Home / ചോദ്യോത്തരം / ഫത് വ / സാമൂഹികം-ഫത്‌വ / പുരുഷകേന്ദ്രിത മതമോ ?

പുരുഷകേന്ദ്രിത മതമോ ?

ശൈഖ് അഹ്മദ് കുട്ടി

ചോദ്യം: സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് പുരുഷന്‍മാരുടേതുപോലുള്ള അവകാശങ്ങള്‍ ഇസ്‌ലാം വകവെച്ചുകൊടുക്കാത്തത് ? എന്തുകൊണ്ടാണ് പുരുഷകേന്ദ്രിതമായ ഒരു ദീന്‍ ? വ്യക്തമായ ഉത്തരം നല്‍കാമോ ?

ഉത്തരം: താങ്കള്‍ ചില തെറ്റുധാരണകളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഈ വിഷയത്തില്‍ ആത്മാര്‍ഥമായ പഠനം താങ്കള്‍ ക്ഷമയോടെ നടത്തുകയാണെങ്കില്‍ ഇസ്‌ലാം വിവിധമാര്‍ഗങ്ങളിലൂടെ സ്ത്രീശാക്തീകരണം നടത്തി അവരെ ഉന്നതസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചതായി കാണാം.

ഇസ്‌ലാമിലേക്ക് പരിവര്‍ത്തനംചെയ്ത ആളുകളില്‍ സ്ത്രീജനങ്ങളുടെ അനുപാതം കൂടുതലാണെന്ന് ഈയടുത്ത കാലത്തുണ്ടായ പഠനറിപോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഇസ്‌ലാം ദൈവികദര്‍ശനമാണെന്ന സത്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും ആയിരക്കണക്കായ സ്ത്രീകള്‍ അതിനെ പുല്‍കിക്കൊണ്ടിരിക്കുന്നു.
ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ വോട്ടവകാശം, സ്വത്ത് സമ്പാദനത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, തൊഴിലിനുള്ള അവകാശം, മാന്യമായി വസ്ത്രംധരിക്കാനുള്ള അവകാശം എന്നിവ 19 ഉം 20 ഉം നൂറ്റാണ്ടുകളില്‍മാത്രമാണ് പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ജനസമൂഹങ്ങള്‍ അവരുടെ സ്ത്രീകള്‍ക്ക് വകവെച്ചുനല്‍കിയത്.

പ്രവാചകന്‍ മുഹമ്മദ് നബി(സ) ഒരേ സമയംതന്നെ പുരുഷജനത്തെയും സ്ത്രീജനത്തെയും പ്രചോദിപ്പിച്ച, ലോകത്തെ അത്ഭുതപ്പെടുത്തിയ നേതാവായിരുന്നു. സ്ത്രീജനത്തിന് നിലനില്‍പുതന്നെ അസാധ്യമായ ഒരു കാലഘട്ടത്തില്‍ പ്രവാചകന്‍ അവരുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിക്കൊണ്ടുവന്നത് ഇന്നും സാമൂഹ്യശാസ്ത്രകാരന്‍മാരെ അമ്പരപ്പിക്കുന്ന കാര്യമാണ്.

മുഹമ്മദ് നബിക്ക് ദിവ്യബോധനം വന്നുകിട്ടിയപ്പോള്‍ അതില്‍ ആദ്യം വിശ്വസിച്ചത് പത്‌നിയായ ഖദീജയായിരുന്നു. ഒട്ടേറെ സമ്പന്ന പ്രമാണിമാരുടെ വിവാഹാലോചനകള്‍ നിരസിച്ച അവര്‍ തന്റെ ബിസിനസ് സംരംഭത്തെ സഹായിക്കാന്‍ എത്തിയ മുഹമ്മദിന്റെ സത്യസന്ധതയും വിശ്വസ്തതയും നേരിട്ട് മനസ്സിലാക്കിയിരുന്നു. അതെത്തുടര്‍ന്നാണ് അവര്‍ വിവാഹാലോചന പ്രവാചകന് മുന്നില്‍ സമര്‍പ്പിച്ചത്. പ്രവാചകജീവിതത്തില്‍ ആ മഹതിയുടെ സമ്പത്ത് എണ്ണിത്തിട്ടപ്പെടുത്താനാവാത്തവിധം സേവനങ്ങള്‍ക്കുപകാരപ്പെട്ടു. നബിയെ ദരിദ്രന്‍ എന്ന് വിളിച്ച് ഖുറൈശികള്‍ പരിഹസിച്ചപ്പോള്‍ ഖദീജ(റ)തന്റെ സമ്പത്തെല്ലാം മുഹമ്മദിന് നല്‍കിയിട്ട് പ്രമാണിമാരുടെ ആക്ഷേപത്തിന് ചുട്ടമറുപടി കൊടുക്കുകയുണ്ടായി. അങ്ങനെ മരണം വരെ പ്രവാചകന് താങ്ങും തണലുമായാണ് അവര്‍ നിലകൊണ്ടത്.

