Home / Hadith / പ്രവാചകന്റെ പെരുന്നാള്‍ സുദിനം

പ്രവാചകന്റെ പെരുന്നാള്‍ സുദിനം

പതിനാലു നൂറ്റാണ്ടുകള്‍ക്ക് അപ്പുറമോ അതിനുശേഷമോ ഇത്രമാത്രം സൂക്ഷമമായും വിശദമായും ഒരു മനുഷ്യന്റെ ജീവചരിത്രവും ഇതുവരെയും ഏഴുതപ്പെട്ടിട്ടില്ല. പ്രവാചകന്‍(സ)യുടെ ജീവിതത്തിലെ ഓരോ അനക്കങ്ങളും വളരെ സൂക്ഷമായി രേഖപ്പെടുത്തിയരേഖ (ഹദീസ്) ഇന്നും നമ്മുടെ കരങ്ങളിലുണ്ട്. വിശ്വാസി സമൂഹത്തിന് എക്കാലവും ഒരു മാര്‍ഗരേഖയാണത്.
ഈദ് ആഘേഷത്തിന്റെ ഈ സുവര്‍ണവേളയിലും നമുക്ക് പ്രവാചകന്റെ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാം. എങ്ങനെയായിരുന്നു പ്രവാചകന്‍(സ)യുടെ പെരുന്നാള്‍? വിശ്വാസയോഗ്യമായ ഹദീസുകളില്‍ പ്രവാചകന്റെ പെരുന്നാള്‍ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്.

മുസ് ലിംങ്ങളുടെ ആഘോഷ ദിനം
അനസുബ്‌നു മാലിക്ക്(റ): എല്ലാവര്‍ഷവും വിനോദത്തില്‍ ഏര്‍പ്പെടുന്ന രണ്ട് ദിവസങ്ങള്‍ ജാഹിലിയ്യാകാലത്തെ ആളുകള്‍ക്കുണ്ടായിരുന്നു. നബി(സ)മദീനയില്‍ വന്നപ്പോള്‍ പറഞ്ഞു: വിനോദത്തില്‍ ഏര്‍പ്പെടാന്‍ രണ്ട് ദിവസങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരുന്നു. അല്ലാഹു നിങ്ങള്‍ക്ക് അതിലും ഉത്തമമായ രണ്ട് ദിവസങ്ങള്‍ നല്‍കിയിരിക്കുന്നു. അവ ചെറിയപെരുന്നാളും ബലിപെരുന്നാളുമാണ്. (നസാഈ)

ഫിത്വര്‍ സക്കാത്ത്
ഇബ്‌നു ഉമര്‍ (റ) പ്രസ്താവിക്കുന്നു: ജനങ്ങള്‍ ചെറിയപെരുന്നാള്‍ ദിനത്തില്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കാന്‍ റസൂല്‍(സ) ഞങ്ങളോട് കല്‍പിച്ചു.

കുളിച്ചൊരുങ്ങി
ഇബ്‌നു അബ്ബാസ്(റ): നബി (സ) ചെറിയപെരുന്നാളിനും ബലിപെരുന്നാളിനും കുളിക്കാറുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ കുളിക്കാന്‍ അദ്ദേഹം തന്റെ കുടുംബത്തോട് കല്‍പ്പിച്ചിരുന്നു. (ഇബ്‌നുമാജ)

പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്
അബൂരിംസ(റ): നബി(സ) പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടു. നബി(സ) പച്ച നിറത്തിലുള്ള രണ്ടു പുതുവസ്ത്രങ്ങള്‍ ധരിച്ചിരുന്നു. (നസാഇ)

ഭക്ഷണം കഴിച്ച് ഈദ്ഗാഹിലേക്ക്
ബുറൈദ(റ): ചെറിയപെരുന്നാള്‍ ദിവസം എന്തെങ്കിലും കഴിക്കാതെ നബി(സ) പുറത്തുപോകാറില്ലായിരുന്നു. ബലിപെരുന്നാള്‍ ദിവസം നമസ്‌കാരം കഴിഞ്ഞ് മടങ്ങും വരെ യാതൊന്നും ഭക്ഷിക്കാറുമില്ലായിരുന്നു. (തുര്‍മുദി, ഇബ്‌നുമാജ)

