ജീവിതത്തിലെ അനുവദനീയതകളെയും ആവശ്യതകളെയും വിശ്വാസി അകറ്റി നിര്‍ത്തുന്ന മാസമാണ് റമദാന്. ആത്മാവിനേക്കാള്‍ ശാരീരിക ആവശ്യങ്ങള്‍ക്കാണ്, കഴിഞ്ഞ പതിനൊന്ന് മാസങ്ങളിലും നാം മുന്‍ഗണന നല്‍കിയത്. അരുതെന്ന് വിലക്കിയ പലതും നാം ചെയ്തിട്ടുണ്ട്. ആവശ്യപ്പെട്ട പലതും നാം നിര്‍വഹിച്ചിട്ടില്ല. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന കാര്യത്തില്‍ നമുക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്.ചില ആരാധനാനുഷ്ടാനങ്ങളില്‍ നിഷ്ഠ പുലര്‍ത്തിയിട്ടില്ല, പല കടമകളും നന്നായി നിര്‍വഹിച്ചിട്ടില്ല. ഇങ്ങനെയൊക്കെയായിരുന്നു നമ്മുടെ കഴിഞ്ഞ പതിനൊന്നു മാസങ്ങള്‍.ശാരീരിക സുഖങ്ങള്‍ക്ക് കടിഞ്ഞാണിട്ട്, ആത്മീയ പരിപോഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അല്ലാഹു കല്‍പ്പിച്ച മാസമാണിത്. ഹൃദയങ്ങളെ ദൈവ സ്മരണകൊണ്ട് നവീകരിക്കാനും ഈമാനിക ആവേശം വീണ്ടെടുക്കാനുമുളള അവസരമാണിത്. കഴിഞ്ഞ മാസങ്ങളിലെ നമ്മുടെ വീഴ്ച്ചകളെ വിലയിരുത്താനും തിരുത്താനുമുളള സന്ദര്‍ഭം. ഖുര്‍ആനിലൂടെ സര്‍വ്വ ശക്തനായ അല്ലാഹുവുമായി ബന്ധം സുദൃഢമാക്കാനുളള അവസരം.
ദൈവഭയം കൊണ്ട് നമ്മുടെ ഹൃദയങ്ങളെ വിമലീകരിക്കുന്ന സംവിധാനമാണ്്് റമദാന് മാസമെന്ന്്്് പൊതുവെ പറയാം. ശരീരത്തിന്റെ ആവശ്യകതകളെ പരിഗണിക്കല്‍ മാത്രമല്ല ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന്്, പകല്‍ വേളയിലെ വ്രതം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആത്മാവിനെ വിമലീകരിക്കാതെ ജീവിത വിജയം സാധ്യമല്ലന്നാണ് ഇത് വിളംബരം ചെയ്യുന്നത്. പകല്‍ വേളകളില്‍ നമ്മുടെ ഹൃദയങ്ങളെ എല്ലാ വിധ ദുഷ്-ചിന്തകളില്‍ നിന്നും മോചിപ്പിക്കാനും, രാവുകളില്‍ വിശുദ്ധ ഖുര്‍ആനിന്റെ പ്രകാശം കരസ്ഥമാക്കാനുമാണ് റമദാനിലൂടെ നാം പഠിപ്പിക്കപ്പെടുന്നത്.
റമദാനിലെ രാവുകളില്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ട് നാം ദീര്‍ഘനേരം നമസ്കാരത്തില്‍ നില്ക്കുന്നു. റമദാന് മാസത്തിന്റെ ആരംഭ ദിവസങ്ങളില്‍ വിശിുദ്ധ ഖുര്‍ആന്‍ നമ്മുടെ ഹൃദയങ്ങള്‍ക്ക് നവ ചൈതന്യമേകുന്നു. റമദാനിലെ അവസാന നാളുകളില്‍ ലൈലത്തുല്‍ ഖദ്റിന്റെ പ്രതിഫലം പ്രതീക്ഷിച്ച് നാം ദീര്‍ഘനേരം പ്രാര്‍ത്ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുന്നു.
അല്ലാഹു പറയുന്നു.: ‘ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും , നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്തതെളിവുകളായികൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്.’ (2 : 185 )
ഈ ആയത്തിലെ പ്രസക്തമായ ഒരു കാര്യം, റമദാനെ പരാമര്‍ശിക്കുമ്പോള്‍ അല്ലാഹു വൃതത്തെക്കുറിച്ച്്് ആദ്യം പറാതെ, വിശുദ്ധ ഖുര്‍ആനെ സംബന്ധിച്ച്്് ആദ്യം പറയുന്നുവെന്നതാണ്. സാധാരണ ഗതിയില്‍ റമദാന് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യമായി നമ്മുടെ മനസ്സില്‍ ഓടിയെത്തുക വ്രതമാണല്ലോ. എന്നാല്‍ ഖുര്‍ആനെ സംബന്ധിച്ചുളള അല്ലാഹുവിന്റെ പരാമര്‍ശം കാണുമ്പോള്‍ ഖുര്‍ആനുമായുളള മനുഷ്യന്റെ ബന്ധം സുദൃഢമാക്കുക എന്നതാണ് മറ്റേതൊരു കാര്യത്തേക്കാളും ഈ മാസത്തില്‍ പ്രാധാന്യമെന്ന് തോന്നും .ഈ വിശുദ്ധ ഖുര്‍ആനെ ഇറക്കിയത് കൊണ്ടാണ് ഈ മാസത്തില്‍ നോമ്പെടുക്കാന്‍ കല്‍പ്പിക്കുന്നത് പോലും. വ്രതം കൊണ്ട് നാം കൈവരിക്കേണ്ട ലക്ഷ്യം തഖ്വയാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഈ തഖ്വ സ്ഥാപിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഇല്ലാതെ സാധ്യമല്ല. അത് കൊണ്ട് നമ്മെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഗ്രന്ഥവും നാമുമായുളള ബന്ധം വിശുദ്ധ ഖുര്‍ആനിലൂടെ നാം ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ വ്രതം നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് മലിനമായ വികാരങ്ങളെ നീക്കം ചെയ്യുന്നു.
