ഖുര്‍ആനും ഇതരമതവിശ്വാസികളും

ഇതരമതങ്ങളോടുള്ള സമീപനം

ഖുര്‍ആനികവീക്ഷണത്തില്‍ ആദിമനുഷ്യനോളം പഴക്കമുള്ള ജീവിതാദര്‍ശമാണ് ഇസ്ലാം. ഭൂമിയില്‍ ജീവിതം ആരംഭിക്കുംമുമ്പേ ആദ്യപിതാവ് ആദമിനെ അല്ലാഹു അറിയിച്ചു: "നിങ്ങള്‍ക്ക് എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ അനുധാവനം ചെയ്യുന്നുവോ, അവര്‍ പേടിക്കേണ്ടിവരില്ല; ദുഃഖിക്കേണ്ടിയും വരില്ല. എന്നാല്‍, നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവരോ, അവര്‍ തന്നെയാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (ഖുര്‍ആന്‍: 2: 38,39).

 

ഈവിധം ഭൂമിയിലെ ഒന്നാമത്തെ മനുഷ്യനുതന്നെ ദൈവത്തില്‍നിന്നുള്ള വ്യക്തമായ ജീവിതക്രമം ലഭിക്കുകയുണ്ടായി. അദ്ദേഹം അത് പിന്മുറക്കാര്‍ക്ക് കൈമാറുകയും ചെയ്തു. വിശ്വാസം, ആരാധന, സാന്മാര്‍ഗികക്രമം പോലുള്ള മതത്തിന്റെ മൌലികകാര്യങ്ങളെല്ലാം അക്കാലത്തുതന്നെ നല്‍കപ്പെട്ടിരുന്നു. തുടര്‍ന്ന് മനുഷ്യസമൂഹം ദൈവികസന്മാര്‍ഗത്തില്‍നിന്ന് തെന്നിമാറിയപ്പോഴെല്ലാം അവരെ നേര്‍വഴിയില്‍ നയിക്കാനായി ദൈവദൂതന്മാര്‍ നിയോഗിതരായിക്കൊണ്ടിരുന്നു. ദൈവികജീവിതവ്യവസ്ഥയെ സമൂഹസമക്ഷം താത്വികമായും പ്രായോഗികമായും സമര്‍പ്പിക്കലും അങ്ങനെ അതംഗീകരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത അറിയിക്കലും നിരാകരിക്കുന്നവര്‍ക്ക് താക്കീത് നല്‍കലുമായിരുന്നു അവരിലര്‍പ്പിതമായിരുന്ന ബാധ്യത. ഈവിധം ദൈവദൂതന്മാര്‍ നിയോഗിതരാവാത്ത ഒരു ജനതയും ചരിത്രത്തിലുണ്ടായിട്ടില്ല. അഥവാ, എക്കാലത്തെയും എവിടത്തെയും എല്ലാ ജനസമൂഹങ്ങള്‍ക്കും പ്രവാചകന്മാരിലൂടെ ദിവ്യസന്ദേശം ലഭിച്ചിരുന്നു. അല്ലാഹു അറിയിക്കുന്നു: "നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിലൂടെ അവരെ ഇങ്ങനെ അറിയിക്കുകയുണ്ടായി: നിങ്ങള്‍ അല്ലാഹുവിനെ വണങ്ങിവഴങ്ങി ജീവിക്കുക. വ്യാജദൈവങ്ങളെ വര്‍ജിക്കുകയും ചെയ്യുക'' (16:36). "ഉറപ്പായും നിന്നെ നാം നിയോഗിച്ചത് സത്യസന്ദേശവുമായാണ്. ശുഭവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായാണ്. താക്കീതുകാരന്‍ ഉണ്ടായിട്ടില്ലാത്ത ഒരു സമുദായവുമില്ല'' (35: 24).

