നാം മുസ്‌ലിംകള്‍ നമ്മുടെ പെരുന്നാളിന്റെ ആശയം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അതിനെ നന്നായി സ്വീകരിക്കുകയും കര്‍മനിരതമായ ആഹ്ലാദപ്പെരുന്നാളാക്കി മാറ്റുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് കാണുന്നപോലുള്ള ആലസ്യത്തിന്റെയും നിഷ്‌ക്രിയത്വത്തിന്റെയും ആശയമോ, പുതുമയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ ആഹ്ലാദമോ, അവധി ദിനത്തിന്റെ ആശ്വാസമോ അല്ല ഈ ഉമ്മത്തിന്റെ പെരുന്നാളിനുണ്ടായിരുന്നത്. കപടതയൊളുപ്പിച്ച പുഞ്ചിരുമായല്ല വിശ്വാസികള്‍ പെരുന്നാളില്‍ പരസ്പരം ആലിംഗനം ചെയ്തിരുന്നത്.
ദൈവത്തിന് കീഴൊതുങ്ങിയ മനസ്സിന്റെ ആഘോഷമാണ് പെരുന്നാള്‍. തോന്നിവാസത്തില്‍ അഭിരമിച്ച അശ്ലീലകാമനയുടെ പെരുന്നാളല്ല അത്.
മുസ്‌ലിം ഉമ്മത്തിന്റെ ആത്മീയ അസ്വ്തിത്വത്തെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു പൂര്‍വകാല പെരുന്നാളുകള്‍. ഭൗതികാസക്തിയുടെ ജഡികതാല്‍പര്യത്തിലേക്ക് ഇന്നത് അധഃപതിച്ചിരിക്കുന്നു. കഠിനാധ്വാനത്തിന് ശേഷമുള്ള നിര്‍വൃതിയും ആനന്ദവുമായിരുന്ന പെരുന്നാളിന്ന് നിന്ദ്യതക്ക് ശേഷമുള്ള ദൗര്‍ബല്യവും ബലഹീനതയുമായിരിക്കുന്നു.
കാലത്തെയും ദിവസത്തെയും തങ്ങളുടേതാക്കി മാറ്റാന്‍ ഈ ഉമ്മത്തിന് ശേഷിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മുന്‍കാല പെരുന്നാളുകള്‍. കാലങ്ങളും ദിവസങ്ങളും മാറുന്നുവെന്ന് മുസ്‌ലിം ഉമ്മത്തിനെ ഉണര്‍ത്തുന്നതായിരിക്കുന്നു ഇന്നത്തെ പെരുന്നാള്‍. വിശ്വാസികളുടെ സാമൂഹിക വ്യവസ്ഥയുടെ അഴകാണ് പെരുന്നാള്‍ വരച്ചെടുക്കുന്നത്. എല്ലാവരുടെ ഹൃദയങ്ങളില്‍ ഏകതാബോധം നിറഞ്ഞൊഴുകുന്നു. എല്ലാവരുടെയും നാവുകളില്‍ ഒരൊറ്റ ആശയം പരന്നൊഴുകുന്നു. വസ്ത്രങ്ങള്‍ മാറ്റാനല്ല, കാലത്തെ ഗതിതിരിച്ച് വിടാന്‍ കഴിയുന്ന സമൂഹമായി അവര്‍ മാറിയിരിക്കുന്നു. ജനകീയ വിപ്ലവത്തിന് മുമ്പുള്ള വിശ്രമവേളയാണ് വിശ്വാസികളുടെ പെരുന്നാള്‍.
സഹവര്‍ത്തിത്വത്തിന്റെ മനോഹര മുഖം പ്രകാശിതമാവുന്ന ദിവസമാണ് ഉമ്മത്തിന്റെ പെരുന്നാള്‍. സാഹോദര്യം പുഷ്പിക്കുകയും വിടരുകയും ചെയ്യുന്നതോടെ വിശാലമായ രാഷ്ട്രം ഒരു കൊച്ചു മനോഹര വീടായി മാറുന്നു. പരസ്പരം സ്‌നേഹിക്കുന്ന, ആദരിക്കുന്ന ഹൃദയങ്ങള്‍ അവിടെ ഒരുമിക്കുന്നു. നിഷ്‌കളങ്കമായ ഹൃദയത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നു. ഒരു സമൂഹം മുഴുവന്‍ ഒരു കുടുംബമായി രൂപാന്തരപ്പെടുന്നു.
