ഈ സൈറ്റിനെ പിന്തുടരൂ..

Bookmark and Share

By PDUNCO my-uncleloans

ഖുര്‍ആന്‍വ്യാഖ്യാനത്തിന്റെ ചരിത്രവും വികാസവും

ചരിത്രവും വികാസവും

ഖുര്‍ആന്‍സൂക്തങ്ങളില്‍ അടങ്ങിയിരിക്കുന്ന ആശയങ്ങളും വിധികളും തത്വങ്ങളും മനുഷ്യനു മനസ്സിലായത് വിശദീകരിക്കുന്ന പ്രക്രിയയാണ് തഫ്സീര്‍. ഈ വാക്കിനു വിശദീകരിക്കുക, വെളിവാക്കുക എന്നൊക്കെയാണ് ഭാഷാര്‍ഥമെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിനു മാത്രമായി, പിന്നീട് ഈ പദത്തിന്റെ സാര്‍വത്രികമായ ഉപയോഗം.

 

അറബിഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന് കഴിഞ്ഞ പതിനാലു നൂറ്റാണ്ടിനിടയ്ക്ക് അറബിയില്‍ രചിക്കപ്പെട്ട തഫ്സീറുകളുടെ എണ്ണം നിരവധിയാണ്. ഈ വൈജ്ഞാനികപ്രവര്‍ത്തനം ഇന്നും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഓരോ തഫ്സീറിലും അത് രചിച്ച മുഫസ്സിറി(വ്യാഖ്യാതാവ്)ന്റെ വീക്ഷണങ്ങളും സമീപനരീതികളും കാലഘട്ടത്തിന്റെ വിജ്ഞാന-ചിന്തകളും പ്രതിഫലിക്കുക സ്വാഭാവികമാണ്. ഇത് സൃഷ്ടിക്കുന്ന വ്യാഖ്യാനവൈവിധ്യം ഖുര്‍ആനികാശയങ്ങളുടെ വൈപുല്യവും മുഫസ്സിറുകളുടെ വീക്ഷണവ്യത്യാസങ്ങളും മനസ്സിലാക്കാനും അതുവഴി ഖുര്‍ആന്റെ മഹത്വവിശേഷം ബോധ്യപ്പെടാനും അവസരമുണ്ടാക്കുന്നു. നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച അറബിതഫ്സീറുകളുടെ നീണ്ട ചരിത്രം പഠിക്കുന്നത് ഖുര്‍ആന്‍വ്യാഖ്യാനത്തിന്റെ വികാസപരിണാമങ്ങള്‍ ഗ്രഹിക്കാനും അതുവഴി ഖുര്‍ആന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങാനും അനിവാര്യമാണ്.

 

ഖുര്‍ആന്റെ ആദ്യത്തെ മുഫസ്സിര്‍ മുഹമ്മദ്(സ) തന്നെയാണ്. നാല്‍പതു വയസ്സു മുതല്‍ അറുപത്തിമൂന്നു വയസ്സുവരെയുള്ള നബിയുടെ ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രബോധനകാലമത്രയും ഖുര്‍ആന്‍ അവതരിക്കുന്നതിനനുസരിച്ച് അതിനെ ജീവിതത്തില്‍ പ്രയോഗവത്കരിക്കുന്ന വ്യാഖ്യാനപ്രക്രിയയായിരുന്നു. ഖുര്‍ആനില്‍ തങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഗങ്ങള്‍ അനുയായികള്‍ നബിയോട് ചോദിക്കുകയും അദ്ദേഹം അത് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഖുര്‍ആനിലെ ചില ആലങ്കാരികപ്രയോഗങ്ങളുടെ പൊരുള്‍ നബി അനുചരന്മാര്‍ക്ക് വിശദീകരിച്ചുകൊടുത്തിരുന്നു. "കറുത്ത നൂലും വെളുത്ത നൂലും വേര്‍തിരിച്ചറിയുന്നതുവരെ നിങ്ങള്‍ക്ക് (റമദാന്‍രാത്രിയില്‍) തിന്നുകയും കുടിക്കുകയും ചെയ്യാം'' എന്ന ഖുര്‍ആന്‍വാക്യം അവതരിച്ചപ്പോള്‍ ചിലര്‍ രാത്രി തലയണയ്ക്കു ചുവട്ടില്‍ കറുത്ത നൂലും വെളുത്ത നൂലും വച്ച് അതെടുത്തു നോക്കിക്കൊണ്ടിരുന്നു. പിന്നെ ഈ വിവരം നബിയോട് പറഞ്ഞപ്പോള്‍ അതിന്റെ ഉദ്ദേശ്യം രാത്രിയുടെ കറുപ്പും പകലിന്റെ വെളുപ്പുമാണെന്ന് അദ്ദേഹം വിശദീകരിച്ചുകൊടുത്തു.

 

നബിയുടെ ശിഷ്യന്മാ (സ്വഹാബി)രില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ പ്രസിദ്ധരായവര്‍ നാലു ഖലീഫമാര്‍, ഇബ്നു മസ്ഊദ്, ഇബ്നുഅബ്ബാസ്, ഉബയ്യുബ്നു കഅ്ബ്, സൈദുബ്നു സാബിത്, അബൂമൂസല്‍ അശ്അരി, അബ്ദുല്ലാഹിബ്നു സുബൈര്‍(റ) എന്നിവരാണ്. നാലു ഖലീഫമാരില്‍ നബിയുമായി ദീര്‍ഘകാലത്തെ സഹവാസത്തിനും അദ്ദേഹത്തിന്റെ വിയോഗാനന്തരം ഭരണമേറ്റെടുക്കുന്നതുവരെ ധാരാളം അനുഭവങ്ങള്‍ക്കും അവസരം ലഭിച്ച അലി(റ)യില്‍നിന്നാണ് ഖുര്‍ആന്‍വ്യാഖ്യാനവിഷയങ്ങളില്‍ മറ്റു ഖലീഫമാരെ അപേക്ഷിച്ച് കൂടുതല്‍ നിവേദനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്.