 

ഇങ്ങനെ ഓരോ ജനതയിലും ദൈവദൂതന്‍ നിയോഗിതനായപ്പോള്‍ ഒരു വിഭാഗം അതംഗീകരിക്കുകയും അദ്ദേഹത്തിന്റെ അനുയായികളായിത്തീരുകയും ചെയ്തു. മറ്റുള്ളവര്‍ ധിക്കരിക്കുകയും നിഷേധികളായി നിലകൊള്ളുകയുമാണുണ്ടായത്. കാലക്രമേണ ദൈവദൂതനെ പിന്തുടര്‍ന്നവരും അവരുടെ പിന്മുറക്കാരും അദ്ദേഹത്തിലൂടെ അവതീര്‍ണമായ സത്യപാതയില്‍നിന്ന് അകന്നുപോയപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാനായി വീണ്ടും ദൈവദൂതന്‍ ആഗതനായി. അപ്പോഴും ഒരു വിഭാഗം ആ ദൈവദൂതനെ പിന്തുണക്കുകയും പിന്തുടരുകയും മറ്റുള്ളവര്‍ തങ്ങളുടെ മാര്‍ഗഭ്രംശത്തിലുറച്ചുനില്‍ക്കുകയും ചെയ്തു. ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ് നബി തിരുമേനി(സ) നിയോഗിതനായപ്പോഴും ഇതുതന്നെ സംഭവിച്ചു. മതമെല്ലാം ഒരേ ദൈവികസ്രോതസ്സില്‍നിന്നുള്ളതായിരുന്നിട്ടും അവയ്ക്കിടയില്‍ വൈവിധ്യവും വൈരുധ്യവും കാണപ്പെടാന്‍ കാരണം ഇതത്രെ. ലോകത്ത് വിവിധ മതങ്ങളുണ്ടാവാനുള്ള കാരണവും മറ്റൊന്നല്ല. അല്ലാഹു അറിയിക്കുന്നു: "ആദിയില്‍ ജനമൊക്കെയും ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് അവര്‍ ഭിന്നിച്ചപ്പോള്‍ സന്മാര്‍ഗചാരികള്‍ക്ക് ശുഭവാര്‍ത്തയും ദുര്‍മാര്‍ഗികള്‍ക്ക് താക്കീതും നല്‍കുന്നവരായി പ്രവാചകന്മാരെ നിയോഗിച്ചയച്ചു. ജനത്തിനിടയില്‍ ഭിന്നിപ്പുള്ള കാര്യങ്ങളില്‍ തീര്‍പ്പു കല്‍പിക്കാനായി അവരോടൊപ്പം സത്യവേദവും അവതരിപ്പിച്ചു. സത്യജ്ഞാനം എത്തിയ ശേഷമാണ് അവര്‍ ഭിന്നിച്ചത്. വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ ഭിന്നിച്ചത് അവര്‍ക്കിടയിലെ പക നിമിത്തമത്രെ'' (2:213)

"പിന്നീട് അദ്ദേഹത്തിനുശേഷം പല ദൂതന്മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചു. അങ്ങനെ അവരുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ആ ദൂതന്മാര്‍ ചെന്നു. എന്നാല്‍, അവര്‍ നിഷേധിച്ചുതള്ളിയതില്‍ വിശ്വസിക്കാനവര്‍ തയാറുണ്ടായിരുന്നില്ല. അക്രമകാരികളുടെ ഹൃദയങ്ങളി•ല്‍ ആവിധം നാം മുദ്രവയ്ക്കുന്നു'' (10:74).

"പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുത്തും അവരിലേക്കുള്ള ദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ നിഷേധിച്ചുതള്ളുകയാണുണ്ടായത്'' (23:44). "വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്തുചെന്നു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നവരായില്ല'' (10:13). "ഏതൊരു നാട്ടിലേക്കും നാം താക്കീതുകാരനെ അയച്ചപ്പോഴെല്ലാം അവിടത്തെ സുഖലോലുപന്മാര്‍ ഇങ്ങനെ പറയാതിരുന്നിട്ടില്ല: നിങ്ങള്‍ കൊണ്ടുവന്ന സന്ദേശത്തെ ഞങ്ങള്‍ തള്ളിപ്പറയുന്നു'' (34:34).

