- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
പശ്ചാത്തലം |
|
പോര്‍ത്തുഗീസുകാരുടെ ആഗമനത്തോടെ മുസ്ലിംകളുടെ സമുദ്രവ്യാപാര കുത്തക നഷ്ടപ്പെട്ടു. പോര്‍ത്തുഗീസുകാരുടെയും തുടര്‍ന്നു വന്ന ബ്രിട്ടീഷുകാരുടെയും ഇസ്ലാം മുസ്ലിം വിരുദ്ധ നടപടികളും നശീകരണ യുദ്ധങ്ങളും സാമ്പത്തികമായി മുസ്ലിംകളുടെ നട്ടെല്ലൊടിച്ചു. പിടിച്ചുനില്‍ക്കാന്‍ അവര്‍ നടത്തിയ ജീവന്‍മരണ പോരാട്ടങ്ങള്‍ക്കൊന്നും നാട്ടുരാജാക്കന്മാരില്‍നിന്നോ കേരളത്തിലെ ഇതര സമുദായങ്ങളില്‍നിന്നോ അര്‍ഹമായ പിന്തുണ ലഭിക്കുകയുണ്ടായില്ല.
വ്യാപാര രംഗത്തുനിന്നു വിടവാങ്ങേണ്ടിവന്ന മുസ്ലിംകളില്‍ വലിയൊരു വിഭാഗം ഉള്‍നാടുകളിലേക്കു പിന്‍വലിഞ്ഞു. അവിടെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടവര്‍ക്ക് ജന്മിമാരുടെ പീഡനവും നേരിടേണ്ടി വന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ജന്മിമാരുടെ പക്ഷത്തായിരുന്നു. അവര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന നിയമങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരുന്നു. അതുകൊണ്ട് സര്‍ക്കാറിനെതിരെയും മുസ്ലിംകള്‍ക്ക് പൊരുതേണ്ടി വന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഈ പോരാട്ടത്തിനിടയില്‍ സമൂഹത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗം ക്ഷയിച്ചു പോവുക സ്വാഭാവികമായിരുന്നു. ഈ ക്ഷയത്തിന് ആക്കം കൂട്ടുന്ന ചില സംഗതികള്‍ വേറെയുമുണ്ടായി.
ഹിന്ദുമതത്തില്‍ പീഡനങ്ങളനുഭവിച്ചുകൊണ്ടിരുന്ന കീഴാളവര്‍ഗങ്ങളില്‍നിന്ന് ധാരാളമാളുകള്‍ മാനുഷിക സമത്വം അംഗീകരിക്കുന്ന, ജാതി രഹിതമായ ഇസ്ലാമില്‍ അഭയം തേടി. ഇങ്ങനെ വന്നവര്‍ക്ക് വേണ്ടവണ്ണം സാംസ്കാരികവും മതപരവുമായ ശിക്ഷണം നല്‍കാന്‍ മുസ്ലിംകള്‍ക്കു കഴിഞ്ഞില്ല. അത്തരം നവാഗതര്‍ ഏതാനും ചില വിശ്വാസങ്ങളിലും ആചാരങ്ങളിലുമൊഴിച്ച് മറ്റെല്ലാ ജീവിത വ്യവഹാരങ്ങളിലും പഴയമതത്തിലെ സമ്പ്രദായങ്ങള്‍ തുടരുകയായിരുന്നു. അവരുടെ സംഖ്യ വര്‍ധിച്ചപ്പോള്‍ മറ്റു മുസ്ലിംകളെയും ഈ അവസ്ഥ സ്വാധീനിച്ചു. ഇത് മുസ്ലിം സമൂഹത്തിന് മൊത്തത്തിലൊരു അധഃസ്ഥിത സമൂഹത്തിന്റെ പ്രതിഛായയണിയിച്ചു.
പോര്‍ത്തുഗീസുകാരോടും ബ്രിട്ടീഷുകാരോടുമുണ്ടായ വിരോധം അവരുടെ സംസ്കാരത്തോടും വിജ്ഞാനത്തോടും കൂടിയുള്ള വിരോധമായി മാറി എന്നതാണ് മറ്റൊരു സംഗതി. പാശ്ചാത്യവിദ്യാഭ്യാസവും ഇംഗ്ളീഷ് ഭാഷയും തങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് മുസ്ലിംകള്‍ കരുതി. ആധുനിക വിദ്യാഭ്യാസത്തില്‍നിന്ന് സമുദായം തികച്ചും പിന്തള്ളപ്പെട്ടു എന്നതായിരുന്നു ഇതിന്റെ ഫലം. സര്‍ക്കാര്‍തലങ്ങളിലേക്കുള്ള കവാടവും അതോടെ അടഞ്ഞു.
ഇന്ത്യയിലെ ഇതര മുസ്ലിം സമൂഹങ്ങളില്‍നിന്ന് ഭാഷകൊണ്ടും പാരമ്പര്യം കൊണ്ടും ഒറ്റപ്പെട്ടവരാണ് കേരള മുസ്ലിംകള്‍ എന്നതും അവരുടെ അധഃസ്ഥിതിക്ക് ആക്കം കൂട്ടിയ ഘടകമാണ്. ഇന്ത്യന്‍ മുസ്ലിംകളുടെ പൊതുഭാഷയായ ഉര്‍ദു മലയാളികള്‍ക്കറിയില്ല. മലയാളം മറ്റു മുസ്ലിംകള്‍ക്കുമറിയില്ല. മുഗള്‍, ഭാമിനി സാമ്രാജ്യങ്ങളും നിളാം സുല്‍ത്താന്‍മാരും ഇതര മുസ്ലിംകളെ ഏകോപിപ്പിച്ചപ്പോള്‍ കേരളീയര്‍ അതില്‍നിന്നൊക്കെ ഒഴിവായിരുന്നു.
