Home / Article / ഇതായേക്കുമോ നമ്മുടെ അവസാന റമദാന്‍ ?

ഇതായേക്കുമോ നമ്മുടെ അവസാന റമദാന്‍ ?

വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ വിശുദ്ധ റമദാന്റെ ആദ്യ ദിനരാത്രങ്ങള്‍ നമുക്ക് നഷ്ടപ്പെടാറാണ് പതിവ്. വിശുദ്ധ ഖുര്‍ആന്റെ മാഹാത്മ്യവും, നോമ്പിന്റെ യാഥാര്‍ത്ഥ ശക്തിയും തറാവീഹ് നമസ്‌കാരത്തിന്റെ മാധുര്യവുമൊക്കെ പലപ്പോഴും നാം തിരിച്ചറിയുക നോമ്പ് ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമായിരിക്കും. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഈ ദിനരാത്രങ്ങള്‍ ഒരു മുസ്്‌ലിമിന് ഒരിക്കലും നഷ്ടപ്പെട്ടു കൂടാത്തതാണ്.

റമദാനിലെ വൃതം, ഖുര്‍ആന്‍ പാരായണം, തറാവീഹ് നമസ്‌കാരം ഇങ്ങനെ റമദാനുമായി ബന്ധപ്പെട്ട പല ക്ലാസ്സുകളും നാം റമദാനിനു മുമ്പു തന്നെ കേള്‍ക്കാറുണ്ട്. അതിനു വേണ്ടി നാം തയ്യാറെടുപ്പുകളും നടത്തുന്നു. എന്നാല്‍, നമ്മുടെ തയ്യാറെടുപ്പുകളും ആവേശവും ഏാതാനും ദിവസത്തെ ശുഷ്‌കാന്തിക്ക് ശേഷം അവസാനിക്കാറാണ് പതിവ്.

വിശ്വാസിയുടെ ഹൃദയത്തെ അല്ലാഹുവുമായി ബന്ധപ്പെടുത്തുവാനും റമദാനിലെ ദിനരാത്രങ്ങളില്‍ മുഴുവനും ഇബാദത്തുകളില്‍ മുഴുകാനും, ഒരുകാര്യം കൂടി ആവശ്യമാണ്. ഇതാണെന്റെ അവസാന റമദാന്‍ എന്ന ബോധമാണത്. ഇതെന്റെ അവസാന റമദാനാണ് എന്ന വിശ്വാസത്തോടെ റമദാനെ സമീപിക്കുമ്പോള്‍ മാത്രമേ ഈ മാസത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാവൂ.

മരണത്തെക്കുറിച്ച് സദാ ഓര്‍ത്തുകൊണ്ടിരിക്കണമെന്ന് പ്രവാചകന്‍(സ) നമ്മോട് ഉപദേശിച്ചിട്ടുണ്ട്. മരണത്തെക്കുറിച്ച് സ്മരിക്കാന്‍ ഒരു പ്രത്യേക സമയം പ്രവാചകന്‍ (സ) നിജപ്പെടുത്തിയിട്ടില്ല. ”ദിവസത്തില്‍ ഒരിക്കല്‍, നിങ്ങള്‍ മരണത്തെക്കുറിച്ച് ഓര്‍ക്കണം’ എന്ന തരത്തില്‍ ഒരു ഉപദേശം പ്രവാചകന്‍ നല്‍കിയിട്ടില്ല. പകരം അക്കാര്യം റസൂല്‍ (സ) നമുക്ക് വിട്ടിരിക്കുകയാണ്. നമ്മുടെ മരണ ചിന്ത നമ്മുടെ ഈമാനിന്റെ തോതനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ മരണത്തെ നേരില്‍ കാണുമ്പോള്‍ മാത്രമേ മരണത്തെക്കുറിച്ച് ചിന്തിക്കൂ. ചിലരാകട്ടെ രോഗികളെ സന്ദര്‍ശിക്കുമ്പോള്‍, മറ്റു ചിലര്‍ ഉപദേശ പ്രസംഗങ്ങള്‍ ശ്രവിക്കുമ്പോള്‍. അബ്ദുല്ലാഹിബ്‌നു ഉമര്‍ ഒരിക്കല്‍ പറഞ്ഞു. വൈകുന്നേരമായാല്‍ നാളത്തെ പ്രഭാതം നീ പ്രതീക്ഷിക്കരുത്. പ്രഭാതമായാല്‍ അന്നത്തെ സായാഹ്നവും നീ പ്രതീക്ഷിക്കരുത്. ‘ഇഹലോകത്ത് വഴിയാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ ആകണം നീ’. എന്ന തിരുവചനത്തെ അധികരിച്ചാണ് അദ്ദേഹം ഈ ഉപദേശം നല്‍കുന്നത്.

