ദുബൈ: നിശ്ചിത കാലം ഉപവസിക്കല്‍ ഹൃദയാഘാതം തടയുമെന്ന് പഠനം. കഴിഞ്ഞ റമദാനില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘം നടത്തിയ പഠനമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. വ്രതമനുഷ്ഠിക്കുന്നവരില്‍ ലിപിഡ് പ്രൊഫൈല്‍ അധികരിക്കുകയും അതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയുമെന്നും പഠനം വെളിപ്പെടുത്തുന്നു.
റമദാനില്‍ വൃതമനുഷ്ഠിക്കുന്നവര്‍, അവരുടെ ആരോഗ്യ സംരക്ഷണത്തിന് അവരറിയാതെ തന്നെ വിധേയരാവുകയാണ്. നോമ്പെടുക്കുക വഴി, ഹൃദയാഘാത സാധ്യത കുറയുന്നുവെന്നാണ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സെന്റെര്‍ വെളിപ്പെടുത്തുന്നത്. കഴിഞ്ഞ റമദാന്‍ മാസത്തില്‍, 37 പേരില്‍ നിന്ന് വ്യത്യസ്ത മൂന്ന് സന്ദര്‍ഭങ്ങളിലെടുത്ത രക്തസാമ്പിളുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഹാര്‍ട്ട് അറ്റാക്കിന് കാരണമാകുന്ന ട്രൈഗ്ലിസെറൈഡ്‌സിന്റെ (TG) തോത് നോമ്പുകാരില്‍ ശരാശരി 15 ശതമാനം വരെ കുറഞ്ഞിരിക്കുന്നതായി ഈ പഠനം വെളിപ്പെടുത്തുന്നു.
ദുബൈയിലെ അമേരിക്കന്‍ ഹോസ്പിറ്റലിലെ ഹൃദ്‌രോഗ വിഭാഗം തലവന്‍ ഡോ. ഉമര്‍ കാമില്‍ അബ്ദുല്ല പറയുന്നത്: ‘ലിപിഡ് പ്രൊഫൈലും നോമ്പും തമ്മിലെ സ്ഥായിയായ ബന്ധം സ്ഥിരീകരിക്കുന്ന ആദ്യ പഠനമാണിത്’. ഡോ. ഉമര്‍ കാമില്‍ അബ്ദുല്ലയുടെ കീഴില്‍ അഞ്ച് ഗവേഷകരും പഠനത്തില്‍ പങ്കാളികളായിരുന്നു.
ഒരാളുടെ കൊളസ്‌ട്രോള്‍, ഉയര്‍ന്ന സാന്ദ്രതയുള്ള ലിപോപ്രോട്ടീന്‍ കൊളസ്‌ട്രോള്‍, രക്തത്തില്‍ കണ്ടുവരുന്ന ഒരുതരം കൊഴുപ്പായ ട്രൈഗ്ലിസറൈഡ്‌സ് തുടങ്ങിയവയെ പൊതുവായി കണക്കാക്കുന്ന അളവു കോലാണ് ലിപിഡ് പ്രൊഫൈല്‍. പൊതുവെ HDC (ഹൈ ഡെന്‍സിറ്റി കൊളെസ്‌ട്രോള്‍) അല്ലെങ്കില്‍ ‘നല്ല കൊളസ്‌ട്രോള്‍’ ഹൃദയ സംബന്ധിയായ രോഗങ്ങളെ ഇല്ലാതാക്കുന്നു. അതേസമയം, LDC (ലോ ഡെന്‍സിറ്റി കൊളസ്‌ട്രോള്‍) ‘ചീത്ത കൊളസ്‌ട്രോള്‍’ ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളതാണ്. നോമ്പുകാരുടെ രക്ത സമ്മര്‍ദ്ധവും ഗ്ലൂക്കോസിന്റെ അളവും ഈ പഠനത്തില്‍ നിരീക്ഷണ വിധേയമാക്കിയിരുന്നു.
നോമ്പെടുക്കാന്‍ ആരോഗ്യമുള്ള മുസ്‌ലിംകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഏകദേശം 14 മണിക്കൂറാണ് ഭക്ഷണം ഉപേക്ഷിക്കുന്നത്. പരീക്ഷണത്തിന് വിധേയരായവരുടെ ലിപിഡ് പ്രൊഫൈലുകള്‍, മൂന്ന് ഘട്ടങ്ങളിലുള്ള രക്തസാമ്പിളുകള്‍ എടുത്ത് പരിശോധിച്ചു. റമദാനിന് മുമ്പുള്ള മൂന്ന് ആഴ്ച്ചകളിലും, റമദാനിലെ മൂന്ന് ആഴ്ച്ചകളിലെയും, ശേഷമുള്ള മൂന്ന് ആഴ്ച്ചകളിലുമാണ് രക്തസാമ്പിളുകള്‍ പരിശോധനക്കെടുത്തത്. റമദാനിനു മുമ്പുള്ളതും റമദാനിലെ രക്തസാമ്പിളുകളും തമ്മില്‍ കാര്യമായ വ്യത്യാസമാണ് കാണാന്‍ കഴിഞ്ഞത്. റമദാനിന് മുമ്പുള്ള രക്ത സാമ്പിളുകള്‍ 37% ഹൃദയ സതംഭന സാധ്യത കാണിക്കുമ്പോള്‍, വൃതമനുഷ്ഠിക്കുന്ന സമയത്തെ രക്തസാമ്പിളുകള്‍ 11% മാത്രമാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കാണിക്കുന്നത്.
ഈ പരീക്ഷണം ചെറിയ തോതില്‍, 15 പേരടങ്ങുന്ന സംഘത്തില്‍ മുമ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ അന്നത്തെ ഗവേഷണ ഫലങ്ങള്‍ സ്ഥിരമായിരുന്നില്ല. യു.എ.ഇ കാര്‍ഡിയാക് സൊസൈറ്റി അംഗമായ ഡോ. ഹല്ലാക് പറഞ്ഞു. 2012 ഏപ്രിലില്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഡോ. ഹല്ലാക്കിന്റ പ്രബന്ധം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഡോ. ഹല്ലാക്കിന്റെ പഠനത്തെ തുടര്‍ന്ന് യു.എസിലെ ഏജിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഒരു തുടര്‍ പഠനം നടത്തിയിരുന്നു. കൃത്യമായ കാലയളവില്‍ നോമ്പെടുക്കുന്ന ശീലം, പാര്‍ക്കിണ്‍സണ്‍ അള്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിക്കുന്നതില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഗവേഷണ ഫലം.
വൃതം മനുഷ്യനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുന്ന എട്ടോളം ഗവേഷണ പഠനങ്ങള്‍ വേറെയും നടന്നിട്ടുണ്ട്.
വ്രതം: ഹൃദയാഘാതം കുറയ്ക്കുന്നു

Add Comment