Home / Features / പഴയകാല നോമ്പനുഭവങ്ങളെ ഓര്‍ക്കുമ്പോള്‍

പഴയകാല നോമ്പനുഭവങ്ങളെ ഓര്‍ക്കുമ്പോള്‍

നോമ്പുകാലം മുസ്‌ലിംകള്‍ക്ക് സന്തോഷത്തിന്റെ ദിനരാത്രങ്ങളാണ്. പടച്ച തമ്പുരാന്‍ അവന്റെ കാരുണ്യം വാരിക്കോരിക്കൊടുക്കുന്ന വിശുദ്ധ മാസം. തെറ്റും കുറ്റവും ചെയ്ത് കറുത്ത മനസ്സുകള്‍ തേച്ച് മോറി നന്നാക്കാനുള്ള നല്ല ദിവസങ്ങളാണത്. പണ്ടൊക്കെ ബറാഅത്ത് രാവ് മുതലേ നോമ്പ് കാലത്തിന്റെ ഒരു പ്രതീതിയാണ് മനസ്സിലുണ്ടാകാറുള്ളത്. ഇന്നതൊക്കെ മാഞ്ഞ് പോയി. ഇരുപത്തിയേഴാം രാവും ബറാഅത്തുമൊക്കെ വീട്ടില്‍ അപ്പം ചുടലായി മാത്രം മാറിയിരിക്കുന്നു.പല പുരകളിലും അതും ഇല്ലാതായിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ പടച്ചവനെ പേടിയില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. പണ്ടത്തെപ്പോലുള്ള മുസ്്‌ലിം മാപ്പിള സംസ്‌കൃതി ഇന്ന് പാടെ എടുത്തുപോയിരിക്കുന്നു. ചെറുപ്പ കാലത്ത് നോമ്പിനെ കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു.

മുസ്ഹഫിന്റെ കൂടെ

അന്തിയായാല്‍ ഉമ്മയും ഉപ്പയും മണ്ണെണ്ണ വിളക്കിന്റെ ചോട്ടിലിരുത്തി മുസ്്ഹഫ് ഓതിപ്പിക്കും. ഒന്നോ രണ്ടോ പേജിലൊതുക്കാന്‍ സമ്മതിക്കില്ല. കുറെ ഓതണം. നോമ്പാകുമ്പേഴേക്കും തന്നെ ഖതം പൂര്‍ത്തിയാക്കാത്ത ആരും അന്നൊന്നും ഉണ്ടായിരുന്നില്ല. മിക്ക ആളുകളും മൂന്നും നാലും ഖതം പൂര്‍ത്തിയാക്കുന്നവരായിരിക്കും. പണ്ട് നോമ്പായാല്‍ മറ്റേത് പണിയേക്കാളും മുന്‍ഗണന ഇബാദത്തിനായിരുന്നു. പള്ളിയും മുസ്്ഹഫും കഴിഞ്ഞിട്ടേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. ഇഅ്തികാഫിന് നിയ്യത്തും വെച്ച് രാവിലെ മുതല്‍ മിക്കവാറും പള്ളി മുഴുവന്‍ ഓരോ മൂലയിലും മറ്റുമായി കുറെ പേരുണ്ടാകും. ചിലര്‍ മുസ്്ഹഫ് ഓത്തില്‍ മുഴുകും. ചിലരുടെ കയ്യിലെ തസ്ബീഹ് മാലയിലെ മുത്തുകള്‍ കറങ്ങിക്കൊണ്ടിരിക്കും. ചിലര്‍ ദിക്‌റും സ്വലാത്തുമായി പള്ളി മുഴുവന്‍ നടക്കും. അല്‍പ്പം ചിലര്‍ ഇഅ്തികാഫിന്റെ നിയ്യത്തും വെച്ച് കിടന്നുറങ്ങും. ഏതായാലും പള്ളി വിട്ട് പുറത്ത് പോകാന്‍ ആരും തെയ്യാറായിരുന്നില്ല. 

