ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

By PDUNCO my-uncleloans

സാമൂഹിക‏‏ ‏‏സാമ്പത്തിക ഭദ്രത

സാമൂഹിക, സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള ഒരു മാര്‍ഗമായി ഇസ്ലാം കുടുംബത്തെ കാണുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളെക്കുറിച്ച് നബി പലതവണ താക്കീത് നല്‍കിയിട്ടുണ്ട്. "ദൈവം നിങ്ങള്‍ക്ക് അഭിവൃദ്ധി നല്‍കുമ്പോള്‍ ആദ്യം നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും ചെലവഴിക്കുക''. ഭാര്യ ധനികയാണെങ്കില്‍ പോലും കുടുംബപരിപാലനം നിയമപരമായി ഭര്‍ത്താവിന്റെ ചുമതലയാണ്. രക്തബന്ധുക്കള്‍ക്ക് വേണ്ടി ധനം വ്യയം ചെയ്യാന്‍ പ്രത്യേകം കല്‍പ്പിച്ചിരിക്കുന്നു ഒരാള്‍ നല്‍കുന്ന സക്കാത്തിലും മറ്റ് ദാനങ്ങളിലും പ്രഥമാവകാശം ദരിദ്രരായ ബന്ധുക്കള്‍ക്കാണ്. മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍ , മാതാപിതാക്കള്‍ വഴിയുള്ള ബന്ധുജനങ്ങള്‍ എന്നിവര്‍ക്ക് ഒരുവന്റെ ധനവിഭവങ്ങളില്‍ അവകാശമുണ്ട്. നബിതിരുമേനി പറഞ്ഞു: 'നിങ്ങളും നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ പിതാവിന്റേതാണ്. നിങ്ങളുടെ സമ്പാദ്യങ്ങളില്‍ വെച്ചേറ്റവും നല്ലത് നിങ്ങളുടെ സന്താനങ്ങള്‍ തന്നെ. മക്കള്‍ സമ്പാദിക്കുന്നതില്‍നിന്ന് ഭുജിച്ചു കൊള്ളുക.' (മിശ്കാത്).

മാതൃ‏‏‏‏പിതൃ സഹോദരീ സഹോദരന്മാരുടെയും മറ്റു ബന്ധുക്കളുടെയും അവകാശങ്ങള്‍ ഊന്നിപ്പറയുന്ന ഹദീസുകളുണ്ട്. കുടുംബത്തിലുള്ള അനാഥരെയും വൃദ്ധജനങ്ങളെയും ഏറ്റെടുത്ത് പരിപാലിക്കേണ്ട ബാധ്യത സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബക്കാര്‍ക്കുണ്ട്. ഇതൊന്നും ഔദാര്യങ്ങളല്ല, കുടുംബാംഗങ്ങളായ ദരിദ്രബന്ധുക്കളുടെ അവകാശമാണ്. കുടുംബബന്ധത്തെ സാമൂഹികവും സാമ്പത്തികവുമായ പരസ്പരസഹായത്തിന്റെ നിലയിലേക്ക് ഉയര്‍ത്തുന്നു എന്നതാണ് ഇസ്ലാമിന്റെ സവിശേഷത. ഈ കുടുംബസങ്കല്‍പം നിലനില്‍ക്കുമ്പോള്‍ പ്രായമായവര്‍ക്ക് വൃദ്ധസദനങ്ങളിലേക്ക് പോകേണ്ടിവരില്ല. ദരിദ്രര്‍ക്കും തൊഴില്‍രഹിതര്‍ക്കും പുറംസഹായംമാത്രം ആശ്രയിക്കേണ്ടിവരികയില്ല. സാമ്പത്തിക ഭദ്രത മാത്രമല്ല. സാമൂഹികമായ കെട്ടുറപ്പും ഇതുവഴി വര്‍ദ്ധിക്കുന്നതാണ്.

കുടുംബം ഉത്തരവാദിത്വബോധം വര്‍ദ്ധിപ്പിക്കുകയും ജീവസന്ധാരണത്തിനും സാമ്പത്തികാഭിവൃദ്ധിക്കും കൂടുതലായി അധ്വാനിക്കാന്‍ വ്യക്തിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ ഈ വശം സൂചിപ്പിച്ചിട്ടുണ്ട്. "നിങ്ങളില്‍പ്പെട്ട അവിവാഹിതരെയും നിങ്ങളുടെ അടിമകളായ പുരുഷന്മാരില്‍നിന്നും സ്ത്രീകളില്‍നിന്നുമുള്ള സദ്വൃത്തരെയും വിവാഹം കഴിപ്പിച്ചു കൊടുക്കുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യം വഴി അവരെ സമ്പന്നരാക്കും. അല്ലാഹു അത്യുന്നതനും സര്‍വജ്ഞനുമത്രെ.'' (24: 32).

 
Scroll to Top