 

'ഓരോ ഖുര്‍ആന്‍വാക്യവും എന്ത് വിഷയത്തില്‍, എവിടെ അവതരിച്ചു എന്ന് എനിക്കറിയാം. എന്റെ നാഥന്‍ എനിക്കു ചിന്തിക്കുന്ന ഒരു ഹൃദയവും ചോദിക്കുന്ന ഒരു നാവും തന്നിട്ടുണ്ട്', 'അല്ലാഹുവിന്റെ ഗ്രന്ഥത്തെപ്പറ്റി നിങ്ങള്‍ എന്നോട് ചോദിക്കുക. പടച്ചവനാണ,  ഏത് ആയത്തും അവതരിച്ചത് രാത്രിയോ പകലോ മലയിലോ സമതലത്തിലോ എന്നെല്ലാം എനിക്കറിയാം'- അലിയുടെ ഈ വാക്യങ്ങള്‍ ഖുര്‍ആനിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം വ്യക്തമാക്കുന്നു.

 

എന്നാല്‍, റഈസുല്‍ മുഫസ്സിരീന്‍ (ഖുര്‍ആന്‍വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന പേരില്‍ അറിയപ്പെടുന്ന ഇബ്നു അബ്ബാസ് ആണ് സ്വഹാബിമാരില്‍ ഏറ്റവും പ്രസിദ്ധനായ ഖുര്‍ആന്‍വ്യാഖ്യാതാവ്. അദ്ദേഹത്തിന് ഖുര്‍ആനില്‍ അഗാധജ്ഞാനം ലഭിക്കാന്‍ നബി(സ) പ്രാര്‍ഥിക്കുകയുണ്ടായി. "നബി എന്നെ കൂട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: അല്ലാഹുവേ, നീ ഇദ്ദേഹത്തിനു ഗ്രന്ഥം പഠിപ്പിച്ചുകൊടുക്കേണമേ!'' അബ്ദുല്ലാഹിബ്നു മസ്ഊദ് 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' എന്നാണ് ഇബ്നുഅബ്ബാസിനെ വിശേഷിപ്പിച്ചത്. തഫ്സീറില്‍, ഇബ്നു അബ്ബാസില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് തഫ്സീര്‍ ഇബ്നു അബ്ബാസ് എന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തിലേക്കു ചേര്‍ത്തുപറയുന്ന നിവേദനങ്ങളില്‍ ചിലത് വ്യാജമാണെന്ന് ആരോപണമുണ്ട്. തന്‍വീറുല്‍ മിഖ്യാസ് ഫീ തഫ്സീരി ഇബ്നിഅബ്ബാസ് എന്ന ഗ്രന്ഥം ഇബ്നുഅബ്ബാസ് രചിച്ചതല്ല. അദ്ദേഹം മരണപ്പെട്ട് ഏഴര നൂറ്റാണ്ട് കഴിഞ്ഞശേഷം ശാഫിഈപണ്ഡിതനായ മുഹമ്മദുബ്നു യഅ്ഖൂബുല്‍ ഫൈറൂസാബാദി ക്രോഡീകരിച്ചതാണ്. തഫ്സീര്‍ പ്രസ്ഥാനത്തിനു അസ്തിവാരമിട്ട പ്രഗത്ഭനായി ചരിത്രം ഇബ്നുഅബ്ബാസിനെ വിലയിരുത്തുന്നു.

 

സ്വഹാബിമാരുടെ ശിഷ്യന്മാരായ താബിഉകളില്‍ മക്കയിലെ പ്രസിദ്ധരായ ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ മുജാഹിദ്, സഈദുബ്നു ജുബൈര്‍, അത്വാഅ്, ഇക്രിമ, ത്വാഊസ് എന്നിവരും, മദീനയില്‍ സൈദുബ്നു അസ്ലം, അബുല്‍ആലിയ, മുഹമ്മദുബ്നു കഅ്ബ് എന്നിവരും, ഇറാഖില്‍ മസ്റൂഖ്, ഖതാദ, അല്‍ഖമഃ, ഹസന്‍ബസ്വരി എന്നിവരുമായിരുന്നു.

 