 

ഇങ്ങനെ വിവിധ വിശ്വാസവീക്ഷണങ്ങള്‍ രൂപംകൊണ്ടതോടൊപ്പം ഓരോ വിഭാഗവും തങ്ങളുടെ വശമുള്ളതില്‍ തൃപ്തിയടയുകയും അതുമാത്രമാണ് ശരിയെന്ന് അവകാശപ്പെടുകയും ചെയ്തു:

"അങ്ങനെ ജനം പല കക്ഷികളായി പിരിഞ്ഞ് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിച്ചു. ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ തൃപ്തിയടയുന്നവരാകുന്നു'' (23:53).

"തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി പിരിയുകയും ചെയ്തവരോ, അവരിലെ ഓരോ കക്ഷിയും തങ്ങളുടെ വശമുള്ളതില്‍ സന്തോഷിക്കുന്നവരത്രെ'' (30:32).


മത വൈവിധ്യം

മതവൈവിധ്യത്തെ ഖുര്‍ആന്‍ ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കുന്നു. മനുഷ്യന് നല്‍കപ്പെട്ട ചിന്താസ്വാതന്ത്യ്രത്തിന്റെ അനിവാര്യതയായി വിലയിരുത്തുകയും ചെയ്യുന്നു:

"നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും'' (11:118).

"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഏക സമുദായമാക്കുമായിരുന്നു. എന്നാല്‍, താനുദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച'' (16: 93).

"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെയൊക്കെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍, താനുദ്ദേശിക്കുന്നവരെ അവന്‍ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നു. അക്രമികളോ അവര്‍ക്ക് ഒരു സഹായിയും രക്ഷകനുമില്ല'' (42:8).

"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു'' (6: 149).

"നിന്റെ നാഥന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ചു വിശ്വസിക്കുമായിരുന്നു'' (10:99). "നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും നാം അവന്റെ സന്മാര്‍ഗം നല്‍കുമായിരുന്നു'' (32:13)

 

വിശ്വാസ, വീക്ഷണവൈജാത്യം പോലെത്തന്നെ ആരാധനാ, ആചാര, അനുഷ്ഠാനവൈവിധ്യങ്ങളും ദൈവനിശ്ചയത്തിന്റെ ഭാഗമത്രെ. അഥവാ, മനുഷ്യന് അനുവദിക്കപ്പെട്ട ചിന്താസ്വാതന്ത്യ്രത്തിന്റെ അനിവാര്യത:

"നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നാം നിശ്ചയിച്ചുതന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍, അങ്ങനെയല്ലാത്തത് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കാനാണ്. അതിനാല്‍, നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെ സംബന്ധിച്ച് അപ്പോഴവന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരുന്നതാണ്'' (5:48).

"ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. അവരതാണ് അനുഷ്ഠിച്ചുവരുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ അവര്‍ നിന്നോട് വഴക്കിടാതിരിക്കട്ടെ. നീ നിന്റെ നാഥങ്കലേക്ക് ക്ഷണിക്കുക. നീ വക്രതയില്ലാത്ത സന്മാര്‍ഗത്തില്‍ തന്നെ; തീര്‍ച്ച'' (22:67).