ഇന്നതൊന്നും നമുക്ക് മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല. ഇന്ന് ജോലിയും പണവും കുടുംബവും കുട്ടികളും വീടും കഴിഞ്ഞേ അവര്‍ക്കൊക്കെ പള്ളിയുള്ളു. നോമ്പായത് അറിയുക പോലും ചെയ്യാത്ത പലരും ഇന്ന് നമുക്ക് ചുറ്റിലുമുണ്ട് എന്നറിയുമ്പോള്‍ മനസ്സിലൊരു ബേജാറാണ്. പടച്ചവന്റെ ശിക്ഷ ഇന്നത്തെ നോമ്പുകാലത്ത് പോലും ഇറങ്ങിവരുമോ എന്ന പേടി. മുഅ്മിനീങ്ങള്‍ക്ക് പേടിയുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഖിയാമത്ത് നാളിന്റെ ദിവസങ്ങളിലാണ് നാം ജീവിച്ച്‌കൊണ്ടിരിക്കുന്നത് എന്നതില്‍ ഒരു സംശയവും വേണ്ട.

നനച്ചു കുളി

നോമ്പു തുടങ്ങും മുമ്പേ വീടും പറമ്പും അടിച്ച് വാരി വൃത്തിയാക്കുന്ന ഒരു സംസ്‌ക്കാരം പണ്ടുണ്ടായിരുന്നു. നനച്ച് കുളി എന്ന് പറയും. ഇന്നാപ്പേര് തന്നെ കേള്‍ക്കല്‍ കുറവാണ്. നോമ്പിന് തൊട്ടുമുമ്പുതന്നെ വീട്ടിലെ വാതിലും കട്ടിലും എന്നുവേണ്ട പലയും ചിരയും ഒക്കെ പാറോത്തിന്റെ ഒരമുള്ള ഇലകൊണ്ട് തേച്ച് ചെളി കളഞ്ഞ് വൃത്തിയാക്കുന്ന നനച്ചു കുളി. ഇന്ന് എന്നും വീട് ക്ലീന്‍ ചെയ്യുന്നത് കൊണ്ടാണോ അതോ വീട് വൃത്തിയാക്കാന്‍ മാത്രം ഒരു വേലക്കാരിയുള്ളത് കൊണ്ടാണോ എന്നറിയില്ല. നാം ആരും അങ്ങനെയൊരു നനച്ച് കുളിക്ക് മുതിരാറില്ല. മനസ്സും ശരീരവും തന്നെ തേച്ച് മോറി കഴുകി മനസ്സിന്റെ രോഗങ്ങള്‍ക്കൊണ്ട് കറുത്ത് കരിവാളിച്ച ഹൃദയം തന്നെ കഴുകാന്‍ ആരും തുനിയുന്നില്ല. എന്നിട്ടല്ലേ വീടും പറമ്പും.

ഗീബത്തും നമീമത്തും.

