യൂറോപ്പിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് ഇറ്റലി. ഏകദേശം 57 മില്യണ്‍ ജനങ്ങളാണ് അവിടെയുള്ളത്. ഇറ്റലിയിലെ സുപ്രധാന പട്ടണം തലസ്ഥാന നഗരിയായ റോം ആണ്. തോറീനോസിറ്റി ഇറ്റലിയുടെ വ്യാവസായികനഗരമാണ്. കൂടാതെ നാപ്പോളി, മിലാനോ, ഫ്‌ളോറന്‍സാ തുടങ്ങിയ പ്രശസ്ത പട്ടണങ്ങളും ഇറ്റലിയിലുണ്ട്.
ഒന്നര മില്യണ്‍ മുസ്ലിംകളാണ് ആകെ ഇറ്റലിയിലുള്ളത്. വ്യത്യസ്തങ്ങളായ പ്രദേശങ്ങളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് അവര്‍. അവരില്‍ ഭൂരിപക്ഷവും അല്‍ബേനിയ, കിഴക്കേഷ്യ, ഉത്തരാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വന്നവരാണ്. ഇറ്റാലിയന്‍ ജനതയുടെ നാലുശതമാനത്തോളമാണ് മുസ്ലിംകള്‍. ഏകദേശം അറുപതിനായിരത്തോളം ഇറ്റാലിയന്‍ മുസ്ലിംകളുണ്ട്. ചെറുതും വലുതമായി 450-ാളം പള്ളികളാണുള്ളത്. മിലാനിലെ റഹ്മാന്‍ പള്ളിയും, റോമിലെ വലിയ പള്ളിയും അവയില്‍ പ്രശസ്തങ്ങളാണ്.
അറുപതുകളുടെ തുടക്കത്തില്‍ ആ നാട്ടിലെത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ഇറ്റലി ഇസ്‌ലാമിനെ പരിചയപ്പെടുന്നത്. 1971-ല്‍ ബെറൂചാ പട്ടണത്തില്‍ ആദ്യത്തെ മുസ്ലിം വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കപ്പെട്ടു. അതിനാല്‍ തന്നെ ഇറ്റലിയെ സംബന്ധിച്ചിടത്തോളം ഇസ്ലാം വളരെ പുതിയതാണ്. ഇത് അവിടത്തെ മുസ്ലിംകളുടെ വ്യവഹാരപ്രശ്‌നങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. വിവിധസംസ്‌കാരങ്ങളുമായി ഇടകലര്‍ന്ന് ജീവിക്കുന്നതിനാല്‍ സ്ഥായിയായ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്നില്ല. അതിനാല്‍ ഇസ്ലാമികസംഘടനകള്‍ യുവാക്കള്‍ക്കായി പ്രത്യേക വിങുകളുണ്ടാക്കി പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചുനടത്തുന്നുണ്ട്.
ഇറ്റലിയിലെ മുസ്ലിംകള്‍ പരിശുദ്ധ റമദാനെ വരവേല്‍ക്കാനാവശ്യമായ ഒരുക്കങ്ങള്‍ നടത്താറുണ്ട്. മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും ഈ മാസത്തെ സജീവമാക്കുന്നതിനായി വിവിധ അറബ് രാഷ്ട്രങ്ങളില്‍ നിന്നും പണ്ഡിതന്മാരെ കൊണ്ടുവന്ന് പ്രത്യേകമായ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. റമദാന്റെ ഏതാനുംആഴ്ചകള്‍ക്കുമുമ്പുതന്നെ ഇത്തരം പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടാകും. റമദാനില്‍ നടത്തേണ്ട പ്രത്യേക മതപരമായ മത്സരങ്ങളും പ്രോഗ്രാമുകളും ആസൂത്രണംചെയ്യുകയും വിതരണം ചെയ്യേണ്ട പ്രത്യേക റമദാന്‍ പ്രാര്‍ത്ഥനാലീഫ്‌ലെറ്റുകളും മറ്റും പ്രിന്റെടുത്ത് തയ്യാറാക്കുകയും ചെയ്യും.
കച്ചവടസ്ഥാപനങ്ങള്‍ റമദാനുവേണ്ടി പ്രത്യേകമായ ഒരുക്കങ്ങള്‍ നടത്താറുണ്ട്. വിശിഷ്ടമായ മധുര പലഹാരങ്ങളും ഭക്ഷണ വിഭവങ്ങളും നോമ്പുകാര്‍ക്കായി നിരത്തപ്പെടുന്നു. റമദാന്‍ ആഗതമാവുന്നതോടെ കച്ചവടസ്ഥാപനങ്ങളില്‍ അലങ്കാരബള്‍ബുകളും പ്രാര്‍ഥനാബോര്‍ഡുകളും വില്‍പനക്കെത്തുന്നു.
തറാവീഹ് നമസ്‌കാരത്തിനും മറ്റുമായി ആളുകള്‍ കൂട്ടത്തോടെ പള്ളിയിലേക്ക് വരുന്നതിനാല്‍ സൗകര്യങ്ങള്‍ പരിമിതമെന്നുകണ്ട് പള്ളിയോടുചേര്‍ന്ന കെട്ടിടങ്ങള്‍ വാടകക്കെടുത്ത് നമസ്‌കാരസ്ഥലം സജ്ജമാക്കുന്ന പതിവ് ഇറ്റലിയിലുണ്ട്.
സമൂഹ നോമ്പുതുറകളും ഇറ്റലിയില്‍ സജീവമായി നടക്കുന്നു. അന്യനാടുകളില്‍നിന്നുള്ള പ്രവാസികള്‍ക്കിടയിലാണ് ഇവ കൂടുതലായും നടക്കാറുള്ളത്. പരസ്പരം പരിചയപ്പെടാനും കൂടിക്കാഴ്ചക്കും ഊഷ്മളസാഹോദര്യ ബന്ധത്തിനും സമൂഹ നോമ്പുതുറ അവസരമൊരുക്കുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ സംഘടിപ്പിക്കാനും ഇവ പ്രയോജനപ്പെടുന്നു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്കായി ആവേശത്തോടെ ദാനധര്‍മം ചെയ്യുന്നവരാണ് ഇറ്റാലിയന്‍ മുസ്ലിംകള്‍. തങ്ങളുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം സന്നദ്ധ സംഘടനകള്‍ മുഖേനയാണ് അവരത് ചെയ്യുന്നത്.
പള്ളികളും ഇസ്ലാമിക സ്ഥാപനങ്ങളും ലൈലതുല്‍ ഖദ്ര്‍ പ്രത്യേകമായി ആഘോഷിക്കാറുണ്ട്. ശ്രുതിമധുരമായ ഈണത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഇമാമുമാരെ നിശ്ചയിച്ച് തറാവീഹിലേക്ക് ആളുകളെ അണിനിരത്തുന്നതിനായി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തുന്നു.
Add Comment