കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിം ഉമത്ത് ഒരുമിച്ച് ചേരുന്ന സുദിനമാണിത്. എല്ലാ പ്രദേശത്തും, എല്ലാ ഗ്രാമങ്ങളിലും വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി സംഗമിക്കുന്നു. മുസ്ലിം ഉമ്മത്തിന്റെ ഐക്യം ഏറ്റവും മനോഹരമായ വിധത്തില്‍ പ്രകടമാവുന്നു അവിടെ. ധനികന്‍ ദരിദ്രന്റെ കൂടെ, ശക്തന്‍ ദുര്‍ബലന്റെ കൂടെ, അറബി അനറബിയുടെ കൂടെ… ഇപ്രകാരം വര്‍ണ-വര്‍ഗ-ദേശ-ഭാഷാ വൈവിധ്യങ്ങള്‍ മാറ്റി വെച്ച് വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് അണിനിരിക്കുന്നു. തന്റെ വേദനയിലും സന്തോഷത്തിലും പങ്ക് ചേരുന്ന സഹോദരനാണ് ഓരത്തുള്ളതെന്ന് ഓരോരുത്തര്‍ക്കും ബോധ്യപ്പെടുന്നു.
ഇതാണ് യഥാര്‍ത്ഥത്തിലുള്ള ഐക്യം. ഹസ്തദാനം നടത്തി, ആലിംഗനം ചെയ്ത്, ഈദ് ആശംസിക്കുന്നു വിശ്വാസികള്‍. റമദാനിലെ കര്‍മങ്ങള്‍ സ്വീകരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. പരസ്പരം അഭിവാദ്യം കൈമാറി, സാഹോദര്യം ഊട്ടിയുറപ്പിച്ച്, ഭാഷാ വ്യത്യാസത്തെയും, വര്‍ണ വൈവിധ്യത്തെയും മാറ്റി വെച്ച് അവര്‍ ഇസ്ലാമിന്റെ കീഴില്‍ അണിനിരക്കുന്നു. ഇതാണ് മുസ്ലിംകള്‍ക്കിടയിലുണ്ടാവേണ്ട ഐക്യം. ഇതാണ് വിശ്വാസി സമൂഹം സാക്ഷാല്‍ക്കരിക്കേണ്ട ഐക്യം. ഈ അടിസ്ഥാനത്തിലാണ് അവരുടെ പ്രതാപവും, മഹത്വവും കുടികൊള്ളുന്നത്.
ഇസ്ലാമിന്റെ ശത്രുക്കള്‍ ഭയപ്പെട്ടതും ഈ ഐക്യത്തെ തന്നെയായിരുന്നു. ഇസ്ലാം അണികളെ ഐക്യപ്പെടുത്തുകയാണ് ഛിദ്രിക്കുകയല്ല ചെയ്യുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. ഇസ്ലാം ജനങ്ങള്‍ക്കിടയില്‍ സ്‌നേഹമാണ് വെറുപ്പല്ല പരത്തുന്നത് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.
തങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത ആയുധം വിശ്വാസമാണെന്ന് ശത്രുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങളുമായി പടക്കളത്തിലിറങ്ങുന്ന ശത്രുക്കള്‍ക്ക് മുസ്ലിം സമൂഹത്തിന്റെ ശക്തിയെക്കുറിച്ച് നല്ല ബോധ്യം തന്നെയുണ്ട്. തങ്ങളെപ്പോലുള്ള ആണ്‍കുട്ടികള്‍ തന്നെയാണ് പ്രതിയോഗികളെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇരു സംഘങ്ങളുടെ കൈകളിലും ആയുധവുമുണ്ട്. എന്നാല്‍ മുസ്ലിംകളുടെ കയ്യില്‍ മാത്രമുള്ള തങ്ങളുടെ പക്കലില്ലാത്ത ആയുധത്തിന്റെ കാര്യത്തിലാണ് ശത്രുക്കളുടെ വേവലാതി. മുസ്ലിംകള്‍ അവ ഉപയോഗിക്കുന്ന പക്ഷം അവരെ തോല്‍പിക്കാന്‍ ആര്‍ക്കും തന്നെ സാധിക്കില്ല. വിശ്വാസമാണ് പ്രസ്തുത ആയുധം. ഐക്യത്തിന്റെയും, യോജിപ്പിന്റെയും, ഇണക്കത്തിന്റെയും ആയുധമാണ് അത്.