ഈദ്ഗാഹിലേക്കുള്ള യാത്ര
ഇബ്‌നു ഉമര്‍ (റ): നബി(സ)പെരുന്നാള്‍ നമസ്‌കാരത്തിന് ഒരു വഴിയിലൂടെ പുറപ്പെടുകയും,മറ്റൊരു വഴിക്ക് മടങ്ങുകയും ചെയ്യാറുണ്ടായിരുന്നു. (ഇബ്‌നുമാജ, അബൂദാവൂദ്)

മഴയുളളപ്പോള്‍ പള്ളിയില്‍ വെച്ച് നമസ്‌കാരം
അബൂഹുറൈറ(റ): മഴയുള്ള ഒരു ദിവസം നബി(സ) അവരെയുമായി പളളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കരിച്ചു. (ഇബ്‌നുമാജ, അബൂദാവൂദ്)

പെരുന്നാള്‍ നമസ്‌കാരത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം
ഉമ്മു അത്വീയ്യ (റ) : ചെറിയപെരുന്നാളിനും ബലിപെരുന്നാളിനും മുസല്ലയിലേക്ക് സ്ത്രീകളെകൊണ്ടുപോകാന്‍ നബി(സ)ഞങ്ങളോട് കല്‍പ്പിച്ചു. കന്യകമാരെയും അന്തപ്പുരത്തില്‍ കഴിഞ്ഞുകൂടുന്നവരെയും (മറയില്‍ കഴിയുന്നവര്‍), ആര്‍ത്തവകാരികളെയും. ആര്‍ത്തവമുള്ളവര്‍ നിസ്‌കാരത്തില്‍ നിന്ന് മാറി നില്‍ക്കണം. നന്മചെയ്യുന്നതിലും, മുസ് ലിംകളുടെ പ്രാര്‍ഥനകളിലും പങ്കെടുക്കണം. ഞാന്‍ നബിയോട് ചോദിച്ചു: മൂടുപടം ഇല്ലാത്ത സ്ത്രീകളോ? നബി(സ)പറഞ്ഞു: തന്റെ സഹോദരി അവളുടെ മൂടുപടം ഇല്ലാത്തവള്‍ക്കു നല്‍കട്ടെ. (മുസ് ലിം)

ഈദ്ഗാഹിലെ സുന്നത്ത് നമസ്‌കാരം
ഇബ്‌നു അബ്ബാസ്(റ): നബി(സ)പെരുന്നാള്‍ ദിവസം രണ്ട് റക്അത്ത് നമസ്‌കരിച്ചു. അതിന് മുമ്പോ ശേഷമോ നിസ്‌കരിച്ചില്ല. (നസാഇ)

ഖുതുബക്ക് മുമ്പ് നമസ്‌കാരം
ഇബ്‌നു അബ്ബാസ്(റ) : നബി(സ), അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരോടൊപ്പം ഞാന്‍ ചെറിയപെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവരെല്ലാം ആദ്യം നിസ്‌കാരവും പിന്നീട് പ്രസംഗവുമാണ് നിര്‍വഹിച്ചിരുന്നത്. (ബുഖാരി, മുസ് ലിം)

ഇമാമിനു മുന്നിലെ മറ
ഇബ്‌നു ഉമര്‍(റ): കുന്തമുനയുള്ള വടിയുമായി നബി(സ) പ്രഭാതത്തില്‍ പെരുന്നാള്‍ ദിവസം നിസ്‌കാരസ്ഥലത്തേക്ക് പോകും. നിസ്‌കാരസ്ഥലത്തെത്തിയാല്‍ ആ വടി തന്റെ മുന്നില്‍ നാട്ടുകയും, അതിലേക്ക് തിരിഞ്ഞ് നിസ്‌കരിക്കുകയും ചെയ്യും. നിസ്‌കാര സ്ഥലം തുറസ്സായതായിരുന്നു. മറക്കാനായി ഒന്നുമില്ലാത്തതിനാലായിരുന്നു ഇത്. (ബുഖാരി, ഇബ്‌നു മാജ)