ഹൃദയ രോഗങ്ങളെ പറ്റി പറയുമ്പോള്‍ പണ്ട് ഒച്ചപ്പാടില്ലാത്ത നോമ്പുകാലമായിരുന്നു. നോമ്പായാല്‍ ആരും ഒന്നും സംസാരിക്കൂല. നാട്ടിലെ കവലകളില്‍ ആരും ഉണ്ടാകില്ല. എല്ലാവരുടെ ചുണ്ടിലും മനസ്സിലും സ്വലാത്തും റമദാന്റെ പത്തുകളില്‍ പ്രത്യേകം ചൊല്ലാറുള്ള പ്രാര്‍ത്ഥനകളും ദിക്‌റുകളും മാത്രമായിരിക്കും. ഏഷണി, പരദൂഷണം പോലുള്ള ദുര്‍സംസാരങ്ങള്‍ പറയാന്‍ തന്നെ ആരെയും കിട്ടില്ല. വീട്ട് മുറ്റത്ത് കൂട്ടമായി പലയിട്ടിരുന്ന് മുടി നോക്കാനോ, അപ്പുറത്ത് മതിലില്‍ ചാരിനിന്ന് കൊച്ചു വര്‍ത്തമാനം പറയാനോ നോമ്പിന് പണ്ട് പെണ്ണുങ്ങളെ കിട്ടാറില്ല. നാല് പെണ്ണുകൂടുമ്പോഴാണ് ഗീബത്തും നമീമത്തും ഉണ്ടാകുന്നത്. പണ്ട് സുബ്ഹി നമസ്‌ക്കരിച്ച് നിസ്‌കാര പായയിലിരുന്ന് ഓത്തു തുടങ്ങിയാല്‍ സൂര്യന്‍ ഉദിക്കുമ്പോഴേ ഉമ്മമാര്‍ മുസ്ഹഫ് പൂട്ടിവെക്കാറുണ്ടായിരുന്നുള്ളൂ. പിന്നെ ഓരോ അല്ലറ ചില്ലറ ചുറ്റുപാടുകളിലൂടെ അവര്‍ വീട്ടിലും തൊടിയിലും നടക്കും. എന്നാലും ദിക് ര്‍ അവരുടെ ചുണ്ടില്‍ നിന്ന് മാഞ്ഞുപോകാറില്ല. ഇന്ന് നോമ്പായാല്‍ ചോറും കൂട്ടാനും ഒന്നും ഉണ്ടാക്കേണ്ടി തിരക്കില്ലാത്തതിനാല്‍ പെണ്ണുങ്ങള്‍ സമയം പോക്കാന്‍ ഒത്തുകൂടലാണ് പതിവ്. ഇങ്ങനെയുള്ള കൂടിയിരുത്തത്തില്‍ നിന്നാണ് ഏഷണിയും പരദൂഷണവും ഉണ്ടാകുന്നത്. ഇവരൊക്കെ പകല്‍ മുഴുവന്‍ പട്ടിണികിടക്കുക എന്നല്ലാതെ നോമ്പിന്റെ കൂലി കിട്ടില്ല. മറിച്ച് കുറ്റം കിട്ടുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

പൂളയും പത്തിരിയും

വൈകുന്നേരം ആയാല്‍ നോമ്പു തുറക്കാനുള്ള ഭക്ഷണം ഉണ്ടാക്കും. ഭക്ഷണത്തിന്റെ കാര്യം അന്നൊക്കെ വലിയ ബുദ്ധിമുട്ടാണ്. മിക്ക വീടുകളിലും പൂളയായിരിക്കും. അന്നും ഇന്നത്തെപ്പോലെ പത്തിരിയുമുണ്ട്. പത്തിരിപ്പണി ഉമ്മമാരോടുകൂടെ കുട്ടികളും കൂടിയിരുന്നാണ് ചെയ്യാറ്. പൊടി വാട്ടും, കുഴക്കും, ഉണ്ടയാക്കും, പരത്തും പിന്നെ അത് കുറച്ച് പൊടിയിട്ട് തട്ടും പിന്നെയാണ് അടുപ്പത്ത് ചുട്ടെടുക്കുക. പലപ്പോഴും ഉണ്ടയാക്കലും പൊടിതട്ടലുമൊക്കെ ആണ്‍കുട്ടികളാകും. ഈ കൂട്ടത്തില്‍ ഉമ്മ ഓരോ പത്തിലെയും ദിക്‌റുകള്‍ ഉറക്കെ ചൊല്ലും അത് കേട്ട് കുട്ടികളും. ഇന്ന് ഇത്തരം സമ്പ്രദായങ്ങളൊന്നുമില്ല. എല്ലാ വീട്ടിലും ഫാസ്റ്റ് ഫുഡാണ്.
കഴിവനുസരിച്ചാണ് പണ്ട് നോമ്പുതുറപ്പിക്കുക. ചിലര്‍ രണ്ട് പേരെ നോമ്പുതുറപ്പിക്കും. ചിലര്‍ പത്ത് പേരെ. അന്നതൊക്കെ വലിയ കാര്യമാണ്. ഉള്ളത് കൊണ്ട് കഴിയുന്നവരുടെ വയറു നിറപ്പിക്കുക. വലിയ നോമ്പു തുറകളില്‍ മാത്രമേ തരിക്കഞ്ഞിയൊക്കെയുണ്ടാകൂ.