മതസമൂഹങ്ങളോടുള്ള സമീപനം

മതവൈവിധ്യത്തെ അംഗീകരിക്കുന്ന ഖുര്‍ആന്‍ അതിന്റെ അവതരണകാലത്ത് അറേബ്യയിലുണ്ടായിരുന്ന മതങ്ങളെ പരാമര്‍ശിക്കുന്നു. അതോടൊപ്പം മുസ്ലിംകള്‍ക്ക് അടുത്തിടപഴകേണ്ടിവന്ന ജൂത-ക്രൈസ്തവസമൂഹങ്ങളെ വിശദമായി പരിചയപ്പെടുത്തുകയും ശക്തമായും സത്യസന്ധമായും നിരൂപണം നടത്തുകയും ചെയ്യുന്നു. തുടര്‍ന്ന് അവരോട് സ്വീകരിക്കേണ്ട സമീപനം വ്യക്തമാക്കുന്നു. അവരെ വേദാവകാശികളെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:

"അവരെല്ലാം ഒരുപോലെയല്ല. നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗവും വേദക്കാരിലുണ്ട്. നിശാവേളകളില്‍ സാഷ്ടാംഗത്തിലായിരിക്കെ അവര്‍ ദൈവവചനങ്ങള്‍ പാരായണം ചെയ്യുന്നു. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തെ വിലക്കുകയും സല്‍കൃത്യങ്ങളില്‍ ഉത്സുകരായിരിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍പെട്ടവരാകുന്നു'' (3: 113,114).

"വേദക്കാരില്‍ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍, അവരില്‍ ഏറെ പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ'' (5:66).

"ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അതു നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ വേറൊരു വിഭാഗമുണ്ട്. നീ അവരെ ഒരു ദീനാര്‍ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം ശല്യം ചെയ്താലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല'' (3: 75).

"ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു എന്നു പറഞ്ഞവരാണ് ജനങ്ങളില്‍വച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണതിനു കാരണം'' (5:82).

 

മുസ്ലിംകളോട് അവരുമായി അടുത്തിടപഴകേണ്ടിവന്ന ജൂത-ക്രൈസ്തവസമൂഹങ്ങളുടെ സമീപനത്തെ ഈവിധം നിരൂപണം ചെയ്യുന്ന ഖുര്‍ആന്‍ അവരംഗീകരിക്കുന്ന മുഴുവന്‍ മഹദ്വ്യക്തികളെയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു.

യഹൂദ-ക്രൈസ്തവസമൂഹം ഒന്നുപോലെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രവാചകന്മാരിലൂടെ സമര്‍പ്പിതമായ ജീവിതവ്യവസ്ഥ തന്നെയാണ് ഖുര്‍ആനും സമര്‍പ്പിക്കുന്നതെന്ന് സമര്‍ഥിക്കുകയും ചെയ്യുന്നു:

"നൂഹിനോട് കല്‍പിച്ചതും നിനക്ക് നാം ബോധനം നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോട് നാം അനുശാസിച്ചതുമായ അതേ കാര്യം -നിങ്ങള്‍ ദൈവികജീവിതവ്യവസ്ഥയെ സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക; അതില്‍ ഭിന്നിക്കാതിരിക്കുക- അവന്‍ നിങ്ങള്‍ക്കും നിയമമായി നിശ്ചയിച്ചിരിക്കുന്നു'' (42:13).

 

വേദക്കാരോട് സംവദിക്കേണ്ടതെങ്ങനെയെന്നും ഖുര്‍ആന്‍ ഖണ്ഡിതമായി വ്യക്തമാക്കുന്നു: "വേദക്കാരോട് ഏറ്റം നല്ല നിലയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത് -അവരില്‍നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ പറയുക: "ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതീര്‍ണമായതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവന്‍തന്നെ. ഞങ്ങള്‍ അവന് വഴിപ്പെട്ടവരാകുന്നു'' (29:46).

