- മുഹമ്മദ് നബി
- |
- കര്‍മ്മശാസ്ത്രം
- |
- ചരിത്രം
- |
- നവോത്ഥാനം
- |
- നാഗരികത
- |
- ഇസ്ലാമിന്റെ വ്യാപനം
- |
- ഇസ്ലാം ഇന്ത്യയില്‍
- |
- ഇസ്ലാമികലോകം
- പ്രസ്ഥാനങ്ങള്‍
- |
- ശാസ്ത്രം
- |
- കല
- |
- വിദ്യാഭ്യാസം
- |
- പ്രബോധനം
- |
- വാര്‍ത്തകള്‍
- |
- ചോദ്യോത്തരം
- |
- ഗ്യാലറി
- |
- വെബ്ഡയറകടറി
- |
- സ്പെഷ്യല്‍
ഖുര്‍ആനും ശാസ്ത്രവും |
|
മതവും ശാസ്ത്രവും 'ശാസ്ത്രം' എന്ന വാക്കിന് വര്‍ത്തമാനകാലത്ത് സങ്കുചിത അര്‍ഥമാണ് ആളുകള്‍ കല്പിക്കുന്നത് 'മാനവിക'വിഷയങ്ങളെന്ന് വ്യവഹരിക്കപ്പെടുന്നതിനെതിരെന്ന പോലെ. ഇതു പോലും കൃത്രിമമാണ്. ശാസ്ത്രം എന്ന് വിവക്ഷിക്കപ്പെടുന്ന വൈജ്ഞാനികശാഖ ഖുര്‍ആന്റെ ഭാഷയില്‍ ഇല്മില്പെടുന്നതാണ്. (ആധുനിക കോളേജുകളില്‍ ശാസ്ത്രഫാക്കല്റ്റിയെ കുല്ലിയ്യാത്തുല് ഉലൂം എന്നാണ് വിളിക്കാറ്). ഹിക്മത് എന്ന മറ്റൊരു വാക്കുകൂടി ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്. ബുദ്ധി, യുക്തി, തിരിച്ചറിവ് എന്നൊക്കെ അതിനെ വ്യവഹരിക്കാം. ഇല്മും അതില്‍നിന്നുത്ഭവിച്ച ക്രിയാപദങ്ങളും എത്രയോ ആവര്‍ത്തി ഖുര്‍ആന്‍ ഉപയോഗിച്ചതുതന്നെ അതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.
ശാസ്ത്രവും മതവും എതിര്ചേരിയിലുള്ളവയാണെന്ന തെറ്റായ ധാരണയ്ക്ക് നിദാനം മധ്യകാലചര്ച്ചിന്റെ കൊടുംക്രൂരതകളായിരുന്നു എന്നത് സുവിദിതമാണ്. ബ്രൂണോ, ഗലീലിയോ, കോപ്പര്‍നിക്കസ് എന്നിവരുടെ ആത്മബലിയിലൂടെയും ത്യാഗത്തിലൂടെയൂം ജീവന്‍വച്ച ശാസ്ത്രീയാവബോധം ദൈവത്തിനും മതത്തിനും പള്ളിക്കും എതിരാണെന്ന മൂഢവിശ്വാസം വളര്‍ത്തുന്നതില്‍ ചര്‍ച്ചിനും പൌരോഹിത്യത്തിനും രാജാക്കന്മാര്ക്കും സ്വാര്ഥതാല്പര്യമുണ്ടായിരുന്നു. തെറ്റും ശരിയും നിശ്ചയിക്കാനുള്ള പരമാധികാരം പുരോഹിതന്മാര്ക്കും പരീശന്മാര്ക്കും പണ്ഡിതന്മാര്ക്കും വകവച്ചുകൊടുക്കുന്നതിലൂടെ സംഭവിക്കുക അവരെ ദൈവങ്ങളാക്കുകയാണെന്ന വിശുദ്ധഖുര്‍ആന്റെ (9:31)യും പ്രവാചകന്റെയും മുന്നറിയിപ്പ് യാഥാര്‍ഥ്യമായി പുലരുകയായിരുന്നു.
ഇതിലൊന്നും തന്നെ പക്ഷേ, ഖുര്‍ആനോ ഇസ്ലാമോ കക്ഷിയേ അല്ലായിരുന്നു. ദൈവവചനങ്ങള്‍ക്കും ദൈവദൂതന്റേതെന്ന് അനിഷേധ്യമായി തെളിഞ്ഞ ചര്യകള്‍ക്കും മാത്രമേ അപ്രമാദിത്വമുള്ളൂവെന്ന തത്ത്വം തന്നെ അതീവ വിപ്ളവാത്മകവും മനുഷ്യന്റെ അന്വേഷണ-ഗവേഷണത്വരയ്ക്ക് ആക്കംകൂട്ടുന്നതുമായിരുന്നു എന്നതാണ് സത്യം.
പക്ഷേ, പെന്‍ഡുലം എതിര്‍ദിശയിലേക്കും കൂടുതല്‍ ആടിയോ എന്ന് സംശയം തോന്നിപ്പിക്കുന്നതായിരുന്നു ഇരുപതാംനൂറ്റാണ്ടില്‍ മതത്തിന്റെയും ഇസ്ലാമിന്റെയും ഖുര്‍ആന്റെയും വക്താക്കളുടെ അമിതാവേശം. ശാസ്ത്രമെല്ലാം ഖുര്‍ആനിലുണ്ടെന്ന് ഒരു വാദം. നവംനവങ്ങളായ ശാസ്ത്രീയ അറിവുകളും നേട്ടങ്ങളും എല്ലാം പണ്ടേ ഖുര്‍ആന്‍ പറഞ്ഞുവച്ചതാണെന്ന് മറ്റൊരു വാദം. ചില ഖുര്‍ആന്‍സൂക്തങ്ങളുടെ വ്യാഖ്യാനം വലിച്ചുനീട്ടി അധുനാതന ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ സൂചിപ്പിക്കുന്നുവെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയായിരുന്നു മറ്റു ചിലര്‍. ഇതെല്ലാം, പക്ഷേ ക്ഷമാപണസ്വരത്തിലാവുകയാണെന്ന നഗ്നസത്യം വരികള്‍ക്കിടയിലൂടെ വായിക്കാമായിരുന്നു. വണ്ടി കാളയ്ക്കു മുമ്പില്‍ കെട്ടുന്നതിനു തുല്യം. മൌലിക തത്വങ്ങള്‍ ചില അടിസ്ഥാനതത്വങ്ങള്‍ അതിനാല്‍തന്നെ ഊന്നിപ്പറയേണ്ടിയിരിക്കുന്നു.