തറാവീഹ്
നോമ്പു തുറയൊക്കെ കഴിഞ്ഞാല്‍ പിന്നെ ഉപ്പയുടെയോ വല്ല്യുപ്പയുടെയോ  കൂടെ തറാവീഹിന് പള്ളിയില്‍ പോവാറാണ് പതിവ്. തറാവീഹിനെ പറ്റി നമുക്കിടയില്‍ ഒരു ചൊല്ലുണ്ട്. ‘ആദ്യത്തെ പത്ത് കുട്ടികളുടെ പത്തും, രണ്ടാമത്തെ പത്ത് യുവാക്കളുടെയും മൂന്നാമത്തെ പത്ത് വയസ്സന്മാരുടെ പത്തുമാണെന്ന്’. ഇതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് ഇന്നത്തെ കാലത്താണ്. അന്ന് ആദ്യത്തെ പത്തില്‍ വന്നിരുന്ന കുട്ടികളില്‍ കുറച്ച് പേരെ രണ്ടാമത്തെ പത്തില്‍ കാണാതായപ്പോഴാണ് ഈ ചൊല്ല് ഉണ്ടായത്. ഇന്നൊന്നും അധിക സ്ഥലങ്ങളിലും കുട്ടികള്‍ തറാവീഹിന് വരാറേയില്ല. തറാവീഹ് എന്നാല്‍ എന്താണെന്ന് അറിയാത്തവര്‍ പോലുമുണ്ട്. രാത്രിയായാല്‍ അങ്ങാടിയില്‍ ‘സെറ്റ്’ കൂടി നടക്കുന്നവരാണ് ഇന്നത്തെ കുട്ടികള്‍. കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടായാല്‍ അവര്‍ക്ക് എല്ലാമായി. പണ്ടൊക്കെ ഒന്നാം നോമ്പുമുതല്‍ അവസാന നോമ്പുവരെ പള്ളി ഫുള്ളായി തറാവീഹ് നമസ്‌ക്കരിക്കുന്ന സാഹചര്യമായിരുന്നു. ഇന്ന് നോമ്പ് പതിനഞ്ച് കഴിയുമ്പോഴേക്കും തറാവീഹ് ഒരു സ്വഫില്‍ ചുരുങ്ങി പള്ളിയിലെ മൊയിലാരും മുക്രിയും ഒന്നുരണ്ടു വയസ്സന്മാരുമായി മാറും. തറാവീഹ് കഴിഞ്ഞ് വന്നാല്‍ പിന്നെ ചീരാ കഞ്ഞി ഉണ്ടാകാറുണ്ട്. ഇന്നതൊക്കെ കുറവാണ്. ചീരാ കഞ്ഞി കുടിച്ച് കിടന്നാല്‍ ഒരു മണിക്കു തന്നെ അത്താഴത്തിന് എഴുന്നേല്‍ക്കുമായിരുന്നു. പിന്നെ ചോറ് കഴിച്ച് ചിലര്‍ ഒന്നുകൂടി കിടക്കും. ചിലരൊക്കെ സുബ്ഹിവരെ ഓതിയിരിക്കും.

പാതിരാ വഅള്

തറാവീഹ് കഴിഞ്ഞ് ചീരാ കഞ്ഞീം കുടിച്ചാല്‍ പിന്നെ എല്ലോട്ത്തും ചൂട്ട് കത്തുന്ന നല്ല രസമുള്ള കാഴ്ചയാണ്. പാതിരാ വഅഌന് പോകുന്ന കാഴ്ച. ചെറിയ ചെറിയ കൂട്ടമായി ചൂട്ടുകത്തിച്ച് പായയും തലയില്‍ വെച്ച് വരമ്പത്തുകൂടെ ഒരു പോക്ക് കാണാന്‍ നല്ല രസമാണ്. ഇപ്പോഴും ആ കാഴ്ച കണ്ണില്‍ കാണുന്നുണ്ട്. വഅഌ തുടങ്ങാന്‍ തന്നെ പത്ത് പതിനൊന്ന് മണിയാകും. ചിലപ്പോള്‍ അത് സുബ്ഹിയാവോളം പറയും. ആരും എഴുന്നേറ്റ് പോകുന്ന പതിവില്ല. ഇന്ന് വഅഌ പറ്റെ എടുത്ത് പോയിരിക്കുന്നു. പലയിടത്തും പകല്‍ ക്ലാസുകള്‍ ആയി മാറിയിരിക്കുന്നു. അതെങ്കിലും ഉണ്ടല്ലോ എന്ന് സമാധാനിക്കാം. പള്ളിയിലെ രണ്ട് മിനിറ്റ് ബാങ്ക് പോലും ശബ്ദ മലിനീകരണവും ബുദ്ധിമുട്ടുമായി മുസ്‌ലിം സമുദായം പോലും പരാതികൊടുക്കുന്ന പുതിയ കാലത്ത് പാതിരാ വഅഌകള്‍ എങ്ങനെയുണ്ടാകും? അന്ന് നോമ്പു മുഴുവന്‍ വഅഌ ഉണ്ടാകും.