എന്നാല്‍, സ്വഹാബിമാരുടെയും താബിഉകളുടെയും തഫ്സീര്‍ ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഓരോ സൂക്തവും വ്യാഖ്യാനിക്കുന്ന രീതിയായിരുന്നില്ല. മറിച്ച്, ചില ഖുര്‍ആന്‍വാക്യങ്ങളില്‍നിന്ന് മനസ്സിലാകുന്ന വിധികള്‍, അവതരണപശ്ചാത്തലം, ആയത്തുകളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ വിവരണം, ചില വാക്കുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെട്ട ആശയങ്ങളുടെ വിശദീകരണം മുതലായവയായിരുന്നു. അവ അധികവും ഹദീസുകളുടെ സ്വഭാവത്തിലുമായിരുന്നു. എന്നാല്‍, സ്വഹാബിമാരുടെയും താബിഉകളുടെയും കാലത്തെ ഖുര്‍ആന്‍വ്യാഖ്യാനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ധാരാളം ഇസ്രാഈലിയ്യാത്ത് (വേദക്കാരായ ജൂതരുടെയും ക്രൈസ്തവരുടെയും ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന കഥകളും വിശ്വാസങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍) കടന്നുകൂടിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നു. അഹ്ലുല്‍കിതാബില്‍നിന്ന് ഇസ്ലാം സ്വീകരിച്ചവര്‍ മുഖേനയാണ് അവ മുസ്ലിംകള്‍ക്കിടയില്‍ പ്രചരിച്ചത്. പിന്നീട് രചിക്കപ്പെട്ട തഫ്സീര്‍ഗ്രന്ഥങ്ങളില്‍ അവ സ്ഥാനംപിടിക്കുകയും ചെയ്തു. 'അഹ്ലുല്‍കിതാബ് നിങ്ങളോട് പറയുന്നത് നിങ്ങള്‍ വിശ്വസിക്കുകയോ തള്ളുകയോ ചെയ്യരുത്' എന്ന് നബി പ്രസ്താവിച്ചിരുന്നുവെങ്കിലും, ഇസ്ലാമിന്റെ അടിസ്ഥാനവിശ്വാസങ്ങള്‍ക്ക് നിരക്കാത്ത പലതും പ്രവാചകന്‍ വിശദീകരിച്ചതെന്ന ലേബലില്‍ തഫ്സീറുകളില്‍ സ്ഥാനംപിടിക്കുകയുണ്ടായി. അഹ്ലുല്‍കഹ്ഫി (ഗുഹാവാസികള്‍)ന്റെ നായയുടെ നിറം, പേര്, നൂഹ് നബിയുടെ കപ്പലിന്റെ വലുപ്പം, അതിന്റെ മരം, ഖിദ്ര്‍ വധിച്ച കുട്ടിയുടെ പേര് തുടങ്ങിയവയെല്ലാം തഫ്സീറുകളിലുണ്ടെങ്കിലും അവ നബി വിശദീകരിച്ചതാണെന്നതിനു തെളിവുകളില്ല. തഫ്സീര്‍ഗ്രന്ഥങ്ങളിലെ ഇസ്രാഈലിയ്യാത്തിനെ സംബന്ധിച്ച് എഴുതിയ പണ്ഡിതന്മാരില്‍ ഇബ്നുതൈമിയ്യയും ഇബ്നുഖല്‍ദൂനും മുന്‍പന്തിയില്‍ നിലകൊള്ളുന്നു. ഇമാം അഹ്മദുബ്നു ഹമ്പലും തഫ്സീറുകളില്‍ കടന്നുകൂടിയ വിശ്വാസയോഗ്യമല്ലാത്ത നിവേദനങ്ങളെപ്പറ്റി എഴുതിയിട്ടുണ്ട്.

 

ഹി. 210-ല്‍ നിര്യാതനായ ഇബ്നു ജരീര്‍ ത്വബരിയുടെ ജാമിഉല്‍ ബയാന്‍ ഫീ തഫ്സീരില്‍ ഖുര്‍ആന്‍ എന്ന 30 വാള്യങ്ങളുള്ള ഗ്രന്ഥമാണ് ഗ്രന്ഥരൂപത്തിലുള്ള പ്രസിദ്ധമായ ഒന്നാമത്തെ തഫ്സീര്‍. ഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഓരോ ആയത്തിന്റെയും വ്യാഖ്യാനവിഷയത്തില്‍ വന്ന നിവേദനങ്ങള്‍ അവയുടെ സനദ്സഹിതം ഉദ്ധരിക്കുന്നതോടൊപ്പം ഇബ്നുജരീര്‍ അവയുടെ ബലാബലങ്ങളെ വിലയിരുത്തുകയും സ്വന്തം നിഗമനങ്ങള്‍ പ്രകടിപ്പിക്കുകയും ഓരോ ആയത്തില്‍നിന്നും കണ്ടെത്താവുന്ന വിധികള്‍ തുറന്നുകാണിക്കുകയും ചെയ്യുന്നു. ഇമാം സുയൂത്വി ഇബ്നുജരീറിന്റെ ഗ്രന്ഥത്തെ ഏറ്റവും മഹത്തായ തഫ്സീര്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ ഇബ്നുതൈമിയ്യയുടെ വീക്ഷണത്തില്‍ 'ഏറ്റവും ശരിയായത്' ആണ്. ഇബ്നുജരീറിന്റെ തഫ്സീര്‍ കിട്ടാന്‍ ചൈനയില്‍ പോകേണ്ടിവന്നാല്‍പോലും അധികമാവുകയില്ല എന്നാണ് അബൂഹാമിദുല്‍ ഇസ്ഫറായീനി പ്രസ്താവിച്ചത്. ഇബ്നുജരീറിന്റെ തഫ്സീറിലും ഇസ്രാഈലിയ്യാത്ത് കടന്നുകൂടിയിട്ടുണ്ടെങ്കിലും അതിന്റെ ഉറവിടം ഇസ്ലാം സ്വീകരിച്ച ഇന്ന ജൂതന്‍, അല്ലെങ്കില്‍ ക്രിസ്ത്യാനി എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

 