ഒന്ന്, ഖുര്‍ആന്‍ അല്ഹഃഖ് (2:26, 119, 144, 147, 176, 213, 45:29 തുടങ്ങിയ അനേകം സ്ഥലങ്ങള്‍) ആണ്. ആപേക്ഷികസത്യമല്ല, കേവല സത്യമാണത്. സമ്പൂര്‍ണ സത്യം. സത്യമല്ലാതെ ഒന്നുമില്ലാത്ത സത്യം (41:42). അത് സമ്പൂര്ണജ്ഞന് പറഞ്ഞതാണ്. ഊഹത്തിന് അതില്‍ സ്ഥാനമില്ല.
മനുഷ്യന് നല്കപ്പെട്ട അല്പജ്ഞാനത്തില് (17:85) പെട്ടതാണ് ശാസ്ത്രം. മനുഷ്യബുദ്ധിയുടെ പ്രയോഗമാണത്. വിജ്ഞാനസമ്പാദനത്തിനായി ശാസ്ത്രത്തിന് തനതായ വഴിയുണ്ട്. മര്ത്ത്യന് അഭിമാനിക്കാവുന്ന വഴിയാണത്. ഊഹം, അനുമാനം, പരീക്ഷണ-നിരീക്ഷണങ്ങള്‍, അവയിലൂടെ തള്ളേണ്ടത് തള്ളിയും തെളിയിക്കപ്പെടാവുന്നവ തെളിയിച്ചും മനുഷ്യനെത്തുന്ന നിഗമനങ്ങള്‍, ആ നിഗമനങ്ങള്‍ വീണ്ടും വീണ്ടും തെളിയിക്കപ്പെടുമ്പോള്‍ ഉരുത്തിരിയുന്ന സിദ്ധാന്തങ്ങള്‍, വീണ്ടും വീണ്ടും അലംഘനീയമായി തെളിയുന്ന സിദ്ധാന്തങ്ങള്‍ മുഖേന എത്തിപ്പെടുന്ന ശാസ്ത്രനിയമങ്ങള്‍- ഇതൊക്കെയാണ് ശാസ്ത്രത്തിന്റെ വഴി (Premises, hypotheses, experiments, observations, inferences, postulates, principles, theories, laws). ലജ്ജയോ അപകര്‍ഷതയോ തോന്നേണ്ട ഒന്നുമില്ല ഇതില്‍. മറിച്ച്, മനുഷ്യന് ദൈവദത്തമായി ലഭിച്ച ബുദ്ധിവൈഭവത്തിന്റെ ശരിയായ ദിശയിലുള്ള പ്രയോഗമാണത്. ഊഹത്തില്‍നിന്നും അനുമാനത്തില്നിന്നും തുടങ്ങുന്ന ശാസ്ത്രത്തിന്റെ വഴിയും, ആത്യന്തിക സത്യം ഒറിജിനല്സ്രോതസ്സില്നിന്ന് വളച്ചുകെട്ടില്ലാതെ കട്ടായമായി പറയുന്ന ഖുര്‍ആന്റെ വഴിയും രീതിശാസ്ത്രത്തില്‍ (Methodology) വിഭിന്നം തന്നെയാണ്.
'ഒരാക്ഷേപകന്റെയും ആക്ഷേപം ഭയപ്പെടാത്ത'(5:54) അനുയായികളെ വളര്‍ത്തുന്ന ഖുര്‍ആന്റെ കര്ത്താവിന് തന്റെ ചെയ്തികളുടെയോ വാക്കുകളുടെയോ ഭവിഷ്യത്തുകളെ ഭയപ്പെടുകയോ (91:15) മയപ്പെടുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. ആദിമനുഷ്യനെ ദുര്‍ഗന്ധമുള്ള കളിമണ്ണില്‍നിന്നോ മുട്ടിയാല്‍ മുഴങ്ങുന്ന മണ്ണില്നിന്നോ (15:26, 28) ദൈവം സൃഷ്ടിച്ച് തന്റെ റൂഹില്‍നിന്ന് സന്നിവേശിപ്പിച്ചു (32:9, 15:29) എന്നുപറഞ്ഞാല്‍, അതിനെ അമീബയില്നിന്ന് തുടങ്ങുന്ന പരിണാമസിദ്ധാന്തവുമായി സമന്വയിപ്പിക്കാനുള്ള അതിര്കടന്ന ശ്രമം അസ്ഥാനത്തായിരിക്കും. സൃഷ്ടിസിദ്ധാന്തം പടിപടിയായ പരിണാമത്തെ നിഷേധിക്കണമെന്ന വാശിയും അരോചകമായിരിക്കും. 'ഏഴാകാശങ്ങളെ' ശരിക്കും മനസ്സിലായില്ലെങ്കില്‍ വ്യാഖ്യാനിച്ചൊപ്പിക്കാന്‍ ശ്രമിക്കാതെ പിന്നീടെങ്ങാനും ബോധ്യമായേക്കാവുന്ന സത്യമായി അതിനെ വിടാനും അറിയണം. 'തീജ്വാലയില്‍നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നു' (15:27)കളുടെ കാര്യവും അങ്ങനെത്തന്നെ.