 

അതോടൊപ്പം വേദക്കാരികളെ വിവാഹം കഴിക്കാനും അവരുടെ ആഹാരം ഉപയോഗിക്കാനും ഖുര്‍ആന്‍ അനുമതി നല്‍കുന്നു. അഥവാ വേദവിശ്വാസികള്‍ തങ്ങളുടെ രീതിയനുസരിച്ച് അറുത്ത മാംസം മുസ്ലിംകള്‍ക്ക് ഭുജിക്കാവുന്നതാണ്: "എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ  ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിയിട്ടുണ്ടെങ്കില്‍. നിങ്ങള്‍ വൈവാഹികജീവിതത്തില്‍ ഒതുങ്ങിക്കഴിയുന്നവരാകണം. വ്യഭിചാരത്തിലേര്‍പ്പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ നിരാകരിക്കുന്നവനോ, അവന്റെ കര്‍മം പാഴായതുതന്നെ. പരലോകത്ത് അവന്‍ പരാജിതരിലായിരിക്കുകയും ചെയ്യും'' (5:5).

ഖുര്‍ആന്‍ നേര്‍ക്കുനേരെ പാര്‍സികളെ വേദക്കാരിലുള്‍പ്പെടുത്തി പറയാതിരുന്നിട്ടും പ്രവാചകന്‍ അവര്‍ക്കും ആ പരിഗണന നല്‍കുകയുണ്ടായി.


പ്രബോധനത്തിലെ തത്വദീക്ഷ

സത്യമതമായ ഇസ്ലാമിന്റെ സന്ദേശപ്രചാരണം മുസ്ലിംകളുടെ ബാധ്യതയാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍, ഈ ബാധ്യതാനിര്‍വഹണം തികഞ്ഞ ഗുണകാംക്ഷയോടും തത്വദീക്ഷയോടെയുമാകണമെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു:

"നന്മയും തിന്മയും തുല്യമല്ല. അതിനാല്‍ നീ തിന്മയെ ഏറ്റം ഉത്തമമായ നന്മകൊണ്ടു തടയുക. അപ്പോള്‍ നിന്നോട് വൈരത്തില്‍ വര്‍ത്തിക്കുന്നവന്‍ ഉറ്റമിത്രമായി മാറുന്നതാണ്'' (41: 33,34). "യുക്തിദീക്ഷയോടെയും ശ്രേഷ്ഠമായ സദുപദേശത്തോടെയും നീ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. ഏറ്റവും നല്ല നിലയില്‍ ജനങ്ങളോട് സംവാദം നടത്തുക. തന്റെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചവരാരെന്നും നേര്‍വഴി പ്രാപിച്ചവരാരെന്നും കൂടുതല്‍ നന്നായറിയുന്നവന്‍ നിന്റെ നാഥന്‍ തന്നെ, തീര്‍ച്ച'' (16:125).

 

ഒരു സാഹചര്യത്തിലും ഇതര മതവിഭാഗങ്ങളുടെ ആരാധ്യവസ്തുക്കളെ ആക്ഷേപിക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായി അനുശാസിക്കുന്നു: "ഈ ജനം അല്ലാഹുവെ വെടിഞ്ഞ് വിളിച്ചുപ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ അധിക്ഷേപിക്കരുത്'' (6:108).

 

ആദര്‍ശപ്രബോധനത്തിനപ്പുറം നിര്‍ബന്ധം അരുതെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: "മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമരുത്. നേര്‍വഴി ദുര്‍മാര്‍ഗത്തില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു'' (2:256). "സന്ദേശം സ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്ത് ഉത്തരവാദിത്വമാണുള്ളത്?'' (16:35) "അഥവാ, ഈ ജനം പുറംതിരിഞ്ഞു പോവുകയാണെങ്കിലോ, അറിയുക: നിന്നെ നാം അവരുടെ മേല്‍നോട്ടക്കാരനായി നിയോഗിച്ചിട്ടില്ല. സന്ദേശമെത്തിച്ചുകൊടുക്കുക മാത്രമാകുന്നു നിന്റെ ബാധ്യത'' (42:48). "അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ സന്ദേശം വ്യക്തമായി എത്തിച്ചുതരുന്ന ബാധ്യത മാത്രമേ നമ്മുടെ ദൂതനുള്ളൂ'' (5:92). "നീ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഉദ്ബോധകന്‍ മാത്രമാകുന്നു. അവരെ ബലാല്‍ക്കാരം വഴിപ്പെടുത്തുന്നവനൊന്നുമല്ല നീ'' (88:21,22).