‘അവര്‍ ഉണര്ന്നിരിക്കുന്നവരാണന്ന് നീ ധരിച്ച് പോകും .(വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരുന്നു.അവരുടെ നായ ഗുഹാ മുഖത്ത് അതിന്റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരുടെ നേര്‍ക്ക് നീ എത്തിനോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും’.(അല്‍ കഹ്ഫ് : 18)
ഗുഹാവാസികളായ ഏതാനും യുവാക്കളുടെ കഥ പറയുന്ന ഖുര്‍ആന്‍ സൂക്തങ്ങളാണിവ. ഞങ്ങള്‍ ഏകദൈവമായ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുളളുവെന്ന് ധൈര്യ സമേതം എഴുന്നേറ്റു നിന്ന് ജനങ്ങളോട് പ്രഖ്യാപിച്ചവരാണവര്‍ .അവര്‍ക്കങ്ങനെ ചെയ്യാന്‍ കഴിഞ്ഞത്, അല്ലാഹു അവരുടെ ഹൃദയങ്ങളെ വിശ്വാസം കൊണ്ട് ദൃഢീകരിച്ചത് കൊണ്ടു മാത്രമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അങ്ങനെ പ്രഖ്യാപിക്കുവാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത് അല്ലാഹുവാണ് എന്നത് ശരി തന്നെ, എന്നാല്‍, ഇവിടെ ആ യുവാക്കളുടെ ഭാഗത്തു നിന്നാണ് ആദ്യമായി അതിനുളള നീക്കമുണ്ടായത്. അവര്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന കാര്യത്തില്‍ ധൈര്യസമേതം നില കൊണ്ടു. അല്ലാഹുവിലേക്ക് അവര്‍ അടുത്തപ്പോള്‍ അവരിലേക്ക് അല്ലാഹു കൂടുതല്‍ അടുത്തു. അഥവാ അവരുടെ നാവ് കൊണ്ടുളള പ്രഖ്യാപനം പ്രയോഗത്തിലും അങ്ങനെത്തന്നെയാണന്ന്് തങ്ങളുടെ ജീവിതത്തിലൂടെ അവര്‍ കാണിച്ചു തന്നു. ഇവ്വിധം ഈ പരിശുദ്ധ റമദാന് മാസത്തില്‍ വിശുദ്ധ ഖുര്‍ആനുമായി സുദൃഢമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ നാം ശ്രമിക്കണം. അതിനുളള പരിശ്രമം നമ്മുടെ ഭാഗത്ത്്് നിന്നാണ് ആദ്യമായി ഉണ്ടാകേണ്ടത്്. അപ്പോള്‍ അല്ലാഹു നമ്മെ സഹായിക്കും. നല്ല ഉദ്ദേശ്യം മാത്രം പോരാ നമുക്ക്, മറിച്ച് നന്മകളില് മുന്നേറി കൊണ്ടുളള തയ്യാറെടുപ്പുകള്‍ കൂടിയേ തീരൂ.
‘ഈമാനും പ്രതിഫലേചഛയോടെയും, റമദാന് മാസത്തില്ആര് നോമ്പെടുക്കുന്നുവോ അവന്റെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും’.
ഈ റമദാന് മാസത്തില്‍, ഖുര്‍ആനുമായി ബന്ധപ്പെട്ട് ചില ലക്ഷ്യങ്ങള്‍ നാം നിര്‍ണ്ണയിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ വായിക്കനറിയാത്തവര്, ആദ്യമായി വായിക്കാന്‍ പഠിക്കണം. പാരായണത്തിന് സമയം കിട്ടാത്തതാണ് പ്രശ്നമെങ്കില്‍, ദിവസവും ഖുര്‍ആന്‍ പാരായണത്തിന്് സമയം കണ്ടെത്തുക. സ്ഥിരം ഓതുന്നവരാണങ്കില് കുറേ കൂടി കൂടുതല്‍ ഓതാന്‍ തുടങ്ങുക. യാത്രയിലും ഒഴിവ് വേളകളിലും ജോലി സ്ഥലങ്ങളിലും നാം കേട്ടു കൊണ്ടിരിക്കുന്ന സംഗീതത്തിനു പകരം ഖുര്‍ആന്‍ കേള്‍ക്കാന്‍ ശീലിക്കുക. ഖുര്‍ആനു വേണ്ടി നമ്മുടെ ഹൃദയങ്ങളില്‍ ഒരു ശക്തമായ അടിത്തറ പണിയുക. ആ അടിത്തറയുടെ മേലായിരിക്കണം, നമ്മുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുത്തേണ്ടത്്. എല്ലാത്തിനുമുപരി ഇത് ഖുര്‍ആന്റെ മാസമാണ്. അതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ നാം പ്രത്യേക ഊന്നല്‍ കൊടുക്കണം. ഖുര്‍ആനുമായുളള നമ്മുടെ ബന്ധം ഈ ഒരു മാസത്തില്‍ പരിമിതമാവരുത്. വരാനിരിക്കുന്ന പതിനൊന്ന് മാസവും നിലനില്‍ക്കുന്ന സുദൃഢവും അഗാധവുമായ ബന്ധത്തിന് അടിത്തറയാകണം ഈ ഒരു മാസം.
മന്‍സൂര്‍ അഹ്മദ്
Add Comment