Home / Muhammed / His Family / പ്രവാചകന് പ്രിയങ്കരിയായ ഭാര്യ

പ്രവാചകന് പ്രിയങ്കരിയായ ഭാര്യ

സദഫ് ഫാറൂഖി

ദാമ്പത്യത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭിന്ന സ്ത്രീ- പുരുഷ വ്യക്തിത്വങ്ങള്‍ ദൈവികനിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ചുകൊണ്ട് വിശ്വാസിസമൂഹത്തിന്റെ പരമ്പര നിലനിര്‍ത്തുന്ന ഒരു വ്യവസ്ഥയാണ് ദാമ്പത്യം. അതിനാല്‍ തന്നെ ദാമ്പത്യത്തിലെ പരസ്പരബന്ധത്തിന്റെ ഊഷ്മളതയെ വസ്ത്രത്തോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്.

നിത്യഹരിതപ്രേമകഥ

മുഹമ്മദ് നബി(സ)യും പത്‌നി ഖദീജ ബിന്‍ത് ഖുവൈലിദും തമ്മിലുള്ള സ്‌നേഹോഷ്മളമായ ദാമ്പത്യം ലോകം ഇന്ന് കേട്ടിട്ടുള്ള പ്രേമകഥകളെക്കാള്‍ ഉദാത്തമാണ്.
കന്യകയായ ഇളംതരുണിയെ വിവാഹം കഴിക്കാന്‍ 25 കാരനായ മുഹമ്മദ്(സ)ന് കഴിയുമായിരുന്നു. എന്നിട്ടും തന്നെക്കാളും 15 വയസ്സ് കൂടുതലുള്ള ഒരു വിധവയെ അദ്ദേഹം ജീവിതസഖിയാക്കി. തന്റെ പ്രായക്കാരായ മക്കളുള്ള ഒരു ‘വയസ്സി’യെ അദ്ദേഹം എന്തിന് വിവാഹംചെയ്തു? അല്ലാഹുവിന്റെ വിധി എന്നല്ലാതെ മറ്റൊരുത്തരവും അതിനില്ല. നിയമപരമായ നടന്ന വിവാഹത്തിന്റെ വൃത്തത്തില്‍ പെട്ടതായതുകൊണ്ട് അതിനെ ഇഴകീറി പരിശോധിക്കേണ്ട ആവശ്യമില്ല.

മുഹമ്മദ് നബി(സ)ക്ക് ആദ്യത്തെ വഹ്‌യ് ലഭിച്ചപ്പോള്‍ ഹിറാ ഗുഹയില്‍നിന്ന് പനിച്ചുവിറച്ച് അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. അദ്ദേഹത്തിന്റെ അമ്പതുകളിലെത്തിയ ഭാര്യ കമ്പിളിയെടുത്ത് പുതപ്പിച്ചുകിടത്തി. അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഉറ്റവര്‍ക്കും അനാഥര്‍ക്കും താങ്ങുംതണലുമായ, അതിഥിസല്‍ക്കാരപ്രിയനായ, സത്യംമാത്രം പറയുന്ന അദ്ദേഹത്തിന് യാതൊരു കുഴപ്പവും സംഭവിക്കില്ലെന്ന് ആത്മവിശ്വാസം പകര്‍ന്നു.

ഖദീജ ഖുര്‍ആന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പിന്തുടര്‍ന്നു. ദീനിന്റെ താല്‍പര്യാര്‍ഥം പാവങ്ങളെയും അഗതികളെയും കൈയ്യയച്ച് സഹായിച്ചു.മക്കാമുശ്‌രിക്കുകള്‍ പ്രവാചകനെതിരെ വധഭീഷണി മുഴക്കുകയും അദ്ദേഹത്തെ ഭ്രാന്തനെന്ന് പരിഹസിക്കുകയും ചെയ്തപ്പോള്‍ ധൈര്യംപകര്‍ന്ന് ഭര്‍ത്താവിനോടൊപ്പം നിലകൊണ്ടു. പ്രവാചകതിരുമേനിയെയും അനുചരന്‍മാരെയും മക്കാനിവാസികള്‍ ഉപരോധിച്ചപ്പോള്‍ വി്ശ്വസ്തത പുലര്‍ത്തി അവരോടൊപ്പം കഴിഞ്ഞുകൂടി.

