Special Coverage ബദ്ര്‍

ബദ്‌റില്‍ പെയ്ത മേഘസന്ദേശങ്ങള്‍

പ്രവാചക ചരിത്രം എന്നും വിശ്വാസി സമൂഹത്തില്‍ സൗരഭ്യം പരത്തുന്ന, അനന്യമാതൃക സമര്‍പിക്കുന്നു. ദൈവത്തിന്റെ പ്രിയപ്പെട്ട ദാസന്‍, മാനവകുലത്തിലെ ഏറ്റവും ഉന്നതന്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കുടമായാണല്ലോ അദ്ദേഹം. വിജ്ഞാനവും യുക്തിയും വിശ്വാസവും നിറഞ്ഞ, ക്ഷമയും സഹനവും ദൃഢവിശ്വാസവും ഉള്‍ചേര്‍ന്ന ചരിത്രമാണത്. നന്മയും കാരുണ്യവും പുണ്യവും ഔദാര്യവും പ്രസരിപ്പിച്ച ജീവചരിത്രം. അല്ലാഹുവിന്റെ സന്ദേശം വഹിച്ച്, അല്ലാഹുവിന്റെ നിയമം ജനങ്ങളെ പഠിപ്പിച്ച് ജീവിച്ച ഇരുപത്തിമൂന്ന് വര്‍ഷത്തിന്റെ ചരിത്രം. നന്മയുടെ എല്ലാ കവാടങ്ങളെയും, സന്മാര്‍ഗത്തിന്റെ എല്ലാ ഇടവഴികളെയും കുറിച്ച് അദ്ദേഹം നമുക്ക്  അറിയിച്ചുതന്നിരിക്കുന്നു. 

അനുഗൃഹീതമായ റമദാനിലായിരുന്നു മഹത്തായ ബദ്ര്‍ പോരാട്ടം നടന്നത്. വിശ്വാസികള്‍ നേരിട്ട ആദ്യ പോരാട്ടത്തില്‍ അല്ലാഹു അവരെ സഹായിച്ചു.

‘ന്യായമായ കാരണത്താല്‍ നിന്റെ നാഥന്‍ നിന്നെ നിന്റെ വീട്ടില്‍ നിന്ന് പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല. സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്‍ക്കിക്കുകയായിരുന്നു. നോക്കിനില്‍ക്കെ മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്ത സന്ദര്‍ഭം. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്‍ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്‍പനകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്. സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ വെറുക്കുന്നുവെങ്കിലും!’. (അന്‍ഫാല്‍ 5-8).
സത്യാസത്യവിവേചനത്തിന്റെ നാള്‍ എന്നാണ് ഇരുസംഘങ്ങള്‍ ഏറ്റുമുട്ടിയ ബദ്ര്‍ ദിനത്തെ അല്ലാഹു വിശേഷിപ്പിച്ചത്. അല്ലാഹു തന്റെ സൈന്യത്തിന് പ്രതാപം നല്‍കുകയും തന്നോട് ശത്രുത പുലര്‍ത്തിയവരെ നിന്ദിക്കുകയും ചെയ്തു. സ്ഥൈര്യത്തോടും ദൃഢനിശ്ചയത്തോടും വിശ്വാസത്തോടും കൂടി പ്രവാചകന്‍(സ) വിശ്വാസികളെ നയിച്ചു. മുന്നൂറ്റിപ്പതിമൂന്ന് പേര്‍, പക്ഷെ അവരായിരുന്നു ഭൂമിക്ക് മുകളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയപ്പട്ടവര്‍. അല്ലാഹു സന്തോഷം പ്രദാനം ചെയ്തവരായിരുന്നു അവര്‍. അവരോട് അല്ലാഹു വിളിച്ചു പറഞ്ഞു:’അല്ലയോ ബദ്‌റില്‍ പങ്കെടുത്തവരെ, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊള്ളുക, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’. നഗ്നപാദരായ, നുരുമ്പിപ്പഴകി ക്കീറിയ വസ്ത്രം ധരിച്ച, ശരീരം ശോഷിച്ച എന്നാല്‍ ഹൃദയവിശുദ്ധിയും, ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും ഉള്ളവരായിരുന്നു അവര്‍. പ്രവാചകന്‍ തിരുമേനി(സ)യുടെ പ്രിയപ്പെട്ട അനുചരന്മാര്‍.

വിശ്വാസത്തിന്റെ സംഘത്തെ തിരുമേനി(സ) നയിച്ചു, അല്ലാഹു അവര്‍ക്കുമേല്‍ കാരുണ്യവും, സംതൃപ്തിയും വര്‍ഷിച്ചു.

അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം ശാമില്‍ നിന്ന് യാത്ര തിരിച്ചിരിക്കുന്നുവെന്ന് തിരുമേനി(സ) അറിഞ്ഞു. അവരുടെ കൂടെയുള്ള സമ്പത്ത് ഗനീമത്തായി എടുക്കാന്‍ തിരുമേനിയും അനുയായികളും പുറപ്പെട്ടു. അവര്‍ യുദ്ധം ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ വിവരമറിഞ്ഞ അബൂസുഫ്‌യാന്‍ ഖുറൈശികളിലേക്ക് സഹായത്തിനായി ആളയക്കുകയും, മറ്റൊരു മാര്‍ഗത്തിലൂടെ രക്ഷപ്പെടുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ  ആയിരത്തോളം ഖുറൈശികള്‍ യുദ്ധത്തിനായി യാത്ര തിരിച്ചു. മുസ്‌ലിംകള്‍ കേവലം 313 പേരും. കൂടുതല്‍ പേരും അന്‍സ്വാറുകളില്‍ പെട്ടവരായിരുന്നു.

എന്നാല്‍ ഈ കൊച്ചുസംഘത്തെ ശക്തിയും പ്രതാപവും അധികാരവുമുള്ള ഒരു സമൂഹമാക്കി മാറ്റാനായിരുന്നു അല്ലാഹുവിന്റെ തീരുമാനം. കാരണം അവര്‍ക്കായിരുന്നു അതിനുള്ള അര്‍ഹതയുണ്ടായിരുന്നത്. ഹൃദയത്തില്‍  അല്ലാഹുവിന് സ്ഥാനംകല്‍പിച്ചിട്ടുള്ളവര്‍ക്കാണ് അവന്റെ സഹായംഇറങ്ങുക അല്ലാതെ ആയുധവും ശക്തിയുമുള്ളവര്‍ക്കല്ലെന്ന യാഥാര്‍ത്ഥ്യം വിശ്വാസിസമൂഹത്തെ ബോധ്യപ്പെടുത്താന്‍ അല്ലാഹു തീരുമാനിച്ചു. സമ്പത്തിനും, ഭൗതിക സന്നാഹങ്ങള്‍ക്കും യുദ്ധക്കളത്തില്‍ സ്ഥാനമില്ല. വിനയവും ദൈവിക വിധേയത്വവുമാണ് അവിടെ പരിഗണനീയം. അല്ലാഹു പറയുന്നു:’വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതുതന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു’. (മുഹമ്മദ് 7-8). ‘അല്ലാഹു നിങ്ങളെ തുണക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അവനില്‍ ഭരമേല്‍പിക്കട്ടെ’. (ആലുഇംറാന്‍ 160).

അല്ലാഹുവിന്റെ പൂര്‍ണമായ ആസൂത്രണത്തോടും, ഉദ്ദേശ്യത്തോടും കൂടിയാണ് ബദ്‌റിലെ പോരാട്ടം സംഭവിക്കുന്നത്. അല്ലാഹുവിന്റെ മാലാഖമാര്‍ സന്നിഹിതരായിരുന്നു അവിടെ. ഉമര്‍ ബിന്‍ ഖത്ത്വാബ്(റ) പറയുന്നു:’ബദ്‌റിലെ ദിവസം തിരുമേനി(സ) അനുചരന്മാരിലേക്ക് നോക്കി. അവര്‍ മുന്നൂറിലധികമാണ് ഉണ്ടായിരുന്നത്. പിന്നീട് മുശ്‌രിക്കുകളെ നോക്കി. അവരാകട്ടെ ആയിരത്തോളവും. ശേഷം അദ്ദേഹം ഖിബ്‌ലയിലേക്ക് തിരിഞ്ഞു കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ‘അല്ലാഹുവേ, നീ നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിച്ചാലും, ഇസ്ലാമിന്റെ ഈ ചെറുസംഘത്തെ നീ നശിപ്പിച്ചാല്‍ നീയൊരിക്കലും ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല നാഥാ’. അദ്ദേഹം പുതച്ചിരുന്ന മേല്‍ വസ്ത്രം താഴെ വീഴുന്നതുവരെ അദ്ദേഹം തന്റെ നാഥനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ അബൂബക്ര്‍(റ) അദ്ദേഹത്തിന്റെ അടുത്തുചെന്നു വസ്ത്രമെടുത്ത് പ്രവാചകന്റെ തോളില്‍ വെച്ചശേഷം പറഞ്ഞു. ‘അല്ലാഹുവിന്റെ പ്രവാചകരേ, താങ്കള്‍ റബ്ബിനോട് ആവശ്യപ്പെട്ടതുമതി, അവന്‍ താങ്കള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും’.