വിജ്ഞാനസമ്പാദനത്തിന് മനുഷ്യന്റെ ഉപകരണങ്ങള്‍, അടിസ്ഥാനപരമായി, സംവേദനക്ഷമമായ പഞ്ചേന്ദ്രിയങ്ങളാണ്. അവന് കണ്ടുപിടിച്ച സാങ്കേതികോപകരണങ്ങള്‍ അവയുടെതന്നെ വ്യാപനം മാത്രം. അവയ്ക്കെല്ലാം മാനുഷികപരിമിതികളുണ്ട്. നിശ്ചിത തരംഗദൈര്‍ഘ്യമുള്ള പ്രകാശമേ അവന് കാണൂ, ശബ്ദവീചികളേ അവന് കേള്‍ക്കൂ. വര്‍ണാന്ധത പോലുള്ള സ്വാഭാവികപരിമിതികള്‍ വേറെ. നിരീക്ഷണത്തെയും നിരീക്ഷകനെയും നിരീക്ഷിതത്തെയും ബാധിക്കുന്ന ബാഹ്യപശ്ചാത്തലവ്യതിയാനങ്ങള് വേറെ. പഞ്ചേന്ദ്രിയങ്ങള്‍ നല്കുന്ന വിവരങ്ങള്‍ കേവല യാഥാര്‍ഥ്യം (അല്ഹഃഖ്) ആവണമെന്നില്ല; ആപേക്ഷികയാഥാര്ഥ്യങ്ങള് മാത്രം. കാലചക്രത്തിന്റെ തിരിച്ചിലില്‍ ഈ യാഥാര്‍ഥ്യങ്ങളുടെ മുഖവും രൂപവും ഭാവവും വ്യത്യാസപ്പെടാം.
പഞ്ചേന്ദ്രിയാതീതമായ മറ്റൊരു വിജ്ഞാനസ്രോതസ്സായ വെളിപാടാണ്, കേവലയാഥാര്ഥ്യങ്ങള് കൈകാര്യം ചെയ്യുന്ന ഖുര്‍ആന്റെ അടിസ്ഥാനം. സന്ദേഹാതീതമായ സത്യം. വെളിപാട് അയുക്തികമല്ല, സയുക്തികമാണെന്നതിന് തെളിവുകള്‍ മനുഷ്യബുദ്ധിക്ക് ബോധ്യമാകുന്ന രീതിയില്‍ അത് മുന്നോട്ടുവയ്ക്കുന്നുണ്ട്. മനുഷ്യന് തന്നെ അനുഭവവേദ്യമാകുന്ന 'ആറാമിന്ദ്രിയ'ത്തിനുമതീതമാണീ സ്രോതസ്സ്. വ്യവസ്ഥാപിതമായി, തെരഞ്ഞെടുക്കപ്പെട്ട സന്ദേശവാഹകരിലൂടെ കാലാകാലങ്ങളില്‍ ഈ അറിവ് സര്വജ്ഞന് മനുഷ്യന് എത്തിച്ചുകൊടുത്തിട്ടുണ്ട്. ആ സന്ദേശവാഹകര്‍ തങ്ങളുടെ ജീവിതത്തിലുടനീളം തികഞ്ഞ സത്യസന്ധരും വിശ്വസ്തരും സ്ഥാപിത, സ്വാര്‍ഥ താല്പര്യങ്ങള്ക്കതീതരുമായിരുന്നുവെന്നതിന് അവരുടെ ജീവിതം തെളിവായിരുന്നു. കാലദേശവൈവിധ്യങ്ങള് പക്ഷേ അവരെല്ലാവരുടെയും സന്ദേശങ്ങളില്‍ നിഴലിച്ചില്ലെന്നും തികഞ്ഞ ഐകരൂപ്യമാണവയ്ക്കെന്നും വ്യക്തമായിരുന്നു. ഇവയുടെ യാഥാര്‍ഥ്യങ്ങളെ ബോധ്യപ്പെടുത്തുന്ന വസ്തുതകള്‍ ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിലൂടെ കണ്ടെത്തിയിട്ടുണ്ടോ ഇല്ലേ എന്നത് അപ്രസക്തമാക്കുന്ന ആത്മനിഷ്ഠമായ അനുഭവങ്ങള്‍ തുറന്ന നിഷ്കളങ്ക മനസ്സുകള്‍ക്ക് അനുഭവവേദ്യമാകും. ഇതൊക്കെ അതിഭൌതിക പ്രതിഭാസങ്ങളുടെ (മുഅ്ജിസത്തുകള്‍) ഗണത്തില്‍പെടും. മത ശാസ്ത്ര മത്സരം വീക്ഷണവൈകല്യത്തിന്റെ സന്തതി ശാസ്ത്രവും മതവും തമ്മിലുണ്ടായ മാത്സര്യമോ ഭിന്നതയോ വീക്ഷണത്തിന്റെയും വിഭാവനയുടെയും പോരായ്മകളില്നിന്നുടലെടുത്തതാണ്. അറിവ് ഏകകമാണ്, പ്രപഞ്ചത്തെപ്പോലെ. അതിന്റെ സമഗ്രതയോ ബൃഹദ്സ്വഭാവമോ കാരണം മര്ത്യന് അതിന്റെ ഒരറ്റം കടിക്കണമെങ്കില്‍ വര്‍ഗീകരണവും ലളിതീകരണവും അംശിക്കലും കഷ്ണങ്ങളാക്കലും (റിഡക്ഷണിസം) ആവശ്യമായിവന്നു. അങ്ങനെ മെറ്റാഫിസിക്സിനെ ഉള്‍ക്കൊള്ളാത്ത ഫിസിക്സും, പ്രാര്‍ഥന സാര്ഥകമാക്കാത്ത പ്രവൃത്തിയും, ഹോളിസ്റിക്സ്വഭാവം നഷ്ടപ്പെട്ട രാഷ്ട്രമീമാംസയും ചികിത്സാരീതികളും, ചരിത്രത്തെ ഉള്‍ക്കൊള്ളാത്ത ആര്‍ക്കിയോളജിയും, മാനവികമൂല്യങ്ങള്ക്കന്യമായ ടെക്നോളജിയും ഉടലെടുത്തു. തങ്ങളുടെ സ്വന്തം, വിവിധ 'സ്കോപ്പു'കളിലൂടെ കാണുന്ന കാഴ്ച മാത്രമടങ്ങുന്ന വിഭിന്ന ലോകവീക്ഷണങ്ങളുടലെടുത്തു. അറിവിന്റെ ഏകസാകല്യ(തൌഹീദ്)ത്തിനു പകരം വിഭിന്നത(ശിര്‍ക്)കളുടെ വൈരുധ്യങ്ങളും വൈജാത്യങ്ങളും ഉടലെടുത്തു. ശിര്‍ക് മനുഷ്യപരിമിതികള്ക്കകത്തുനിന്നുകൊണ്ടുള്ള വിജ്ഞാനസമ്പാദനമാര്ഗമായ 'റിഡക്ഷണിസ'ത്തിന്റെ താല്പര്യമാവുമ്പോള്, ഭാവനകള്‍ക്കതീതമായ ഹഃഖ് നല്കുന്ന തൌഹീദ്, സന്ദേഹരഹിതമായ ലോകവീക്ഷണവും തദ്വാരാ, 'കയോസി'നെ വെല്ലുന്ന 'കോസ്മോസും', സംഘര്‍ഷ(കുഫ്ര്)ത്തിനപ്പുറമുള്ള സമാധാന(ഇസ്ലാം)വും, പാരിസ്ഥിതിക സംരക്ഷണവും ഷേക്സ്പിയറുടെ ഭാഷയില്‍ 'ഗോളങ്ങളുടെ സംഗീതവും' (Music of the spheres) നല്കുന്നു.