മതസ്വാതന്ത്യ്രം

ഈ ഭൂമിയിലെ മുഴുവന്‍ മനുഷ്യരും ദൈവികവ്യവസ്ഥ സ്വീകരിച്ച് സന്മാര്‍ഗികളായിത്തീരുമെന്ന് പ്രതീക്ഷിക്കാവതല്ല. എല്ലാവരെയും നിര്‍ബന്ധപൂര്‍വം ഏകമതാനുയായികളാക്കുക ദൈവികനടപടിക്രമത്തില്‍ പെട്ടതുമല്ല. അല്ലാഹു അറിയിക്കുന്നു: "അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ അവരെയെല്ലാം നേര്‍വഴിയില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു. അതിനാല്‍ നീ മൂഢനാവാതിരിക്കുക. കാര്യം കേട്ടറിയുന്നവര്‍ മാത്രമേ സത്യപ്രബോധനത്തിന് ഉത്തരം നല്‍കുകയുള്ളൂ'' (6:35,36).

"പറയുക, സത്യത്തെ പ്രാപിക്കുന്ന പ്രമാണം അല്ലാഹുവിങ്കലാകുന്നു. അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങളെയൊക്കെ സന്മാര്‍ഗത്തിലാക്കുമായിരുന്നു'' (6:149). "നിന്റെ നാഥന്‍ ഇഛിച്ചിരുന്നെങ്കില്‍ ഭൂനിവാസികളെല്ലാം വിശ്വാസികളാകുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99).

"പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാകുന്നു. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം'' (18:29).

 

ഇതിന്റെയടിസ്ഥാനത്തിലാണ് ലോകത്തിലെ ആദ്യ ഇസ്ലാമികഭരണകൂടം സ്ഥാപിതമായപ്പോള്‍ അതിന്റെ നായകനായ നബിതിരുമേനി അവിടത്തെ ജൂതന്മാരുമായി ഇങ്ങനെ കരാറുണ്ടാക്കിയത്: "നമ്മുടെ ഭരണസാഹോദര്യസീമയില്‍പ്പെടുന്ന ജൂതന്മാര്‍ക്ക് വര്‍ഗാടിസ്ഥാനത്തിലുള്ള പക്ഷപാതപരമായ പെരുമാറ്റങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും രക്ഷനല്‍കും. നമ്മുടെ സഹായത്തിനും ദയാപൂര്‍ണമായ സംരക്ഷണത്തിനും സ്വന്തം സമുദായാംഗങ്ങളെപ്പോലെ അവര്‍ക്കും അവകാശമുണ്ട്. മുസ്ലിംകളുമായി ചേര്‍ന്ന് അവര്‍ ഏകഘടനയുള്ള ഒരു രാഷ്ട്രമായിത്തീരും. മുസ്ലിംകളെപ്പോലെ അവര്‍ക്കും സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാവുന്നതാണ്.''

 

നജ്റാനിലെ ക്രൈസ്തവരുമായി നബിതിരുമേനി(സ) ഉണ്ടാക്കിയ സന്ധിവ്യവസ്ഥകളിലിങ്ങനെ കാണാം: "നജ്റാനിലെ ക്രിസ്ത്യാനികള്‍ക്കും അവരുടെ സഹവാസികള്‍ക്കും അല്ലാഹുവിന്റെ അഭയവും ദൈവദൂതനായ മുഹമ്മദിന്റെ സംരക്ഷണോത്തരവാദിത്വവുമുണ്ട്. അവരുടെ ജീവന്‍, മതം, ഭൂമി, ധനം എന്നിവയ്ക്കും അവരില്‍ ഹാജരുള്ളവന്നും ഇല്ലാത്തവന്നും അവരുടെ ഒട്ടകങ്ങള്‍ക്കും നിവേദകസംഘങ്ങള്‍ക്കും കുരിശ്, ചര്‍ച്ച് പോലുള്ള മതചിഹ്നങ്ങള്‍ക്കും വേണ്ടിയുള്ളതാണിത്. നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും വരുത്തുന്നതല്ല. അവരുടെ യാതൊരവകാശവും ഒരു മതചിഹ്നവും മാറ്റപ്പെടുത്തുന്നതല്ല. അവരുടെ പാതിരിയോ പുരോഹിതനോ പള്ളിപരിപാലകനോ തന്റെ സ്ഥാനത്തുനിന്ന് നീക്കപ്പെടുന്നതല്ല.''