പെരുന്നാള്‍ അടയാളപ്പെടുത്തുന്നത് കര്‍മനിരതമായി ജീവിക്കുന്ന സമൂഹത്തിന്റെ സാന്നിധ്യത്തെയാണ;അല്ലാതെ ബലഹീനരും നിരാശരുമായ സംഘങ്ങളെയല്ല. അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ടാവുകയില്ല. ഇത് ആര്‍ജ്ജവമുള്ള സമൂഹമാണ്. ‘ആനന്ദപ്പെരുന്നാളില്‍ ആഹ്ലാദ വിജയം’ എന്ന മുദ്രാവാക്യമാണ് അവര്‍ മുറുകെ പിടിക്കുക.
വിജയകരമായ ജീവിതത്തിന്റെ വഴിത്താരയില്‍ മുതിര്‍ന്നവരും ഇളംതലമുറയും ഒന്നിക്കുന്നു. അനുഭവങ്ങളും പാഠങ്ങളും പകര്‍ന്ന് കുട്ടിപ്പട്ടാളങ്ങളെ തയ്യാറാക്കുന്നു. മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ച്, സമൂഹത്തിന് വേണ്ടി എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്തിയുള്ള ഇളം തലമുറ വളര്‍ന്നുവരുന്നു.
ആഗ്രഹിക്കുമ്പോഴെല്ലാം കാലത്തെ ഗതിതിരിച്ചുവിടുന്നതെങ്ങനെയെന്ന് ഈ ഉമ്മത്ത് അഭ്യസിപ്പിക്കുന്നു. അതിന് നേതൃത്വം നല്‍കാന്‍ ശേഷിയുള്ള ദര്‍ശനം അതിന്റെ കയ്യിലുണ്ട്. സാമ്പത്തികവും, സാമൂഹികും, വ്യാവസായികവും, ശാസ്ത്രീയവുമായി വിജയം വരിച്ച ഒരു സമൂഹം അവിടെ ജനിക്കുന്നു. എല്ലാ ഓരോ ദിവസവും വിജയത്തിന്റെ പുതുനാമ്പുകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു.
പെരുന്നാള്‍ നല്‍കുന്ന രാഷ്ട്രീയ സന്ദേശങ്ങളാണിവ. ചരിത്രത്തില്‍ മുസ്‌ലിം തലമുറ അനന്തരമെടുത്തുകൊണ്ടിരിക്കുന്ന പെരുന്നാള്‍ സൃഷ്ടിച്ച മൂല്യങ്ങളാണിവ. ഈ ശോഭനപാരമ്പര്യത്തിലേക്ക് എല്ലാ പെരുന്നാളിലും ഓരോ പൊന്‍തൂവല്‍ ചേര്‍ക്കാന്‍ ഈ ഉമ്മത്തിന് സാധിക്കേണ്ടതുണ്ട്.
എല്ലാ ആഴ്ചയിലും നിര്‍ബന്ധമാക്കപ്പെട്ട ജുമുഅ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. ജനകീയ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൈന്യാധിപനാണ് ജുമുഅയിലെ പ്രഭാഷകന്‍. കയ്യില്‍ മരം കൊണ്ടുള്ള വാള്‍ പിടിക്കുന്നവരല്ല, ഉമ്മത്തിന്റെ പ്രതിരോധത്തിന് നേതൃത്വം നല്‍കാന്‍ ആര്‍ജ്ജവമുള്ള സൈന്യാധിപരാണ് മുസ്‌ലിം ഉമ്മത്തിന്റെ മിമ്പറുകളില്‍ പ്രഭാഷണം നടത്തേണ്ടത്.
Add Comment