ഈ സൈറ്റിനെ പിന്തുടരൂ..

ടാന്‍സാനിയ

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കുകിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. ഔദ്യോഗിക നാമം: യുനൈറ്റഡ് റിപ്പബ്ളിക് ഓഫ് ടാന്‍സാനിയ. തലസ്ഥാനം: ദൊദോമ. ജനസംഖ്യ: 3,50,000. വിസ്തീര്‍ണം: 9,45,087 ച.കി.മീറ്റര്‍. നാണയം: ഷില്ലിംഗ്. അതിരുകള്‍ വടക്ക്‏‏‏ ‏ ‏കെനിയ. തെക്ക് ‏‏‏‏ മൊസാമ്പിക്. പടിഞ്ഞാറ് ‏‏‏‏ സയര്‍. കിഴക്ക് ‏‏‏‏ ഇന്ത്യന്‍ മഹാസമുദ്രം. ജനങ്ങളില്‍ 70% മുസ്ലിംകളും ബാക്കി ക്രൈസ്തവരും പ്രാചീന മതക്കാരുമാണ്. ഔദ്യോഗിക ഭാഷ: ഇംഗ്ളീഷ്. സാഹിലി, അറബ് ഭാഷകള്‍ക്കും നല്ല പ്രചാരമുണ്ട്.

വ്യവസായ രംഗത്ത് പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ടാന്‍സാനിയ. കൃഷിയാണ് മുഖ്യ വരുമാന മാര്‍ഗം. ഗ്രാമ്പൂവാണ് രാജ്യത്തിന്റെ മുഖ്യ നാണ്യവിള.

 

സംക്ഷിപ്ത ചരിത്രവും ഭരണക്രമവും

വളരെ പഴക്കം ചെന്ന ഒരു വാണിജ്യ ചരിത്രത്തിന്റെ ഉടമകളാണ് ടാന്‍സാനിയക്കാര്‍. പുരാതന കാലം മുതല്‍ത്തന്നെ അറേബ്യന്‍ നാടുകള്‍ ഈജിപ്ത്, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിരുന്നു. അറബികളും പാര്‍സികളും ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടില്‍ ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചു. ആധുനിക രീതിയിലുള്ള ഭരണത്തിന് അടിത്തറ പാകിയത് ഇവരാണ്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ടാന്‍സാനിയയില്‍ ശക്തമായ കോളനിവത്കരണം ആരംഭിച്ചു. സാന്‍സിബാറില്‍ ബ്രിട്ടനും ടാംഗനിക്കയില്‍ ജര്‍മനിയും ആക്രമണങ്ങള്‍ക്കു തിരികൊളുത്തി. 1884‏‏‏‏‏85 വര്‍ഷങ്ങളില്‍ ടാംഗനിക്കയില്‍ ജര്‍മന്‍ അധിനിവേശം ശക്തമായി. ഈ പ്രദേശം പൂര്‍ണമായും ഒരു പ്രവിശ്യയാക്കി മാറ്റാനുള്ള എല്ലാ അടവുകളും അവര്‍ പയറ്റിക്കൊണ്ടിരുന്നു. രാജ്യത്തെ ഗോത്രത്തലവന്മാരെക്കൊണ്ട് സന്ധി സംഭാഷണങ്ങള്‍ നടത്തി. അതേസമയം ധാരാളം ജര്‍മനിക്കാര്‍ കുടിയേറിക്കൊണ്ടിരുന്നു. ഇതിനിടെ അറബികളും ഇതര തദ്ദേശീയരും സംഘടിച്ചു ജര്‍മനിക്കെതിരെ പോരാട്ടം ആരംഭിച്ചു. 1889 ല്‍ ആരംഭിച്ച പ്രക്ഷോഭം രൂക്ഷമായപ്പോള്‍ പട്ടാളം നടത്തിയ അടിച്ചമര്‍ത്തലിലൂടെ ഭരണം പൂര്‍ണമായും ജര്‍മന്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു.

ഒന്നാം ലോകയുദ്ധാനന്തരം ജര്‍മന്‍ നിയന്ത്രണത്തില്‍നിന്ന് ടാംഗനിക്കയെ മോചിപ്പിച്ച് ബ്രിട്ടന്‍ അധീനത്തിലാക്കി.

ബ്രിട്ടന്റെ പ്രവിശ്യകളായിരുന്ന ഈ പ്രദേശങ്ങളെല്ലാം രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസഭയുടെ കീഴിലെ ട്രസ്റീഷീപ്പ് ടെറിട്ടറിയാക്കി മാറ്റി. പിന്നീട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രമേയപ്രകാരം 1961 ല്‍ ടാംഗനിക്കയും 1963 ല്‍ സാന്‍സിബാറും സ്വാതന്ത്യ്രം നേടി.

സാന്‍സിബാറിലെ സുല്‍ത്താനെ ഒരു അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി 1964 ല്‍ ശൈഖ് ഉബൈദ് കരുമെ പുതിയ ഗവണ്‍മെന്റ് സ്ഥാപിച്ചു. പ്രസ്തുത വര്‍ഷം ഏപ്രിലില്‍ സാന്‍സിബാറും തങ്കനീക്കയും ചേര്‍ന്ന് യുനൈറ്റഡ് റിപ്പബ്ളിക് ഓഫ് ടാന്‍സാനിയക്ക് രൂപം നല്‍കി. ടാംഗാനിക്കയുടെ പ്രസിഡന്റായിരുന്ന ജൂലിയസ് നെരീരയെ ഐക്യ ടാന്‍സാനിയയുടെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1992 ല്‍ നടന്ന ഭരണഘടനാ ഭേദഗതി പ്രകാരം ബഹുകക്ഷി സംവിധാനം നിലവില്‍വന്നു. 244 അംഗ നാഷണല്‍ അസംബ്ളിയുണ്ട്.

 
Scroll to Top