 

മസ്ജിദുകള്‍പോലെത്തന്നെ ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നത്. അതിനനുസൃതമായ നടപടിക്രമങ്ങളാണ് അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്ന് അത് വ്യക്തമാക്കുന്നു:

"അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പ്രതിരോധിക്കുന്ന പതിവില്ലായിരുന്നെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന ചര്‍ച്ചുകളും ജൂതദേവാലയങ്ങളും സന്യാസിമഠങ്ങളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു'' (22:40).

 

ഈവിധം തന്നെ എല്ലാ മതസമൂഹങ്ങള്‍ക്കും തങ്ങളുടെ വ്യക്തിനിയമങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കാന്‍ ഇസ്ലാം അനുമതി നല്‍കുന്നു: "നാം നിങ്ങളില്‍ എല്ലാ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു ഇഛിച്ചിരുന്നെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍, ഇങ്ങനെ ചെയ്തത് നിങ്ങള്‍ക്ക് അവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനത്രെ'' (5:48).


തുല്യനീതി

ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനമൂല്യങ്ങളിലൊന്നാണ് നീതി. അല്ലാഹു അറിയിക്കുന്നു: "നിശ്ചയം, അല്ലാഹു നീതിയും ന•യും നടത്താനും കുടുംബബന്ധങ്ങള്‍ പുലര്‍ത്താനും അനുശാസിക്കുന്നു'' (16:90).

"നിങ്ങള്‍ നീതി പാലിക്കുക. നിശ്ചയമായും അല്ലാഹു സ്നേഹിക്കുന്നത് നീതിമാന്മാരെയാകുന്നു'' (49:9).

 

സ്വന്തം സമുദായത്തോട് ശത്രുത പുലര്‍ത്തുന്നവരോടുപോലും അനീതി അരുതെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു:

"വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാവുക. ഒരു ജനതയോടുള്ള വിരോധം അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം അനുയോജ്യം'' (5:8).

 

പ്രവാചകന്റെ കാലത്ത് ബനൂസഫര്‍ ഗോത്രത്തില്‍പെട്ട ഒരു മുസ്ലിം പടയങ്കി മോഷ്ടിച്ചു. കാണാതായ അങ്കിയുടമസ്ഥന്‍ അന്വേഷണമാരംഭിച്ചതോടെ അയാളത് ഒരു ജൂതന്റെ വശം പണയംവച്ചു. ഒടുവില്‍ കളവ് കണ്ടുപിടിച്ചു. കേസ് പ്രവാചകസന്നിധിയിലെത്തി. അപ്പോള്‍ ജൂതന്‍ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി. എങ്കിലും മോഷ്ടാവ് അത് നിഷേധിച്ചു. കുറ്റം നിരപരാധിയായ ജൂതന്റെ മേല്‍ ആരോപിക്കുകയും ചെയ്തു. അയാളുടെ ബന്ധുക്കളും മിത്രങ്ങളും അയാളെ പിന്താങ്ങി. അവര്‍ പറഞ്ഞു: "ഇവനൊരു ജൂതനാണ്. സത്യത്തെയും സത്യപ്രബോധനത്തെയും നിഷേധിക്കുന്ന ഇവന്റെ വാക്കൊരിക്കലും വിശ്വസനീയമല്ല. വിശ്വാസികളായ ഞങ്ങളുടെ വാദത്തിനാണ് വില കല്‍പിക്കേണ്ടത്.''

