ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

ഇസ്ലാമിക നാഗരികതയുടെ അടിസ്ഥാനം:

അറബികളുടെ സൈനിക കാര്യക്ഷമത (മില്‍ട്ടറി എഫക്ടീവ്നസ്) യാണ്. ഇസ്ലാമിക നാഗരികതയുടെ വിജയനിദാനം എന്ന് ചില ആദ്യകാല ഓറിയിന്റലിസ്റുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എച്ച്.എ.ആര്‍. ഗിബ്ബ് ആണ് ഇസ്ലാമിക നാഗരികതയുടെ അടിസ്ഥാന സ്വഭാവം ധൈഷണീകമാണ് എന്ന് നിരീക്ഷിച്ച ആദ്യത്തെ ഓറിയന്റലിസ്റ്. അറബ്-റോമന്‍ നാഗരികതകളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്ലാമിക നാഗരികതയുടെ ധൈഷണിക പ്രതാപം ബോധ്യപ്പെടുമെന്ന് ഡബ്ളിയൂ.എം.വാട്ട് ദ മെജസ്റി ദാറ്റ് വാസ് ഇസ്ലാം എന്ന കൃതിയില്‍ സൂചിപ്പിക്കുന്നുണ്ട്. സൈനിക ശേഷിയിലും ഭരണ പാടവത്തിലും ഏറെ മുന്നിലായിരുന്നു റോമക്കാര്‍. എന്നാല്‍ റോമാസാമ്രാജ്യത്തിനുമേല്‍ ധൈഷണികമായ ആധിപത്യം സ്ഥാപിച്ചത് ഗ്രീസ് ആണ്. ഗ്രീക്ക് ഭാഷ പഠിക്കാതെ വൈജ്ഞാനിക മേഖലകളില്‍ പ്രവേശിക്കാന്‍ റോമന്‍ പണ്ഡിതന്മാര്‍ക്ക് സാധ്യമാകുമായിരുന്നില്ല. എന്നാല്‍ അറബികള്‍ക്ക് മറ്റു ഭാഷകളുടെ മേല്‍ സ്വന്തം ഭാഷയുടെ ധൈഷണിക പ്രതാപം ഉറപ്പിക്കാന്‍ എളുപ്പം സാധിച്ചു. ഈ വ്യത്യാസം ഇസ്ലാമിക നാഗരികതയുടെ ധൈഷണികാടിസ്ഥാനത്തിന്റെ സൂചന ഉള്‍ക്കൊള്ളുന്നു.

 

സയ്യിദ് ഹുസൈന്‍ നസ്വ്ര്‍ ആണ്. ഇസ്ലാമിക നാഗരികതയുടെ അടിസ്ഥാനം ഏകത്വ കാഴ്ചപ്പാടാണെന്ന് വ്യക്തമാക്കുന്നു. നസ്വ്ര്‍ എഴുതുന്നു: മറ്റു പരമ്പരാഗത നാഗരികതകളെപ്പോലെ ഇസ്ലാമിക നാഗരികതയും മെത്തത്തില്‍ ഒരു കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുളളതാണ്. മുഹമ്മദ് നബിക്ക് ലഭിച്ച വെളിപാട് ആദമിനും അബ്രഹാമിനും ലഭിച്ച പരിശുദ്ധവും സരളവുമായ മതം തന്നെയാണെന്ന് കാഴ്ചപ്പാടാണത്. അഥവാ അടിസ്ഥാനപരമായ ഏകത്വത്തിന്റെ പുനഃസ്ഥാപനമാണ് മുഹമ്മദ് നബിയുടെ വെളിപാട്. ഇസ്ലാം എന്ന പദത്തിനു തന്നെ സമര്‍പ്പണം, സമാധാനം എന്നൊക്കെയാണ് അര്‍ഥം. അതായത്, ദൈവികേഛയോട് താദാത്മ്യം പ്രാപിക്കല്‍.

 

ചരിത്രത്തില്‍ ദൈവേഛയുടെ സാക്ഷാത്കാരമാണ് തങ്ങളുടെ ദൌത്യം എന്ന് വിശ്വസിച്ചുകൊണ്ടാണ് മുസ്ലിംകള്‍ തങ്ങളുടെ നാഗരികതക്കു രൂപംനല്‍കിയത്. വ്യവസ്ഥാപിതമായ സമൂഹ സംരജനകള്‍ക്ക് മുസ്ലിംകള്‍ എവിടെയും ഊന്നല്‍ നല്‍കുന്നത് അതുകൊണ്ടാണ്. ജോണ്‍ എല്‍.എസ്പോസിറ്റോ തന്റെ ഇസ്ലാം:ദ സ്ട്രേയ്റ്റ് പാത്ത് എന്ന കൃതിയില്‍ ഈ പ്രത്യേകത എടുത്ത് പറഞ്ഞിട്ടുണ്ട്. നീതിയുടെ സംസ്ഥാപനം, സമത്വം, നന്മ, തിന്മയുടെ വിപാടനം ഇവയാണ് ഇസ്ലാമിക നാഗരികത ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍.

 

അല്ലാഹുവല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബി അവന്റെ പ്രവാചകനാണ്. എന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വം ഇസ്ലാമിക നാഗരികതയുടെയും അടിസ്ഥാന ശ്രുതിയായി വര്‍ത്തിക്കുന്നു. ഇസ്ലാമി ജീവിത വീക്ഷണത്തിന്റെ ലാളിത്യം ഈ സത്യസാക്ഷ്യവചനത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നാണ് നസ്വ്ര്‍ പറയുന്നത്. ഈ ലളിതമായ വിശ്വാസത്തില്‍ പൌരോഹിത്യത്തിനു സ്ഥാനമില്ല. കൃസ്ത്യന്‍ നാഗരികതയില്‍ നിന്നും ഇസ്ലാമിക നാഗരികതയെ വ്യതിരിക്തമാക്കുന്ന സുപ്രധാനമായ ഒരു ഘടകംകൂടിയാണിത്.

 

കലയുടെയും ശാസ്ത്രത്തിന്റെയും സമഗ്രതയാണ് ഇസ്ലാമിക നാഗരികതയുടെ അടിസ്ഥാന ഭാവങ്ങളില്‍ ഒന്ന് എന്ന് നസ്വ്ര്‍ നിരീക്ഷിക്കുന്നു. കലയെയും ശാസ്ത്രത്തെയും അത് വേര്‍തിരിക്കുന്നില്ല. ഏകത്വാന്വേഷണത്തിന്റെ പരസ്പര  പൂരകങ്ങളായ രണ്ടു ധാരകളായാണ് കലയും ശാസ്ത്രവും ഇസ്ലാമിക നാഗരികതയില്‍ വര്‍ത്തിക്കുന്നത്. പ്രപഞ്ചത്തിന്റെ ഏകത്വം വെളിപ്പെടുത്തുന്നവയാണ് ഇസ്ലാമിക നാഗരികതയില്‍ കലയും ശാസ്ത്രവും. ഇതര നാഗരികതകളെ സ്വാംശീകരിച്ച് ഇസ്ലാമിക വല്‍ക്കരിക്കാന്‍ ഇസ്ലാമിക നാഗരികതക്ക് സാധിച്ചത് അതുകൊണ്ടാണ്.

 

ഇസ് ലാമിക വിജ്ഞാനകോശം (വാള്യം. 5, പേജ്. 647)

 
Scroll to Top