Home / Fathwa / പാപകര്‍മങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്നവര്‍ !

പാപകര്‍മങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്നവര്‍ !

റമദാനിലെ നോമ്പനുഷ്ഠിച്ച് പരദൂഷണവും നുണയും പറയുകയും വികാരപൂര്‍വം സ്ത്രീകളെ നോക്കുകയും ചെയ്യുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ ?

ആത്മസംസ്‌കരണത്തിന് ഉതകുകയും നന്‍മയോടുള്ള ആഭിമുഖ്യം ഏറ്റുകയും ദൈവഭക്തി ജനിപ്പിക്കുകയും ചെയ്യുന്ന വ്രതമാണ് പ്രയോജനപ്രദവും സ്വീകാര്യവുമായ വ്രതം. അതിനാല്‍, വിശപ്പും ദാഹവും വികാരനിയന്ത്രണവും മാത്രമല്ലാതൊന്നും ശേഷിക്കാത്ത വിധം നോമ്പിനെ നിഷ്ഫലമാക്കിക്കളയുന്ന വാക്കും പ്രവൃത്തിയും ഉപേക്ഷിക്കേല്‍ നോമ്പുകാരന് നിര്‍ബന്ധമാണ്.

തിരുദൂതര്‍ പറയുന്നു: ‘നോമ്പ് ഒരു പരിചയാണ് നിങ്ങളാരെങ്കിലും നോമ്പുനോറ്റാല്‍ ഭാര്യാസമ്പര്‍ക്കം അരുത്; അവിവേകം പ്രവര്‍ത്തിക്കയുമരുത്. ആരെങ്കിലും ശകാരിക്കുകയോ അവനോട് പോരിന്നു വരുകയോ ചെയ്താല്‍ ‘ഞാന്‍ നോമ്പുകാരനാണ്’ എന്നവന്‍ പറയട്ടെ!’ നബി(സ) മറ്റൊരിക്കല്‍ പറഞ്ഞു: ‘നോമ്പുകൊണ്ട് വിശപ്പുമാത്രവും രാത്രിനമസ്‌കാരംകൊണ്ട് ഉറക്കമിളയ്ക്കല്‍ മാത്രവും ശേഷിക്കുന്ന എത്രയെത്ര നോമ്പുകാരും നമസ്‌കാരക്കാരുമുണ്ട്!’ 

‘ആര്‍ ചീത്തവാക്കും മ്ലേഛവൃത്തിയും ഉപേക്ഷിക്കുന്നില്ലയോ അവര്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കേണ്ട യാതൊരാവശ്യവും അല്ലാഹുവിനില്ല.’ എന്നും തിരുദൂതര്‍ പറയുകയുണ്ടായി. ഈ തിരുവചനങ്ങളെ അടിസ്ഥാനമാക്കി ഇബ്‌നുല്‍ അറബി പറയുന്നു: ‘ഈ ഹദീസുകളുടെ ഉദ്ദേശ്യം അത്തരം നോമ്പുകാര്‍ക്ക് തങ്ങളുടെ നോമ്പിന് പ്രതിഫലമൊന്നും ലഭിക്കുകയില്ല എന്നാകുന്നു. പാപകര്‍മങ്ങളുടെയും മറ്റും ഫലമായി അവരുടെ നോമ്പ് വിധികല്‍പനക്ക് പരിഗണിക്കപ്പെടുകയില്ലെന്നര്‍ഥം.’ ഇത്തരം പാപകര്‍മങ്ങള്‍ ഭക്ഷണവും പാനീയവും കഴിച്ചാലെന്നപോലെ നോമ്പിനെ പാഴാക്കിക്കളയും എന്നത്രേ ഇബ്‌നുഹസ്മിന്റെ വീക്ഷണം. ഇതിന്നുപോദ്ബലകമായി ഏതാനും സഹാബിവചനങ്ങള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.

