|
വ്യാഴം, 23 മെയ് 2013 04:15 |
|
തളങ്കര (കാസര്‍കോഡ്): ഇസ്‌ലാമിന്റെ സന്ദേശവുമായി കേരളക്കരയിലെത്തിയ ഹസ്രത്ത് മാലിക് ദീനാര്‍ നിര്‍മിച്ച തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1412ാം വാര്‍ഷികം ഇന്ന് രാത്രി നടക്കും. ഹിജ്‌റ വര്‍ഷം 22 റജബ് 13 (എ.ഡി. 642)ലാണ് ചരിത്രപ്രസിദ്ധമായ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് നിര്‍മിച്ചതെന്ന് മസ്ജിദിന്റെ അകത്തെ കട്ടിലപ്പടിയില്‍ കൊത്തിവയ്ക്കപ്പെട്ട രേഖയില്‍ കാണുന്നു. രണ്ടാം ഖലീഫയായ ഉമര്‍ ഫാറൂഖിന്റെ ഭരണകാലത്താണ് ഹസ്രത്ത് മാലിക് ദീനാറും 22 അനുയായികളും ഇസ്‌ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയത്. മാലിക് ദീനാര്‍ സംഘത്തില്‍പ്പെട്ട ശറഫ് ഇബ്‌നു മാലിക്, മാലിക് ഇബ്‌നു മാലിക് തുടങ്ങിയ 22 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മാലിക് ദീനാര്‍ മസ്ജിദിന്റെ ആദ്യ ഖാസിയായി മാലിക് ഇബ്‌നു മുഹമ്മദ് നിയമിതനായതായും രേഖകളില്‍ കാണുന്നുണ്ട്. കൊടുങ്ങല്ലൂരിലാണ് ആദ്യമായി ഇവര്‍ പായക്കപ്പലിറങ്ങിയത്. കേരളത്തില്‍ പത്തോളം പള്ളികള്‍ മാലിക് ദീനാറും സംഘവും നിര്‍മിച്ചിട്ടുണ്ട്. മംഗലാപുരത്തിനടുത്ത ബാക്കൂര്‍, ധര്‍മടം, ഇച്ചിലങ്കോട്, ശ്രീകണ്ഠാപുരം, കൊയിലാണ്ടി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു മസ്ജിദുകളുള്ളത്. മാലിക് ദീനാര്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന ഹബീബ് ഇബ്‌നു മാലിക് ദീനാര്‍ ബന്തിയോട് ജങ്ഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള ഇച്ചിലങ്കോട് എന്ന സ്ഥലത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്.
|