 

സമൂഹവും സാഹചര്യത്തെളിവുകളും ജൂതനെതിരായിരുന്നതിനാല്‍ നബിതിരുമേനിയുടെ മനസ്സുപോലും അങ്ങോട്ടു ചായുകയായിരുന്നു. എങ്കിലും വിധി പ്രഖ്യാപിച്ചിരുന്നില്ല. അതിനുമുമ്പേ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം അനാവരണം ചെയ്യുകയും യഥാര്‍ഥ കുറ്റവാളിയെ വെളിപ്പെടുത്തുകയും ചെയ്തു. മുസ്ലിംകള്‍ക്കെതിരെ ജൂതന്നനുകൂലമായി അവതീര്‍ണമായ പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളിങ്ങനെ വായിക്കാം: "നബിയേ, നാമിതാ ഈ വേദം സത്യസമേതം നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതരുന്നതുപോലെ നീ ജനത്തിനിടയില്‍ വിധി കല്‍പിക്കേണ്ടതാകുന്നു. നീ വഞ്ചകന്മാര്‍ക്കുവേണ്ടി വാദിക്കുന്നവനാവാതിരിക്കുക. അല്ലാഹുവോട് മാപ്പപേക്ഷിക്കുക. അവന്‍ വളരെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ആത്മവഞ്ചകരായ ആളുകള്‍ക്കുവേണ്ടി നീ വാദിക്കരുത്. കൊടുംവഞ്ചകനും മഹാപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. തങ്ങളുടെ ചെയ്തികള്‍ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനവര്‍ക്ക് കഴിയുന്നു. എന്നാല്‍, അല്ലാഹുവില്‍നിന്ന് ഒളിച്ചുവയ്ക്കാനവര്‍ക്കാവില്ല. അവര്‍ രാത്രിവേളകളില്‍ അവന്റെ പ്രീതിക്കു വിരുദ്ധമായി ഗൂഢാലോചന നടത്തുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട്. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെയെല്ലാം വലയം ചെയ്തവനാകുന്നു. അതേ, ഐഹികജീവിതത്തില്‍ നിങ്ങള്‍ ഈ പാപികള്‍ക്കു വേണ്ടി വാദിക്കുന്നു. എന്നാല്‍, പുനരുത്ഥാനനാളില്‍ അവര്‍ക്കുവേണ്ടി ആരാണ് അല്ലാഹുവോട് വാദിക്കുക? അല്ലെങ്കില്‍ ആരാണ് അവിടെ അവരുടെ വക്കീലാവുക?'' (4:105-109).


ഇതര മതവിഭാഗങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ അടിസ്ഥാനം ഖുര്‍ആന്‍ ഇങ്ങനെ വിശദീകരിക്കുന്നു:

"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു വിലക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).

ഇങ്ങോട്ട് ശത്രുത കാണിക്കാത്തവരോട് അങ്ങോട്ടും വിരോധംവയ്ക്കരുതെന്നാണ് ഇവിടെ നീതിയുടെ വിവക്ഷ. മറിച്ച്, നിയമനടത്തിപ്പിലെ നീതിയല്ല. അതില്‍ ശത്രുമിത്രഭേദമില്ലാതെ എല്ലാവരോടും നീതി പാലിക്കണമെന്ന് ഖുര്‍ആന്‍ 5:8-ല്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയതാണല്ലോ. ജാതി- മത-സമുദായ-ബന്ധു-ശത്രു-മിത്രഭേദമന്യേ എല്ലാവരോടും നീതിയില്‍ വര്‍ത്തിക്കണമെന്നാണ് ഖുര്‍ആന്റെ അനുശാസനം.

 

(ലേഖകന്‍: ശൈഖ് മുഹമ്മദ് കാരകുന്ന്)

 
Scroll to Top