വരുന്ന റമദാന്‍ എന്റെ അവസാന റമദാന്‍ ആണെന്ന തോന്നല്‍, യഥാര്‍ത്ഥത്തില്‍ ഒരു വിദൂര ഭാവനയല്ല. യാഥാര്‍ത്ഥ്യവുമായി ഏറെ അടുത്ത് കിടക്കുന്ന ഒന്നാണത്. നമ്മുടെ ജീവിതത്തിലെ പതിവു കാഴ്ചകള്‍ നമ്മോട് വിളിച്ച് പറയുന്നത് അതാണ്. കഴിഞ്ഞ റമദാനില്‍ നമ്മോടൊപ്പം ഉണ്ടായിരുന്ന എത്രയോ പേര്‍ ഇന്ന് നമ്മോടൊപ്പം ജീവിച്ചിരിപ്പില്ല. മരണം വളരെ പെട്ടന്നാണ് പിടികൂടുക. മരിച്ചാല്‍ ഒരിക്കലും നമുക്ക് ദുനിയാവിലേക്ക് തിരിച്ച് വരാന്‍ സാധ്യമല്ല.
‘അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: ‘എന്റെ രക്ഷിതാവേ, ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുളള കാര്യത്തില്‍ എനിക്ക് നല്ലനിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്ക വിധം എന്നെ (ജീവിതത്തിലേക്ക്്) തിരിച്ചയക്കേണമേ’ ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയര്‍ത്തിഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്’.(അല്‍ മുഅ്മിനൂന്‍ 99,100)
അതുകൊണ്ട് മരണത്തില്‍ നിന്നുള്ള നമ്മളുടെ മടക്കം അസാധ്യമാണ്. മരിക്കുന്നവരെല്ലാം ആഗ്രഹിക്കുന്നത് തനിക്ക് ഒന്നുകൂടി ജീവിക്കാന്‍ അവസരം കിട്ടിയിരുന്നുവെങ്കില്‍ എന്നാണ്. പാപികളായി മരണപ്പെട്ടവര്‍ പശ്ചാത്തപിച്ചു മടങ്ങി നല്ലൊരു ജീവിതം നയിക്കാനും സുകൃതവാന്മാര്‍ക്ക് അവരുടെ നന്മകള്‍ അധികരിപ്പിക്കാന്‍ വേണ്ടിയും ഒന്നു കൂടി ജീവിക്കണമെന്ന് ആഗ്രഹിക്കും. വരുന്ന റമദാന്‍ നമ്മുടെ അവസാന റമദാനായി നാം മരിക്കുകയാണെങ്കില്‍ എന്തായിരിക്കും നമ്മുടെ സ്ഥിതി? സംശയമില്ല! നമ്മളും ആഗ്രഹിക്കും. ഒന്നുകൂടി നന്നായി കര്‍മ്മങ്ങള്‍ ചെയ്ത് കൂടുതല്‍ പ്രതിഫലം കരസ്ഥമാക്കാനും പരലോകത്ത് കൂടുതല്‍ പ്രതിഫലം ലഭിക്കാനും സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനം നേടാനും വേണ്ടി, അല്‍പകാലം കൂടി ആയുസ്സ് നീട്ടി കിട്ടിയിരുന്നുവെങ്കിലെന്ന് നാമും ആഗ്രഹിക്കും.