ഇബ്‌നുഹസ്മിന്റെ ഈ അഭിപ്രായം ഈയുള്ളവന്‍ സ്വീകരിക്കുന്നില്ലെങ്കിലും മുന്‍ചൊന്ന കുറ്റങ്ങള്‍ നോമ്പിനെ നിഷ്ഫലമാക്കിക്കളയുകയും അത് നിയമമാക്കിയതിന്റെ ഉദ്ദേശ്യത്തെ പാഴാക്കിക്കളയുകയും ചെയ്യും എന്നു തീര്‍ച്ച. അതുകൊണ്ടാണ് ഭക്ഷ്യ-പാനീയങ്ങള്‍ പോലെത്തന്നെ നിരര്‍ഥമായ വാക്കുകളും നിഷിദ്ധമായ കര്‍മങ്ങളും നോമ്പുകാരനില്‍നിന്ന് വന്നുപോകുന്നതിനെ മുന്‍കാലക്കാര്‍ ഗൗരവപൂര്‍വം കണക്കിലെടുത്തിരുന്നത്. ഉമറുബ്‌നുല്‍ ഖത്ത്വാബ് പറയുകയുണ്ടായി: ‘നോമ്പ് എന്നാല്‍ ഭക്ഷ്യപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല. കളവും നിഷിദ്ധവും അനാവശ്യമായ വാക്കുകളും പ്രവൃത്തികളും ത്യജിക്കല്‍ കൂടിയാണ്.’ ഇതേപോലെ അലി(റ)യും പറഞ്ഞിട്ടുണ്ട്. ജാബിര്‍(റ) പറയുന്നു: ‘നീ നോമ്പുനോറ്റാല്‍ നിന്റെ കാതും നിന്റെ കണ്ണും നിന്റെ നാവും നോമ്പുകാരനായിരിക്കട്ടെ… നോമ്പെടുത്ത ദിവസവും നോമ്പെടുക്കാത്ത ദിവസവും ഒരുപോലെയാവരുത്.’ അബൂദര്‍റ് ഒരിക്കല്‍ ത്വലീഖുബ്‌നു ഖൈസിനോട് പറഞ്ഞു: ‘നീ നോമ്പു നോറ്റാല്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തുക.’ അതെത്തുടര്‍ന്ന് ത്വലീഖ് നോമ്പ് നോറ്റാല്‍ നമസ്‌കാരത്തിനുവേണ്ടിയല്ലാതെ പുറത്തുപോകാറുണ്ടായിരുന്നില്ല. അബൂഹുറയ്‌റയും കൂട്ടുകാരും നോമ്പെടുത്താല്‍ പള്ളിയില്‍ത്തന്നെ കഴിച്ചുകൂട്ടുകയായിരുന്നു പതിവ്. ‘ഞങ്ങളുടെ നോമ്പിനെ പവിത്രമാക്കേണമേ!’ എന്നവര്‍ പ്രാര്‍ഥിക്കുമായിരുന്നു. മൈമൂനുബ്‌നു മഹ്‌റാന്‍ പറയുന്നു: ‘ഏറ്റവും ലഘുവായ നോമ്പ് ഭക്ഷണവും പാനീയവും ഉപേക്ഷിക്കലാണ്.’
എന്തായാലും നോമ്പിന് അതിന്റേതായ ഫലവും പ്രതിഫലവും ഉണ്ട്. പരദൂഷണം, നുണ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന ശിക്ഷയും ലഭിക്കും. താഴെ കൊടുക്കുന്ന സംഭവത്തെ ഒന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ പാരത്രിക ലോകത്ത് നടക്കാനിരിക്കുന്ന ദൈവിക വിചാരണയുടെ സ്വഭാവം വ്യക്തമാകും. ഇമാം അഹ്്മദും തിര്‍മിദിയും ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘തിരുദൂതരുടെ ഒരനുചരന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഉപവിഷ്ടനായി ചോദിച്ചു: ‘തിരുദൂതരേ, എനിക്ക് രണ്ട് അടിമകളുണ്ട്. അവര്‍ എന്നോട് നുണ പറയുകയും എന്നെ ധിക്കരിക്കുകയും ചെയ്യുന്നു. ഞാനാകട്ടെ അതിന്നവരെ ശകാരിക്കുകയും അടിക്കുകയും ചെയ്യാറുണ്ട്. അന്ത്യദിനത്തില്‍ അതെന്നെ എങ്ങനെ ബാധിക്കും.’ തിരുദൂതര്‍ പ്രതിവചിച്ചു: ‘അവര്‍ താങ്കളോട് പറഞ്ഞ നുണകളും കാണിച്ച ധിക്കാരവും താങ്കള്‍ അവര്‍ക്കു നല്‍കിയ ശിക്ഷയും വിചാരണക്ക് വിധേയമാകും. താങ്കള്‍ നല്‍കിയ ശിക്ഷ അവരുടെ തെറ്റിനേക്കാള്‍ കുറവാണെങ്കില്‍ അത് താങ്കള്‍ക്ക് ഗുണകരമാണ്. അവരുടെ തെറ്റിനുള്ള കൃത്യമായ ശിക്ഷ മാത്രമാണ് താങ്കള്‍ നല്‍കിയിട്ടുള്ളതെങ്കില്‍ താങ്കള്‍ക്ക് നേട്ടമോ കോട്ടോമോ ഇല്ല. എന്നാല്‍ താങ്കള്‍ നല്‍കിയ ശിക്ഷ കൂടുതലാണെങ്കില്‍ താങ്കളോട് തുല്യമായ പ്രതിക്രിയ ചെയ്യുവാന്‍ അവര്‍ക്ക് അവകാശം നല്‍കപ്പെടും.’ അതുകേട്ട് ആ മനുഷ്യന്‍ തിരുദൂതരുടെ മുമ്പിലിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു: ‘അയാള്‍ക്കെന്തുപറ്റി ? അയാള്‍ അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്തിരുന്നില്ലേ? ‘അന്ത്യദിനത്തില്‍ നാം നീതിയുടെ തുലാസ് കൊണ്ടുവരും. ഒരാത്മാവും അന്ന് അക്രമം ചെയ്യപ്പെടുന്നതല്ല. ഒരു കടുകുമണിത്തൂക്കമാണ് നാം കൊണ്ടുവന്നതെങ്കില്‍ പോലും അത് കണക്കാക്കുവാന്‍ മതിയായവനാണ് നാം’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഈ രണ്ട് അടിമകളെയും പിരിച്ചയക്കുന്നതിനെക്കാള്‍ ഉത്തമമായി ഒന്നും ഞാന്‍ കാണുന്നില്ല. അവര്‍ സ്വതന്ത്രരാണെന്ന് ഞാനിതാ അങ്ങയെ സാക്ഷിയാക്കുന്നു.’

About ramadan padasala

Check Also

തടവുകാരുടെ നോമ്പ്

ചോദ്യം: യുദ്ധത്തടവുകാരുടെയും ജയില്‍ വാസികളുടെയും നോമ്പിന്റെ വിധിയെന്താണ്? അവര്‍ക്ക് നോമ്പ് നിര്‍ബന്ധമാണോ? ഉത്തരം: തടവുപുള്ളികള്‍ക്കും ജയില്‍ വാസികള്‍ക്കും നോമ്പെടുക്കാന്‍ പ്രയാസമായിരിക്കും. …

Leave a Reply

Your email address will not be published. Required fields are marked *