ശാസ്ത്രം ഖുര്‍ആനുമായി ഏറ്റുമുട്ടുന്നില്ലെന്ന് തെളിയിക്കാനുള്ള ത്വരയില്‍ ഖുര്‍ആനെ 'റിഡക്ഷണിസ്റ്' മാര്‍ഗേണ സമീപിക്കുന്ന രീതിയും ശരിയല്ല. സൂറഃ അല്‍ ഇന്ശിഖാഖില് 18-19 ആയത്തുകളായ വല്ഖമരി ഇദത്തസഖ്, ലതര്‍കബുന്ന ത്വബഖന്‍ അന്ത്വബഖ് എന്നീ വചനങ്ങള്‍ മുന്‍വിധിയില്ലാതെ വായിക്കുന്ന സത്യാന്വേഷിക്ക് ലഭിക്കുന്ന അര്‍ഥവ്യാപ്തി, അതിനെ ചന്ദ്രാരോഹണത്തിനും ബഹിരാകാശയാത്രകള്‍ക്കും തെളിവാക്കുന്ന അര്‍ഥത്തിലുള്ള ശാസ്ത്രസൂചനയായി വ്യാഖ്യാനിച്ചാല്‍ അതില്‍ നഷ്ടപ്പെടുന്ന പദസൌകുമാര്യവും സൌന്ദര്യവും അര്‍ഥവും എത്രമാത്രം! സയ്യിദ് ഖുത്വ്ബിനെ ഉദ്ധരിക്കുകയാണെങ്കില്‍ "വിശുദ്ധഖുര്‍ആന്റെ സ്വഭാവവും ധര്‍മവും കര്‍മമണ്ഡലവും മനസ്സിലാക്കുന്നതില്‍ പറ്റുന്ന പാകപ്പിഴകള്‍ക്ക് തെളിവാണ്'' ഇത്തരം ശ്രമങ്ങള്‍. "മനുഷ്യമനസ്സും മനുഷ്യജീവിതവുമാണതിന്റെ മണ്ഡലം....... പ്രപഞ്ചത്തോടും സ്രഷ്ടാവിനോടുമുള്ള ബന്ധം..... അവയോടുള്ള മനുഷ്യന്റെ നിലപാട്....... ഇവയ്ക്കാധാരമായ സമഗ്രജീവിതവിഭാവനം സംജാതമാക്കുന്ന, മനുഷ്യന്റെ സമഗ്രകഴിവുകളും വിനിയോഗിക്കാന്‍ സൌകര്യമേകുന്ന ജീവിതവ്യവസ്ഥ സ്ഥാപിക്കുകയാണതിന്റെ ധര്‍മം'' - സയ്യിദ് മൌദൂദി.
ഈ വിഭാവനയാണ് തൌഹീദ്. മനുഷ്യന്റെ ഉത്തരവാദിത്വനിര്ണയമാണ് ഖിലാഫത്ത്. അതിന്റെ ദിശാനിര്‍ണയവും മാര്‍ഗരേഖ പ്രദാനംചെയ്യലുമാണ് രിസാലത്ത് നിര്‍വഹിക്കുന്നത്. ഫലപ്രാപ്തി ആഖിറത്തിലും. ഈ കാഴ്ചപ്പാടിന്റെ ഒരു ഭാഗമായ ഖിലാഫത്തിന്റെ പ്രയോഗവത്കരണാര്ഥമാണ് മനുഷ്യബുദ്ധിയെ ഋജുവായി വളര്‍ത്തി, ഗവേഷണ-പരീക്ഷണ-പ്രയോഗവത്കരണത്തിലൂടെ മനുഷ്യസിദ്ധമായ സീമകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അതിന് രംഗം തുറന്നുകൊടുക്കുന്നത്. അതാണ് ശാസ്ത്രം. അങ്ങനെ ചെയ്യുമ്പോള്‍ അതെത്തിച്ചേരുന്ന നിഗമനങ്ങള്‍ സ്വാഭാവികമായും സ്വതന്ത്രമോ നിരുപാധികമോ ആയിരിക്കില്ല. ശാസ്ത്രത്തിന്റെ ഇസ്ലാമികസങ്കല്പവും പാശ്ചാത്യസങ്കല്പവും തമ്മില്‍ വിയോജിക്കുന്നതെവിടെയെല്ലാം? ശാസ്ത്രത്തെക്കുറിച്ച പാശ്ചാത്യവീക്ഷണം മൌലികമായ അബദ്ധങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അത്തരം ഒരു പാഠ്യക്രമത്തിലൂടെ പഠിച്ചുവളര്‍ന്ന അതിലെ ഒരു 'ഇന്‍സൈഡര്‍' സൂക്ഷ്മദൃക്കല്ലെങ്കില് കാണാതെപോയേക്കാവുന്ന ചില ചുഴികളാണവ. ഇവിടെ അവയെ വിശദമായി ചര്‍ച്ചചെയ്യാനാവില്ല. പക്ഷേ, ഇസ്ലാമിക സങ്കല്പങ്ങളും പാശ്ചാത്യശാസ്ത്ര രീതിശാസ്ത്രവും വിയോജിക്കുന്ന ചില താത്വികാടിത്തറകളിലേക്ക് ഒരെത്തിനോട്ടം നടത്തിയില്ലെങ്കില്‍ ഈ കുറിപ്പ് പൂര്ണമാവുകയുമില്ല. 1. പാശ്ചാത്യശാസ്ത്രം യുക്തിയുടെയും ലോജിക്കിന്റെയും അപ്രമാദിത്വത്തില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. അതിഭൌതിക വിജ്ഞാനസ്രോതസ്സിനെ യാഥാര്ഥ്യമായംഗീകരിക്കാന് അതിന് കഴിയില്ല. പക്ഷേ, ഇസ്ലാമികശാസ്ത്രസങ്കല്പം വെളിപാടിനെ അംഗീകരിക്കുന്നു. 