അതുകൊണ്ട് മരണശേഷം ഒരിക്കല്‍ കൂടി കിട്ടിയ ഒരു ജീവിതമാണ് ഇപ്പോള്‍ നമ്മുടെ ജീവിതമെന്ന്് നാം കരുതുക. നമ്മുടെ ജീവിതത്തെ നന്മകള്‍ കൊണ്ട് അലങ്കരിക്കുവാന്‍ ഒരിക്കല്‍ കൂടി ലഭിച്ച അവസരമാണ് ഇതെന്ന് നാം ഓര്‍ക്കുക. ദീര്‍ഘമായ നമ്മുടെ ആയുസില്‍ നിന്ന് നമുക്ക് നഷ്ടപ്പെട്ട നിരവധി കാര്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമാണിതെന്ന് നാം കരുതണം. രാജാധിരാജനായ അല്ലാഹുവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് വേണ്ടത്ര തെയ്യാറെടുപ്പുകളെടുക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയേ തീരൂ.

ഈയൊരു ബോധമുള്ളവര്‍ക്കേ ഈ വിശുദ്ധ റമദാനില്‍ പൂര്‍ണമായി വിജയിക്കാനാകൂ. അവര്‍ക്കാണ് റമദാനെ പൂര്‍ണമായി പ്രയോജനപ്പെടുത്താനാവുക. ഇത് കേവല വിശ്വാസമല്ല. തങ്ങളുടെ ജീവിതവും സമ്പത്തും, എല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാന്‍ മടികാണിക്കാതിരുന്ന സലഫുകള്‍ ഈ ബോധമുള്ളവരായിരുന്നു. അതുല്യമായ സൈനിക വിജയങ്ങള്‍ വരെ മുസ്്‌ലിംകള്‍ക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞത് ഈയൊരു വിശ്വാസം കൊണ്ടാണ്. സദാ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ സന്നദ്ധരായിരിക്കുകയും അതിന് വേണ്ടി തെയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുകയും ചെയ്ത അക്കൂട്ടരുടെ മുന്നില്‍ ലോകം അതിന്റെ എല്ലാ സമ്പൂര്‍ണതയോടെയും കീഴ്‌പ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.
പേര്‍ഷ്യന്‍ സേനാ നായകന്‍ ഹുര്‍മൂസിനോട് മുസ്്‌ലിം സൈന്യത്തെക്കുറിച്ച് ഖാലിദിബ്‌നു വലീദ് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ‘നിങ്ങളുടെ പടയാളികള്‍ ഇഹലോകത്തെ ഇഷ്ടപ്പെടുന്നത് പോലെ ഞങ്ങള്‍ മുസ്്‌ലിംകള്‍ മരണത്തെയാണ് ഇഷ്ടപ്പെടുന്നത്.’
മരണത്തെ കൊതിച്ച അക്കൂട്ടര്‍ ജീവിതത്തിന്റെ എല്ലാ മഹത്വവും കരസ്ഥമാക്കിയവരായിരുന്നു. അവരില്‍ ചിലര്‍ രക്തസാക്ഷികളായി. മറ്റു ചിലര്‍ ദുന്‍യാവിലെ ഭരണാധികാരികളായി. എന്നാല്‍ ദുനിയാവിന് അവരുടെ ഹൃദയങ്ങളില്‍ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ നാളെ മരിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ആ മഹാത്മാക്കള്‍ അങ്ങനെയല്ലാതാകുന്നതെങ്ങനെ?.

ഇത് അവസാന റമദാന്‍:

അല്ലാഹു എനിക്ക് ഒരു അവസരം കൂടി തന്നിരിക്കുന്നതാണ് എന്റെ ഈ ജിവിതമെന്ന് ഞാന്‍ മനസ്സിലാക്കുന്ന പക്ഷം, എന്റെ കര്‍മങ്ങളും ആരാധനകളും ഒന്നുകൂടി നന്നാക്കുവാന്‍ ഞാന്‍ സ്വാഭാവികമായും പരിശ്രമിക്കും. പള്ളിയില്‍ പോയി ജമാഅത്തായേ പിന്നെ ഞാന്‍ നമസ്‌ക്കരിക്കുകയുള്ളൂ. നമസ്‌ക്കാരത്തില്‍ ഏകാഗ്രത നഷ്ടപ്പെടാതെ പൂര്‍ണ ഭയഭക്തിയോടെയായിരിക്കും പിന്നീടുള്ള എന്റെ നമസ്‌ക്കാരം. എന്റെ നമസ്‌ക്കാരം, ആസ്വാദനത്തോടെ സുദീര്‍ഘമായിരിക്കും.
പ്രവാചകന്‍ (സ) പറഞ്ഞു: ‘നമസ്‌ക്കാരം എനിക്ക് കണ്‍കുളിര്‍മയാണ്.’ ഇതെന്റെ അവസാന റമദാന്‍ ആണെന്ന ബോധം എന്റെ നോമ്പിനെ ബാധിച്ചേക്കാവുന്ന കെടുതികളെക്കുറിച്ച് എന്നെ ജാഗരൂഗനാക്കും.