ഈ ആയുധത്തെ നേരിടാന്‍ ശത്രുക്കള്‍ പുതിയൊരണ്ണം ആവിഷ്‌കരിച്ചു. മുസ്ലിം അണികളില്‍ ഛിദ്രതയും, പിളര്‍പ്പുമുണ്ടാക്കുകയെന്നതായിരുന്നു അത്. ഒരുമിച്ച് നില്‍ക്കെ മുസ്ലിംകളെ പരാജയപ്പെടുത്തുനാവില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെ മുസ്ലിംകള്‍ ഗ്രൂപ്പുകളായി പിളരുകയും ശത്രുക്കള്‍ അവര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
മുസ്ലിംകള്‍ സ്വന്തത്തിലേക്ക് മടങ്ങുന്ന ഒരു ദിവസം പുലരുക തന്നെ ചെയ്യും. അതോടെ അവരുടെ ദീന്‍ അവരിലേക്ക് തന്നെ മടങ്ങും. ശത്രുവിന്റെ ആയുധവും, തങ്ങള്‍ മുറുകെപിടിക്കേണ്ട മൂര്‍ച്ചയേറിയ ആയുധവും അവര്‍ തിരിച്ചറിയും. അതോടെ അവരതില്‍ നിന്ന് മാറി, ഇസ്ലാമിന്റെ കീഴില്‍ ഒന്നിക്കുകയും, പോരാടുകയും ചെയ്യും.
ഈ സമൂഹത്തിലെ പൂര്‍വികര്‍ പോരാടിയതും, ശത്രുക്കളെ തകര്‍ത്തതും, ഈ ആയുധം തന്നെ ഉപയോഗിച്ചായിരുന്നു. ലക്ഷക്കണക്കിന് വരുന്ന ശത്രുക്കള്‍ക്ക് മേല്‍ വിജയം വരിച്ചത് ആയിരങ്ങള്‍ മാത്രമുണ്ടായിരുന്ന മുസ്ലിംകളായിരുന്നു. കാരണം ഏറ്റവും മഹത്തായ ആയുധം വിശ്വാസികളുടെ കൈവശമുണ്ടായിരുന്നു. ആദര്‍ശമായിരുന്നു അത്. ആദര്‍ശത്തിന് കീഴില്‍ ഒന്നിച്ച് അണിനിരക്കുകയാണ് അവര്‍ ചെയ്തത്.
ഇതാണ് നമ്മുടെ ആയുധമെന്നിരിക്കെ, നാമതിനെ എങ്ങനെയാണ് ഉപേക്ഷിക്കുക? ശത്രുക്കള്‍ക്ക് മുന്നില്‍ കവാടം തുറന്ന് കൊടുക്കുകയാണോ നാം ചെയ്യുന്നത്? എങ്ങനെയാണ് നാം വിയോജിക്കുകയും മുസ്ലിം സഹോദരനോട് ശത്രുത വെച്ച് പുലര്‍ത്തുകയും ചെയ്യുക? നമുക്കറിയാം നമ്മെ കാത്തിരിക്കുന്ന ശത്രു നമുക്കുണ്ടെന്ന്. എന്നിരിക്കെ പരസ്പരം വേര്‍പിരിയുകയും, കലഹിക്കുകയും, കഴുത്തറക്കുകയും ചെയ്യുന്നത് ഭീമാബദ്ധമല്ലേ? ഇത് തന്നെയല്ലേ മുസ്ലിംകളെ ബാധിച്ച ഏറ്റവും വലിയ ദുരന്തം?