2. 'കല കലയ്ക്കുവേണ്ടി' എന്നത് പോലെ 'ശാസ്ത്രം ശാസ്ത്രത്തിനുവേണ്ടി' എന്ന നിരപേക്ഷത പാശ്ചാത്യശാസ്ത്രം സ്വന്തം രീതിയായി അംഗീകരിക്കുമ്പോള്‍ ഇസ്ലാമികശാസ്ത്രം മൂല്യബന്ധിതമാണ് ('ഇസ്ലാമികശാസ്ത്രം' എന്ന ഒരു സങ്കല്പം പല എഴുത്തുകാരും പണ്ഡിതന്മാരും ഉയര്‍ത്തിക്കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉദാ: സകി കിര്‍മാനി, സയ്യിദ് ഹുസൈന് നസ്വ്ര്‍, ഖലീലുര്‍റഹ്മാന്‍, മുനവ്വര്‍ അനീസ്, മുഹ്സിന് മഹ്ദി, സിയാഉദ്ദീന്‍ സര്‍ദാര്‍). അല്ലാഹുവിന്റെ പ്രീതി നേടുന്നതിനുള്ള ഒരു മാര്‍ഗമാണത്. അതിനാല്‍തന്നെ അതിന് ആത്മീയവും സാമൂഹികവുമായ മുഖങ്ങളുണ്ട്. മൂല്യനിരപേക്ഷശാസ്ത്രം ആണവശക്തിയെയും ടെക്നോളജിയെയും നശീകരണത്തിനും അപമാനവീകരണ(Dehumanization)ത്തിനും ഉപയോഗിക്കും. ഇസ്ലാമികശാസ്ത്രം അവയുടെ ദൂഷ്യവശങ്ങളെ ഇല്ലായ്മചെയ്യാന്‍ വേണ്ടിയുള്ള ഇടപെടല്‍ സ്വന്തം ദൌത്യമായി ഏറ്റെടുക്കും. 3. പാശ്ചാത്യശാസ്ത്രം, യാഥാര്ഥ്യാന്വേഷണത്തിന് ശക്തിയുടേതായ ഒരൊറ്റ രീതി അവലംബിക്കുമ്പോള്‍, യുക്തിയിലും വെളിപാടിലും അധിഷ്ഠിതമായ, ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ എല്ലാ മാര്‍ഗങ്ങളെയും സ്വീകരിക്കുന്നു ഇസ്ലാമികശാസ്ത്രം. 4. 'വൈകാരികമായ നിഷ്പക്ഷത' യാണ് സയുക്തികഫലം നേടിത്തരുന്നതെന്നാണ് പാശ്ചാത്യസങ്കല്പം. ശാസ്ത്രം നിഷ്പക്ഷമാണത്രെ. അതിന് 'ന•' എന്നും 'തി•' എന്നും വേര്തിരിവില്ലത്രെ. പക്ഷേ, 'നിഷ്പക്ഷശാസ്ത്രം' എന്നത് ഒരു വലിയ നുണയാണ്. ആദര്‍ശപരവും വൈകാരികവുമായ പ്രതിബദ്ധത, ആത്മീയവും സാമൂഹികവുമായ ഉല്‍ക്കര്‍ഷം ലക്ഷ്യമാക്കുന്ന ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായേ തീരൂ. 'നിഷ്പക്ഷ' വേതാളന്മാര്‍ അറിവിന്റെ ഉല്പാദനം മാത്രം ലക്ഷ്യമാക്കുന്നു. അവയുടെ പരിണതികള്‍ അവരുടെ പ്രശ്നമല്ല. എന്നാല്‍, ഇസ്ലാമികശാസ്ത്രം സത്യത്തിന്റെ പക്ഷം പിടിക്കും. അനന്തരഫലങ്ങളെക്കുറിച്ചും പരിണതികളെക്കുറിച്ചും അതിന് സുനിശ്ചിത വീക്ഷണമുണ്ടാകും. ആ നിലക്ക് അത് ഇബാദത്തുമാണ്. ധാര്‍മിക ന്യായീകരണം ഇല്ലാത്ത കണ്ടുപിടിത്തം ശാസ്ത്രജ്ഞനെ പാപിയാക്കുന്നു. 5. പാശ്ചാത്യശാസ്ത്രം വസ്തുനിഷ്ഠത കണിശമായി പാലിക്കുമ്പോള്‍തന്നെ ശാസ്ത്രജ്ഞന്റെ വൈയക്തികശുദ്ധിയെയും സത്യസന്ധതയെയും അവഗണിക്കുന്നു. മാനുഷികമൂല്യങ്ങള്‍ പരിഗണിക്കാത്ത ശാസ്ത്രജ്ഞന്റെ സംഭാവനകള്‍ ഇസ്ലാമികശാസ്ത്രത്തിന് അവഗണിക്കേണ്ടിവന്നേക്കാം. 6. നേരത്തേ പറഞ്ഞതുപോലെ, പാശ്ചാത്യശാസ്ത്രം 'റിഡക്ഷണിസ'ത്തെ പുല്കുമ്പോള് ഇസ്ലാമികശാസ്ത്രം 'സംയോജനം (്യിവേലശെ) ആഗ്രഹിക്കുന്നു; ലക്ഷ്യങ്ങളും മാര്‍ഗങ്ങളും തമ്മില്‍, മൂല്യങ്ങളും ഫലങ്ങളും തമ്മില്‍, 'ശുദ്ധശാസ്ത്രീയത'യും മാനവികതയും തമ്മില്‍. 