മഹതി ഖദീജ(റ)യ്ക്ക് വേണമെങ്കില്‍ തന്റെ വിശ്വാസത്തെ തള്ളിപ്പറയാമായിരുന്നു. എന്നാല്‍ വിശ്വാസത്തിലും പെരുമാറ്റത്തിലും തികഞ്ഞ മാതൃകയായി നിലകൊണ്ട ഭര്‍ത്താവിനെ അവര്‍ പിന്തുടര്‍ന്നു. നേതാവ് എന്ന ഭര്‍ത്താവിന്റെ സ്ഥാനം അവര്‍ക്കും പകര്‍ന്നുകിട്ടിയിരുന്നു. അതുകൊണ്ടുതന്നെ 4 മാതൃകാവനിതകളില്‍ ഒരാളായി അല്ലാഹു അവരെ ആദരിക്കുകയുംചെയ്തു.

മറ്റു വിവാഹങ്ങള്‍

പ്രവാചകരെയും അനുചരന്‍മാരെയും ശിഅ്ബ് അബീത്വാലിബില്‍ മക്കാമുശ്‌രിക്കുകള്‍ ഉപരോധിച്ചതിനെത്തുടര്‍ന്ന് ഭക്ഷണംലഭിക്കാതെ പ്രവാചകപത്‌നി ഖദീജ(റ)യുടെ ആരോഗ്യനില വഷളായി. തുടര്‍ന്നുണ്ടായ ഖദീജയുടെ മരണം പ്രവാചകന് കടുത്ത ആഘാതമായിരുന്നു. നുബുവ്വത്തിന്റെ പത്താംവര്‍ഷമായിരുന്നു ആ ദുഃഖകരമായ സംഭവം നടന്നത്. അതിനാല്‍ അത് ദുഃഖവര്‍ഷം എന്നറിയപ്പെട്ടു. നബിയുടെ ജീവിതത്തില്‍ 25 വര്‍ഷം ഖദീജ ചെലവഴിച്ചു. അവരുണ്ടായിരിക്കെ തിരുമേനി മറ്റൊരു വിവാഹംകഴിച്ചില്ല. അദ്ദേഹത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരിയും ആത്മാര്‍ഥസുഹൃത്തും ജീവിതപങ്കാളിയും 6കുട്ടികളുടെ മാതാവുമായിരുന്നു ആ മഹതി.
എന്നാല്‍ ദൈവികനിര്‍ദ്ദേശമനുസരിച്ച് പിന്നീട് നബിതിരുമേനി വിവാഹംകഴിച്ചു. നാലിലേറെ പേരെ വിവാഹംകഴിക്കാന്‍ നല്‍കപ്പെട്ട പ്രസ്തുത അനുവാദം അദ്ദേഹത്തിനുമാത്രമുള്ളതായിരുന്നു. പ്രവാചകവിവാഹങ്ങളില്‍നിന്ന് ഒട്ടേറെ പാഠങ്ങള്‍ വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനുണ്ട്. ഏതെങ്കിലും തരത്തിലുള്ള സ്വാര്‍ഥതാല്‍പര്യങ്ങളായിരുന്നില്ല പ്രവാചകനെ മറ്റു വിവാഹങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. അവയെല്ലാംതന്നെ അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങളായിരുന്നു. അതിനാല്‍ പ്രവാചകപത്‌നിപദം അലങ്കരിച്ചവരെല്ലാം ഉമ്മഹാതുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ മാതാക്കള്‍) എന്ന് വിശേഷിപ്പിക്കപ്പെട്ടു. അങ്ങനെ ലോകാവസാനംവരേക്കും അവര്‍ ആദരണീയരായി.

ലോകത്തുള്ള ഭര്‍ത്താക്കന്‍മാരില്‍വെച്ച് ഏറ്റവും ഉത്തമനായിരുന്നു മുഹമ്മദ് നബി. ഭാര്യമാരോട് മാന്യമായി വര്‍ത്തിക്കാന്‍ എപ്പോഴും അദ്ദേഹം അനുചരന്‍മാരെ ഉണര്‍ത്തുമായിരുന്നു. അക്കാര്യത്തില്‍ എപ്പോഴും മാതൃകയായിരുന്നു നബി. ദാമ്പത്യജീവിതത്തിലെ ജീവിതപങ്കാളികളോടുള്ള പെരുമാറ്റത്തില്‍ അനുകരണീയനായിരുന്നു അദ്ദേഹം. അദ്ദേഹം തന്റെ വസ്ത്രങ്ങള്‍ സ്വയം തുന്നിശരിയാക്കി. വീട്ടുജോലികളില്‍ ഭാര്യയെ സഹായിച്ചു. വീട്ടുസാമഗ്രികള്‍ എത്തിച്ചുകൊടുത്തു. അനുചരന്‍മാര്‍ക്കും വിദൂരദിക്കുകളില്‍നിന്ന് വരുന്ന സംഘങ്ങള്‍ക്കും ദീനിനെ പഠിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്യുമ്പോഴും കുടുംബത്തെ പരിപാലിക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.