അറബിമലയാളം കേരള മുസ്ലിംകളുടെ എടുത്തുപറയാവുന്ന ഒരു സാംസ്കാരിക സംഭാവനയാണ്. പക്ഷേ, സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനത്തിന്റെ അഭാവത്തില്‍, ഉത്തരേന്ത്യക്കാര്‍ ഉറുദുവിനെ വളര്‍ത്തിയതുപോലെ അറബിമലയാളത്തെ വളര്‍ത്താന്‍ കേരളീയര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍ ഈ സംഭാവന അവരുടെ അധഃസ്ഥിതിക്ക് ആക്കംകൂട്ടുന്ന ഘടകമായിത്തീരുകയാണുണ്ടായത്. സാമാന്യജനം മലയാള ഭാഷയില്‍നിന്നകന്നു. മുസ്ലിംകളും ഇതര സമൂഹങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സംവാദം നിലച്ചു. ഇതര വിഭാഗങ്ങളെ ആകര്‍ഷിക്കുന്ന സാഹിത്യങ്ങളോ കലകളോ ഒന്നും അറബി മലയാളത്തില്‍ ഉണ്ടായില്ല. ഇസ്ലാം മതത്തിനു പുറത്തുള്ളത് എന്ന നിലയില്‍ ഇതര ഭാഷകളെയും സാഹിത്യകലകളെയും മുസ്ലിംകളും അകറ്റിനിര്‍ത്തി. ഹൈന്ദവ, ക്രൈസ്തവ സമൂഹങ്ങള്‍ സാംസ്കാരികമായും നാഗരികമായും തങ്ങളെ പിന്നിലാക്കി മുന്നേറുകയാണെന്ന വസ്തുത മനസ്സിലാക്കാന്‍പോലും അവര്‍ വളരെ വൈകി.
ഇക്കാരണങ്ങളാല്‍ പതിനാറാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ കേരളമുസ്ലിംകള്‍ മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും അധഃസ്ഥിതിയുടെ അടിത്തട്ടിലായിരുന്നു. മതപഠനത്തിനു പാഠശാലകളോ കലാലയങ്ങളോ ഉണ്ടായിരുന്നില്ല. മൊല്ലമാര്‍ നടത്തുന്ന ഓത്തുപള്ളികളും പള്ളിദര്‍സുകളും മാത്രമായിരുന്നു മതപഠന സ്ഥാപനങ്ങള്‍. അറബി അക്ഷരജ്ഞാനവും മതപാഠങ്ങള്‍ ചൊല്ലിപ്പഠിക്കാനുള്ള കഴിവുമായിരുന്നു മൊല്ലമാരുടെ യോഗ്യത. പള്ളിദര്‍സുകളിലെ മുദര്‍രിസുമാരും ലൌകികവിദ്യാഭ്യാസം ആവശ്യമായി കരുതിയിരുന്നില്ല. മലയാളം എഴുതാനോ വായിക്കാനോ അറിയാത്തവര്‍പോലും ഉയര്‍ന്ന മുദര്‍രിസുമാരുടെ കൂട്ടത്തിലുണ്ടായിരുന്നു. സാമാന്യജനങ്ങളുടെ മനസ്സ് അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാടുതന്നെയായിരുന്നു. ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ തൌഹീദിനു നിരക്കാത്ത ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പണ്ഡിതന്മാരുടെ പരിലാളനയുമുണ്ടായിരുന്നു. ഈമാന്‍ കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും മനഃപ്പാഠമാക്കുക, നമസ്കാരം അറിയുക, ഖുര്‍ആന്‍ അര്‍ഥമറിയാതെ വായിക്കാന്‍ കഴിയുക ഇത്രയുമായാല്‍ ഒരാള്‍ മതത്തില്‍ അഭ്യസ്ഥവിദ്യനായി. മുല്ലമാരെ വീട്ടില്‍ വിളിച്ചിരുത്തി കൂലികൊടുത്ത് ഖുര്‍ആന്‍ പാരായണം ചെയ്യിക്കുക, സദ്യവട്ടങ്ങളോടെ മൌലിദുകളും റാത്തീബുകളും നടത്തുക ഇതൊക്കെയായിരുന്നു മുഖ്യകര്‍മങ്ങള്‍. ആണ്ടു നേര്‍ച്ചകളായിരുന്നു പ്രധാന ആഘോഷങ്ങളും സമ്മേളനങ്ങളും. ഇടക്കിടെ നടത്തപ്പെടുന്ന പാതിരാ പ്രസംഗങ്ങളായിരുന്നു ജനകീയ ബോധവല്‍ക്കരണ പരിപാടി.
സ്കൂളുകളും കോളേജുകളും സ്ഥാപിച്ചില്ലെന്നു മാത്രമല്ല, മറ്റു സമുദായങ്ങളുടെയോ സര്‍ക്കാറിന്റെയോ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാനും മുസ്ലിംകള്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗങ്ങളും സാഹിത്യ കലാ സാംസ്കാരിക രംഗങ്ങളും മുസ്ലിംകള്‍ക്കന്യമായി. ഇതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ. ഈ പരിതാവസ്ഥയിലേക്കാണ് നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ ഒളിമിന്നി വന്നത്.
ഇസ് ലാമിക വിജ്ഞാനകോശം (വാള്യം. 8, പേജ്. 402) |