ഇബ്നുജരീറിനു ശേഷം തഫ്സീര്‍ രചിച്ച പണ്ഡിതന്മാരില്‍പെട്ട സമര്‍ഖന്ദി (മരണം ഹി. 375) ഖുര്‍ആന്‍ ഖുര്‍ആന്‍കൊണ്ടുതന്നെ വ്യാഖ്യാനിക്കുകയും പൂര്‍വികരുടെ വാക്കുകള്‍ സ്വന്തമായ അഭിപ്രായപ്രകടനം നടത്താതെ അപ്പടി ഉദ്ധരിക്കുകയും ചെയ്യുന്നു. ഹി. 427-ല്‍ അന്തരിച്ച നൈസാബൂര്‍കാരനായ സഅ്ലബി ഖുര്‍ആനിലെ പദങ്ങളുടെ ഭാഷാപരമായ വശങ്ങള്‍ വിശദീകരിക്കുകയും കര്‍മശാസ്ത്രവിധികള്‍ വ്യക്തമാക്കുകയും ചെയ്യുന്നു. മുന്‍കാല പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ശരിയും തെറ്റും വേര്‍തിരിക്കാതെ അപ്പടി പകര്‍ത്തി എന്ന ആരോപണം ഇദ്ദേഹത്തെപ്പറ്റി ഉന്നയിക്കപ്പെടുന്നുണ്ട്. ഹി. 510-ല്‍ നിര്യാതനായ ബഗവിയുടെ മആലിമുത്തന്‍സീല്‍ എന്ന തഫ്സീറിന്റെ സവിശേഷത റസൂല്‍, സ്വഹാബത്ത്, താബിഉകള്‍ എന്നിവരില്‍നിന്ന് തനിക്ക് ശരിയാണെന്നു ബോധ്യപ്പെട്ടവ മാത്രം ഉദ്ധരിക്കുന്നു എന്നതാണ്. സ്പെയിന്‍കാരനായ ഇബ്നു അത്വിയ്യ (മരണം: ഹി. 546)യുടെ തഫ്സീറിനെ ഇബ്നുഖല്‍ദൂന്‍ മുന്‍കാല തഫ്സീറുകളുടെ സംഗ്രഹമെന്നും ശരിയോട് ഏറ്റവും അടുത്തതെന്നും വിശേഷിപ്പിക്കുന്നു.

 

ഇബ്നുകസീര്‍ എന്ന പേരില്‍ മുസ്ലിംലോകത്ത് പ്രസിദ്ധിയാര്‍ജിച്ച ഹാഫിള് അബുല്‍ഫിദാ ഇസ്മാഈലുബ്നു അംറ് രചിച്ച തഫ്സീറു ഖുര്‍ആനില്‍അളീം ലോകപ്രസിദ്ധിയാര്‍ജിച്ചതും എല്ലാ വിഭാഗം പണ്ഡിതന്മാരുടെയും അംഗീകാരം ലഭിച്ചതുമാണ്. ഒരു ആയത്ത് വ്യാഖ്യാനിക്കുമ്പോള്‍ അതേ ആശയം വ്യക്തമാക്കുന്ന ആയത്തുകളും അതിനോട് ബന്ധപ്പെട്ട ഹദീസുകളും തുടര്‍ന്ന് സ്വഹാബത്തിന്റെയും താബിഉകളുടെയും അഭിപ്രായങ്ങളും കൊടുക്കുന്നു. ഇസ്രാഈലിയ്യാത്ത് ശ്രദ്ധിച്ച മുഫസ്സിറാണ് ഇബ്നുകസീര്‍. അദ്ദേഹം തഫ്സീറിനു എഴുതിയ മുഖവുരയില്‍ തന്റെ ഗുരുവായ ഇബ്നുതൈമിയ്യയുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആശയവ്യക്തതയുള്ളതും ഹ്രസ്വവും ലളിതവുമാണ് ഇബ്നുകസീറിന്റെ ശൈലി.

 

ഹി. 467-ല്‍ നിര്യാതനായ ജാറുല്ലാ സമഖ്ശരി രചിച്ച അല്‍കശ്ശാഫ് എന്ന തഫ്സീര്‍ ഖുര്‍ആനിലെ വ്യാകരണം, ഭാഷാപ്രയോഗം, സാഹിത്യാംശം, ശൈലീവിശേഷം എന്നിവ വ്യക്തമായി വിവരിക്കുന്നതുകൊണ്ട് തദ്വിഷയങ്ങളില്‍ എല്ലാ വിഭാഗങ്ങളും ഒരു അവലംബകൃതിയായി അതിനെ അംഗീകരിക്കുന്നു. എന്നാല്‍, മുഅ്തസിലീ പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന സമഖ്ശരിയുടെ ആശയങ്ങളില്‍ ചിലത് പണ്ഡിതന്മാരുടെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്.

 

പൂര്‍വകാലപണ്ഡിതന്മാരുടെ രീതിയില്‍നിന്നു വ്യത്യസ്തമായി സ്വന്തമായ വീക്ഷണങ്ങള്‍കൂടി ഉള്‍പ്പെടുത്തി ഖുര്‍ആന്‍ വ്യാഖ്യാനിച്ച പണ്ഡിതനത്രെ ഹി. 544-ല്‍ റയ്യില്‍ ഭൂജാതനായ ഫഖ്റുദ്ദീന്‍ റാസി. അറബിയിലും പേര്‍ഷ്യനിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഈ പണ്ഡിതനെ തേടി ദൂരദേശങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുമായിരുന്നു. മഫാതീഹുല്‍ ഗൈബ് എന്ന എട്ടു വാള്യങ്ങളുള്ള റാസിയുടെ തഫ്സീര്‍ തന്റെ കാലഘട്ടം വരെയുള്ള മുഴുവന്‍ വിജ്ഞാനങ്ങളും സമാഹരിച്ച ഒരു സര്‍വവിജ്ഞാനകോശമാണ്. 'ഈ ഗ്രന്ഥം വായിക്കുന്നവന്‍ വിസ്മയിച്ചുപോകും' എന്നാണ് കശ്ഫുദ്ദുനൂന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് പറയുന്നത്.

