ശരീഅഃ ലേഖനങ്ങള്‍

ശരീഅത്തിനെ രൂപപ്പെടുത്തിയ പ്രവാചക സമീപനങ്ങള്‍

മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ തിരുമേനി(സ)യില്‍ നിന്ന് പുറത്തുവന്ന വാക്കുകളും പ്രവൃത്തികളും -വിരുദ്ധമായ തെളിവുകള്‍ ഇല്ലാത്തിടത്തോളം കാലം- ഇസ്‌ലാമിക ശരീഅത്തായാണ് പരിഗണിക്കുക. ഉദാഹരണമായി മരണാസന്ന വേളയില്‍ സഅ്ദ് ബിന്‍ അബീവഖാസ്വി(റ)നെ സന്ദര്‍ശിച്ച തിരുമേനി(സ) മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യരുതെന്ന് അദ്ദേഹത്തോട് നിര്‍ദേശിക്കുകയുണ്ടായി. ഈ ഹദീഥിനെ അവലംബിച്ച് മൂന്നിലൊന്നില്‍ കൂടുതല്‍ സ്വത്ത് -അനന്തരാവകാശികളുടെ അനുവാദമില്ലാതെ- വസ്വിയ്യത്ത് മുഖേന ദാനം ചെയ്യാന്‍ പാടില്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. സഅ്ദിനോട് തിരുദൂതര്‍(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് :’ദരിദ്രരായി ജനങ്ങള്‍ക്കിടയില്‍ യാചിക്കുംവിധത്തില്‍ അനന്തരാവകാശികളെ ഉപേക്ഷിക്കുന്നതിനേക്കാള്‍ താങ്കള്‍ക്ക് നല്ലത് അവരെ സമ്പന്നരായി ഉപേക്ഷിക്കുകയാണ്’.
പ്രവാചകനെ മാതൃകയാക്കണമെന്നും പിന്തുടരണമെന്നും അല്ലാഹു കല്‍പിച്ചിരിക്കുന്നു എന്നതാണ് ഈ വിഷയത്തിന്റെ മര്‍മം. ആരാധനകളില്‍ പ്രവാചകന്റെ കര്‍മം അതേപടി അനുകരിക്കുന്നതും, പൊതുമര്യാദകള്‍ കര്‍മത്തിന്റെ ഉദ്ദേശ്യം പരിഗണിച്ച് പൂര്‍ത്തീകരിക്കുന്നതും നബിയെ മാതൃകയാക്കുന്നതിന്റെ തന്നെ ഭാഗമാണ്. സൈനബിന്റെ മകള്‍ ഉമാമയെ തോളിലേറ്റിക്കൊണ്ട് അദ്ദേഹം നമസ്‌കരിച്ചിരുന്നുവെന്ന് നാം വായിക്കുമ്പോള്‍ കുഞ്ഞുങ്ങളോട് അദ്ദേഹം കാണിച്ചിരുന്ന ദയയും അവര്‍ക്ക് നല്‍കിയിരുന്ന പരിഗണനയുമാണ് നമുക്ക് മനസ്സിലാകുന്നത്. അപ്രകാരം ചെയ്യുന്നത് ജനങ്ങള്‍ക്കിടയിലെ തന്റെ ഗാംഭീര്യത്തിന് പോറലേല്‍പിക്കുമെന്ന് തിരുമേനി(സ) ഒട്ടുംതന്നെ നിനച്ചില്ല.
പ്രവാചക കര്‍മങ്ങളെക്കുറിച്ച് ഹദീസ് പണ്ഡിതന്മാരും, കര്‍മശാസ്ത്രവിശാരദരും ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗ്രന്ഥങ്ങളും വിരചിതമായിട്ടുണ്ട്. പ്രവാചക കര്‍മങ്ങളെ പ്രധാനമായി താഴെ പറയുന്ന വിധത്തില്‍ വിഭജിക്കാവുന്നതാണ്.

  1. ആരാധനകള്‍ പോലെ ഇസ്‌ലാമിക സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനം.
  2. വിശുദ്ധ ഖുര്‍ആന്റെ വിശദീകരണമായി വന്ന പ്രവര്‍ത്തനങ്ങള്‍. ഹജ്ജ് കര്‍മങ്ങള്‍, വുദൂവിന്റെ രൂപം, നമസ്‌കാരത്തിന്റെ രൂപം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. അദ്ദേഹം നടത്തിയ നിയമനിര്‍മാണങ്ങളില്‍ ചില കര്‍മങ്ങള്‍ റുക്‌ന്(അടിസ്ഥാനം) ആയും, വേറെചിലത് നിര്‍ബന്ധമായും, മറ്റ് ചിലത് അഭികാമ്യമായും വിലയിരുത്തപ്പെടുന്നു. ഹജ്ജിനിടയില്‍ വാഹനത്തില്‍ കയറല്‍, നമസ്‌കാരത്തില്‍ ആവശ്യമുണ്ടെങ്കില്‍ തിരിഞ്ഞുനോക്കല്‍ തുടങ്ങിയ അനുവദനീയമായ കാര്യങ്ങളുമുണ്ട്.
  3. നായകന്‍, ഭരണാധികാരി എന്നടിസ്ഥാനത്തിലുള്ള കര്‍മങ്ങള്‍. ‘പടയാളിയെ വധിക്കുന്നവന് വധിക്കപ്പെട്ടവന്റെ പടച്ചട്ടയുണ്ട്’ എന്ന പ്രവാചക വചനവും, ‘തരിശുഭൂമി അത് പുനരുജ്ജീവിപ്പിച്ചവനുള്ളതാണ് ‘ എന്ന ഹദീഥും ഇതിന് ഉദാഹരണങ്ങളാണ്.
  4. ഒരു പ്രശ്‌നത്തിന് പരിഹാരമെന്ന നിലക്ക് പുറപ്പെടുവിക്കുന്ന ഫത്‌വയും തിരുമേനി(സ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ആവശ്യത്തിന് കാശ് തരുന്നില്ലെന്ന ഹിന്ദിന്റെ ആവലാതിക്ക് തിരുമേനി(സ) നല്‍കിയ ‘നിനക്കും നിന്റെ മകനും ആവശ്യമുള്ളത് നീയെടുക്കുക’ എന്ന മറുപടി ഉദാഹരണമാണ്.
  5. ശപഥം, സാക്ഷി, തെളിവ് തുടങ്ങിയവ അവലംബിച്ച് തിരുമേനി(സ) പുറപ്പെടുവിച്ച വിധികള്‍. അതേക്കുറിച്ച് തിരുദൂതര്‍(സ) ഇപ്രകാരം അരുളി :’നിങ്ങളില്‍ ചിലര്‍ മറ്റുചിലരേക്കാള്‍ തന്റെ ന്യായവാദത്തില്‍ വാക്ചാതുരിയുള്ളവനാകാം’
  6. മനുഷ്യ സൃഷ്ടി എന്ന നിലയില്‍ തിരുമേനി(സ)യില്‍ നിന്നുണ്ടായ കര്‍മങ്ങള്‍. നടത്തം, ഇരുത്തം പോലുള്ള ശരീരചലനം, അവയവങ്ങളുടെ ചലനം തുടങ്ങിയവ. ഇവ കല്‍പനയെയോ, നിരോധനത്തെയോ കുറിക്കുന്നില്ല.
    തിരുമേനി(സ)യുടെ ഈയര്‍ത്ഥത്തിലുള്ള ചലനങ്ങളെ അനുകരിക്കാറുണ്ടായിരുന്നു അബ്ദുല്ലാഹ് ബിന്‍ ഉമര്‍(റ). തിരുമേനി(സ)യോടുള്ള അങ്ങേയറ്റത്തെ സ്‌നേഹപ്രകടനവും, അദ്ദേഹത്തെ പൂര്‍ണമായി അനുകരിക്കുക എന്ന അടിസ്ഥാനവും അവലംബിച്ചായിരുന്നു ഇത്.

    ഹജ്ജ് ചെയ്യുന്നതിനിടയില്‍ തിരുമേനി(സ)യുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് തന്നെ മൂക്കുകയര്‍ പിടിച്ച് വലിച്ച് തന്റെ ഒട്ടകത്തെയും മുട്ടുകുത്തിക്കാറുണ്ടായിരുന്നു അദ്ദേഹം. അനസ്(റ) ഭക്ഷണത്തളികയില്‍ നിന്ന് ചെരങ്ങ(ചുരയ്ക്ക) തിരഞ്ഞെടുത്ത് ഭക്ഷിച്ചിരുന്നതും ഈയര്‍ത്ഥത്തിലായിരുന്നു. ഇപ്രകാരം ചെയ്യാമെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കപ്പെടുന്നത്.

ഡോ. സല്‍മാന്‍ ഫഹദ് ഔദഃ

About the author

padasalaadmin

Add Comment

Click here to post a comment

Topics