്നുന്നതുപോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നു. അവരുടെ സങ്കേതം നരകമാണെന്ന് വ്യക്തമാക്കുന്നു.

നോമ്പുകൊണ്ട് ഉദ്ദേശിക്കുന്ന ആന്തരികമായ ശുദ്ധീകരണം നടക്കണമെങ്കില്‍ നാമെന്താണ് ചെയ്യേണ്ടത്? ബാഹ്യവും ആന്തരികവും മാനസികവുമായ വിശ്രമത്തിലൂടെ മനോനിയന്ത്രണം ലഭിക്കുകയും ആത്മീയതലത്തിലേക്ക് ഉയരുകയും വേണം. അതിനുതകുന്ന ചിന്തകളും ഭക്ഷണ രീതിയുമായിരിക്കണം നമ്മുടേത്. പതിനൊന്നു മാസത്തെ ശാരീരിക കേടുപാടുകളും മനസ്സിന്റെ ജീര്‍ണതകളും മാറ്റിയെടുക്കാന്‍ വേണ്ടത്ര ഊര്‍ജം സംഭരിക്കേണ്ടതുണ്ട്. ചില മാതൃകകള്‍ വിവരിക്കാം:

1). പകല്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കുന്നയാള്‍ക്ക് നോമ്പ് അവസാനിക്കുമ്പോള്‍ വേണ്ടത് വേണ്ടത്ര ശുദ്ധജലമാണ്. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാത്ത കളറോ പഞ്ചസാരയോ ചേര്‍ക്കാത്ത ശുദ്ധജലം ആവശ്യാനുസരണം കഴിക്കുക. അതോടൊപ്പം കാരക്കയോ ഈത്തപ്പഴമോ മറ്റേതെങ്കിലും പഴങ്ങളോ ആവശ്യത്തിനു കഴിക്കുക. റവക്കഞ്ഞി, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവയൊന്നും കഴിക്കരുത്. ഇങ്ങനെ പഴങ്ങളും പച്ചവെള്ളവും കൊണ്ട് നോമ്പ് തുറന്നാല്‍ പിന്നീട് രണ്ട് മണിക്കൂര്‍ കഴിഞ്ഞേ ആഹാരം കഴിക്കാവൂ.

2). മഗ്‌രിബും ഇശാഉം തറാവീഹും കഴിഞ്ഞശേഷം പ്രധാനഭക്ഷണം മിതമായി കഴിക്കാം. പ്രധാന ഭക്ഷണത്തില്‍ പത്തിരി, എണ്ണയില്ലാത്ത ചപ്പാത്തി, ഓട്ടയട, ഇടിയപ്പം ഉഴുന്ന് ചേര്‍ക്കാത്ത ദോശ, ജീരകക്കഞ്ഞി എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉള്‍പ്പെടുത്താം. ഇതോടൊപ്പം വേവിച്ച പച്ചക്കറി കറികളും, കാരറ്റ്, ബീറ്റ്‌റൂട്ട്, കക്കിരി, കോവക്ക തുടങ്ങിയവകൊണ്ട് സലാഡും കഴിക്കാം. ഇതിലേക്ക് നിര്‍ബന്ധമുള്ളവര്‍ക്ക് എണ്ണയില്‍ പൊരിക്കുകയോ വറുക്കുകയോ ചെയ്യാത്ത മീന്‍, ഇറച്ചി എന്നിവ അധികം എരിവ്, പുളി, മസാലകള്‍ എന്നിവ ചേര്‍ക്കാതെ കറിവെച്ച് കഴിക്കാം. ശരിയായ ശോധനയ്ക്ക് ഫൈബറടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുകൊണ്ട് ധാരാളം ഇലക്കറികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

നോമ്പു വരുമ്പോഴേക്കും മിക്ക വീടുകളിലും കിലോ കണക്കിന് മല്ലിയും മുളകും വറുത്തുപൊടിച്ചുവെക്കും. നാളികേരം വറുത്തുപൊടിച്ച് ഭരണിയിലാക്കും. എന്നാല്‍ അമിതമായ കൂട്ടുകള്‍ ചേര്‍ത്ത കറികള്‍ കഴിക്കാതിരിക്കുക. എരുവിന് പച്ചമുളക്, ഇഞ്ചി എന്നിവ മതിയാകും. ജീരകക്കഞ്ഞി നല്ലൊരു ഭക്ഷണമാണ്. നോമ്പ് തുറക്കുമ്പോള്‍ പഴങ്ങള്‍ കഴിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ജീരകക്കഞ്ഞി, ചമ്മന്തി, ഇലക്കറികള്‍ എന്നിവ കഴിച്ചാല്‍ വളരെ പോഷകസമൃദ്ധമായ ഭക്ഷണമായി. സ്ത്രീകള്‍ക്ക് നോമ്പുകാലത്തെ അധ്വാനവും കുറഞ്ഞുകിട്ടും. ഈ ഭക്ഷണത്തിന് ശേഷം രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞുവേണം ഉറങ്ങാന്‍. ഉറങ്ങുന്നതിന് മുമ്പ് ദഹനം നടക്കാന്‍ വേണ്ടിയാണിത്. നോമ്പ് തുടങ്ങുന്നത്് പഴങ്ങള്‍ കൊണ്ടായിരിക്കുക. പഴങ്ങള്‍ കഴിക്കുക. ധാരാളം വെള്ളവും കുടിക്കുക.