 

സ്പെയിന്‍ സംഭാവനചെയ്ത പ്രസിദ്ധ ഖുര്‍ആന്‍വ്യാഖ്യാതാവാണ് അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ എന്ന തഫ്സീറിന്റെ കര്‍ത്താവായ അബൂഅബ്ദില്ലാ ഖുര്‍ത്വുബി. പൂര്‍വികപണ്ഡിതന്മാരെ അവലംബമാക്കി വിധികളും തത്ത്വങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും പ്രകാശിപ്പിക്കുന്ന ഈ തഫ്സീറില്‍ ഭാഷാര്‍ഥം വിവരിക്കുന്നതിന് നിരവധി അറബിക്കവിതകള്‍ ഉദ്ധരിക്കുന്നുണ്ട്. വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് അവയെ നിരൂപണത്തിനു വിധേയമാക്കി പ്രബലമായതിനെ സ്ഥാപിക്കുക ഖുര്‍ത്വുബിയുടെ രീതിയാണ്.

 

ശീറാസിനടുത്ത ബൈദാഇല്‍ ജനിച്ച നാസ്വിറുദ്ദീന്‍ അബ്ദുല്ല ബൈദാവി (മരണം: 685) രചിച്ച പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമത്രെ അന്‍വാറുത്തന്‍സീല്‍. സംഗ്രഹരൂപത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തില്‍ ബൈദാവി തന്റെ സ്വന്തമായ വീക്ഷണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

നസഫ് പട്ടണത്തില്‍ ഭൂജാതനായ അബുല്‍ബറകാത്ത് അഹ്മദ് നസഫീ (മരണം: ഹി. 710) രചിച്ച തഫ്സീറത്രെ മദാരികു ത്തഅ്വീല്‍ വ ഹഖാഇഖു ത്തന്‍സീല്‍. അധികം ദൈര്‍ഘ്യമില്ലെങ്കിലും ഈ തഫ്സീറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് കടഞ്ഞെടുത്ത, ശുദ്ധീകരിച്ച ആശയങ്ങളാണ്. ബഗ്ദാദില്‍ ഹി. 678-ല്‍ ഭൂജാതനായ ഖാസിന്‍ രചിച്ച തഫ്സീറത്രെ ലുബാബുത്തന്‍സീല്‍. ധാരാളം കഥകള്‍ ഖാസിന്‍ പറയുമെങ്കിലും അവയെ നിരൂപണത്തിനു വിധേയമാക്കി ശരിയും തെറ്റും വേര്‍തിരിക്കുന്നുണ്ട്.

 

ഹി. 638-ല്‍ നിര്യാതനായ സ്പെയിന്‍കാരനായ മുഹ്യിദ്ദീന്‍ ഇബ്നുല്‍ അറബി രചിച്ച മഫാതീഹുല്‍ ഗൈബ് പ്രതീകാത്മകരൂപത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന തഫ്സീറാണ്. ഇത് പലരെയും വിസ്മയിപ്പിച്ച ഗ്രന്ഥമാണ്.

 

തഫ്സീര്‍ ജലാലൈനി ഹ്രസ്വമെങ്കിലും ആശയസമ്പുഷ്ടവും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രസിദ്ധി നേടിയതുമായ ഗ്രന്ഥമാണ്. ജലാലുദ്ദീന്‍ മഹല്ലി (മരണം: ഹി. 864) സൂറഃ അല്‍കഹ്ഫ് മുതല്‍ അന്നാസ് വരെ വ്യാഖ്യാനമെഴുതി. പിന്നെ അല്‍ഫാതിഹ ആരംഭിച്ചപ്പോഴേക്കും മരണം അദ്ദേഹത്തെ തട്ടിയെടുത്തു. പിന്നെ ജലാലുദ്ദീന്‍ സുയൂത്വി (മരണം: ഹി. 911)യാണ് അത് പൂര്‍ത്തീകരിച്ചത്. രണ്ടു ജലാലുമാര്‍ രചിച്ച ഗ്രന്ഥം എന്ന അര്‍ഥത്തിലാണ് ജലാലൈനി എന്ന് പേരുവന്നത്.

 

ഹി. 982-ല്‍ നിര്യാതനായ അബുസ്സുഊദ് രചിച്ച ഇര്‍ശാദുല്‍ അഖ്ലിസ്സലീം ഇലാ മസായല്‍ ഖുര്‍ആനില്‍കരീം എന്ന തഫ്സീറില്‍ ഖുര്‍ആന്റെ അമാനുഷികതയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളുണ്ട്. വളരെ ആകര്‍ഷകമാണ് ശൈലി.

