ഖുര്‍ആന്‍ & സയന്‍സ്‌

ഖുര്‍ആനും ശാസ്ത്രവും

അല്ലാഹു മനുഷ്യന് ബുദ്ധി നല്‍കി. പ്രവാചകന്‍മാര്‍ മുഖേന ദിവ്യബോധനം നല്‍കുക വഴി സന്‍മാര്‍ഗദര്‍ശനം സമ്പൂര്‍ണമാക്കി. പ്രാപഞ്ചികവസ്തുക്കളെക്കുറിച്ച് ചിന്തിക്കാനും അവയില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും ബുദ്ധിയുള്ളവരോട് അല്ലാഹു ആഹ്വാനം ചെയ്തിട്ടുണ്ട്. അവന്‍ പറയുന്നു: ‘പറയുക, മണ്ണിലും വിണ്ണിലും എന്തെല്ലാമാണുള്ളതെന്ന് നിങ്ങളൊന്ന് നോക്കുക’ (യൂനുസ് 101)

‘എല്ലാ സചേതനവസ്തുക്കളെയും ജലത്തില്‍നിന്ന് നാം സൃഷ്ടിച്ചു. അവര്‍ വിശ്വസിക്കുന്നില്ലേ? ‘ (അല്‍അമ്പിയാഅ് 30)
പ്രപഞ്ചപ്രതിഭാസങ്ങളോ അവയുടെ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെ പിന്നാമ്പുറമോ പഠിപ്പിക്കുകയെന്നത് ഖുര്‍ആന്റെ ലക്ഷ്യമല്ല. ഭൗതികവും മതപരവുമായ ജീവിതത്തില്‍ മനുഷ്യന് സന്‍മാര്‍ഗോപദേശം നല്‍കുന്ന ഗ്രന്ഥമത്രെ അത്. എന്നാല്‍ ഖുര്‍ആന്‍ അജയ്യമാണെന്നും ദൈവികസന്ദേശമാണെന്നും സ്ഥാപിക്കുന്നതിന് പ്രകൃതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ധാരാളം പ്രാപഞ്ചികവസ്തുതകളിലേക്ക് വെളിച്ചംവീശുന്ന സൂക്ഷ്മവിശദാംശങ്ങളും വ്യംഗ്യമായ പരാമര്‍ശങ്ങളും അതില്‍ കാണാം.
അക്ഷരാഭ്യാസത്തിന് പ്രാമുഖ്യം കല്‍പിക്കാതിരുന്ന, വിജ്ഞാനങ്ങളോ ശാസ്ത്രങ്ങളോ വിദ്യാലയങ്ങളോ ഇല്ലാത്ത മക്കയിലാണ് പ്രവാചകന്‍ മുഹമ്മദ് ജനിച്ചുവളര്‍ന്നതെന്ന് ചരിത്രം പറയുന്നു. സിറിയ, അലക്‌സാണ്ട്രിയ, ഏഥന്‍സ്, റോമാ എന്നീ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന ശാസ്ത്രീയ കാലാവസ്ഥയില്‍ നിന്നകന്നാണ് നബി ജീവിച്ചത്. മാത്രമല്ല, ഖുര്‍ആന്‍ അറിയിക്കുന്ന ശാസ്ത്രീയതത്ത്വങ്ങള്‍ ആ കാലഘട്ടത്തില്‍-ക്രിസ്ത്വാബ്ദം 7-ാം ശതകത്തില്‍- അജ്ഞാതങ്ങളായിരുന്നുതാനും.
വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഇടയില്‍ നിന്നുത്ഭൂതമാകുന്ന ദ്രാവകത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചതിലും (അത്ത്വാരിഖ്:6,7), പര്‍വതങ്ങളിലും മറ്റും മധുര ഭക്ഷണം തേടാന്‍ ബോധനം നല്‍കപ്പെട്ട തേനീച്ചയെ (അന്നഹ്ല്‍:68,69) സ്ത്രീലിംഗരൂപത്തില്‍ അഭിസംബോധനചെയ്തതിലും, ഇരുമ്പിനെ ‘ഇറക്കി'(അന്‍സല)യതിലും (അല്‍ഹദീദ്:25), ഉപ്പുവെള്ള ശുദ്ധജലശേഖരങ്ങളെ വേര്‍തിരിക്കുന്ന അദൃശ്യമായ ‘മറ’യൊരുക്കിയതിലും (അല്‍ ഫുര്‍ഖാന്‍:53, അര്‍റഹ്മാന്‍:20), സമീപാകാശത്തെ ദീപാലംകൃതമാക്കിയ(അസ്സ്വാഫ്ഫാത് :6, ഫുസ്വിലത്:12, അല്‍മുല്‍ക്:5)തിലും, ഉന്നതങ്ങളിലെ ചര്‍ച്ച കട്ടുകേള്‍ക്കാന്‍ ശ്രമിക്കുന്ന ചെകുത്താന്‍മാരെ ഓടിക്കുമ്പോള്‍ മിന്നിമറയുന്ന കൊള്ളിയാനിലും (അസ്സ്വാഫ്ഫാത് :10, അല്‍ഹിജ്ര്‍:18), ഗര്‍ഭസ്ഥശിശുവിനെ ആവരണം ചെയ്യുന്ന മൂന്നിരുട്ടുകളിലും (അസ്സുമര്‍:6), അലഖത്, മുദ്ഗത്, ഇളാമ് (അല്‍മുഅ്മിനൂന്‍:14) എന്നിവയിലും, രണ്ടോ നാലോ കാലില്‍ നടക്കുന്നതും ഇഴയുന്നതും പറക്കുന്നതുമായ എല്ലാ ജീവികളും (അന്നൂര്‍:45) ‘നിങ്ങളെപ്പോലെയുള്ള സമൂഹങ്ങള്‍ (ഉമമ്) തന്നെ’യാണെന്നതിലും (അല്‍അന്‍ആം:38), പറവകളെ ആകാശത്ത് പിടിച്ചുനിര്‍ത്തുന്നതിലും (അന്നഹ് ല്‍:79; അല്‍മുല്‍ക്:19), പിളരുന്ന വിത്തുകളിലും (അല്‍അന്‍ആം:95,99, ഖാഫ്:9, അബസ:27), ഒരേ ജലം പാനംചെയ്യുന്ന സസ്യങ്ങളിലുണ്ടാവുന്ന വൈവിധ്യമാര്‍ന്ന ഫലങ്ങളിലും (അല്‍അന്‍ആം:99, അര്‍റഅ്ദ്:4, അര്‍റഹ് മാന്‍:12, അല്‍അന്‍ആം:99, അന്നബഅ്:15, അന്നഹ്ല്‍:11, ഫാത്വിര്‍:27), ദൈവഭയത്താല്‍ പൊട്ടിപ്പിളര്‍ന്ന് കണ്ണീര്‍ പൊഴിക്കുന്ന ശിലകളിലും (അല്‍ബഖറ:74), വര്‍ണവൈവിധ്യമാര്‍ന്ന ശിലകളിലും (ഫാത്വിര്‍:27), ദിനരാത്രമാറ്റങ്ങളിലും (അല്‍ബഖറ:164, ആലുഇംറാന്‍:190, യൂനുസ്:6) തുടങ്ങി ദൈവത്തിന്റെ ആയത്തു(ദൃഷ്ടാന്തം)കളെപ്പറ്റി പര്യാലോചിക്കാന്‍ ആഹ്വാനംചെയ്യുന്ന സൂക്തങ്ങളിലൂടെ കടന്നുപോകുന്ന അതത് മേഖലകളിലെ വിദ്വാന്‍ അവയിലെ സൂക്ഷ്മതയിലും കൃത്യതയിലും അത്ഭുതം കൂറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങനെ നോക്കിയാല്‍ ഖുര്‍ആനില്‍ പരാമര്‍ശവിഷയങ്ങളായ ശാസ്ത്രശാഖകള്‍ അനേകങ്ങളാണെന്നു കാണാം. പ്രപഞ്ചഘടന, ഉല്പത്തി, ഖഗോളശാസ്ത്രം, പദാര്‍ഥഘടനാശാസ്ത്രം, സമുദ്രശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ഷഡ്പദങ്ങള്‍, ഭ്രൂണശാസ്ത്രം, ആര്‍ക്കിയോളജി മുതലായവയിലേക്ക് അനേകം സൂചനകള്‍ കാണാം.
സിയാഉദ്ദീന്‍ സര്‍ദാര്‍ ഖുര്‍ആനികാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ താത്ത്വികാടിത്തറയെ സംഗ്രഹിക്കുന്നതിങ്ങനെ:
‘ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രത്തിന് പത്തു മൂല്യങ്ങള്‍ ഉണ്ടാവും. നാലെണ്ണം ഒറ്റയ്ക്കു നില്‍ക്കുന്നത്: തൌഹീദ് (ഏകത, സമഗ്രത), ഖിലാഫത്ത് (ട്രസ്റ്റീഷിപ്പ്), ഇബാദത്ത് (ആരാധന), ഇല്‍മ് (അറിവ്). കൂടാതെ ആറെണ്ണം മൂന്ന് വിരുദ്ധ ജോഡികളായി: ഹലാല്‍ : ഹറാം (അഭികാമ്യം : അനഭികാമ്യം), അദ്ല്‍ : ളുല്‍മ് (നീതി : അക്രമം), ഇസ്തിസ്‌ലാഹ് : ളിയാഅ് ( പൊതുജനനന്‍മ : ദുര്‍വ്യയം).
-(‘ദ ന്യൂ സയന്റിസ്‌റ്, 1982, വാള്യം 94, പേജ്: 2528, ‘ഇസ്‌ലാമിക് സയന്‍സിന്റെ ആവശ്യകത’)

Topics