നാം അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹു നമ്മുടെ കൂടെ തന്നെ ഉണ്ട്. പക്ഷെ നാം എപ്പോഴാണ് അല്ലാഹുവിന്റെ കൂടെയുള്ളത്. അല്ലാഹു നമ്മെ സഹായിക്കുമെന്ന് നാം ഉറച്ച് വിശ്വസിക്കേണ്ടതുണ്ട്. പക്ഷെ, നാം അല്ലാഹുവിനെ സഹായിക്കുമ്പോഴാണെന്ന് മാത്രം. അവന്റെ കല്‍പനകള്‍ നിറവേറ്റിയും, നിരോധനങ്ങളില്‍ നിന്ന് അകന്നും നാമവനെ സഹായിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ നാം യഥാര്‍ത്ഥ മുസ്ലിമാണെന്ന് നമ്മുടെ ശത്രുവിന് മനസ്സിലാവുന്നതാണ്. പക്ഷെ നാം അല്ലാഹുവിന്റെ കല്‍പന ലംഘിക്കുകയും, അവന്റെ നിരോധങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുവെങ്കില്‍ നാം ശത്രുവിനെ സഹായിക്കുകയാണ് ചെയ്യുന്നത്. നാം എത്ര തന്നെ മുസ്ലിമാണെന്ന് ആണയിട്ടാലും അത് ശത്രുവിനെ ഭയപ്പെടുത്തുകയില്ല. കാരണം അവന്‍ ഭയപ്പെടുന്ന മുസ്ലിമല്ല നാം.
മുസ്ലിം തന്റെ സഹോദരനോട് വിദ്വേഷം പുലര്‍ത്തുകയോ, അവനുമായി ഭിന്നിക്കുകയോ ഇല്ല. അല്ലാഹുവിന്റെ ദീനിന്റെ അധ്യാപനങ്ങളില്‍ അവന്‍ ഉപേക്ഷ വരുത്തുകയില്ല. തന്റെ നാഥനെ ധിക്കരിക്കുന്നതില്‍ അവന്‍ സംതൃപ്തിയടയുകയില്ല. ഏറ്റവും വലിയ ദുരന്തം ഭിന്നിപ്പാണെന്ന് അവന്‍ തിരിച്ചറിയുന്നു. ഐക്യമാണ് ഏറ്റവും വലിയ ആയുധമെന്ന് അവന്‍ മനസ്സിലാക്കുന്നു. നമ്മുടെ ശത്രു എത്ര തന്നെ സ്‌നേഹവും, ചങ്ങാത്തവും പ്രകടിപ്പിച്ചാലും അവന്‍ നമുക്ക് നന്മ ഉദ്ദേശിക്കുന്നില്ലെന്ന് നാം തിരിച്ചറിയണം. ഇസ്ലാമിന്റെ ശത്രു ഇസ്ലാമിനും മുസ്ലിംകള്‍ക്കും തിന്മ മാത്രമാണ് കാംക്ഷിക്കുക. നാം മുന്നേറണമെന്നല്ല, പിന്തിക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുക. മുസ്ലിംകള്‍ പരസ്പരം കലഹിക്കണമെന്നും, കഴുത്തറക്കണമെന്നുമാണ് അവര്‍ സ്വപ്‌നം കാണുക.
നമുക്ക് ശത്രുവിനെതിരെ ആയുധമൊരുക്കാം. പിളര്‍പ്പിനെ ഭദ്രമായി അടച്ച്, വെറുപ്പും വിദ്വേഷവും കഴുകിക്കളഞ്ഞ് ഐക്യമെന്ന ആയുധത്തിന് നമുക്ക് മൂര്‍ച്ചകൂട്ടാം. അല്ലാഹു കയ്യിലേല്‍പിച്ച ആയുധം മുറുകെ പിടിച്ച് നമുക്ക് പടക്കളത്തിലേക്കിറങ്ങാം. സത്യത്തിന്റെ മാര്‍ഗത്തില്‍ ഒരൊറ്റ കെട്ടിടം പോലെ ശക്തമായി ഭദ്രമായി അണിനിരക്കാം.
Add Comment