ഹി. 1217-ല്‍ ബഗ്ദാദിലെ കര്‍ഖില്‍ ജനിച്ച അബുസ്സനാ ശിഹാബുദ്ദീന്‍ ആലൂസി രചിച്ച തഫ്സീറത്രെ റൂഹുല്‍ മആനീ. ഈ തഫ്സീറില്‍ ഖുര്‍ആന്‍വാക്യങ്ങളുടെ പ്രത്യക്ഷാര്‍ഥം വിവരിച്ചശേഷം വ്യംഗ്യാര്‍ഥവും നല്‍കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍വാക്യങ്ങളുടെ വ്യാകരണസംബന്ധമായ വിവരണങ്ങള്‍ക്ക് ഈ തഫ്സീര്‍ ഒരു അവലംബകൃതിയാണ്. വളരെ കൃത്യമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആലൂസിയുടെ തഫ്സീര്‍ ധാരാളം ശാസ്ത്രസത്യങ്ങളെയും കൈകാര്യം ചെയ്യുന്നു. മുസ്ലിംചിന്താപ്രസ്ഥാനങ്ങളായ ശീഈ, മുഅ്തസില, സ്വൂഫിയ്യ, ബാത്വിനിയ്യ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളോട് ചായ്വുള്ള പണ്ഡിതന്മാര്‍ രചിച്ച തഫ്സീറുകള്‍ വേറെയുമുണ്ട്.

 

ആധുനികകാലഘട്ടത്തില്‍ ഖുര്‍ആന്‍വ്യാഖ്യാനവിഷയത്തില്‍ ഒരു വ്യതിയാനം സൃഷ്ടിച്ചത് ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായ സയ്യിദ് റശീദ് രിദാ (മരണം: ക്രി. 1935)ആണ്. അദ്ദേഹം രചിച്ച തഫ്സീറുല്‍ മനാര്‍ ചിന്താലോകത്ത് വമ്പിച്ച വിപ്ളവം സൃഷ്ടിച്ചു. പൌരാണികരുടെ അഭിപ്രായങ്ങളെയും ആധുനികവീക്ഷണങ്ങളെയും സമന്വയിപ്പിക്കുന്ന തഫ്സീറുല്‍ മനാറിന്റെ രീതി ഖുര്‍ആന്റെ ആഴം കാണിച്ചുകൊടുക്കുന്നതാണ്. ക്രി. 1940-ല്‍ നിര്യാതനായ അലി  ജൌഹരി ത്വന്‍ത്വാവിയുടെ അല്‍ജവാഹിര്‍ ഫീ തഫ്സീരില്‍ ഖുര്‍ആനില്‍കരീം ശാസ്ത്രസത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന തഫ്സീറാണ്. എന്നാല്‍, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അതിനു പ്രസക്തിയുണ്ടായിരുന്നുവെങ്കിലും ശാസ്ത്ര വിജ്ഞാനങ്ങളുടെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തില്‍ ത്വന്‍ത്വാവിയുടെ നിഗമനങ്ങള്‍ പലതും അപ്രസക്തമായിത്തീര്‍ന്നു. 1966-ല്‍ ഈജിപ്തില്‍ അന്തരിച്ച സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍ വികാരങ്ങളെയും ചിന്തകളെയും തട്ടിയുണര്‍ത്തി ഖുര്‍ആനെ മനസ്സില്‍ ലയിപ്പിക്കുന്ന ശൈലിയില്‍ രചിക്കപ്പെട്ട തഫ്സീറാണ്. സയ്യിദ് ഖുത്വ്ബ് ആശയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകനേക്കാള്‍ കൂടുതല്‍ ഉദ്ബോധകനാണ്.

 

ഇരുപതാംനൂറ്റാണ്ടില്‍ ആധുനികചിന്ത ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തഫ്സീറുകള്‍ വേറെയും വിരചിതമായിട്ടുണ്ട്. എന്നാല്‍, അറബിയിലല്ലാതെ ഉര്‍ദു, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളില്‍ മൌലാനാ മൌദൂദി, മൌലാനാ അബുല്‍കലാം ആസാദ്, അല്ലാമാ യൂസുഫ് അലി തുടങ്ങി വിശ്വപ്രശസ്തരായ പണ്ഡിതന്മാര്‍ അറബിതഫ്സീറുകളോട് കിടപിടിക്കുന്നതോ അവയെ കവച്ചുവയ്ക്കുന്നതോ ആയ ആധുനിക ഖുര്‍ആന്‍വ്യാഖ്യാനഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

 

തഫ്സീര്‍ അടക്കം വിശുദ്ധഖുര്‍ആനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങള്‍ വിവരിക്കുന്ന പ്രത്യേക ശാസ്ത്രവിഭാഗം തന്നെയുണ്ട് അറബിയില്‍. അതത്രെ ഉലൂമുല്‍ ഖുര്‍ആന്‍. ഖുര്‍ആന്റെ അവതരണം, അവതരണപശ്ചാത്തലം, മക്കീ-മദനീ വിഭജനം, പാരായണവ്യത്യാസങ്ങള്‍, മുസ്വ്ഹഫിന്റെ ചരിത്രം, ഖുര്‍ആന്‍വ്യാഖ്യാനം, വ്യാഖ്യാതാവിനു വേണ്ട യോഗ്യതകള്‍, ഖുര്‍ആന്റെ അമാനുഷികത, ഖുര്‍ആന്‍വിവര്‍ത്തനം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഈ വിജ്ഞാനശാഖ കൈകാര്യം ചെയ്യുന്നു. ഇബ്നുതൈമിയ്യയുടെ മുഖദ്ദിമഃ ഫീ ഉസ്വൂലിത്തഫ്സീര്‍, ഇമാം സുയൂത്വിയുടെ അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, സര്‍കശിയുടെ അല്‍ബുര്‍ഹാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, സര്‍ഖാനിയുടെ മനാഹിലുല്‍ ഇര്‍ഫാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍ തുടങ്ങിയവയാണ് ഈ വിഷയത്തിലെ പ്രാമാണികഗ്രന്ഥങ്ങളില്‍ ചിലത്.