ബാങ്ക്, ഇഖാമത്ത്
ഇബ്‌നു അബ്ബാസ്(റ): നബി(സ)യും അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ (റ) തുടങ്ങിയവരും ബാങ്കോ, ഇഖാമത്തോ കൂടാതെ പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ചു. (ഇബ്‌നുമാജ, അബൂദാവൂദ്)

റക്അത്തുകളുടെ എണ്ണം
ഉമര്‍(റ): ചെറിയപെരുന്നാള്‍ നിസ്‌കാരവും ബലിപെരുന്നാള്‍ നിസ്‌കാരവും യാത്രക്കാരന്റെ നിസ്‌കാരവും ജുമുഅ: നിസ്‌കാരവും ഈരണ്ട് റക്അത്തുകള്‍ ആണ്. അത് പൂര്‍ണ്ണമാണ്. ചുരുക്കം(ഖസ്വര്‍)അല്ല. ഇത് നബി(സ)യുടെ നാവിലൂടെ ചര്യയാക്കപ്പെട്ടതാണ്. (നസാഇ)

നമസ്‌കാരത്തിലെ തക്ബീറുകള്‍
നബി(സ)യുടെ ബാങ്കുവിളിക്കാരനായ സഅ്ദുബ്‌നു ആഇദ്(റ): നബി(സ)രണ്ട് പെരുന്നാള്‍ നിസ്‌കാരങ്ങളില്‍ ആദ്യത്തെ റക്അത്തില്‍ ഖിറാഅത്തിനുമുമ്പ് ഏഴു തക്ബീറും, രണ്ടാമത്തെ റക്അത്തില്‍ ഖിറാഅത്തിനു മുമ്പ് അഞ്ച് തക്ബീറും ചൊല്ലിയിരുന്നു. (ഇബ്‌നു മാജ)

ഖുര്‍ആന്‍ പാരായണം
ഉബൈദുല്ലാഹിബ്‌നു അബ്ദുല്ല(റ): ഉമര്‍(റ) അസുവാഖിദുല്ലൈസിയോടു ചോദിച്ചു: ചെറിയ നിസ്‌കാരത്തിലും ബലിപെരുന്നാള്‍ നിസ്‌കാരത്തിലും നബി(സ)എന്തായിരുന്നു ഓതിയിരുന്നത് ? അദ്ദേഹം പറഞ്ഞു: ഖാഫ്, വല്‍ ഖുര്‍ആന്‍…./ ഇഖ്തറബ ലിന്നാസി….. എന്നീ സൂറത്തുകളാണ് ഓതിയിരുന്നത്. (നസാഇ, മുസ് ലിം, അബൂദാവൂദ്, തുര്‍മുദി, ഇബ്‌നു മാജ)

പെരുന്നാള്‍ ഖുത്ബ
അബൂ സഈദുല്‍ ഖുദ്‌രി(റ): നബി(സ) ചെറിയപെരുന്നാള്‍ ദിവസവും, ബലിപെരുന്നാള്‍ ദിവസവും നിസ്‌കാരത്തിനായി മുസ്വല്ല(നിസ്‌കാരസ്ഥലം)യിലേക്ക് പോകും, ആദ്യം നിസ്‌കാരം നിര്‍വ്വഹിക്കും. പിന്നെ ആളുകളെ അഭിമുഖീകരിച്ച് നില്‍ക്കും. എല്ലാവരും അവരവരുടെ സ്വഫ്ഫുകളില്‍ ഇരിക്കുന്നുണ്ടാകും. തുടര്‍ന്ന് നബി(സ) അവരെ ഉപദേശിക്കും. അവരോട് ചില കാര്യങ്ങള്‍ കല്‍പിക്കുകയും, വസ്വിയ്യത്ത് ചെയ്യുകയും ചെയ്യും. എന്തെങ്കിലും കല്‍പിക്കാന്‍ ഉദ്ദേശിച്ചാല്‍ അത് കല്‍പിച്ചശേഷം നബി(സ) പ്രസംഗത്തല്‍ നിന്ന് വിരമിക്കും. (ബുഖാരി, നസാഇ)