അദ്ദേഹം തന്റെ എല്ലാ ഭാര്യമാരോടും നീതിപൂര്‍വം മാന്യമായി വര്‍ത്തിച്ചു. അദ്ദേഹത്തിന്റെ വിവാഹങ്ങളൊന്നും ആര്‍ഭാടപ്രകടനമായിരുന്നില്ല. തന്റെ ഭാര്യമാര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ അങ്ങേയറ്റം പ്രവാചകന്‍ കഷ്ടപ്പെട്ടു. തങ്ങളുടെ ഭൗതികവിഭവങ്ങളിലെ ദൗര്‍ല്ലഭ്യം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അദ്ദേഹത്തിന്റെ ഭാര്യമാരും ക്ഷമയോടെ തൃപ്തിപ്പെട്ടു. എല്ലാ ഭാര്യമാരോടും സന്തുലിതമായി അദ്ദേഹം വര്‍ത്തിച്ചു.

നബിപത്‌നിമാരില്‍ മുമ്പ് വിവാഹിതയായിട്ടില്ലാത്ത കന്യകയായിരുന്നു ആഇശ(റ). അതിനാല്‍ വിവാഹമോചിതകളോ വിധവകളോ ആയ മറ്റു ഭാര്യമാരേക്കാള്‍ (അവരാകട്ടെ, പ്രായംകൊണ്ട് പക്വമതികളും വിവേകമതികളുമാണ്) വൈജ്ഞാനിക-ആത്മീയ ശിക്ഷണാര്‍ഥം കൂടുതല്‍ ശ്രദ്ധ അവര്‍ക്ക് നബി നല്‍കിയിരുന്നു. യുവതിയായിരുന്നതുകൊണ്ട് ചുറുചുറുക്കും സരസപ്രകൃതിയും അവര്‍ക്കുണ്ടായിരുന്നു. പുറത്ത് ആഇശയുമായി ചേര്‍ന്ന് ഓട്ടമത്സരം നടത്തിയിട്ടുണ്ട് നബിതിരുമേനി. ഒരിക്കല്‍ മദീനാപള്ളിയില്‍ അബ്‌സീനിയക്കാരായ ഒരു സംഘംവന്നു. ഇടവേളയില്‍ അവര്‍ തങ്ങളുടെ മെയ് വഴക്കം പ്രകടമാക്കുന്ന അഭ്യാസങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നബിതിരുമേനി ആഇശ(റ)യോട് അത് കാണാന്‍ താല്‍പര്യമുണ്ടോയെന്ന് ആരായുകയും കാണാന്‍ സൗകര്യംചെയ്തുകൊടുക്കുകയുംചെയ്തു. അത് മതിയാവോളം ആസ്വദിച്ച് അവര്‍ തിരികെപോവുകയുംചെയ്തു.

തികഞ്ഞ ജിജ്ഞാസുവായി സ്വാതന്ത്ര്യത്തോടെയാണ് ആഇശ(റ) പ്രവാചകനോടൊപ്പം ജീവിതം നയിച്ചത്. സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ നിവൃത്തിവരുത്തുമായിരുന്നു അവര്‍. തികച്ചും നിഷ്‌ക്കളങ്കമായ അവരുടെ ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ യാതൊരു അഭിപ്രായഭിന്നതകള്‍ക്കുമിടംകൊടുക്കാതെ വിശദാംശങ്ങളോടെ ഉത്തരം ചെയ്തു. അങ്ങനെ ധൈഷണികമായും ആത്മീയമായും അവര്‍ വളര്‍ന്നു. അതിലൂടെ ഇസ്‌ലാമികചരിത്രത്തില്‍ വൈജ്ഞാനിക ഉറവിടങ്ങളുടെ സ്രോതസ്സായി അവര്‍ വര്‍ത്തിച്ചതിന് ചരിത്രം സാക്ഷിയായി.

