Ramadan

റമദാന്‍ : മാസപ്പിറവി സ്ഥിരീകരണം

ശഅ്ബാന്‍ മാസം ഇരുപത്തിയൊമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തനായ ഒരാളെങ്കിലും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉദയചന്ദ്രനെ കാണുകയോ,
അന്ന് ചന്ദ്രനെ കാണാതെ ശഅ്ബാന്‍ മാസം മുപ്പത് ദിവസം പൂര്‍ത്തിയാവുകയോ ചെയ്യുന്നതിലൂടെയാണ് റമദാന്‍മാസം തുടങ്ങിയതായി സ്ഥിരീകരിക്കുന്നത്.
ഇബ്‌നു ഉമര്‍ (റ) പറയുന്നു:
(ജനങ്ങള്‍ ഉദയചന്ദ്രനെ കാണാന്‍ മത്സരിച്ചു. ഞാന്‍ അതുകണ്ട കാര്യം റസൂലി(സ)നോട് പറഞ്ഞു. തുടര്‍ന്ന് നബി(സ) നോമ്പനുഷ്ഠിച്ചു. നോമ്പനുഷ്ഠിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.)

എന്നാല്‍ റമദാന്‍ അവസാനിച്ചു എന്ന് സ്ഥിരപ്പെടണമെങ്കില്‍ ആ മാസം മുപ്പത് പൂര്‍ത്തിയാവുകയോ ഇരുപത്തിയൊമ്പതിന്റെ സൂര്യാസ്തമയത്തെ തുടര്‍ന്ന് വിശ്വസ്തരായ രണ്ടാളെങ്കിലും ചന്ദ്രക്കല കാണുകയോ വേണം. അതും ഒരാള്‍ കണ്ടാല്‍ മതിയെന്നും അഭിപ്രായമുണ്ട്.

ഉദയസ്ഥാന വ്യത്യാസം

ഒരു നാട്ടില്‍ മാസപ്പിറവി കണ്ടാല്‍ മറ്റു പ്രദേശത്തുകാര്‍ക്കും നോമ്പ് നിര്‍ബന്ധമാണ്, ഉദയസ്ഥാന വ്യത്യാസം പരിഗണിക്കേണ്ടതില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതരും പറയുന്നത്. എന്നാല്‍ ശാഫിഈ-ഹനഫി പക്ഷം, ഒരുനാട്ടില്‍ മാസപ്പിറവി കണ്ടാല്‍ അത് അവര്‍ക്കും അടുത്ത പ്രദേശങ്ങള്‍ക്കും മാത്രമേ നിര്‍ബന്ധമാകയുള്ളുവെന്നാണ്.

മാസപ്പിറവി കണ്ടതായി ഉത്തരവാദപ്പെട്ടവര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ പോലും കണ്ട ആള്‍ നോമ്പനുഷ്ഠിക്കണമെന്നാണ് പണ്ഡിതര്‍ പൊതുവില്‍ അഭിപ്രായപ്പെടുന്നത്. ശവ്വാല്‍ മാസപ്പിറവി കണ്ട ആള്‍ നോമ്പ് ഉപേക്ഷിക്കുകയും വേണം.