‘ഈമാനോടെയും പ്രതിഫലേഛയോടെയും ആരെങ്കിലും റമദാനില്‍ നോമ്പ് നോറ്റാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും’ എന്ന പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തില്‍ റമദാനിലെ മുഴുവന്‍ നിമിഷങ്ങളും ഞാന്‍ ദൈവമാര്‍ഗത്തിലും ദൈവ സ്മരണയിലും ചിലവഴിക്കും.
ഇതാണന്റെ അവസാന റമദാന്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്ന പക്ഷം, എന്നും പളളിയില്‍ പോയി ഇമാമിന്റെ ഖുര്‍ആന്‍ പാരായണം ആസ്വദിച്ചു കൊണ്ടായിരിക്കും എന്റെ തറാവീഹ് നമസ്‌കാരം. വിശുദ്ധ ഖുര്‍ആന്‍ ആദ്യാവസാനം ഞാന്‍ പാരായണം ചെയ്യും. ആയത്തുകളെകുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യും. പളളിയില്‍ നിന്ന് മടങ്ങി വന്നാലും ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യും.
ഇക്‌രിമ (റ) മുസ്ഹഫ് തുറന്ന് പാരായണം ചെയ്യും. തന്റെ കണ്ണുകള്‍ക്ക് മുകളില്‍ വെച്ച് മുസ്ഹഫിനെ ചുംബിക്കും. ചിലപ്പോള്‍ കരഞ്ഞുകൊണ്ടദ്ദേഹം പറയും ‘അല്ലാഹുവിന്റെ വചനമാണിത്, അല്ലാഹുവിന്റെ വചനമാണിത്.’

ഇതെന്റെ അവസാന റമദാനാണന്ന്് അറിയുകയാണങ്കില്‍ ഒരു തിന്മയിലേക്കു പോലും ഞാന്‍ അടുക്കുകയില്ല. ജീവിത നിമിഷങ്ങള്‍ എണ്ണപ്പെട്ടതാണ്. സമയം എനിക്ക് പാഴാക്കാന്‍ കഴിയില്ല. എനിക്കോ എന്റെ അനന്തരവര്‍ക്കോ വേണ്ടി ഞാനിനി ധനം സൂക്ഷിക്കുന്നില്ല. അല്ലാഹു ഇഷ്ടപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ചിലവഴിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ദരിദ്രര്‍ക്കും, നിരാലംബരായ വിദ്യാര്‍ത്ഥികള്‍ക്കും വിധവകള്‍ക്കും അനാഥര്‍ക്കും ഞാന്‍ ചിലവഴിക്കും. ഞാനീ ചിലവഴിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ എനിക്ക് ബാക്കിയാവുന്നത്, ഞാന്‍ സൂക്ഷിച്ചുവക്കുന്നതെല്ലാം നശിക്കുന്നതാണ്. ഈയൊരു മനോഭാവത്തോടെയായിരിക്കട്ടെ നാമീ റമദാനിനെ സമീപിക്കാന്‍.

ഡോ:  റാഗിബ് സര്‍ജാനി

Check Also

റമദാന്‍ ഉണര്‍ത്തുന്ന ജലചിന്തകള്‍

രഹസ്യവും പരസ്യവുമായ സകല വികാരങ്ങളില്‍ നിന്നും, അന്നപാനീയങ്ങളില്‍ നിന്നും അകന്നുനില്‍ക്കുകയെന്നതാണ് നോമ്പിന്റെ സാമ്പ്രദായിക മുഖം. അതോടൊപ്പം ആത്മാവിന്റെയും ശരീരത്തിന്റെയും ഉല്ലാസത്തിനും …

Leave a Reply

Your email address will not be published. Required fields are marked *