പെരുന്നാളിനെ കാത്ത്

ഒടുവിലത്തെ പത്തായാല്‍ പിന്നെ വീടും നാടും കടകളും മദ്രസകളും എല്ലാം പെരുന്നാളിനെ കാത്തിരിക്കും. പുതിയ തുണിയും കുപ്പായവും എടുക്കാന്‍ പോകലും, പെണ്‍കുട്ടികള്‍ അയലത്തെ വീട്ടില്‍ പോയി മൈലാഞ്ചി ഊരി വന്ന് അരച്ചിടലുമൊക്കെ പെരുന്നാല്‍ വരുന്നു എന്ന ഒരു പ്രതീതി ഉണ്ടാക്കുമായിരുന്നു. ഇന്നതൊന്നും ഇല്ല. പെരുന്നാള്‍ വരുന്നതോ അതിന്റെ സന്തോഷമോ ഇത് പോകുന്നതാരും അറിയുന്നില്ല. ഒരു സാധാരണ ദിവസം പോലെ അതും കഴിഞ്ഞ് പോകുന്നു. അത്രതന്നെ. അതിന്റെ പ്രധാന കാരണം ഇന്നത്തെ ജീവിത ചുറ്റുപാടാണ്. പൈസ കൂടിയപ്പോള്‍ ജീവിത രീതിയും കൂടി. പണ്ട് കാലത്ത് ചേമ്പും ചേനയും കാവുത്തും പൂളയും വെന്ത അടുപ്പിലിന്ന് ഗ്യാസിന്മേല്‍ വേവുന്ന ബിരിയാണിയും കോഴിയും ആടുമൊക്കെയാണ്. വായക്ക് ചാദുള്ള വല്ലതും കിട്ടണമെങ്കില്‍ പെരുന്നാള്‍ ആവണമായിരുന്നു. പപ്പടമൊക്കെ പെരുന്നാളിന് മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. ഇന്ന് എന്നും പെരുന്നാള്‍ ആയത് കൊണ്ട് യഥാര്‍ത്ഥ പെരുന്നാളിനെ ആരും ഗൗനിക്കുന്നില്ല. പെരുന്നാള്‍ വെറും ആഘോഷമാക്കിമാത്രം കൊണ്ടാടാനുള്ളതല്ല. കഴിഞ്ഞ കൊല്ലമൊക്കെ നമ്മോട് ചിരിച്ച് കളിച്ച വല്ലുപ്പയും വല്ലുമ്മയുമൊക്കെ ഇന്ന് നമ്മോടൊപ്പം ഉണ്ടായിക്കൊള്ളണമെന്നില്ല. അവരുടെ കബറിങ്ങല്‍ പോയി ദുആ ചെയ്തും സലാം പറഞ്ഞും അവരെ നാം ഓര്‍ക്കണം. കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. അല്ലാതെ റമദാന്‍ മുഴുവന്‍ നോമ്പുനോറ്റകൂലി ഒരു ദിവസത്തെ പെരുന്നാളിലൂടെ നാം അടിച്ച് പൊളിക്കരുത്. റമദാന്‍ അനുകൂലമായി സാക്ഷിനില്‍ക്കുന്നവരില്‍ നമ്മള്‍ പെടണം.

അബ്ദുല്ല ബാഖവി

About

Check Also

ഹജ്ജാജും നോമ്പുകാരനും

വിശന്നുവലഞ്ഞ ഹജ്ജാജിന് മുന്നില്‍ അന്നും വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ടുവരപ്പെട്ടു. അദ്ദേഹം പറഞ്ഞു ‘എന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ ആരെയെങ്കിലും അന്വേഷിക്കൂ’. …

Leave a Reply

Your email address will not be published. Required fields are marked *