മിതമായ ഖുതുബ
ജാബിറുബ്‌നു സമുറ(റ): ഞാന്‍ നബി(സ)യോടൊപ്പം നിസ്‌കരിച്ചിട്ടുണ്ട്. നബി(സ)യുടെ നിസ്‌കാരവും ഖുതുബയും മിതമായിരുന്നു. (നസാഇ)

ഖുതുബ കേള്‍ക്കാനിരിക്കല്‍
അബ്ദുല്ലാഹിബ്‌നു സാഇബ് (റ): പെരുന്നാള്‍ നിസ്‌കാരശേഷം നബി(സ) പറഞ്ഞു: മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് മടങ്ങാം. ഖുതുബ ശ്രവിക്കാന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇവിടെ ഇരിക്കാം (നസാഇ, ഇബ്‌നുമാജ)

ഈദ്ഗാഹില്‍ നിന്ന് മടങ്ങല്‍
അബൂറാഫിഅ് (റ): നബി(സ) പെരുന്നാള്‍ നിസ്‌കാരത്തിന് നടന്നു വരാറുണ്ടായിരുന്നു. ശേഷം പുറപ്പെട്ടതല്ലാത്ത ഒരു വഴിയിലൂടെ മടങ്ങുകയും ചെയ്തിരുന്നു. (ഇബ്‌നു മാജ)

ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാല്‍
സൈദുബ്‌നു അര്‍ഖം(റ): അദ്ദേഹം ഒരാളോടു ചോദിച്ചു: താങ്കള്‍ നബി(സ)യോടൊപ്പം ഒരേ ദിവസം വെള്ളിയാഴ്ച ഖുതുബയിലും, പെരുന്നാല്‍ ഖുതുബയിലും പങ്കെടുത്തിട്ടുണ്ടോ.? അദ്ദേഹം പറഞ്ഞു: അതെ, സൈദുബ്‌നു അര്‍ഖം ചോദിച്ചു: നബി(സ) എന്തായിരുന്നു ചെയ്തിരുന്നത ? അദ്ദേഹം പറഞ്ഞു: നബി(സ) പെരുന്നാള്‍ നിസ്‌കരിച്ചു. പിന്നെ ജുമുഅയില്‍ ഇളവുനല്‍കി. ശേഷം പറഞ്ഞു: നിസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിസ്‌കരിക്കാം. (അബൂദാവൂദ്, നസാഇ, ഇബ്‌നുമാജ)

പെരുന്നാള്‍ ആഘോഷ പരിപാടികള്‍
ആഇശ(റ): (ഒരു പെരുന്നാള്‍ ദിവസം) രണ്ടുപെണ്‍കുട്ടികള്‍ അവരുടെ അടുത്ത് ദഫ്ഫ് മുട്ടി പാടിക്കൊണ്ടിരിക്കുമ്പോള്‍ അബൂബക്കര്‍(റ) കടന്നുവന്നു. നബി(സ) പുതച്ചുമൂടിയിരിക്കുകയായിരുന്നു. അപ്പോള്‍ നബി(സ) മുഖത്തുനിന്ന് തുണിമാറ്റിക്കൊണ്ട് പറഞ്ഞു: അബൂബക്കര്‍ അവരെ വിട്ടേക്കൂ (അവര്‍ പാടട്ടെ) ഇത് ആഘോഷ ദിനമാണല്ലോ. (നസാഇ)

About ramadan padasala

Leave a Reply

Your email address will not be published. Required fields are marked *