ഖുര്‍ആനും സസ്യശാസ്ത്രവും

സസ്യങ്ങളും തജ്ജന്യഉല്‍പന്നങ്ങളും വിശുദ്ധ ഖുര്‍ആന്റെ പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് തങ്ങളാലാവുംവിധം വിവരങ്ങള്‍ ശേഖരിക്കുന്നതിന് പണ്ഡിതന്മാര്‍ പ്രയത്‌നിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലാണ് ആദ്യഘട്ടങ്ങളില്‍ അവര്‍ ഉള്‍ക്കൊള്ളിച്ചത്.

ഈന്തപ്പന, ഒലീവ്, മുന്തിരി, മന്ന, ഉറുമാന്‍, അത്തി, കാറ്റാടി, ദേവദാരു, ഇഞ്ചി, ഉള്ളി, പയര്‍, കക്കിരി, തുളസി, കടുക്, കള്ളിമുള്‍ച്ചെടി എന്നിവ ഖുര്‍ആന്‍ പരാമര്‍ശിച്ച ചെടികളില്‍ പെടുന്നു. കൃഷിയെയും കാര്‍ഷിക വിളകളെയും സംബന്ധിച്ചും ഖുര്‍ആനില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. ഭൂമിയില്‍ ചെടികള്‍ മുളച്ചുവളരുന്നതും കായ്കനികളുണ്ടാകുന്നതും ഒടുവില്‍ ഉണങ്ങിപ്പോവുന്നതും ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവിക ദൃഷ്ടാന്തങ്ങളാണെന്ന് ഖുര്‍ആന്‍ പറയുന്നു.
‘അവനാണ് നിങ്ങള്‍ക്കുവേണ്ടി ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുന്നത്. അതില്‍നിന്നു നിങ്ങള്‍ കുടിക്കുന്നു. അതുമൂലം ചെടികള്‍ ഉണ്ടാവുന്നു. അതിനാല്‍ നിങ്ങള്‍ക്കു കന്നുകാലികളെ മേക്കാന്‍ സാധിക്കുന്നു. കൃഷി, ഒലീവുമരം, ഈത്തപ്പന, മുന്തിരി എന്നിവയും മറ്റെല്ലാതരം പഴങ്ങളും മഴ മൂലം അവന്‍ നിങ്ങള്‍ക്ക് ഉത്പാദിപ്പിച്ചു തരുന്നു. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്’ (അന്നഹ്ല്‍ : 10, 11).
ചെടികളുടെ വൈവിധ്യവും വളര്‍ച്ചയുടെ ഘട്ടങ്ങളുമെല്ലാം വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ‘ആകാശത്തുനിന്നു മഴ വര്‍ഷിപ്പിച്ചതും അവനാകുന്നു. മഴ കാരണമായി എല്ലാ വസ്തുക്കളുടെയും മുളകളെ അവന്‍ പുറത്തുകൊണ്ടുവരുന്നു. അങ്ങനെ നാം അതില്‍ നിന്ന് പച്ചപ്പ് ഉത്പാദിപ്പിച്ചു. പിന്നീട് അവയില്‍ നിന്ന് തിങ്ങിനില്‍ക്കുന്ന ധാന്യങ്ങളെ പുറത്തുകൊണ്ടുവന്നു. ഈത്തപ്പനയുടെ കൊതുമ്പില്‍നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ ഉണ്ടാകുന്നു’ (അല്‍അന്‍ആം: 99).
സസ്യങ്ങളിലെ ഇണകള്‍ എന്ന പ്രതിഭാസത്തിലേക്ക് ഖുര്‍ആന്‍ ഇങ്ങനെ വിരല്‍ചൂണ്ടുന്നു: ‘നിങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത ജനുസ്സില്‍പെട്ട സസ്യഇണകളെ നാം ഉല്‍പാദിപ്പിച്ചിരിക്കുന്നു’ (ത്വാഹാ : 53). ‘എല്ലാ പഴങ്ങളില്‍ നിന്നും ഇണകളായി ഓരോ ജോഡിയെ അവന്‍ ഉണ്ടാക്കി’ (അര്‍റഅ്ദ് : 3).
ചെടികളിലെ ആണ്‍ – പെണ്‍ സാന്നിധ്യത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെടികളിലെ പുരുഷേന്ദ്രിയമായ കേസരത്തില്‍ നിന്നുള്ള പൂമ്പൊടി (പുംബീജം) സ്ത്രീ ഇന്ദ്രിയമായ അണ്ഡകത്തില്‍ പതിക്കുമ്പോഴാണ് പരാഗണം (സസ്യങ്ങളിലെ ബീജസങ്കലനം) നടക്കുന്നത്. ‘പരാഗണം നടത്തുന്ന കാറ്റുകളെ നാം അയച്ചു’ (അല്‍ഹിജ്‌റ് : 22). എന്ന ഖുര്‍ആന്‍ വാക്യത്തെ ഇതോടു ചേര്‍ത്തു വായിക്കണം. ചുരുക്കത്തില്‍ ഖുര്‍ആന്‍ പഠനത്തിന്റെ ഭാഗമായിത്തന്നെ സസ്യശാസ്ത്രപഠനം മുസ്‌ലിം ധൈഷണിക ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു.

About

Check Also

ഖുര്‍ആനും ശാസ്ത്രവും

അല്ലാഹു മനുഷ്യന് ബുദ്ധി നല്‍കി. പ്രവാചകന്‍മാര്‍ മുഖേന ദിവ്യബോധനം നല്‍കുക വഴി സന്‍മാര്‍ഗദര്‍ശനം സമ്പൂര്‍ണമാക്കി. പ്രാപഞ്ചികവസ്തുക്കളെക്കുറിച്ച് ചിന്തിക്കാനും അവയില്‍നിന്ന് പാഠങ്ങളുള്‍ക്കൊള്ളാനും …

Leave a Reply

Your email address will not be published. Required fields are marked *