3). നോമ്പ് തുറക്കുമ്പോള്‍ വേണ്ടത്ര പച്ചവെള്ളവും പഴങ്ങളും കഴിക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ധാരാളം പച്ചയായി കഴിക്കാവുന്ന പച്ചക്കറികളും വേവിച്ച പച്ചക്കറികളും ഇലക്കറികളുംചേര്‍ത്ത് എണ്ണയില്ലാത്ത ഏതെങ്കിലും പലഹാരത്തോടൊപ്പം കഴിക്കുക. നോമ്പ് ആരംഭിക്കുമ്പോള്‍ ചപ്പാത്തിയോ കഞ്ഞിയോ കറികളോ ആവാം. ഒപ്പം പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്.

4). നോമ്പ് തുറക്കുമ്പോള്‍ ധാരാളം ശുദ്ധജലവും പഴങ്ങളും കഴിക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വേണ്ടത്ര പഴങ്ങള്‍ കഴിക്കുക. അത്താഴത്തിന് കാരറ്റ്, കക്കരി, കാബേജ്, ബീറ്റ്‌റൂട്ട്, കോവക്ക തുടങ്ങിയ പച്ചയായി കഴിക്കാവുന്നവ കൊണ്ട് സലാഡും മല്ലിച്ചെപ്പ്, കറിവേപ്പില, നാളികേരം, പച്ചമുളക് എന്നിവ ചേര്‍ത്തരച്ച ചമ്മന്തിയും വേണ്ടത്ര കഴിക്കുക. ശുദ്ധജലം വേണ്ടത്രയാകാം. ഭക്ഷിക്കുമ്പോള്‍ ഒരുമിച്ച് വെള്ളം കുടിക്കാതിരിക്കുക. ഈ രീതിയില്‍ ഭക്ഷണം ശീലിച്ചാല്‍ അടുക്കളയില്‍ തീ കൂട്ടേണ്ടി വരില്ല. ഇന്ധനലാഭം ലഭിക്കും. ജോലിഭാരം കുറയും. സമയലാഭം ഉണ്ടാകും. ആന്തരികവും ബാഹ്യവുമായ യഥാര്‍ഥ വിശ്രമവും ലഭിക്കും. ശുദ്ധജലം ബാഹ്യദേഹത്തെ വൃത്തിയാക്കുന്നതുപോലെ ആന്തരികാവയവങ്ങളുടെയും ശുചീകരണം നടത്തുന്നു.

ആഹാരനിയന്ത്രണമാണ് എല്ലാറ്റിന്റെയും നിദാനം. ഭൗതികാസക്തി ഉപഭോഗസംസ്‌കാരത്തെ വളര്‍ത്തുകയും സര്‍വനാശത്തിലേക്ക് ചെന്നുഭവിക്കുകയും ചെയ്യുന്നത് നാം ദിനേന കണ്ടുകൊണ്ടിരിക്കുന്നു. ആദമിന്(അ) ആദ്യം കൊടുത്ത കല്പനയും ആഹാരനിരോധനമായിരുന്നു. അത് ലംഘിച്ചതിന്റെ ഫലമാണ് സ്വര്‍ഗത്തില്‍ നിന്ന് പുറത്തായത്. ആ നിരോധനം ഇന്നും മനുഷ്യര്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ലംഘനം പരൗഷധം എന്നാണല്ലോ ആയുര്‍വേദ വിധിയും.

ഖദീജ നര്‍ഗീസ് 

About

Check Also

ഇതായേക്കുമോ നമ്മുടെ അവസാന റമദാന്‍ ?

വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ വിശുദ്ധ റമദാന്റെ ആദ്യ ദിനരാത്രങ്ങള്‍ നമുക്ക് നഷ്ടപ്പെടാറാണ് പതിവ്. വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യവും, നോമ്പിന്റെ യാഥാര്‍ത്ഥ ശക്തിയും …

Leave a Reply

Your email address will not be published. Required fields are marked *