ഭാര്യമാര്‍ക്കിടയിലെ സന്തുലനം

ആഇശയോട് നബിതിരുമേനി(സ) അങ്ങേയറ്റം സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും ഏതെങ്കിലും പത്‌നിയെ അവഗണിക്കുകയോ വിസ്മൃതിയില്‍ തള്ളുകയോ ചെയ്തില്ല. ഭാര്യമാര്‍ക്കിടയില്‍ ദിവസങ്ങള്‍ പങ്കുവെച്ചു അദ്ദേഹം. ഭാര്യമാരുടെ മക്കള്‍ക്ക് പിതൃസ്‌നേഹം പകര്‍ന്നുകൊടുക്കാനും അദ്ദേഹം സമയംകണ്ടെത്തി.
ദിനേന എല്ലാ ഭാര്യമാരുടെയും അടുത്തുചെന്ന് അവരുമായി അദ്ദേഹം ഗാര്‍ഹികവിഷയങ്ങളും മറ്റും സംസാരിക്കാറുണ്ടായിരുന്നു. ദാമ്പത്യത്തിലെ സ്‌നേഹവും സൗഹൃദവും സദാ ഊഷ്മളമാക്കി നിര്‍ത്താന്‍ അതിലൂടെ കഴിഞ്ഞിരുന്നു.

അല്ലാഹുവിലേക്കാകര്‍ഷിക്കുന്ന മാതൃക

ഇസ്‌ലാമിന്റെ മഹിതമാതൃകയായിരുന്ന നബിയെ പിന്‍പറ്റിക്കൊണ്ട് പത്‌നിമാര്‍ ഭൗതികസുഖാഡംബരങ്ങള്‍ വേണ്ടെന്ന് വെച്ചു. നബി(സ)യ്ക്ക് കിടക്കാനായി കനംകുറഞ്ഞ ഒരു വിരിപ്പുമാത്രമാണുണ്ടായിരുന്നത്. വെള്ളം ശേഖരിക്കാന്‍ ചെറിയൊരു പാത്രവും. പട്ടിണിയായിരുന്നു അധികദിനങ്ങളും. ഈ അവസ്ഥയില്‍ പോലും വിവാഹംകഴിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശം ഉണ്ടാകുകയും അങ്ങനെ മക്കളുള്ള മധ്യവയസ്‌കകളും വൃദ്ധകളുമായവരെ പോറ്റുകയും കുടുംബകാര്യങ്ങള്‍ നടത്തുകയുംചെയ്യുന്നത് നാമൊന്ന് സങ്കല്‍പിച്ചുനോക്കുക.
ഒരു ഘട്ടത്തില്‍ മനുഷ്യസഹജമായ ദൗര്‍ബല്യം മൂത്ത്, തങ്ങള്‍ക്കുള്ള വിഭവങ്ങളിലും സൗകര്യങ്ങളിലും വര്‍ധന വേണമെന്ന് പ്രവാചകപത്‌നിമാര്‍ സങ്കടംപറഞ്ഞു. അവര്‍ മോശമായി പെരുമാറുകയോ പ്രവാചകന്‍ കോപിഷ്ഠനാവുകയോ ഒന്നുമുണ്ടായില്ല. എന്നാല്‍ അല്ലാഹുവിന്റെ കല്‍പനവന്നതോടെ സ്വന്തംചെയ്തിയില്‍ അവര്‍ ഖേദിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് അബൂബക്‌റും ഉമറും അറിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ പെണ്‍മക്കളോട്(ആഇശ, ഹഫ്‌സ) കോപാകുലരായി. അതേസമയം, ഭാര്യമാരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവാത്തതില്‍ പ്രവാചകന് മനോവിഷമം പ്രകടിപ്പിക്കുകയുംചെയ്തു.
അല്ലാഹു നബിതിരുമേനിയെ ഇപ്രകാരം ഉപദേശിച്ചു: ‘നബിയേ, നീ നിന്റെ ഭാര്യമാരോട് പറയുക: ‘ഇഹലോകജീവിതവും അതിലെ അലങ്കാരവുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ വരൂ, ഞാന്‍ നിങ്ങള്‍ക്ക് ജീവിതവിഭവം നല്‍കാം. നല്ല നിലയില്‍ നിങ്ങളെ പിരിച്ചയക്കുകയുംചെയ്യാം. അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ അറിയുക: നിങ്ങളിലെ സച്ചരിതകള്‍ക്ക് അല്ലാഹു അതിമഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.”(അല്‍അഹ്‌സാബ് 28,29)

