Special Coverage മക്കാ വിജയം

മക്കാ വിജയവും റമദാന്‍ നോമ്പും

റമദാനിലാണ് തിരുമേനി(സ)യും അനുയായികളും ബദ്‌റില്‍ അണിനിരന്നത്. തബൂക്കില്‍ നിന്ന് മടങ്ങിയത് റമദാനിലായിരുന്നു. മക്കാ വിജയം ഹിജ്‌റ എട്ടാം വര്‍ഷം പരിശുദ്ധ റമദാനിലായിരുന്നു. പ്രവാചകന്‍(സ) മദീനയില്‍ നിന്ന് വ്രതത്തോടെയാണ് യാത്ര തിരിച്ചത്. അനുയായികളും നോമ്പനുഷ്ഠിച്ചുതന്നെ കൂടെ പുറപ്പെട്ടു. അവര്‍ അസ്ഫാനിലെത്തിയപ്പോള്‍ തിരുമേനിയോട് ആരോ പറഞ്ഞു:’അല്ലാഹുവിന്റെ ദൂതരേ, നോമ്പ് ചിലര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ താങ്കളെ ഉറ്റുനോക്കുകയാണ്. ഇതുകേട്ട തിരുമേനി(സ) ഒരു കപ്പ് പാലുമായി തന്റെ വാഹനപ്പുറത്ത് കയറി, ജനങ്ങള്‍ കാണ്‍കെ അത് കുടിച്ചു. ഇതു കണ്ട അനുയായികളും വെള്ളം കുടിച്ച് നോമ്പുമുറിച്ചു. പിന്നീട് അദ്ദേഹം വാഹനപ്പുറത്തുനിന്ന് താഴെ ഇറങ്ങി. അദ്ദേഹം പറഞ്ഞു:’നിങ്ങള്‍ ശത്രുവിനോട് അടുത്തിരിക്കുന്നു, നോമ്പ് മുറിക്കുന്നത് നിങ്ങള്‍ക്ക് ശക്തി പകര്‍ന്നേക്കും’. നോമ്പ് മുറിക്കാന്‍ അല്ലാഹു അനുവദിച്ചത് അവന്റെ ഇളവാണെന്ന് വിശ്വാസികള്‍ക്ക് മനസ്സിലായി. കാരണം അവര്‍ യാത്രക്കാരാണെന്ന് മാത്രമല്ല, ജിഹാദിന് വേണ്ടി ഇറങ്ങിത്തിരിച്ചവര്‍ കൂടിയാണ്.
എന്നിട്ടും നോമ്പുമുറിക്കാത്ത ചിലര്‍ കൂടെയുണ്ടെന്നറിഞ്ഞപ്പോള്‍ തിരുമേനി(സ) അവരെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:’അവര്‍ ചെയ്തത് തെറ്റാണ്, അവര്‍ ചെയ്തത് തെറ്റാണ്’.
തണല്‍ ചേര്‍ന്നുനടക്കുന്നയാളെ കണ്ട പ്രവാചകന്‍(സ) എന്താണ് അയാളുടെ പ്രശ്‌നമെന്ന് അനുചരന്മാരോട് അന്വേഷിച്ചു. അദ്ദേഹം നോമ്പുകാരനാണെന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു.’യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് പുണ്യമല്ല’ എന്നായിരുന്നു തിരുമേനി(സ)യുടെ പ്രതികരണം. ഈ സംഭവത്തില്‍ നിന്ന് വായിച്ചെടുക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. യുദ്ധ സന്ദര്‍ഭത്തില്‍ പോലും നോമ്പിന്റെ നിയമങ്ങള്‍ അനുയായികള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് തിരുമേനി(സ) ചെയ്തത്. അല്ലാഹുവിന്റെ ദീനും ശരീഅത്തും പഠിക്കുന്നതില്‍ ജിഹാദ് പോലും തടസ്സമല്ല എന്നാണ് പ്രവാചകന്‍(സ) ഈ ഉമ്മത്തിനെ പഠിപ്പിക്കുന്നത്. വിജ്ഞാനത്തേക്കാള്‍ മഹത്തായ സ്ഥാനം മറ്റൊന്നിനുമില്ലെന്ന് ചുരുക്കം. മുസ്‌ലിം ഈമാനിന്റെ പിന്‍ബലത്തിലാണ് ജിഹാദ് ചെയ്യുന്നത്. അല്ലാഹു തന്റെ സഹായം വിശ്വാസിക്കാണ് നല്‍കുക. ആരാധനകളുടെയും പ്രാര്‍ത്ഥനകളുടെയും കൂടെയാണ് ഭൗതിക സന്നാഹങ്ങളുടെ സ്ഥാനം. അവമുഖേനെയാണ് അല്ലാഹുവിന്റെ സഹായത്തിന് വിശ്വാസികള്‍ അര്‍ഹരാകുന്നത്. യാത്ര സ്വയം തന്നെ നോമ്പ് ഉപേക്ഷിക്കാനുള്ള കാരണമാണ്. ജിഹാദ് അതിനെ ബലപ്പെടുത്തുകയാണ് ചെയ്യുക. കാരണം ജിഹാദിന് ശക്തി അനിവാര്യമാണ്. ‘നോമ്പ് മുറിക്കുന്നതാണ് നിങ്ങള്‍ക്ക്് ശക്തി പകരുക’യെന്ന പ്രവാചക വചനത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമായും ‘നിങ്ങള്‍ നോമ്പ് മുറിക്കുക’യെന്ന വചനത്തെ നിര്‍ബന്ധ കല്‍പനയായും പണ്ഡിതന്മാര്‍ പരിഗണിച്ചിരിക്കുന്നു. പ്രവാചകന്‍(സ) വിരോധിച്ചിരിക്കെ നോമ്പനുഷ്ഠിച്ചവന്‍ തെറ്റാണ് പ്രവര്‍ത്തിച്ചത്. കാരണം ശത്രുവിനെ പ്രതീക്ഷിച്ചിരിക്കുന്ന സൈന്യത്തിന് ശക്തി ആവശ്യമാണ്. വ്രതമനുഷ്ഠിച്ചിട്ടുള്ള യാത്രക്കാരന് നോമ്പുമുറിക്കേണ്ട സാഹചര്യം വന്നാല്‍ അപ്രകാരം ചെയ്യാനിളവുണ്ട്. നബി തിരുമേനി(സ)യില്‍ അവന് മാതൃകയുണ്ട്. യാത്രക്കാരന് നോമ്പ് എടുക്കുന്നതാണോ, ഉപേക്ഷിക്കുന്നതാണോ ഉത്തമം എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. നോമ്പെടുക്കല്‍ എളുപ്പവും, പിന്നീട് നോറ്റുവീട്ടല്‍ പ്രയാസവുമുള്ള ആളുകള്‍ക്ക് അത് അനുഷ്ഠിക്കലാണ് ഉത്തമമെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അല്ലാഹു എളുപ്പമാണ് ഉദ്ദേശിക്കുന്നത്, പ്രയാസമല്ല എന്ന ആയത്താണ് അവര്‍ അതിന് പ്രമാണമാക്കുന്നത്.