വിവിധതരം തഫ്സീറുകള്‍

ആദ്യത്തെ തഫ്സീര്‍ഗ്രന്ഥം രചിച്ചത് അമവീകാലഘട്ടത്തില്‍ ജീവിച്ച മുജാഹിദുബ്നു ജബറുല്‍മക്കീ (മ. 104/722)യാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ലക്ഷണമൊത്ത തഫ്സീറുകള്‍ അബ്ബാസിയാകാലത്താണ് രചിക്കപ്പെട്ടത്. കാഴ്ചപ്പാടുകളും സമീപനരീതികളും അവലംബമാക്കി തഫ്സീറുകളെ പണ്ഡിതന്മാര്‍ പല ശാഖകളായി തിരിച്ചിരിക്കുന്നു:


(അത്തഫ്സീറുല്‍ മഅ്സൂര്‍)

ഖുര്‍ആന്‍സൂക്തങ്ങളുടെ ചരിത്രപരവും ഭാഷാപരവും കര്‍മശാസ്ത്രപരവുമായ നിവേദനങ്ങളെ അധികരിച്ച് വിരചിതമായ തഫ്സീറുകളാണിവ. ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറ്റു സൂക്തങ്ങള്‍ക്ക് നല്‍കുന്ന വ്യാഖ്യാനം, സുന്നത്ത് (പ്രവാചകചര്യ) നല്‍കുന്ന വ്യാഖ്യാനം, സ്വഹാബിമാര്‍ നല്‍കുന്ന വ്യാഖ്യാനം, പിന്‍ഗാമികള്‍ നല്‍കുന്ന വ്യാഖ്യാനം എന്നിവ ഇത്തരം തഫ്സീറുകളില്‍ കാണാം. അബ്ബാസിയാ കാലത്തെ പ്രസിദ്ധ ചരിത്രകാരനായ ത്വബരി (224-310/839-923)യുടെ തഫ്സീറുല്‍കബീര്‍ ആണ് ഇത്തരം തഫ്സീറുകളില്‍ ഏറ്റവും പ്രാമാണികം. പില്‍ക്കാല തഫ്സീറുകളില്‍ പലതും ത്വബരിയുടെ കൃതി അവലംബമാക്കിയുള്ളവയാണ്. മുഹമ്മദ് അല്‍ ബഗവി (മ. 1122)യുടെ മആലിമുത്തന്‍സീല്‍, ഇബ്നുകസീറി(മ. 774/1377)ന്റെ തഫ്സീറുല്‍ ഖുര്‍ആനില്‍ അളീം, ജലാലുദ്ദീന്‍ സുയൂത്വി(849-911)യുടെ അദ്ദുര്‍റുല്‍ മന്‍സൂര്‍ എന്നിവയാണ് ഈ ഇനത്തില്‍പെട്ട മറ്റു പ്രധാന തഫ്സീറുകള്‍.


(അത്തഫ്സീറു ബിര്‍റഅ്യി)

സ്വന്തം അഭിപ്രായങ്ങളും വീക്ഷണങ്ങളും പ്രകടിപ്പിക്കുകയും അവയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്യുന്ന രീതിയാണ് ഇത്തരം തഫ്സീറുകളില്‍ സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ വീക്ഷണങ്ങളുടെ നിരൂപണങ്ങളും ഈ തഫ്സീറുകളില്‍ കാണുന്നു. ഇമാം റാസി (ഹി. 544-606)യുടെ മഫാതീഹുല്‍ ഗൈബ്, ഇമാം നൈസാബൂരി (മ. 728)യുടെ ഗറാഇബുല്‍ ഖുര്‍ആന്‍ എന്നിവ ഈ ശാഖയിലെ പ്രധാന രചനകളാണ്.


(അത്തഫ്സീറുല്‍ ബയാനി)

ഭാഷാപരമായ അപഗ്രഥനങ്ങള്‍ നടത്തുന്ന തഫ്സീറുകളാണിവ. പദങ്ങളുടെ നിഷ്പത്തി, പരിണാമം, അലങ്കാരശാസ്ത്രം തുടങ്ങിയവയ്ക്കാണ് ഇത്തരം കൃതികളില്‍ ഊന്നല്‍ കൊടുക്കുന്നത്. ഇമാം സമഖ്ശരി (467-538/1075-1144)യുടെ അല്‍കശ്ശാഫ്, അബൂഹയ്യാനി (ഹി. 654-745)യുടെ അല്‍ബഹ്റുല്‍ മുഹീത്വ്, അന്നസഫി (മ. 1310)യുടെ മദാരിക്കുത്തഅ്വീല്‍, ബൈദാവിയുടെ അന്‍വാറുത്തന്‍സീല്‍ (ക്രി.വ. 1286) ആഇശാ ബിന്‍ത് ശാത്വിഇന്റെ അത്തഫ്സീറുല്‍ ബയാനി ലില്‍ ഖുര്‍ആനില്‍കരീം എന്നിവ ഈ ഗണത്തിലുള്‍പെടുന്നു.