7. 'നിഷ്പക്ഷ, നിരപേക്ഷ, മൂല്യ-സ്വതന്ത്ര' വൈജ്ഞാനികാടിത്തറ അവകാശപ്പെടുന്ന പാശ്ചാത്യശാസ്ത്രം സാര്വദേശീയമെങ്കിലും പ്രയോഗത്തില്‍ ഉള്ളവന്റെ പക്ഷം പിടിക്കുന്നു. ഫലം വാങ്ങാന്‍ പണമില്ലാത്തവന് അവഗണിക്കപ്പെടുന്നു. നാളിതു വരെയായി, ഔഷധ ഗവേഷണരംഗത്ത് ബഹുരാഷ്ട്രകുത്തകകള്ക്കേ നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ക്ളോണിംഗ്സങ്കേതമാകട്ടെ, ജീനോം പ്രോജക്ടാകട്ടെ സ്വകാര്യകുത്തകക്കമ്പനികള് കൈയടക്കിയിരിക്കയാണ്. അവരാരും ഇല്ലാത്തവന്റെ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്കാന് പോകണമെന്നില്ല. അതിനാല്‍തന്നെ, ദേശീയ-വിഭാഗീയതാല്പര്യങ്ങള് ആവശ്യപ്പെടുന്ന നിഗൂഢതകളില്‍നിന്ന് അത് മുക്തവുമല്ല. ഇസ്ലാമികശാസ്ത്രഫലങ്ങളില് മനുഷ്യരാശിക്കൊട്ടാകെ ഒരുപോലെ അവകാശമുണ്ടാവും. അത് നിഗൂഢതകളില്‍നിന്ന് മുക്തമായിരിക്കും. വില്പനച്ചരക്കാവുകയില്ല. 8. പാശ്ചാത്യശാസ്ത്രജ്ഞന് ആദര്‍ശ, സാമൂഹിക, രാഷ്ട്രീയപ്രശ്നങ്ങളില്‍നിന്ന് അകലംപാലിക്കാന്‍ ബാധ്യസ്ഥനാണ്. ഇസ്ലാമികശാസ്ത്രത്തിന്റെ സാമൂഹികപ്രതിബദ്ധത ശാസ്ത്രീയപരിശ്രമങ്ങളെ ഫര്‍ദ് കിഫായഃ (സാമൂഹികബാധ്യത) ആക്കുന്നു. ശാസ്ത്രജ്ഞനും സമൂഹവും തമ്മില്‍ പരസ്പരബാധ്യതകളും അവകാശങ്ങളും ആശ്രിതത്വവും ഉണ്ട്. 9. പാശ്ചാത്യശാസ്ത്രത്തില്‍ വിഭാഗീയകൂറ് പ്രകടമാണ്. ഇസ്ലാമികശാസ്ത്രജ്ഞന്റെ കൂറ് ദൈവത്തോടും തദ്വാരാ സമസൃഷ്ടികളോടുമാണ്. ദൈവത്തിന്റെ ആയത്തുകള്‍ കണ്ടുപിടിക്കുന്നതിലൂടെ സൃഷ്ടികളുടെ - മനുഷ്യന്റെ, ജന്തുക്കളുടെ, പരിസ്ഥിതിയുടെ- ഭാഗധേയവും നിലവാരവും നന്നാക്കാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. 10. പാശ്ചാത്യശാസ്ത്രജ്ഞന് അനിയന്ത്രിതസ്വാതന്ത്യ്രത്തിന് കൊതിക്കുമ്പോള്‍, ഇസ്ലാമികശാസ്ത്രം ധൂര്‍ത്തിനെയും പാഴ്ച്ചെലവിനെയും നിരുത്സാഹപ്പെടുത്തുകയും കണ്ടുപിടിത്തങ്ങളുടെ ധാര്‍മികത ഉറപ്പുവരുത്തുകയും ചെയ്യും. 11. സര്‍വോപരി, പാശ്ചാത്യശാസ്ത്രസങ്കല്പത്തില് ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമ്പോള്‍, രണ്ടും അനുവദനീയമാകണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. ജ്ഞാനോപാധികള്‍ അസ്സംഉം -കേള്‍വി- (ഇതെന്തുകൊണ്ട് ഖുര്‍ആന്‍ കാഴ്ചയേക്കാള്‍ മുമ്പേ എപ്പോഴും പറയുന്നു എന്നതിനെക്കുറിച്ച് നമ്മുടെ ശാസ്ത്രകുതുകികള്‍ ഉപന്യസിക്കാറുണ്ട്) അല്ബസ്വറും- കാഴ്ച- അല്ഫുആദും- ചിന്ത-യും വിശുദ്ധഖുര്ആനില് അനേകം തവണ ആവര്ത്തിതമായതില്നിന്നുതന്നെ സംവേദനക്ഷമമായ ഇന്ദ്രിയജ്ഞാനത്തിന്റെ പ്രാധാന്യം അവഗണനീയമല്ലെന്ന് മനസ്സിലാകും. ശാസ്ത്രം എന്ന് നാം വിവക്ഷിക്കുന്നതിന്റെ രീതികളിലും ഇവയ്ക്കുതന്നെ പ്രാമുഖ്യം.