നമുക്ക് ബദ്‌റിന് മുന്നില്‍ അല്‍പനേരം ചിലവഴിക്കാം. ഇസ്ലാമിക ചരിത്രത്തിലെ ആദ്യപോരാട്ടം നമുക്ക് നല്‍കിയ സന്ദേശങ്ങളെന്തൊക്കെയെന്ന് പരിശോധിക്കാം. ലോകാവസാനം വരേക്കും അവശേഷിക്കുന്ന അല്ലാഹുവിന്റെ ശാശ്വത വചനമാണ് ഇസ്ലാം എന്നതുതന്നെയാണ് ബദ്ര്‍ നല്‍കുന്ന പ്രഥമ പാഠം. ഇസ്ലാമിനോട് കൂറുപുലര്‍ത്തുന്ന, അതിനെ നെഞ്ചേറ്റുന്ന പടയാളികള്‍ക്ക് പ്രതാപവും, അതിനോട് ശത്രുത പുലര്‍ത്തുകയും കലഹിക്കുകയും ചെയ്യുന്നവര്‍ക്ക് നിന്ദ്യതയും ദൈന്യതയും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

വിശ്വാസിക്ക് ആശ്വാസത്തിന്റെ കുളിരേകുന്ന കവാടമാണ് ക്ഷമയെന്നത്. ക്ഷമ അവലംബിക്കുന്നവന് ഭൂമി കുടുസ്സാവുകയില്ല. സകല നന്മകളും വര്‍ഷിക്കുന്ന മേഘമാണത്. വിഷമത്തിന്റെയും പ്രയാസത്തിന്റെയും ഒപ്പം എളുപ്പമുണ്ടെന്ന പാഠം ബദ്ര്‍ വിശ്വാസി സമൂഹത്തെ പഠിപ്പിക്കുന്നു. ക്ഷമയുടെ പര്യവസാനം ഉത്തമമായിരിക്കുമെന്ന് ഖുര്‍ആന്‍ ബദ്‌റിന്റെ ചരിത്രത്തിലൂടെ ബോധ്യപ്പെടുത്തുന്നു: ‘സംശയം വേണ്ടാ, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്തുവന്നെത്തിയാലും നിങ്ങളുടെ നാഥന്‍, തിരിച്ചറിയാന്‍ കഴിയുന്ന അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും’.(ആലുഇംറാന്‍ 125).

പരീക്ഷണങ്ങളും പീഡനങ്ങളും അഭിമുഖീകരിക്കുമ്പോള്‍  ക്ഷമയവലംബിച്ച് അല്ലാഹുവിലേക്ക് മുഖം തിരിച്ചവന് സന്തോഷകരമായ പര്യവസാനമുണ്ടായിരിക്കുന്നതാണ്. നബിതിരുമേനി(സ) അരുളിയത് എത്ര സത്യം! ‘ക്ഷമയേക്കാള്‍ ഉത്തമമായ ഒരു സമ്മാനം അടിമക്ക് ലഭിക്കാനില്ല’. ഇഹലോകത്തിന്റെ ഇടുക്കം ക്ഷമ കൊണ്ട് വിശാലമാവുകയും, അതിന്റെ വിഷമങ്ങളെയും പ്രയാസങ്ങളെയും തകര്‍ത്തുകളയുകയും ചെയ്യുന്നു. ഉമര്‍ ബിന്‍ ഖത്ത്വാബ്(റ) പറയുന്നു:’ക്ഷമ കൊണ്ടാണ് ഞങ്ങള്‍ക്ക് ഏറ്റവും ആസ്വാദ്യകരമായ ജീവിതം ലഭിച്ചത്’.

ദൈവബോധമാണ് അല്ലാഹുവിന്റെ സഹായത്തിലേക്കുള്ള വഴിയെന്നും ബദ്ര്‍ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസികളുടെ വിജയം കേന്ദ്രീകരിച്ചത് ദൈവഭയത്തിലാണ്. കാരുണ്യവാന്റെ മാലാഖമാര്‍ ഇറങ്ങുന്നതും അവരുടെ സഹായം ലഭിക്കുന്നതും ദൈവബോധമുള്ളവര്‍ക്കാണ്.

പീഡനങ്ങളും, അടിച്ചമര്‍ത്തലുകളും താണ്ഡവനൃത്തംചെയ്യുന്ന ഈ ലോകത്ത് നമുക്ക് ക്ഷമയോടെ മുന്നേറാം. എവിടേക്ക് ദൃഷ്ടിതിരിച്ചാലും വേദനകളും രോദനങ്ങളുമാണ്. സ്ത്രീകള്‍, വിധവകള്‍, കുഞ്ഞുങ്ങള്‍, അംഗവിഛേദം ചെയ്യപ്പെട്ടവര്‍…. അവരനുഭവിക്കുന്ന വേദന എത്രയാണ്…. അവര്‍ സഹിക്കുന്ന പീഡനങ്ങളെ എങ്ങനെയാണ് വിവരിക്കുക… നമുക്ക് മേല്‍ ഭൂമി കുടുസ്സായി അനുഭവപ്പെടാതിരിക്കണമെങ്കില്‍ നാം  സഹനമവലംബിച്ച്  ക്ഷമിക്കണം. തീര്‍ച്ചയായും ഇരുള്‍മുറ്റിയ രാവിനുശേഷം പ്രകാശമാനമായ പ്രഭാതമുണ്ട്. ചാരങ്ങള്‍ക്കടിയില്‍ തീക്കനലുകളുണ്ട്. നമുക്ക് മനോഹരമായി ക്ഷമിക്കാം. അല്ലാഹു അവന്റെ മഹത്തായ സഹായം നമ്മില്‍ വര്‍ഷിക്കുന്നതുവരെ.