(കര്‍മശാസ്ത്ര തഫ്സീറുകള്‍)

കര്‍മശാസ്ത്രസംബന്ധമായ ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കൃതികളാണിവ. വ്യത്യസ്ത കര്‍മശാസ്ത്രവീക്ഷണങ്ങള്‍ അപഗ്രഥനം ചെയ്ത് ഗ്രന്ഥകാരന്റെ മദ്ഹബി(കര്‍മശാസ്ത്രസരണി)ന്റെ പ്രസക്തിയും ന്യായവും സ്ഥാപിക്കുക എന്നതാണ് ഇത്തരം തഫ്സീറുകളുടെ പ്രത്യേകത. ഇമാം ഖുര്‍ത്വുബി (മ. 671/1273)യുടെ അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്നുല്‍അറബി (മ. 543/1200)യുടെ അഹ്കാമുല്‍ ഖുര്‍ആന്‍ എന്നിവ മാലികീകര്‍മശാസ്ത്രസരണിയെ പിന്തുണക്കുന്നു. അല്‍ജസ്സ്വാസ്വി (305-370/917-981)ന്റെ അഹ്കാമുല്‍ ഖുര്‍ആന്‍ ഹനഫീസരണിയെയും ഇബ്നുല്‍ജൌസി (മ. 543/1200)യുടെ സാദുല്‍മസീര്‍ ഹമ്പലീസരണിയെയും അധികരിച്ച് രചിക്കപ്പെട്ടിട്ടുള്ള തഫ്സീറുകളാണ്.


(സൂഫി തഫ്സീറുകള്‍)

സഹ്ലുബ്നു അബ്ദില്ല അല്‍ തുസ്തരി (മ. 986)യുടെ തഫ്സീര്‍ തുസ്തരി, അബൂ അബ്ദുര്‍റഹ്മാന്‍ അസ്സുല്ലമി (936-1021)യുടെ ഹഖാഇഖുത്തഫ്സീര്‍, അബുല്‍ഖാസിം അല്‍ ഖുശൈരി (മ. 1072)യുടെ ലത്വാഇഫുല്‍ ഇശാറഃ എന്നിവയാണ് സ്വൂഫീ ആശയങ്ങളില്‍ ഊന്നിനിന്നുകൊണ്ട് രചിക്കപ്പെട്ട പ്രമുഖ തഫ്സീറുകള്‍.


(ശീഈ തഫ്സീറുകള്‍)

അബൂജഅ്ഫര്‍ അത്തൂസി(1067)യുടെ അത്തിബ്യാന്‍, അബുല്‍ഫദ്ല്‍ അത്ത്വബര്‍സി(മ. 1153)യുടെ മജ്മഉല്‍ ബയാന്‍, മുല്ലാ മുഹ്സിന്‍ ഫൈദുല്‍ കാശാനി (മ. 1177)യുടെ അസ്സ്വാഫി, മുഹമ്മദുബ്നു അലി അശ്ശൌകാനി (19-ാം ശതകം)യുടെ ഫത്ഹുല്‍ഖദീര്‍ എന്നിവ പ്രസിദ്ധമായ ശീഈതഫ്സീറുകളാണ്.


(ആധുനിക തഫ്സീറുകള്‍)

പൌരാണിക തഫ്സീറുകള്‍ ഊന്നിപ്പറഞ്ഞിരുന്ന വ്യാകരണം, അലങ്കാരം, കര്‍മശാസ്ത്രം എന്നിവയില്‍ ആധുനിക തഫ്സീറുകള്‍ അത്ര പ്രാധാന്യത്തോടെ ഊന്നുന്നില്ല. പകരം, സമൂഹം അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക, ധാര്‍മിക, രാഷ്ട്രീയമേഖലകളിലെ പ്രശ്നങ്ങള്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ നിര്‍ധാരണം ചെയ്യുന്നതിലാണ് ആധുനിക ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. നവോത്ഥാനവും സംസ്കരണവും ഉദ്ദേശിച്ചുകൊണ്ട് വിരചിതമായ തഫ്സീറുകള്‍ ഇപ്പോള്‍ വിരളമല്ല. അല്ലാമാ മുഹമ്മദ് റശീദ് രിദായുടെ അല്‍മനാര്‍, ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍, സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്നിവ പ്രസിദ്ധമായ ആധുനിക തഫ്സീറുകളാണ്.

 

ഇത്തരം തഫ്സീറുകളില്‍ ചിലത് ഖുര്‍ആനിക അധ്യായങ്ങളുടെ നള്മ് (യോജിപ്പ്) വിശദീകരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അധ്യായങ്ങള്‍ തമ്മിലും സൂക്തങ്ങള്‍ തമ്മിലും ഉള്ള പരസ്പരബന്ധവും ചേര്‍ച്ചയും കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു. ഹമീദുദ്ദീന്‍ ഫറാഹിയുടെ നിളാമുല്‍ ഖുര്‍ആന്‍, അമീന്‍ അഹ്സന്‍ ഇസ്വ്ലാഹി ഉര്‍ദുവില്‍ രചിച്ച തദബ്ബുറെ ഖുര്‍ആന്‍ ഇതിന്റെ മികച്ച ഉദാഹരണമാണ്.

 

ശാസ്ത്രസത്യങ്ങളെ സംബന്ധിച്ചുള്ള ഖുര്‍ആനികപരാമര്‍ശങ്ങളും സൂചനകളും വിശദീകരിച്ചുകൊണ്ടുള്ള തഫ്സീറുകളും ഇപ്പോള്‍ ലഭ്യമാണ്. ഈജിപ്തിലെ അലി ജൌഹരി ത്വന്‍ത്വാവിയുടെ ജവാഹിറുല്‍ ഖുര്‍ആന്‍ ഇത്തരം ഒരു ഉദ്യമമാണ്.

 

ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് (പ്രബോധനം)

 
Scroll to Top