ഇങ്ങനെ ഖദീജമാത്രമായിരുന്നില്ല, ഒട്ടനേകം വനിതകള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമായുണ്ട്. ഇസ്‌ലാംസ്വീകരിച്ച ഏഴാമത്തെവ്യക്തിയും അടിമയുമായിരുന്ന സുമയ്യ എന്ന അമ്മാറിന്റെ മാതാവിന് ഒട്ടേറെ പീഡനങ്ങള്‍ യജമാനന്റെ അടുക്കല്‍നിന്ന് ഏല്‍ക്കേണ്ടിവന്നു. അവസാനം, വിശ്വാസം ഉപേക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന അവര്‍ക്ക് മരണം പുല്‍കേണ്ടിവന്നു. അങ്ങനെ ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയെന്ന വിശേഷണം അവര്‍ക്ക് ലഭിച്ചു. മുസ്‌ലിംസമൂഹത്തെ ആദ്യഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചിരുന്ന ഉമറുബ്‌നുല്‍ ഖത്വാബിന്റെ സഹോദരി മറ്റൊരു വ്യക്തിത്വമാണ്. അബ്‌സീനിയയിലേക്ക് പുറപ്പെട്ട അഭയാര്‍ഥിസംഘത്തില്‍ ഉണ്ടായിരുന്ന ഉമ്മുസലമ(റ) ആണ് അബ്‌സീനിയന്‍ രാജാവുമായി നടന്ന സംഭാഷണങ്ങള്‍ രേഖപ്പെടുത്തിയത്. അത് ചരിത്രത്തിന്റെ ഭാഗമാണ്.

നബിതിരുമേനിയുടെ ഹിജ്‌റയും ആണുങ്ങള്‍ മാത്രം ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നില്ലല്ലോ. അബൂബക്ര്‍ (റ) ന്റെ രണ്ട് പെണ്‍മക്കളായ അസ്മ(റ), ആഇശ(റ) എന്നിവര്‍ അതീവരഹസ്യമായി അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഗര്‍ഭിണിയായിരുന്ന അസ്മ മലകള്‍ കയറിയിറങ്ങി അത്യധ്വാനം ചെയ്യുകയായിരുന്നു.
നബിയുടെ മദീനാപലായനത്തിന്റെ ഓരോ ഘട്ടവും അതീവപ്രാധാന്യമുള്ളതാണ്. അന്‍സ്വാരീവനിതകളായ നുസൈബ ബിന്‍ത് കഅ്ബ്, ഉമ്മു അമ്മാറഃ, അസ് മാബിന്‍ത് അംറ് എന്നിവര്‍ അഖബ ഉടമ്പടിയില്‍ പങ്കാളിത്തംവഹിച്ചവരാണ്. യുദ്ധവേളയിലും സമാധാനകാലത്തും മദീനയില്‍ ഇസ്‌ലാമികസമൂഹത്തിന് എല്ലാവിധ സഹായങ്ങളും ഒരുക്കിക്കൊടുത്തുകൊണ്ട് മുന്‍പന്തിയില്‍ അവരുണ്ടായിരുന്നു.