സൗന്ദര്യപ്പിണക്കങ്ങള്‍

പ്രവാചകപത്‌നിമാരായിരുന്നെങ്കിലും ചിലപ്പോഴൊക്കെ സ്ത്രീസഹജമായ അസൂയയും സംശയങ്ങളും അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ‘ഒരിക്കല്‍ പ്രവാചകന് ആഭരണങ്ങളടങ്ങിയ ഒരു വലിയ സമ്മാനപ്പൊതി ആരോ നല്‍കി. പൊതിയഴിച്ചപ്പോള്‍ അതില്‍ കണ്ട നെക്‌ലേസ് താനേറെ ഇഷ്ടപ്പെടുന്നയാള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അപ്പോള്‍ അബൂബക്‌റിന്റെ മകള്‍ ആഇശയ്ക്കാണ് അത് കൊടുക്കുകയെന്ന് ഭാര്യമാരില്‍ ചിലര്‍ പരസ്പരം മന്ത്രിച്ചു. എന്നാല്‍ നബിതിരുമേനി സൈനബിന്റെ മകള്‍ ഉമാമയ്ക്ക് ആണത് സമ്മാനിച്ചത്. എന്നാല്‍ ഈ സംഭവവികാസങ്ങളൊന്നുമറിയാതെ ഉമാമ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു.’

അവസാനഘട്ടത്തില്‍ വന്ന ഭാര്യമാരില്‍ ഒരുവളായിരുന്നു സ്വഫിയ്യ ബിന്‍ത് ഹുയയ്യ്. അവരുടെ പിതാവ് മുസ്‌ലിംകളുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടതിനുപിന്നാലെയാണ് അവര്‍ നബിയെ വിവാഹംചെയ്ത് മുസ്‌ലിംകളോടൊപ്പം ചേര്‍ന്നത്. വിശ്വാസിനികളുടെ മാതാവ് എന്ന വിശേഷണത്തിനര്‍ഹയായെങ്കിലും ചിലപ്പോഴൊക്കെ സപത്‌നിമാരുടെയും അറബികളുടെയും ‘ജൂതത്തി’ എന്ന പരിഹാസത്തിനിരയായി. അതിന് പ്രവാചകന്‍ നടത്തിയ രചനാത്മകമായ പ്രതികരണം മറ്റൊന്നായിരുന്നു. അദ്ദേഹം പറഞ്ഞു: ‘അവര്‍ നിന്നെ ഇനിയും അങ്ങനെ വിളിച്ചാല്‍ ഇപ്രകാരം പറയുക: ‘എന്റെ പിതാവ് ഹാറൂണ്‍, പിതൃവ്യന്‍ മൂസാ , ഭര്‍ത്താവ് മുഹമ്മദ് എല്ലാവരും പ്രവാചകന്‍മാര്‍. ആ എന്നെക്കാള്‍ എന്ത് മേന്‍മയാണ് നിങ്ങള്‍ക്ക് അവകാശപ്പെടാനുള്ളത്’.
മറ്റുള്ളവര്‍ അവരെക്കുറിച്ച് പറയാനൊരുങ്ങുമ്പോള്‍ ‘അവരെന്റെ ഭാര്യയാണ് ‘ എന്ന് പറഞ്ഞുകൊണ്ട് പരദൂഷണത്തിന്റെ എല്ലാ വായ്കളും പ്രവാചകന്‍ കൊട്ടിയടക്കുമായിരുന്നു.
എല്ലാ അര്‍ഥത്തിലും മാതൃകാപരമായിരുന്നു പ്രവാചകജീവിതം. അദ്ദേഹം തന്റെ കുടുംബത്തെ എളിമയോടെ പുലര്‍ത്തി. അതിനാല്‍തന്നെ, ചരിത്രത്തില്‍ ഏറ്റവും ഉത്തമനായ ഭര്‍ത്താവായി അദ്ദേഹം എന്നും സ്മരിക്കപ്പെടും.

About admin-padasala

Check Also

അന്യനാട്ടില്‍ചെന്ന് രഹസ്യവിവാഹം ?

വ്യാപാരം, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ ലക്ഷ്യസാക്ഷാത്കാരങ്ങള്‍ക്കായി കുടുംബത്തെ വിട്ടുപിരിഞ്ഞ് അന്യദേശത്തേക്ക് യാത്രതിരിക്കുന്ന വിശ്വാസികള്‍ അവിടെനിന്ന് നാട്ടുകാരറിയാതെ മറ്റൊരു വിവാഹം …

Leave a Reply

Your email address will not be published. Required fields are marked *