പ്രാപഞ്ചികപ്രതിഭാസങ്ങള്‍ ഖുര്‍ആന്‍ ആയത്തുകളാണ്. (ഈ വാക്കിന്റെ മറ്റര്ഥങ്ങളിരിക്കട്ടെ) ഇവയെ പഠിക്കുകയും ഉള്‍ക്കൊള്ളുകയും മാര്ഗനിര്ദേശാനുസാരം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍, ഖൌമുന്‍ യഅ്ഖിലൂന് (45:5), വയതഫക്കറൂന് (45:13), യസ്മഊന് (10:67), ഉലുല്‍ അബ്സ്വാര്‍ (24:44), ഉലുല്അല്ബാബ് (38:29) എന്നിങ്ങനെയാണ്- എല്ലാം പഞ്ചേന്ദ്രിയാധിഷ്ഠിതവ്യാപാരങ്ങള്. അവരുടെ മറ്റു ഗുണവിശേഷങ്ങളെ ഖുര്‍ആന്‍ പ്രശംസിക്കുന്നത്, ഖൌമുന്‍ യൂഖിനൂന്‍ (45:4), യുഅ്മിനൂന് (6:99), ഖൌമുന്‍ യദ്ദക്കറൂന് (16:13), ഖൌമുന്‍ യശ്കുറൂന്‍ (7:58) എന്നൊക്കെയാണ്. അതായത്, പാശ്ചാത്യശാസ്ത്രസങ്കല്പത്തില് സംഉം ബസ്വറും ഫുആദും നശ്വരപ്രവൃത്തിയില് അവസാനിക്കുമ്പോള്‍, ഖുര്‍ആന്റെ സങ്കല്പത്തില് അവ ദിക്ര്, ഇബാദത്ത്, ശുക്ര് തുടങ്ങിയവയിലൂടെ ആഖിറത്തിലേക്ക് നീളുകയാണ്. സെക്യുലര്‍ സയന്‍സ് 'എങ്ങനെ?' (How?)എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുന്നതില്‍ സംതൃപ്തിയടയുമ്പോള്‍, ഖുര്‍ആന്‍ 'എന്തിനു വേണ്ടി?' (Why?) എന്നതിനു കൂടി ഉത്തരം നല്കുന്നു. ആ ചോദ്യത്തിന് ഉത്തരം നല്കുന്നതില് തന്നെയാണ് മക്റൂഹാത്തും ഹലാലും ഹറാമും വേര്‍തിരിയുന്നത്. ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ പരമ്പരാഗത വിജ്ഞാനശാഖകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതായിരുന്നു ശാസ്ത്രവും. ഇസ്ലാമികനാഗരികതയും ഇത് പൈതൃകമായി നേടി. ഇസ്ലാമിന്റെ വ്യാപനകാലത്ത് ശാസ്ത്രീയമുന്നേറ്റങ്ങളില് അതിന്റെ പങ്കും വലുതായിരുന്നു. അതേക്കുറിച്ചും അനേകം മുസ്ലിംശാസ്ത്രജ്ഞന്മാരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും ഏറെ ചര്‍ച്ചകളും ഉപന്യാസങ്ങളും നടന്നിട്ടുണ്ട്. ഇന്നത്തെ പാശ്ചാത്യലോകത്തേക്ക് ഈ വിജ്ഞാനങ്ങളെ എത്തിക്കുന്നതിലും ഇസ്ലാമികനാഗരികതയുടെ പങ്ക് വലുതായിരുന്നു. പക്ഷേ, പതിമൂന്നാം നൂറ്റാണ്ടിനു ശേഷം, നവോത്ഥാന-പരിഷ്കരണസംരംഭങ്ങള്‍ വരുത്തിവച്ച മാറിയ അന്തരീക്ഷത്തില്‍, വഴികള്‍ വേര്‍തിരിഞ്ഞു. പാശ്ചാത്യശാസ്ത്രം പ്രകൃതിയെ, കീഴടക്കേണ്ടതും മാറ്റിമറിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ ഒരു 'വസ്തു'വായി കാണാന്‍ തുടങ്ങി. പ്രകൃതിയുമായി സമരസപ്പെടുന്ന രീതിശാസ്ത്രത്തിനു പകരം അതുമായി ദ്വന്ദയുദ്ധം നടത്തലായി ശാസ്ത്രത്തിന്റെ ചുമതല. റിഡക്ഷണിസത്തിന്റെ ആരംഭവും അങ്ങനെത്തന്നെ.
വാരിയെല്ലുകള്‍ക്കും നട്ടെല്ലിനും ഇടയില്നിന്നുത്ഭൂതമാകുന്ന ദ്രാവകത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചത് ഏറെക്കുറെ മനസ്സിലാകുന്ന ഭ്രൂണശാസ്ത്രവിദ്യാര്ഥിക്ക് ഈ വികാരമാണ്. ഭ്രൂണവളര്‍ച്ചയില്‍ വിവിധ ശരീരഭാഗങ്ങളുടെ 'സെഗ്മെന്റല്‍ ഒറിജിന്‍' (Segmental origin)'സെഗ്മെന്റല്‍ ഇന്നര്വേഷന് (Segmental innervation),, 'ഡെര്മറ്റോംസ്(Dermatomes) തുടങ്ങിയവയെക്കുറിച്ചറിയുന്ന അവന്, ഈ പറഞ്ഞതില്‍നിന്ന് മനസ്സിലാകുന്നത് ഈ സാങ്കേതികജ്ഞാനം മറ്റൊരാളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കിക്കാം എന്നത് വിഷമമുണ്ടാക്കുന്നതാണ്. (ഉദാ: തഫ്ഹീമുല്‍ ഖുര്‍ആന്‍, ആറാം വാള്യം, മലയാളം- പേജ് 504-ലെ ഗ്രന്ഥകര്‍ത്താവിന്റെ കുറിപ്പ് കാണുക). പര്‍വതങ്ങളിലും മറ്റും മധുരഭക്ഷണം തേടാന്‍ ബോധനം നല്കപ്പെട്ട തേനീച്ചയെ (16:68,69) സ്ത്രീലിംഗരൂപത്തില്‍ അഭിസംബോധനചെയ്തതിലും, ഇരുമ്പിനെ 'ഇറക്കി'- അന്‍സല-യതിലും (57:25), ഉപ്പുവെള്ള-ശുദ്ധജലശേഖരങ്ങളെ വേര്‍തിരിക്കുന്ന അദൃശ്യമായ 'മറ'യിലും (25:53, 55:20), ദീപാലംകൃതമായ (37:6, 41:12, 67:5) സമാഉദ്ദുന്യായിലും, ഉന്നതങ്ങളിലെ ചര്‍ച്ച കട്ടുകേള്‍ക്കാന്‍ ശ്രമിക്കുന്ന ചെകുത്താന്മാരെ ഓടിക്കുമ്പോള്‍ മിന്നിമറയുന്ന കൊള്ളിയാനിലും 37:10, 15:18), ഗര്‍ഭസ്ഥശിശുവിനെ ആവരണം ചെയ്യുന്ന മൂന്നിരുട്ടുകളിലും (39:6), അലഖത്, മുദ്ഗത്, ഇളാമ് (23:14) എന്നിവയിലും, രണ്ടോ നാലോ കാലില്‍ നടക്കുന്നതും ഇഴയുന്നതും പറക്കുന്നതുമായ എല്ലാ ജീവികളും (24:45) 'നിങ്ങളെപ്പോലെയുള്ള സമൂഹങ്ങള്‍ -ഉമം -തന്നെ' യാണെന്നതിലും (6:38), പറവകളെ ആകാശത്ത് പിടിച്ചുനിര്‍ത്തുന്നതിലും (16:79; 67:19), പിളരുന്ന വിത്തുകളിലും (6:95,99, 50:9, 80:27), ഒരേ ജലം പാനംചെയ്യുന്ന സസ്യങ്ങളിലുണ്ടാവുന്ന വൈവിധ്യമാര്‍ന്ന ഫലങ്ങളിലും (6:99, 13:4, 55:12, 6:99, 78:15, 16:11, 35:27), ദൈവഭയത്താല്‍ പൊട്ടിപ്പിളര്‍ന്ന് കണ്ണീര് പൊഴിക്കുന്ന ശിലകളിലും (2:74), വര്‍ണവൈവിധ്യമാര്‍ന്ന ശിലകളിലും (35:27), ആവര്ത്തനവൈരസ്യത്താല് അത്ഭുതം നഷ്ടപ്പെട്ട ദിനരാത്രമാറ്റങ്ങളിലും (2:164, 3:190, 10:6) എല്ലാം ദൈവത്തിന്റെ ആയത്തുകളെ കണ്ടെത്താന്‍ പറയുന്നത് വായിക്കുന്ന അതത് മേഖലകളിലെ വിദ്വാന് അവയിലെ സൂക്ഷ്മതയിലും കൃത്യതയിലും അത്ഭുതം കൂറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങനെ നോക്കിയാല്‍ ഖുര്‍ആനില്‍ പരാമര്ശവിഷയങ്ങളായ ശാസ്ത്രശാഖകള്‍ അനേകങ്ങളാണെന്നു കാണാം. പ്രപഞ്ചഘടന, ഉല്പത്തി, ഖഗോളശാസ്ത്രം, പദാര്ഥഘടനാശാസ്ത്രം, സമുദ്രശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, ഷഡ്പദങ്ങള്‍, ഭ്രൂണശാസ്ത്രം, ആര്‍ക്കിയോളജി മുതലായവയിലേക്ക് അനേകം സൂചനകള്‍ കാണാം. പല പല സെമിനാറുകളിലും ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും പുസ്തകങ്ങളിലും ഇവയെല്ലാം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ആസ്വാദകന്റെ ബൌദ്ധിക-വൈജ്ഞാനികനിലവാരവും രുചിഭേദവുമനുസരിച്ച് പല പുസ്തകങ്ങളും പലരെയും ആകര്‍ഷിച്ചിട്ടുണ്ട്. 'ഏഴാകാശവും ദൈവികസിംഹാസനവും', 'സ്ഥലകാലസങ്കല്പം ഖുര്‍ആനില്‍', 'ഭ്രൂണശാസ്ത്രം ഖുര്‍ആനില്‍', 'സമുദ്രശാസ്ത്രം ഖുര്‍ആനില്‍' തുടങ്ങി പല പുസ്തകങ്ങളും മലയാളത്തിലുണ്ട്. ഇത്തരം പ്രവണതയെ 'ബുക്കായിസം' (മോറിസ് ബുക്കായിയെ അനുസ്മരിച്ച്) എന്ന് ചില പണ്ഡിതന്മാരെങ്കിലും (ഉദാ: മുനവ്വര്‍ അനീസ്) വിമര്‍ശിക്കുന്നത് അല്പം ക്രൂരമായി തോന്നാം. കാരണം അവരുടെ ആത്മാര്‍ഥതയെയും പരിശ്രമങ്ങളുടെ പ്രസക്തിയെയും അംഗീകരിക്കേണ്ടിയിരിക്കുന്നു.
ഇനിയുമെത്രയോ അനാവരണം ചെയ്യപ്പെടാനുണ്ടാകും. ശാസ്ത്രത്തിലെ പ്രശസ്ത നാമമായിരുന്ന പാസ്കല്‍ മനുഷ്യന്റെ പ്രവൃത്തികളിലെ രണ്ട് അപകടങ്ങളെ സൂചിപ്പിച്ചു: "ഒന്ന്, യുക്തിയെ മാറ്റിനിര്‍ത്തുക. രണ്ട്, യുക്തിക്കതീതമായൊന്നുമില്ലെന്ന് വിശ്വസിക്കുക''.
സിയാഉദ്ദീന്‍ സര്‍ദാര്‍ (ദ ന്യൂ സയന്റിസ്റ്, 1982, വാള്യം 94, പേജ്: 25-28, 'ഇസ്ലാമിക്സയന്സിന്റെ ആവശ്യകത'), ഖുര്ആനികാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ താത്ത്വികാടിത്തറയെ സംഗ്രഹിക്കുന്നതിങ്ങനെ: "ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രത്തിന് പത്തു മൂല്യങ്ങള്‍ ഉണ്ടാവും. നാലെണ്ണം ഒറ്റയ്ക്കു നില്‍ക്കുന്നത്: തൌഹീദ് (ഏകത, സമഗ്രത), ഖിലാഫത്ത് (ട്രസ്റീഷിപ്പ്), ഇബാദത്ത് (ആരാധന), ഇല്മ് (അറിവ്). കൂടാതെ ആറെണ്ണം മൂന്ന് വിരുദ്ധ ജോഡികളായി: ഹലാല്‍ ഃ ഹറാം (അഭികാമ്യം ഃ അനഭികാമ്യം), അദ്ല് ഃ ളുല്‍മ് (നീതി ഃ അക്രമം), ഇസ്തിസ്ലാഹ് ഃ ളിയാഅ് ( പൊതുജന നന്മ ഃ ദുര്‍വ്യയം)''. ****** "അവര്‍ ഒട്ടകങ്ങളെ നോക്കുന്നില്ലേ, അവ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്? ആകാകത്തിലേക്ക് നോക്കുന്നില്ലേ, അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നെന്ന്? പര്‍വതങ്ങളെ നോക്കുന്നില്ലേ, അവ ഉറപ്പിച്ചിരിക്കുന്നതെങ്ങനെയെന്ന്? ഭൂമിയിലേക്ക് നോക്കുന്നില്ലേ, അതിന്റെ പ്രതലം എങ്ങനെ വിസ്തൃതമാക്കപ്പെട്ടിരിക്കുന്നെന്ന്?'' (ഖുര്‍ആന്‍: 88: 17-20). ലേഖകന്‍: ഡോ. കെ. അഹ്മദ് അന്‍വര്‍ |