മദീനയിലേക്ക് ഹിജ്‌റ പോയ സംഘത്തില്‍ തീരുമാനങ്ങളെടുത്തിരുന്ന നേതൃഗണത്തില്‍ ഉമ്മുസലമയും ഉള്‍പ്പെട്ടിരുന്നു. അവര്‍ തന്റെ ഭര്‍ത്താവിനെയും മകനെയും കൂട്ടി ഹിജ്‌റക്കൊരുങ്ങിയപ്പോള്‍ അവരുടെ ഗോത്രക്കാര്‍ ഭര്‍ത്താവിനെ പിടിച്ചുവെച്ചു. ഇത് കണ്ട ഭര്‍ത്താവിന്റെ ഗോത്രക്കാര്‍ അവരുടെ മകനെ പിടിച്ചുവെച്ചു. അങ്ങനെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായ അവര്‍ ഹിജ്‌റ പുറപ്പെടുകയായിരുന്നു. ഹിജ്‌റയിലെ വെറുമൊരു പങ്കാളി മാത്രമായിരുന്നില്ല അവര്‍, ചരിത്രംരേഖപ്പെടുത്തുകയും ദീനിനെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹതിയായിരുന്നു.

പ്രബോധനപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും വനിതകളുണ്ടായിരുന്നു. ഇസ്‌ലാമിന്റെ സത്യം ബോധ്യപ്പെടുത്തി തങ്ങളുടെ കുടുംബാംഗങ്ങളെയും സഹോദരങ്ങളെയും അവര്‍ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. ഇസ്‌ലാമിന്റെ കൊടിയ ശത്രുവായിരുന്ന അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ ആദ്യഘട്ടത്തില്‍ പിതാവിനൊപ്പമായിരുന്നു. മക്കാവിജയവേളയില്‍ ഇക്‌രിമയുടെ ഭാര്യ ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍നിന്ന് ഓടിപ്പോയ ഇക്‌രിമയെ അവര്‍ സത്യം ബോധ്യപ്പെടുത്തി. അങ്ങനെ അദ്ദേഹം ഇസ് ലാം സ്വീകരിക്കുകയും ദീനിനുവേണ്ടി ശഹാദത്ത് വരിക്കുകയും ചെയ്തു. അദിയ്യ്ബനു ഹാതിം എന്ന സ്വഹാബിക്ക് ഇസ്‌ലാം അടുത്തറിയാന്‍ നിമിത്തമായത് സഹോദരിയായ സഫാന ബിന്‍ത് ഹാതി ആണ്. ജാഹിലിയ്യ ഘട്ടത്തില്‍ തടവുകാരിയായി മദീനാപള്ളിയില്‍ ബന്ധനസ്ഥയായികഴിയുമ്പോഴാണ് മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ സഫാന അടുത്തറിഞ്ഞത്. നബിയുടെ മാന്യതയും ഔദാര്യവും അനുഭവിച്ചറിഞ്ഞ അവര്‍ മോചിപ്പിക്കപ്പെട്ട ശേഷം വീട്ടിലെത്തി തന്റെ സഹോദരനോട് നബിയെ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നബിയുടെ കുലീനപെരുമാറ്റം അടുത്തറിഞ്ഞ അദിയ്യ് അതോടെ ഇസ്‌ലാം സ്വീകരിച്ചു.

നബിയുടെ കാലത്ത് സ്ത്രീജനത സമൂഹനിര്‍മിതിയില്‍ ഇത്തരത്തില്‍ ക്രിയാത്മകമായ പങ്കുവഹിച്ചു. അവരെ ഒരിക്കലും ഗാര്‍ഹികവൃത്തികളില്‍ മാത്രം തളച്ചിടാന്‍ അതൊരിക്കലും ശ്രമിച്ചില്ല. സ്ത്രീസമൂഹത്തെ ശാക്തീകരിക്കുന്നതിലും അവരെ സമൂഹത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തുന്നതിലും ഇസ്‌ലാം വഹിച്ച പങ്ക് സുതരാം വ്യക്തമാണ്.

About admin-padasala

Check Also

പേരിടുന്നതിലെ ഇസ് ലാമികത ചോര്‍ന്നുപോകുമ്പോള്‍ ?

നബി(സ) നിര്‍ദേശിച്ച ഏതാനും പേരുകള്‍ ഒഴിച്ചാല്‍ ഇസ് ലാമികനിയമപ്രകാരം പേരില്‍ പ്രത്യേകിച്ചൊന്നുമില്ലെന്ന് കാണാം. എങ്കിലും അനറബികളായ നമ്മെസംബന്ധിച്ചിടത്തോളം പണ്ട് മുതല്‍ക്കേ …

Leave a Reply

Your email address will not be published. Required fields are marked *